ബൊളീവിയ: ഒടുവിൽ ഒരു വലതു വിജയം

HIGHLIGHTS
  • പട്ടാള അട്ടിമറിയെന്ന് ആരോപണം
  • അമേരിക്കയ്ക്ക് ആഹ്ളാദം
bolivian-president-evo-morales-resigns
ബൊളീവിയയിലെ പ്രസിഡന്റ് മെക്സിക്കോയിൽ അഭയംപ്രാപിക്കാൻ നിർബന്ധിതനായി. ലാറ്റിൻ അമേരിക്കയിലെ ഇടതു-വലതു രാഷ്ട്രീയ ശക്തികൾ തമ്മിലുളള യുദ്ധത്തിന്റെ ചരിത്രത്തിലെ പുതിയ അധ്യായം
SHARE

ലാറ്റിൻ അമേരിക്കയിലെ ഏറ്റവും ജനസമ്മതനായ നേതാക്കളിൽ ഒരാളായിരുന്നു നീണ്ട 13 വർഷം ബൊളീവിയയുടെ പ്രസിഡന്റായിരുന്ന ഇവോ മൊറേൽസ്. അത്തരം ഒരാളുടെ കാര്യത്തിൽ ഒട്ടും പ്രതീക്ഷിക്കാനാവാത്ത സംഭവങ്ങൾക്കാണ് ആ രാജ്യം ഇപ്പോൾ സാക്ഷ്യം വഹിച്ചിരിക്കുന്നത്. 

ഒക്ടോബർ 20ലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം മൂന്നാഴ്ചയായി മൊറേൽസിനെതിരെ പ്രക്ഷോഭം നടന്നുവരികയായിരുന്നു. ഒടുവിൽ പട്ടാളം ഇടപെടുകയും അദ്ദേഹത്തോടു രാജിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ഇക്കഴിഞ്ഞ ഞായറാഴ്ച (നവംബർ 10) രാജിവയ്ക്കാൻ നിർബന്ധിതനായ അദ്ദേഹം പിന്നീടു മെക്സിക്കോയിൽ അഭയം പ്രാപിച്ചു.  

ചോരച്ചൊരിച്ചൽ ഒഴിവാക്കുന്നതിനു വേണ്ടിയാണ് രാജിവച്ചതെന്നും നാടുവിട്ടതു ജീവൻ അപകടത്തിലാണെന്നു തോന്നിയതു കൊണ്ടാണെന്നും മൊറേൽസ് വിശദീകരിക്കുന്നു. പൂർവാധികം ശക്തിയോടും ഉൗർജത്തോടുംകൂടി നാട്ടിൽ തിരിച്ചെത്തുമെന്നും ജനങ്ങൾക്കുവേണ്ടി പോരാടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുമുണ്ട്. 

മൊറേൽസിനോടൊപ്പം, അദ്ദേഹത്തിന്റെ പാർട്ടിക്കാരായ വൈസ്പ്രസിഡന്റും പാർലമെന്റിന്റെ രണ്ടു സഭകളുടെയും അധ്യക്ഷന്മാരും സ്ഥാനം ഒഴിയുകയുണ്ടായി. അതോടെ, ഭരണത്തിന്റെ ചുക്കാൻ പിടിക്കാൻ ആളില്ലാത്ത അവസ്ഥയും വന്നുചേർന്നു.

അതിനിടയിൽ, ഭരണഘടനപ്രകാരം അടുത്ത സ്ഥാനം തനിക്കാണെന്നു പറഞ്ഞു സെനറ്റിന്റെ  ഉപാധ്യക്ഷ ജിയനൻ ആനസ് ഇടക്കാല പ്രസിഡന്റായി സ്വയം അധികാരം ഏറ്റെടുത്തു. പക്ഷേ പ്രതിപക്ഷ പാർട്ടിക്കാരിയായ അവരുടെ ഇൗ നിയമനം മൊറേൽസും അനുകൂലികളും അംഗീകരിക്കുന്നില്ല. 

Bolivian-President

അംഗീകാരം കിട്ടുന്നതിനുവേണ്ടി വിളിച്ചുകൂട്ടിയ പാർലമെന്റ് യോഗം കോറം തികയാത്തതുകാരണം നടന്നുമില്ല. ഇതെല്ലാം കാരണം ബൊളീവിയ രാഷ്ട്രീയമായ അനിശ്ചിതത്വത്തിന്റെ ചുഴിയിലായിരിക്കുകയുമാണ്.

തനിക്കെതിരെ പട്ടാള അട്ടിമറിയാണ് നടന്നതെന്നു തറപ്പിച്ചുപറയുകയാണ് മൊറേൽസ്. ലാറ്റിൻ അമേരിക്കയിലെതന്നെ മെക്സിക്കോ, വെനസ്വേല, നിക്കരാഗ്വ, ക്യൂബ എന്നീ രാജ്യങ്ങളിലെ ഗവൺമെന്റുകളും അർജന്റീനയിലെ ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ച ആൽബർട്ടോ

ഫെർണാണ്ടസും അതിനോടു യോജിക്കുകയും സംഭവങ്ങളെ അപലപിക്കുകയും ചെയ്യുന്നു.  

അതേസമയം, ഇതു ജനാധിപത്യത്തിന്റെ വിജയമാണെന്നു പറഞ്ഞ് ആഹ്ളാദിക്കുകയാണ് അമേരിക്ക. തെക്കെ അമേരിക്കയിലെതന്നെ ബ്രസീൽ, ഇക്വഡോർ, ചിലി എന്നീ രാജ്യങ്ങളിലെ വലതുപക്ഷ ഗവൺമെന്റുകളും ഇക്കാര്യത്തിൽ അമേരിക്കയോടൊപ്പമുണ്ട്. ലാറ്റിൻ അമേരിക്കയിലെ ഇടതു-വലതു ശക്തികൾ തമ്മിലുള്ള പോരാട്ടങ്ങളുടെ ചരിത്രത്തിലെ പുതിയ ഒരദ്ധ്യായത്തിനും ഇതോടെ തുടക്കമായിരിക്കുകയാണ്. 

തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ മധ്യ ദക്ഷിണ ഭാഗത്തു കിടക്കുന്ന ബൊളീവിയ ആ ഭൂഖണ്ഡത്തിലെ ഏറ്റവും ദരിദ്രമായ രാജ്യമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ലാറ്റിൻ അമേരിക്കയുടെ വലിയൊരു ഭാഗത്തെ സ്പെയിനിന്റെ ആധിപത്യത്തിൽനിന്നു മോചിപ്പിച്ച സൈമൺ ബോളിവാറിനെ അനുസ്മരിപ്പിക്കുന്നതാണ് രാജ്യത്തിന്റെ പേര്. വെനസ്വേലയിൽ ജനിച്ച ബോളിവാർ കുറച്ചുകാലം ബൊളീവിയയുടെ  പ്രസിഡന്റുമായിരുന്നു.

എന്നാൽ, സമീപകാല ചരിത്രത്തിൽ ബൊളീവിയ ലോകശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയതു 2006ൽ മൊറേൽസ് പ്രസിഡന്റായതോടെയാണ്. 

POPE-LATAM/BOLIVIA

ബൊളീവിയയിലെ ആദിമ ജനവിഭാഗത്തിൽനിന്ന് ആദ്യമായി ഒരാൾ രാഷ്ട്രത്തലവന്റെ പദവിയിലേക്ക് ഉയരുകയായിരുന്നു. ജനങ്ങളിൽ മൂന്നിൽ രണ്ടു ഭാഗമായിരുന്നിട്ടും ഇവർക്ക്് അതുവരെ മുൻനിരകളിലൊന്നും സ്ഥാനമുണ്ടായിരുന്നില്ല. 

ലാറ്റിൻ അമേരിക്കയിൽ അക്കാലത്തു വീശിയടിച്ച ഇടതുപക്ഷ രാഷ്ട്രീയ തരംഗത്തിന്റെ ഭാഗമായിരുന്നു ബൊളീവിയയിൽ മൊറേൽസിന്റെയും അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് മൂവ്മെന്റ് പാർട്ടിയുടെയും വിജയം. തരംഗത്തിന്റെ തുടക്കം 1999ൽ വെനസ്വേലയിൽ ഹ്യൂഗോ ഷാവെസ് അധികാരത്തിൽ  എത്തിയതോടെയായിരുന്നു. 

തുടർന്നു ബ്രസീൽ, അർജന്റീന, വെനസ്വേല, ഇക്വഡോർ, ചിലി, പെറു, ഹോൻഡുറസ്, നിക്കരാഗ്വ, ഡൊമിനിക്കൻ റിപ്പബ്ളിക്ക് എന്നീ രാജ്യങ്ങളും ഇടതുപക്ഷ പാർട്ടികളുടെ ഭരണത്തിലായി. വെനസ്വേലയും നിക്കരാഗ്വയും പോലുളള ചിലതിൽ മാത്രമേ അവർക്ക് അധികാരത്തിൽ തുടരാനായുളളൂ. 

ഒരു പാവപ്പെട്ട കർഷക കുടുംബത്തിൽ ജനിച്ച മൊറേസ്തന്നെ ഒരു കൃഷിക്കാരനായിരുന്നു. അവരുടെ യൂണിയൻ നേതാവായി രാഷ്ട്രീയത്തിൽ എത്തുകയും സോഷ്യലിസ്റ്റ് മൂവ്മെന്റ് പാർട്ടിയുടെ നേതാവാകുകയും  ചെയ്തു. 

ദാരിദ്ര്യം, ചൂഷണം, വംശീയത, അസമത്വം എന്നിവയുടെ നിർമാർജനമായിരുന്നു തിരഞ്ഞെടുപ്പിൽ അദ്ദേഹം ജനങ്ങൾക്കു നൽകിയ വാഗ്ദാനം. അതദ്ദേഹം ഏറെക്കുറെ പാലിച്ചു.

അമേരിക്കയുടെ സ്വാധീനത്തിൽനിന്നു ബൊളീവിയയെ മോചിപ്പിക്കുകയും ലോകബാങ്കിനെയും രാജ്യാന്തര നാണയനിധിയെയും ആശ്രയിക്കുന്നത് അവസാനിപ്പിക്കകയും ചെയ്യുമെന്നതും മൊറേൽസ് ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങളായിരുന്നു. അവ നടപ്പാക്കുന്നതിലും അദ്ദേഹം മുന്നോട്ടുപോയി. 

എണ്ണ-പ്രകൃതി വാതക വ്യവസായങ്ങൾ ദേശസാൽക്കരിക്കുകയും ജനോപകാര പ്രദമായ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുകയുംചെയ്തു.

Russia Gas Summit

ഇതൊന്നും പക്ഷേ, ബൊളീവിയയിലെ വലതുപക്ഷ കക്ഷികൾക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. മുൻകാലങ്ങളിൽ തങ്ങൾക്കുണ്ടായിരുന്ന പ്രാമുഖ്യം അടിക്കടി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിൽ അസ്വസ്ഥരായ അവർ അദ്ദേഹത്തെ പരാജയപ്പെടുത്താൻ തക്കം പാർത്തിരിക്കുകയുമായിരുന്നു. അമേരിക്ക അതിന് പിന്തുണയും പ്രോൽസാഹനവും നൽകിയതായും ആരോപിക്കപ്പെടുന്നു.

അവർ തേടിക്കൊണ്ടിരുന്ന അവസരം മൊറേൽസ്തന്നെ അവരുടെ കൈയിൽ വച്ചുകൊടുക്കുകയും ചെയ്തു. ആവശ്യം വരുമ്പോൾ അധികാരം ഏറ്റെടുക്കാൻ അനുയായികളെ സജ്ജരാക്കുന്നതിനുപകരം സ്വന്തം ഭരണം ആവുന്നത്ര നീട്ടിക്കൊണ്ടുപോകാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.

തുടർച്ചയായി രണ്ടുതവണ മാത്രമേ പ്രസിഡന്റാകാൻ പാടുള്ളൂവെന്ന 2009ലെ ഭരണഘടനാ വ്യവസ്ഥയനുസരിച്ച് 2014ൽ അദ്ദേഹം സ്ഥാനം ഒഴിയേണ്ടതായിരുന്നു. എന്നാൽ, 2006ൽ താൻ ആദ്യതവണ പ്രസിഡന്റായത് ആ വ്യവസ്ഥ നിലവിൽ വരുന്നതിനു മുൻപാണെന്നും അതിനാൽ അതു  കണക്കിലെടുക്കരുതെന്നുമായിരുന്നു മൊറേൽസിന്റെ വാദം. 

അങ്ങനെ 2014ൽ മൂന്നാം തവണയും മൽസരിക്കുകയും ജയിക്കുകയും ചെയ്തു. അതുകൊണ്ടു നിർത്തിയുമില്ല. നാലാമതും മൽസരിക്കുന്നതിനുവേണ്ടി ആ ഭരണഘടനാ വ്യവസ്ഥ എടുത്തുകളയാൻ 2016ൽ ഹിതപരിശോധന നടത്താനും തയാറായി. പക്ഷേ, ജനഹിതം എതിരായിരുന്നു. 

അതിനെ മറികടക്കാൻ മൊറേൽസ് ഭരണഘടനാ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. തുടർച്ചയായി രണ്ടുതവണ മാത്രമേ പ്രസിഡന്റാകാൻ പാടുളളൂവെന്ന നിബന്ധന മനുഷ്യാവകാശ ലംഘനമാണെന്നായിരുന്നു ജഡ്ജിമാരുടെ അതിവിചിത്രമായ വിശദീകരണം.

ഒക്ടോബർ 20ലെ തിരഞ്ഞെടുപ്പിനു ശേഷം നടന്ന വോട്ടെണ്ണലും വിവാദമായി. വോട്ടെണ്ണൽ ഇടയ്ക്കുവച്ച് 24 മണിക്കൂർ നിർത്തിവച്ചതു കള്ളവോട്ടുകൾ ഉൾപ്പെടുത്താനാണെന്നായിരുന്നു ആരോപണം. അതിനാൽ മൊറേൽസ് ജയിച്ചുവെന്ന പ്രഖ്യാപനം പ്രതിപക്ഷവും അവരുടെ സ്ഥാനാർഥിയായ  മുൻപ്രസിഡന്റ് കാർലോസ് മെസയും അംഗീകരിച്ചില്ല.

ഇരു അമേരിക്കൻ ഭൂഖണ്ഡങ്ങളിലെയും രാജ്യങ്ങളുടെ സംഘടനയായ ഒഎഎസ് നടത്തിയ അന്വേഷണത്തിന്റെ നിഗമനവും വോട്ടെണ്ണലിൽ കൈകടത്തലുണ്ടായി എന്നായിരുന്നു. പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് അതിനെ തുടർന്നാണ്. പുതിയ തിരഞ്ഞടുപ്പ് നടത്താമെന്ന മൊറേൽസിന്റെ വാഗ്ദാനം പ്രതിപക്ഷം തള്ളിക്കളഞ്ഞു.   

ബൊളീവിയയിൽ ഉണ്ടായ സംഭവങ്ങൾ ലാറ്റിൻ അമേരിക്കയിൽ സമീപകാലത്ത് ഇടതുപക്ഷത്തിനു നേരിടേണ്ടിവന്ന ഏറ്റവും വലിയ തരിച്ചടികളിൽ  ഒന്നായി എണ്ണപ്പെടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ