ലങ്കയെ നയിക്കാൻ ഒരു ‘ശക്തൻ’

HIGHLIGHTS
  • പുലിവേട്ടയുടെ നായകൻ
  • നാട്ടിലും പുറത്തും കേസുകൾ
gotabaya-rajapaksa-all-set-to-become-next-sriLankan-president
ശ്രീലങ്കയിലെ തിരഞ്ഞെടുപ്പ് ഫലം അവിടത്തെ പൗരാവകാശ വാദികൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും മാത്രമല്ല, ഇന്ത്യയ്ക്കും ഉൽക്കണ്ഠയ്ക്ക് ഇടയാക്കുന്നു. കാരണം, പുതിയ പ്രസിഡന്റും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയാകാൻ പോകുന്ന സഹോദരനും കടുത്ത ചൈനീസ് പക്ഷപാതികളാണ്
SHARE

ലോക റെക്കോഡ് സൃഷ്ടിക്കുന്ന വിധത്തിൽ രണ്ടടിയിലേറെ നീളമുള്ളതായിരുന്നു ഇത്തവണ ശ്രീലങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പർ. 35 സ്ഥാനാർഥികളായിരുന്നു രംഗത്ത്. 

ബാലറ്റ് പേപ്പർ മുഴുവൻ നോക്കി ഇഷ്ടമുള്ള സ്ഥാനാർഥിയുടെ നേരെ അടയാളം വയ്ക്കാനും ശരിയായി മടക്കി പെട്ടികളിൽ നിക്ഷേപിക്കാനും വോട്ടർമാർ ഒരുപക്ഷേ പ്രയാസപ്പെട്ടുകാണും. അങ്ങനെ അവർ ശ്രീലങ്കയുടെ എട്ടാമത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുകയാണ് രാജ്യത്തിലെ ഏറ്റവും വിവാദ പുരുഷനായ ഗോടബയ രാജപക്സെയെ.

മുൻപ് രണ്ടു തവണ പ്രസിഡന്റായിരുന്ന മഹിന്ദ രാജപക്സെയുടെ ഇളയ സഹോദരനാണ് ഇൗ എഴുപതുകാരൻ. നാലു വർഷം മുൻപ് മാത്രം മഹിന്ദ രൂപീകരിച്ച ശ്രീലങ്ക പൊതൂജന പെരമുനയുടെ സ്ഥാനാർഥിയായി മൽസരിക്കുകയായിരുന്നു.

ചേട്ടന്റെ ഗവൺമെന്റിൽ അതിവിപുലമായ അധികാരങ്ങളോടുകൂടിയ പ്രതിരോധ സെക്രട്ടറിയായിപ്രവർത്തിച്ചതിന്റെ പിൻബലത്തിലായിരുന്നു അദ്ദേഹത്തിന്റെ മൽസരം. അക്കാലത്തുതന്നെ ഉയർന്നുവന്നതാണ് വിവാദങ്ങളും ആരോപണങ്ങളും. ശ്രീലങ്കയിലെയും അമേരിക്കയിലെയും കോടതികളിൽ കേസുകളുമുണ്ട്. 

SRI-LANKA-POLITICS-GOTABAYA

പ്രസിഡന്റെന്ന നിലയിലും ഗോടബയ പെരുമാറുന്നത് അന്നത്തെ അതേ വിധത്തിലായിരിക്കുമോയെന്ന് ആശങ്കപ്പെടുകയാണ് ജനങ്ങളിൽ ഗണ്യമായഒരു വിഭാഗം. ജനസംഖ്യയുടെ അഞ്ചിലൊന്നു വരുന്ന ന്യൂനപക്ഷങ്ങളായ തമിഴരും മുസ്ലിംകളും അക്കൂട്ടത്തിലാണ്. 

ഇക്കഴിഞ്ഞ ശനിയാഴ്ച (നവംബർ 16) നടന്ന തിരഞ്ഞെടുപ്പിൽ ഗോടബയയ്ക്കു 52.25 ശതമാനം വോട്ടു കിട്ടിയപ്പോൾ മുഖ്യ എതിരാളിയായ സജിത് പ്രേമദാസയ്ക്കു (യുനൈറ്റഡ് നാഷനൽ പാർട്ടി) കിട്ടിയതു 41.99 ശതമാനമാണ്. മറ്റു സ്ഥാനാർഥികളിൽ ഒരു മുൻ പട്ടാളത്തലവനും രണ്ടു ബുദ്ധ ഭിക്ഷുക്കളും ഉണ്ടായിരുന്നു.  

ശ്രീലങ്കയിലെ രണ്ടു പ്രമുഖ രാഷ്ട്രീയ കുടുംബത്തിന്റെ പ്രതിനിധികൾ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടിയായിരുന്നു ഇൗ തിരഞ്ഞെടുപ്പ്. രണ്ടു തവണപ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും 1993ലെ മേയ് ദിനത്തിൽ തമിഴ് പുലികളുടെ ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെടുയും ചെയ്ത രണസിംഗെ പ്രേമദാസയുടെ മകനാണ് സജിത് (52). യുനൈറ്റഡ് നാഷനൽ പാർട്ടിയുടെ (യുഎൻപി) ഉപ നേതാവും അവർനയിക്കുന്ന നിലവിലുള്ള മന്ത്രിസഭയിലെ അംഗവുമാണ്. 

ശ്രീലങ്ക പട്ടാളത്തിൽ ചേർന്ന നന്ദസേന ഗോടബയ ലെഫ്. കേണൽ വരെയായി ഉയരുകയുണ്ടായി. റിട്ടയർമെന്റിനുശേഷം ഐടിയിൽ ബിരുദാനന്തര  ഡിപ്ളോമ നേടുകയും ഒരു കമ്പനിയിൽ മാർക്കറ്റിങ് മാനേജറായി പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് അമേരിക്കയിലേക്കു പോയി. യുഎസ് പൗരത്വവും നേടി.

ജ്യേഷ്ഠൻ മഹിന്ദ പ്രസിഡന്റായപ്പോൾ തമിഴ് പുലികൾക്കെതിരായ യുദ്ധത്തിൽ അദ്ദേഹത്തെ സഹായിക്കാനാണ് നാട്ടിൽ തിരിച്ചെത്തിയത്. യുഎസ് പൗരത്വം ഉപേക്ഷിച്ചത് അതുസംബന്ധിച്ച വിവാദം മൂർഛിച്ചപ്പോൾ ഇൗ അടുത്ത കാലത്താണ്. അതുവരെ ഇരട്ട പൗരത്വവുമായി കഴിയുകയായിരുന്നു. അതു സംബന്ധിച്ചുളളതാണ് അദ്ദേഹത്തിനെതിരായ ഒരു കേസ്. 

തമിഴ് പുലികളെ ഉന്മൂലനം ചെയ്യുകയും കാൽനൂറ്റാണ്ടിലേറെ നീണ്ടുനിന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുകയും ചെയ്യാൻ മഹിന്ദ രാജപക്സെയെ സഹായിച്ചതു മുഖ്യമായി രണ്ടുപേരാണ്. അവരിൽ ഒരാളായിരുന്നു പ്രതിരോധ സെക്രട്ടറിയെന്ന നിലയിൽ ഗോടബയ. അന്നത്തെ പട്ടാളത്തലവൻ ജനറൽ ശരത് ഫോൻസെകയായിരുന്നു മറ്റയാൾ.

യുദ്ധത്തിന്റെ അന്ത്യഘട്ടത്തിൽ നടന്ന വ്യാപകമായ മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് ഉത്തരവാദി ഗോടബയയാണെന്നു പരസ്യമായി കുറ്റപ്പെടുത്തിയതും ഫോൻസെകയാണ്. നിരപരാധികളായ 40,000 സാധാരണ തമിഴരും കൊല്ലപ്പെട്ടുവെന്നാണ് മനുഷ്യാവകാശ സംഘടനകൾ പുറത്തുവിട്ട കണക്ക്. ഒട്ടേറെ പേരെ കാണാതായി. 

gotabaya-rajapaksa-srilanka-election

ഗോടബയയെ നിശിതമായി വിമർശിച്ചിരുന്ന ഒരു പ്രമുഖ പത്രാധിപരും കൊല്ലപ്പെട്ടു. അവരുടെയെല്ലാം രക്തം അദ്ദേഹത്തിന്റെ കൈകളിൽ പറ്റിപ്പിടിച്ചിരിക്കുകയാണെന്ന് ആരോപിക്കപ്പെടുന്നു.   

തമിഴ് പുലി ഭീഷണിയിൽനിന്നു ശ്രീലങ്കയെ രക്ഷപ്പെടുത്തിയതു തങ്ങളാണെന്നു പറഞ്ഞ് ഇത്തരം ആരോപണങ്ങളെയെല്ലാം പുഛിച്ചുതള്ളുകയാണ് ഗോടബയയും സഹോദരൻ മഹിന്ദയും. ഇൗ തിരഞ്ഞെടുപ്പിനെ അവർ നേരിട്ടതും രാജ്യസുരക്ഷയുടെയും ക്രമസമാധാനത്തിന്റെയും കാര്യം ഉയർത്തിക്കാട്ടിയായിരുന്നു. 

ആഭ്യന്തരയുദ്ധം അവസാനിച്ചതിനുശേഷം പത്തുവർഷത്തോളം സമാധാനത്തിന്റെ ശീതളിമയിലായിരുന്നു ശ്രീലങ്ക. വിനോദ സഞ്ചാരികൾ തിരിച്ചെത്താനും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും തുടങ്ങിയിരുന്നു.  

അതിനിടയിലായിരുന്നു ഇൗ വർഷം ഏപ്രിലിൽ, ഇൗസ്റ്റർ ദിനത്തിൽ കൊളംബോ ഉൾപ്പെടെയുള്ള ചില നഗരങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലുമുണ്ടായ അതിഭീകരമായ ചാവേർ ബോംബാക്രമണം. 250ൽപ്പരം ആളുകൾ കൊല്ലപ്പെടുകയും അതിന്റെ ഇരട്ടിയിലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘമായിരുന്നു അതിന്റെ പിന്നിൽ. 

ഇത്തരം സംഭവങ്ങൾ ഇനിയുണ്ടാവാതിരിക്കാൻ ഗോടബയയെപ്പോലുള്ള ഒരു ശക്തന്റെ നേതൃത്വം അത്യന്താപേക്ഷിതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ  പാർട്ടിയുടെ പ്രചാരണം. സുരക്ഷയുടെ പ്രാധാന്യം സജിത് പ്രേമദാസയും അവഗണിക്കുകയുണ്ടായില്ല. താൻ ജയിച്ചാൽ സുരക്ഷയുടെ ചുമതല മുൻപട്ടാളത്തലവൻ ഫോൻസെകയെ ഏൽപ്പിക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം അതിനുദാഹരണമായിരുന്നു.

പക്ഷേ, ഇക്കാര്യത്തിൽ ജനങ്ങളിൽ ധൈര്യം പകരാനും അവരുടെ വിശ്വാസം നേടിയെടുക്കാനും സജിതിനുംഅദ്ദേഹത്തിന്റെ പാർട്ടിക്കും (യുഎൻപി) കഴിഞ്ഞില്ലെന്നുവേണം കരുതാൻ. യുഎൻപി നേതാവ് റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിപദം വഹിക്കുന്ന ഗവൺമെന്റ് ഇൗസ്റ്റർ ദിനത്തിലെ കൂട്ടക്കൊല തടയുന്നതിൽ തീർത്തും പരാജയപ്പെടുകയായിരുന്നു. 

srilanka

റനിലും പ്രസിഡന്റ് മൈത്രിപാല സിരിസേനയും തമ്മിലുള്ള അധികാര വടംവലിയായിരുന്നുഅതിനൊരു കാരണം. ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യയിൽ നിന്നു ലഭിച്ച ഇന്റലിജൻസ് മുന്നറിയിപ്പുകൾ അനുസരിച്ച് മുൻകരുതൽ നടപടിയെടുക്കാൻ അതവർക്കു തടസ്സമായിത്തീർന്നു.  

നാലു വർഷംമുൻപ് മഹിന്ദ രാജപക്സെ മൂന്നാം തവണയും പ്രസിഡന്റാകുന്നതു തടയാൻ ഒന്നിച്ചവരായിരുന്നു റനിലും ശ്രീലങ്ക ഫ്രീഡം പാർട്ടിക്കാരനായ മൈത്രിപാലയും. പക്ഷേ, അവർ തമ്മിലുള്ള മൈത്രി അധികനാൾ നീണ്ടുനിന്നില്ല. 

കഴിഞ്ഞ വർഷം ഒക്ടോബറിൽ റനിലിനെ അദ്ദേഹം പ്രധാനമന്ത്രി പദവിയിൽനിന്നു പുറത്താക്കുകയും പകരം മഹിന്ദയെ (അതെ, മഹിന്ദയെത്തന്നെ) നിയമിക്കുകയും ചെയ്തു. റനിലിൽ വിശ്വാസം പ്രകടിപ്പിക്കുന്ന പ്രമേയം പാർലമെന്റ് പാസ്സാക്കിയതിനെ തുടർന്നു പാർലമെന്റ് പിരിച്ചുവിടാനും അദ്ദേഹം മടിച്ചില്ല. മൈത്രിപാലയുടെ ഇൗ വിവാദ നടപടികൾ പിന്നീടു സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. 

അപഹാസ്യമായ ഇൗ നാടകങ്ങളുടെയെല്ലാം പശ്ചാത്തലത്തിലുമായിരുന്നു പുതിയ പ്രസിഡന്റ്്തിരഞ്ഞെടുപ്പ്. ഇത്തരം സംഭവങ്ങളിലുള്ളജനങ്ങളുടെ നിരാശയും നീരസവും ഗോടബയയ്ക്ക് അനുകൂലമായ വോട്ടുകളായി മാറിയെങ്കിൽ അതിലാരും അൽഭുതപ്പെടുകയില്ല. തമിഴരും മുസ്ലിംകളും സജിതിനെ പിന്തുണച്ചപ്പോൾഭൂരിപക്ഷ വിഭാഗമായ സിംഹളർ പൊതുവിൽ അണിനിരന്നതു ഗോടബയയുടെ പിന്നിലാണ്.                   

ശ്രീലങ്കയിലെ പൗരാവകാശ വാദികൾക്കും ന്യൂനപക്ഷങ്ങൾക്കും മാത്രമല്ല, ഇന്ത്യയ്ക്കും ഇൗ തിരഞ്ഞെടുപ്പ് ഫലം ഉൽക്കണഠയ്ക്കുഇടയാക്കുന്നു. കാരണം, രാജപക്സെ സഹോദരന്മാർ കടുത്ത ചൈനീസ് പക്ഷപാതികളാണ്. ചൈനയും ശ്രീലങ്കയും തമ്മിലുളള ബന്ധം ഏറ്റവും ഉൗഷ്മളമായതും മഹിന്ദ പ്രസിഡന്റായിരുന്നകാലത്തായിരുന്നു. ചേട്ടനെ എത്രയുംവേഗം തന്റെ പ്രധാനമന്ത്രിക്കാനും ഗോടബയ്ക്കു പ്ളാനുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ