ഇതെല്ലാം ഇസ്രയേലിൽ ആദ്യം

HIGHLIGHTS
  • രാജിയില്ലെന്ന് നെതന്യാഹു
  • മൂന്നാമതും തിരഞ്ഞെടുപ്പിലേക്ക് ?
benjamin%20netanyahu%20and%20israeli%20politics
SHARE

ഇസ്രയേലിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും ശക്തനും വിജയശ്രീലാളിതനുമായ പ്രധാനമന്ത്രി ആരെന്ന ചോദ്യത്തിന് ഉത്തരം എളുപ്പം : ബെന്യാമിൻ നെത്യന്യാഹു. അതോടൊപ്പം, അധികാരത്തിലിരിക്കെ ക്രിമിനൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യത്തെ ഇസ്രയേൽ പ്രധാനമന്ത്രി എന്ന വിശേഷണവും ഇപ്പോൾ അദ്ദേഹത്തിനു സ്വന്തമായി.  

റെക്കോഡ് സൃഷ്ടിക്കുന്ന വിധത്തിൽ 13 വർഷമായി പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കുന്ന ഇൗ എഴുപതുകാരൻ അഞ്ചാം തവണയും അവിടെ തുടരാനുള്ള തീവ്രശ്രമത്തിലാണ്. അതിനിടയിലാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച (നവംബർ 21) അറ്റോർണി ജനറൽ അവിച്ചായ് മാൻഡൽബ്ളിറ്റ് അദ്ദേഹത്തിനെതിരെ മൂന്നു അഴിമതിക്കേസുകളിൽ ക്രിമിനൽ ചാർജുകൾ ചുമത്തിയത്. കോഴ, തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നിവ ഉൾപ്പെടുന്നതാണ് ഇൗ കേസുകൾ.   

ഇവയടക്കമുള്ള നാലു കേസുകളിൽ ഏതാനും വർഷങ്ങളായി അന്വേഷണം നടന്നുവരികയായിരുന്നു. പ്രോസിക്യൂഷനു വകയുണ്ടെന്നാണ് അറ്റോർണി ജനറലിനെ പൊലീസ് അറിയിച്ചിരുന്നത്. മൂന്നു കേസുകളിൽ ചാർജ് ചുമത്താൻ ഉദ്ദേശിക്കുന്നതായി അറ്റോർണി ജനറൽ ഇക്കഴിഞ്ഞ െഫ‌ബ്രുവരിയിൽതന്നെ വെളിപ്പെടുത്തുകയുമുണ്ടായി. 

അതിനുശേഷം പത്തു തവണയിലേറെ നെതന്യാഹുവിനെ പൊലീസ് ചോദ്യം ചെയ്തു. ഒരു കേസിലും കഴമ്പില്ലെന്ന അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദവും അവർ കേട്ടു. അതിന്റെയെല്ലാം തുടർച്ചയായിട്ടാണ്  അദ്ദേഹത്തിന്റെ മേൽ കുറ്റം ചുമത്താനുളള അറ്റോർണി ജനറലിന്റെ തീരുമാനം. 

ഏഴു പതിറ്റാണ്ടു കാലത്തെ ചരിത്രത്തിൽ മുമ്പൊരിക്കലും ഇല്ലാത്ത വിധത്തിലുളള രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ ചുഴിയിൽപ്പെട്ടിരിക്കുകയാണ് ഇസ്രയേൽ. അതിനിടയിലാണ് പ്രധാനമന്ത്രിയുടെ രാഷ്ട്രീയഭാവിയുടെ മുന്നിൽ ഇങ്ങനെ ചോദ്യചിഹ്നം ഉയർന്നിരിക്കുന്നതും. 

ആറു മാസത്തിനിടയിൽ രണ്ടുതവണ (ഇൗ വർഷംഏപ്രിലിലും സെപ്റ്റംബറിലും) തിരഞ്ഞെടുപ്പ് നടന്നിട്ടും മന്ത്രിസഭ ഉണ്ടാക്കാൻ കഴിയാത്തതാണ് രാഷ്ട്രീയ രംഗത്തെ പ്രതിസന്ധിക്കു കാരണം. അടുത്ത മൂന്നാഴ്ചയ്ക്കുളളിൽ ആർക്കും മന്ത്രിസഭ ഉണ്ടാക്കാനായില്ലെങ്കിൽ അതിനുശേഷമുളള മൂന്നു  മാസങ്ങൾക്കകം മൂന്നാമതൊരു തിരഞ്ഞെടുപ്പ്കൂടി വേണ്ടിവന്നേക്കാം. 

ISRAEL-PALESTINIANS/NETANYAHU

ഇൗ പശ്ചാത്തലത്തിലാണ് നെതന്യാഹുവിനെതിരായ കേസുകളും ചർച്ചചെയ്യപ്പെടുന്നത്. പ്രധാനമന്ത്രി പ്രതിക്കൂട്ടിലാണെന്നും അദ്ദേഹം ഉടൻരാജിവയ്്ക്കണമെന്നുമുള്ള മുറവിളി ഉയരാൻ തുടങ്ങിയിട്ടുമുണ്ട്. 

രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നു തറപ്പിച്ചുപറയുന്ന നെതന്യാഹു ഇൗ കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിക്കുകയും തനിക്കെതിരായ അട്ടിമറിയാണെന്നു കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇതിന്റെ പിന്നിൽ അദ്ദേഹം ഇടതുപക്ഷത്തിന്റെ കൈകൾ കാണുകയും  പൊലീസും പ്രോസിക്യൂഷനും ജുഡീഷ്യറിപോലും പക്ഷപാതപരമായി പെരുമാറുകയാണെന്നു വിമർശിക്കുകയും ചെയ്യുന്നു.     

പക്ഷേ, നെതന്യാഹുവിനെതിരെ ക്രിമിനൽ കുറ്റംചുത്തിയിട്ടുളള അറ്റോർണി ജനറൽ അദ്ദേഹംതന്നെ ആ സ്ഥാനത്തു നിയമിച്ച ഉദ്യോഗസ്ഥനാണ്.

അതിനു മുൻപ് അദ്ദേഹം നെതന്യാഹുവിന്റെ ക്യാബിനറ്റ് സെക്രട്ടറിയുമായിരുന്നു. ഇസ്രയേലിനും വ്യക്തിപരമായി തനിക്കും ഒരു ദുഃഖദിനം എന്ന മുഖവുരയോടെയാണ് അദ്ദേഹം തന്റെ തീരുമാനം പ്രഖ്യാപിച്ചതും.  

കേസ് 1000, കേസ് 2000, കേസ് 4000 എന്നിങ്ങനെയാണ് കേസുകൾ അറിയപ്പെടുന്നത്. കേസ് 1000ലെ ആരോപണം ഇങ്ങനെയാണ് : നെതന്യാഹുവും ഭാര്യ സാറയും ധനിക സുഹൃത്തുക്കളിൽനിന്നു വിലപിടിപ്പുള്ള പാരിതോഷികങ്ങളുടെ രൂപത്തിൽ കോഴ കൈപ്പറ്റി. മൊത്തം രണ്ടര ലക്ഷം ഡോളർ വില മതിക്കുന്ന മുന്തിയ തരം ചുരുട്ടുകൾ, ഷാംപെയിൻ, ആഭരണങ്ങൾ എന്നിവയാണ് വാങ്ങിയത്. പ്രത്യുപകാരമായി അവിഹിത സഹായങ്ങൾ ചെയ്തുകൊടുത്തു. 

കേസ് 2000 : ഇസ്രയേൽ ഹയോം, യെദിയോത് അഹറനോത്ത് എന്നീ പത്രങ്ങൾ തമ്മിൽ സർക്കുലേഷൻ യുദ്ധം നടന്നുകൊണ്ടിരിക്കേ യെദിയോത് അഹറനോത്തിനെ സഹായിക്കാൻ  അതിന്റെ ഉടമസ്ഥനുമായി നെതന്യാഹു രഹസ്യ ധാരണയിലെത്തി.  2014ലെ തിരഞ്ഞെടുപ്പിനുമുൻപ്് യെദിയോത് അഹറനോത്തിൽ അദ്ദേഹത്തിനു മികച്ച കവറേജ് ഉറപ്പാക്കാനായിയിരുന്നു ഇത്. 

GUATEMALA-ISRAEL
സാറ നെതന്യാഹു

കേസ് 4000 : പ്രമുഖ കമ്യൂണിക്കേഷൻസ് സ്ഥാപനമായ ബാസെക്കിനെ നെതന്യാഹു അവിഹിതമായി സഹായിച്ചു. പ്രത്യുപകാരമായി, തങ്ങളുടെ  നിയന്ത്രണത്തിലുളള ഒാൺലൈൻ ന്യൂസ് സൈറ്റിൽ  ഗവൺമെന്റിനു ദോഷകരമായ വാർത്തകൾ കൊടുക്കാതിരിക്കാൻ ബാസെക്ക് സമ്മതിച്ചു.

ബാസെക്കിന്റെ മുഖ്യ ഒാഹരിയുടമയും നെതന്യാഹുവിന്റെ കുടുംബ സുഹൃത്തുമായ  ഷൗൾ ഇലോവിച്ച്,  ഭാര്യ, മകൻ, ബാസെക്കിന്റെ സിഇഒ സ്റ്റെല്ല ഹാൻഡ്ലർ, കമ്യൂണിക്കേഷൻസ് വിഭാഗത്തിന്റെ മുൻ ഡയരക്ടർ ജനറൽ ഷ്ളോമോ ഫിൽബർ, മാധ്യമ ഉപദേഷ്ടാവ് നിർ ഹെഫെറ്റ്സ് എന്നിവർ ഇൗ കേസിനോടനുബന്ധിച്ച് അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി.  

കേസ് 3000 എന്നറിയപ്പെട്ടതും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നം അടങ്ങിയതുമായ മറ്റൊരു കേസിനെക്കുറിച്ചും അന്വേഷണം നടന്നിരുന്നു. 

ജർമനിയിലെ തൈസൻക്രപ്പ് കമ്പനിയിൽനിന്നു 200 കോടി ഡോളർ വിലയ്ക്കുളള ആണവ മുങ്ങിക്കപ്പലുകൾ, ബോട്ടുകൾ എന്നിവ വാങ്ങാനുള്ള കരാറിൽ 100 കോടി ഡോളറിന്റെ അഴിമതി നടന്നുവെന്നാണ് ആരോപണം.  

പക്ഷേ, ഇൗ ഇടപാടുകളിൽ നെതന്യാഹുവിനു പങ്കില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ഒഴിവാക്കി. അതേസമയം, അദ്ദേഹത്തിന്റെ ചീഫ് ഒാഫ് സ്റ്റാഫായിരുന്ന ഡേവിഡ് ഷറനും പ്രതിരോധ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരും അറസ്റ്റിലായി. 

നെതന്യാഹുവിനെതിരെ കുറ്റം ചുമത്തപ്പെട്ടുവെങ്കിലും കേസുകൾ കോടതിയിൽ എത്താൻ സാധാരണ ഗതിയിൽ മാസങ്ങൾ കഴിയേണ്ടിവരും. കുറ്റംചെയ്തതായി വിധിയുണ്ടായാലും അപ്പീലിനു സാധ്യതയുണ്ട്. അതെല്ലാം കഴിയുമ്പോഴേക്കും വർഷങ്ങൾ കടന്നുപോവുകയും ചെയ്തേക്കാം. 

കുറ്റം തെളിഞ്ഞാൽ കോഴക്കേസിൽ പത്തു വർഷവും തട്ടിപ്പ്, വിശ്വാസവഞ്ചന എന്നിവ സംബന്ധിച്ച കേസുകളിൽ മൂന്നു വർഷവും തടവായിരിക്കുമ്രേത ശിക്ഷ. മുൻപ്രധാനമന്ത്രി എഹുദ് ഒാൽമർട്ട് മുൻപൊരു അഴിമതിക്കേസിൽ 16 മാസം ജയിലിൽകഴിയുകയുണ്ടായി. മുൻപ്രസിഡന്റ് മോഷെ കാറ്റ്സെവിന് മാനഭംഗക്കേസിൽ അഞ്ചു വർഷവും തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു. 

താൻ നിരപരാധിയായതിനാൽ മൂന്നു കേസുകളും തള്ളപ്പെടുമെന്ന വിശ്വാസത്തിലാണ് നെതന്യാഹു. തന്റെ രാജി ആവശ്യപ്പെടുന്നവരോട് നിയമത്തിൽ അതിനു വകുപ്പില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.   

ISRAEL-ELECTION

എങ്കിലും, ഇസ്രയേലിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ നേതാവെന്ന നിലയിലുള്ള നെതന്യാഹുവിന്റെ പ്രതിഛായയ്ക്ക് ഇതോടെ കനത്ത പ്രഹരമേറ്റിരിക്കുകയാണെന്ന വസ്തുത അവശേഷിക്കുകയാണ്. ഇൗ വർഷം രണ്ടു തവണ തിരഞ്ഞെടുപ്പ് നടന്നിട്ടും മന്ത്രിസഭയുണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ലെന്നതുതന്നെ ഒരു വലിയ തിരിച്ചടിയായിരുന്നു.

120 അംഗ പാർലമെന്റിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ പതിവുപോലെ കൂട്ടുമന്ത്രിസഭ ഉണ്ടാക്കാനായിരുന്നു ശ്രമം. നാലു മാസത്തെ ഇടവേളയക്കുശേഷം നടന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പിനുശേഷവും ഭൂരിപക്ഷ പിന്തുണയുള്ള ഒരു ഭരണസഖ്യം തട്ടിക്കൂട്ടിയുണ്ടാക്കാൻ നെതന്യാഹുവിനു കഴിഞ്ഞില്ല. 

അദ്ദേഹത്തിന്റെ ലിക്കുഡ് പാർട്ടിയുടെ അത്രതന്നെ സീറ്റുകൾ ലഭിച്ച ബ്ളൂ ആൻഡ് വൈറ്റ് പാർട്ടിയുടെനേതാവും മുൻ പട്ടാളത്തലവനുമായ ബെന്നി ഗാന്റ്സിനായിരുന്നു അടുത്ത ഉൗഴം. നാലാഴ്ച നടത്തിയ പരിശ്രമത്തിനുശേഷം അദ്ദേഹവും തോറ്റു പിൻവാങ്ങി. 

ഇനിയുള്ള മൂന്നാഴ്ചയക്കുളളിൽ മന്ത്രിസഭ ഉണ്ടാക്കാൻ ആർക്കും ശ്രമിക്കാം. ആരും വിജയിക്കുന്നില്ലെങ്കിൽ അടുത്ത മാസങ്ങൾക്കുളളിൽ മൂന്നാമതും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. പ്രധാനമന്ത്രിക്കെതിരായകുറ്റംചുമത്തൽ പോലെ തന്നെ ഇസ്രയേൽ മുൻപൊരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്തതാണ് ഇൗ സ്ഥിതിവിശേഷവും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA