ഒരു മതിലിന്റെ പതനം

HIGHLIGHTS
  • ചരിത്രം മാറ്റിയെഴുതിയ സംഭവം
  • വഴിയൊരുക്കിയത് ഗോർബച്ചോവ്
30-years-after-berlin-wall-fell
കിഴക്കൻ യൂറോപ്പിൽ സോവിയറ്റ് നിയന്ത്രണത്തിലുള്ള കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഒന്നൊന്നായി നിലംപൊത്തി. ഒടുവിൽ സോവിയറ്റ് യൂണിയൻ തന്നെ ഇല്ലാതായി. ആ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു ബർലിൻ മതിലിന്റെ പതനം
SHARE

മുപ്പതു വർഷംമുൻപ് ഇൗ ദിനങ്ങളിൽ അഭൂതപൂർവമായ ആഹ്ളാദത്തിലും ആഘോഷത്തിലുമായിരുന്നു ജർമൻകാർ. യൂറോപ്പിലെ ഒരു സുപ്രധാന രാജ്യമായ ജർമനി അന്ന് ഒന്നല്ല, രണ്ടായിരുന്നു. അതിന്റെ തലസ്ഥാനമായിരുന്ന ബർലിൻ നഗരവും കിഴക്കും പടിഞ്ഞാറുമായി വിഭജിക്കപ്പെടുകയും ഒരു വൻമതിൽ അവയ്ക്കിടയിൽ ഉയർന്നു നിൽക്കുകയുമായിരുന്നു. 

നാണക്കേടിന്റെ മതിൽ എന്നു വിളിക്കപ്പെട്ട അതിന്റെ പെട്ടെന്നുള്ള പതനമായിരുന്നു ജനങ്ങളുടെ സന്തോഷത്തിനു കാരണം. അതിന് ആ പേർ നൽകിയതു മറ്റാരുമല്ല, പിൽക്കാലത്തു പശ്ചിമ ജർമനിയുടെ ചാൻസലർ അഥവാ പ്രധാനമന്ത്രിയായ  വില്ലി ബ്രാന്റായിരുന്നു. പശ്ചിമ ബർലിനിലെ മേയറുമായിരുന്നു അദ്ദേഹം. 

1989 നവംബർ ഒൻപതിനു മതിൽ പൊളിക്കാൻ തുടങ്ങിയതുമുതൽ ജർമനിയിൽ ഉണ്ടായ ഉത്സവാന്തരീക്ഷം മാസങ്ങൾക്കുശേഷം മതിൽ മിക്കവാറും നാമാവശേഷമാകുന്നതുവരെയും തുടർന്നു. ജർമനിയുടെ മാത്രമല്ല, യൂറോപ്പിന്റെയും  ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി ആ സംഭവം. 

ബർലിൻ നഗരത്തിന്റെയും ജർമനിയുടെയും ഏകീകരണത്തിന് അതു വഴിയൊരുക്കിയതു സ്വാഭാവികം. കിഴക്കൻ യൂറോപ്പിൽ സോവിയറ്റ് നിയന്ത്രണത്തിലുള്ള കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഒന്നൊന്നായി നിലംപതിച്ചതും ആ കാലഘട്ടത്തിലാണ്. ഒടുവിൽ സോവിയറ്റ് യൂണിയൻ തന്നെ ഇല്ലാതാവുകയും ചെയ്തു. ബർലിൻ മതിലിന്റെ പതനം അങ്ങനെ ലോക ചരിത്രത്തിലെയും നിർണായക സംഭവങ്ങളിൽ ഒന്നായി എണ്ണപ്പെടുന്നു.  

മുപ്പതാം വർഷത്തെ ഇൗ ദിനങ്ങൾ അതെല്ലാം ഒരിക്കൽകൂടി ഒാർമിക്കാൻ അവസരമുണ്ടാക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെയായിരുന്നുഅതിന്റെ തുടക്കം. 

ആ യുദ്ധത്തിൽ അഡോൾഫ് ഹിറ്റ്ലറുടെ ജർമനിക്കെതിരെ ഒന്നിച്ചു പോരാടിയ അമേരിക്ക ഉൾപ്പെടെയുളള പാശ്ചാത്യ ശക്തികളും സോവിയറ്റ് യൂണിയനും യുദ്ധാവസാനത്തോടെതന്നെ വേർപിരിയുകയായിരുന്നു. അവർ തമ്മിലുള്ള ശീതയുദ്ധമാണ് തുടർന്നുണ്ടായത്. ജർമനി അതിനു പ്രധാനവേദിയാവുകയും ചെയ്തു. 

Germany Wall Anniversary

ജർമനിയുടെ പടിഞ്ഞാറൻമേഖല പാശ്ചാത്യരുടെ നിയന്ത്രണത്തിലായപ്പോൾ കിഴക്കൻ മേഖല സോവിയറ്റ് നിയന്ത്രണത്തിലായി. പശ്ചിമ ജർമനി, പൂർവ ജർമനി എന്നീ പേരുകളിൽ വെവ്വേറെ രാജ്യങ്ങളായി അവ അറിയപ്പെടാനും തുടങ്ങി. അവിഭക്ത ജർമനിയുടെ തലസ്ഥാനമായിരുന്ന  ബർലിനും ഇതുപോലെതന്നെ വിഭജിക്കപ്പെട്ടു. 

പക്ഷേ, ബർലിന്റെ കിടപ്പ് ജർമനിയുടെ കിഴക്കൻ മേഖലയിലായിരുന്നു. അതിനാൽ മുതലാളിത്ത ഭരണമുള്ള പടിഞ്ഞാറൻ ബർലിൻ കമ്യൂണിസ്റ്റ് ഭരണമുള്ള പൂർവജർമനിയാൽ പൂർണമായും വലയംചെയ്യപ്പെട്ട നിലയിലായി. ഇതോടെ ശീതയുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ യൂറോപ്പിലെ മറ്റേതു നഗരത്തേക്കാളുമേറെ പടിഞ്ഞാറൻ ബർലിന് അനുഭവിക്കേണ്ടിവരികയും ചെയ്തു. 

യുദ്ധാനന്തരം പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങൾ സാമ്പത്തികമായി അതിവേഗം മുന്നേറിയപ്പോൾ ഹംഗറി, പോളണ്ട്, ചെക്കോസ്ലോവാക്യ, റുമേനിയ, പൂർവ ജർമനി എന്നീ കിഴക്കൻ യൂറോപ്യൻ കമ്യൂണിസ്റ്റ് രാജ്യങ്ങൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു. ജനാധിപത്യത്തിന്റെയും പൗരസ്വാതന്ത്ര്യങ്ങളുടെയും അഭാവവും അവിടങ്ങളിലെ ജനങ്ങളിൽ അതൃപ്തി വളർത്തി.

പൂർവ ജർമനിയിൽ 1953 ജൂണിൽ തൊഴിലാഴികൾ നടത്തിയ പണിമുടക്ക് ഗവൺമെന്റിനെതിരായ ഒരു വൻപ്രക്ഷോഭമായി മാറുകപോലുമുണ്ടായി.സോവിയറ്റ് സൈന്യത്തിന്റെ സഹായത്തോടെയാണ് ഗവൺമെന്റ് അത് അടിച്ചമർത്തിയത്.   

സാമ്പത്തിക പ്രതിസന്ധിയുടെ വക്കിൽ എത്തിച്ചേർന്ന പൂർവജർമനിക്കു മറ്റൊരു പ്രശ്നത്തെയും നേരിടേണ്ടിവന്നു. മെച്ചപ്പെട്ട ജീവിതം തേടി കിഴക്കൻ ബർലിനിൽനിന്നു പടിഞ്ഞാറൻ ബെർനിലിലേക്ക് ആളുകൾ രക്ഷപ്പെടുകയായിരുന്നു. പിടിക്കപ്പെട്ടാൽ കഠിനശിക്ഷ ലഭിക്കുമെന്ന വസ്തുത അവരെ അതിൽനിന്നു പിന്തിരിപ്പിച്ചില്ല. 

Germany Wall Anniversary

1945 മുതൽ 1961 വരെയുള്ള 16 വർഷങ്ങൾക്കിടയിൽ ഇങ്ങനെ  26 ലക്ഷത്തിലേറെ പേരാണ് മറുകണ്ടം ചാടിയത്. ഡോക്ടർമാർ, എൻജിനീയർമാർ, ശാസ്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ വിവിധ തൊഴിൽ രംഗങ്ങളിൽ വൈദഗ്ധ്യം നേടിയവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. 

ഇതു സാമ്പത്തിക പ്രതിസന്ധി മൂർഛിക്കാൻ കാരണമായതിനു പുറമെ പൂർവ ജർമൻ കമ്യൂണിസ്റ്റ് ഭരണകൂടത്തിനു നാണക്കേടുണ്ടാക്കുകയും ചെയ്തു. സോവിയറ്റ് നിയന്ത്രണത്തിലുളള കിഴക്കൻ യൂറോപ്പിലെ ഏറ്റവും കർക്കശമായ ഭരണകൂടമായിരുന്നു പൂർവജർമനിയിലേത്.  

1961 ഒാഗസ്റ്റ് 13നു രാത്രി പെട്ടെന്ന് അവർ അതിർത്തി അടക്കുകയും  155 കിലോമീറ്റർ നീളത്തിൽ പടിഞ്ഞാറൻ ബർലിനു ചുറ്റും മതിൽ കെട്ടാൻ തുടങ്ങുകയും ചെയ്തു. പടിഞ്ഞാറൻ ഫാഷിസ്റ്റുകൾ പൂർവ ജർമനിയിലേക്കു നുഴഞ്ഞുകയറി സോഷ്യലിസ്റ്റ് പരിപാടികൾ അട്ടിമറിക്കുന്നതു തടയാനെന്നായിരുന്നു വിശദീകരണം. 

ആദ്യം മുള്ളുകമ്പി വേലിയായിരുന്നുവെങ്കിലും പിന്നീട് മൂന്നര മീറ്റർവരെ ഉയരത്തിൽ കോൺക്രീറ്റ് സ്ലാബുകൾ നിരന്നു. ആളുകൾ ഒളിച്ചുകടക്കുന്നതു കണ്ടുപിടിക്കാനായി ഇടയ്ക്കിടെ കാവൽ മാടങ്ങൾ സ്ഥാപിക്കുകയും അവിടങ്ങളിൽ പട്ടാളക്കാർ രാപ്പകൾ കാവൽ നിൽക്കുകയും ചെയ്തു. 

എന്നിട്ടും 28 വർഷങ്ങൾക്കിടയിൽ ഏതാണ്ട് 5000 പേർ പടിഞ്ഞാറൻ മേഖലയിലേക്കു രക്ഷപ്പെടുകയുണ്ടായി. അതിനിടയിൽ പിടിക്കപ്പെട്ടവരും അത്രതന്നെയുണ്ടായിരുന്നു. ഇരുനൂറോളം പേർ പട്ടാളത്തിന്റെ വെടിയേറ്റു മരിക്കുകയും ചെയ്തു. 

ഇൗ സംഭവങ്ങൾ പൂർവ ജർമൻ ഭരണകൂടത്തെ രാജ്യാന്തര തലത്തിൽ കൂടുതൽ അവജ്ഞയ്ക്കു പാത്രമാക്കുകയാണ് ചെയ്തത്. അതിനിടയിൽതന്നെ നാട്ടിനകത്തു ജനങ്ങൾ തങ്ങളുടെ അസംതൃപ്തി കൂടുതൽക്കൂടുതൽ വ്യക്തമായി പ്രകടിപ്പിക്കാൻതുടങ്ങിയത് അവരിൽ ആശങ്ക ജനിപ്പിക്കുന്നുമുണ്ടായിരുന്നു. 

എഴുപതിനായിരം പേരാണ് മാറ്റത്തിനുവേണ്ടിയുള്ള മുദ്രാവാക്യങ്ങളുമായി 1989 ഒക്ടോബർ ഒൻപതിനുലീപ്സീഗ് നഗരത്തിൽ തടിച്ചുകൂടിയത്. ഏതാനും ദിവസങ്ങൾക്കകം പൂർവജർമൻ കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും രാജ്യത്തിന്റെ പരമാധികാരിയുമായ എറിക് ഹോനെക്കർ രാജിവച്ചു.

അദ്ദേഹത്തിന്റെ പകരക്കാരനായി വന്നയാൾ പ്രകടനക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാജ്യം കണ്ടതിൽ വച്ചേറ്റവും വലിയ പ്രകടനമാണ് അതിനുശേഷം നവംബർനാലിനുണ്ടായത്. പടിഞ്ഞാറൻ ബർലിനുമായുള്ള അതിർത്തി തുടന്നിടുകയാണെന്ന അറിയിപ്പുണ്ടായത് അഞ്ച് ദിവസം കഴിഞ്ഞപ്പോഴായിരുന്നു. 

GERMANY-HISTORY-WALL-20YEARS-MEMORIAL

രാത്രിയിൽ പെട്ടെന്നുണ്ടായ ഇൗ അറിയിപ്പ്് കേട്ട് ജനങ്ങൾ ആദ്യം അമ്പരക്കുകയാണ് ചെയ്തത്. ഉടനെ അവർ അതിർത്തിയിലേക്കു കുതിച്ചു. പലരും പടിഞ്ഞാറൻ ബർലിനിലേക്കു കടന്നപ്പോൾ മറ്റു പലരും കൈയിൽ കിട്ടിയ ആയുധങ്ങളുമായി മതിൽ പൊളിക്കാൻ തുടങ്ങി. 

അതിന്റെ ശബ്ദം കിഴക്കൻ യൂറോപ്പിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ മരണ മണിയായി അധികമാർക്കും അന്നു തോന്നിയിരുന്നില്ല. കഷ്ടിച്ച് ഒരു വർഷത്തിനകം പൂർവജർമനിയിലെ ഗവൺമെന്റ് നിലംപൊത്തി. ബർലിൻ നഗരത്തിന്റെ ഇരുഭാഗങ്ങളും രണ്ടു ജർമനികളും വീണ്ടും ഒന്നായി. ബർലിൻ വീണ്ടും അവിഭക്ത ജർമനിയുടെ തലസ്ഥാനമാവുകയും ചെയ്തു.

പൂർവ ജർമനിയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെപതനം ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. കിഴക്കൻ യൂറോപ്പിലെ കമ്യൂണിസ്റ്റ്് രാജ്യങ്ങളിൽ പൊതുവിൽതന്നെ മാറ്റത്തിന്റെ അടയാളങ്ങൾ പ്രകടമാകാൻ തുടങ്ങിയിരുന്നു. 1985ൽ മിഖെയിൽ ഗോർബച്ചോവ് സോവിയറ്റ് പ്രസിഡന്റും കമ്യൂണിസ്റ്റ് പാർട്ടി തലവനും ആയതിനെ തുടർന്നായിരുന്നു ഇത്.

1953ൽ പൂർവജർമനിയിലും 1956ൽ ഹംഗറിയിലും 1968ൽ ചെക്കോസ്ലോവാക്യയിലും മാറ്റത്തിനുവേണ്ടിയുള്ളജനാഭിലാഷം അടിച്ചമർത്തിയതു സോവിയറ്റ് സൈന്യമായിരുന്നു. തന്റെ മുൻഗാമികളുടെ ആ മാർഗം പിന്തുടരാൻ ഗോർബേച്ചോവ് തയാറായില്ല. 

പൂർവജർമനിക്കു പുറമെ കിഴക്കൻ യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഒന്നൊന്നായി നിലംപൊത്തി. ഒടുവിൽ 1991ൽ സോവിയറ്റ് യൂണിയൻ തന്നെ ഇല്ലാതാവുകയും ചെയ്തു. അതിനെല്ലാം വഴിയൊരുക്കുകയോ സാക്ഷ്യം വഹിക്കുകയോ ചെയ്ത ചരിത്രസംഭവമായിരുന്നു ബർലിൻ മതിലിന്റെ പതനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA