അത് നിക്സൻ, ഇത് ട്രംപ്

HIGHLIGHTS
  • അംബാസ്സഡറുടെ മൊഴി ഇരുട്ടടിയായി
  • വാദങ്ങളുടെ മുനയൊടിയുന്നു
american-president-donald-trump-impeachment-inquiry
റിച്ചാഡ് നിക്സൺ, ഡോണൾഡ് ട്രംപ്
SHARE

ഇംപീച്ച്മെന്റ് അഥവാ കുറ്റവിചാരണ നേരിടേണ്ടിവരുമെന്നു ബോധ്യമായപ്പോൾ അമേരിക്കയിലെ 37ാമത്തെ പ്രസിഡന്റ് റിച്ചഡ് നിക്സൻ അനുഭവിച്ച മാനസിക സംഘർഷം ‘നിക്സൻ’ എന്ന ഹോളിവുഡ് സിനിമയിൽ കാണാം. സമാനമായ ഭീഷണി നേരിടുകയാണ് 45ാമത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പക്ഷേ, അദ്ദേഹത്തിന് ഒരു കൂസലുമില്ല.

കുറ്റവിചാരണയുടെ പ്രാരംഭമായി നടന്നുവരുന്ന തെളിവെടിപ്പിനു നേരെ ട്രംപ് എയ്തുവിട്ടുകൊണ്ടിരിക്കുന്ന പരിഹാസ ശരങ്ങൾ അതാണ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, 73 വയസ്സുള്ള അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഇതു ബാധിക്കാൻ തുടങ്ങിയോ എന്ന സംശയം ചില കേന്ദ്രങ്ങളിൽനിന്നെങ്കിലും ഉയരുകയും ചെയ്തു. 

ഒരാഴ്ചമുൻപ് ഒരു പ്രമുഖ സൈനികാശുപത്രിയിൽ അപ്രതീക്ഷിതമായി ട്രംപ്് പരിശോധനയക്കുചെന്നതായിരുന്നു ഇതിനു കാരണം. പക്ഷേ, തടി അൽപ്പം കൂടുതലാണെന്നതല്ലാതെ വേറെ കുഴപ്പമൊന്നുമില്ലെന്നു ഡോക്ടർമാർ സർട്ടിഫിക്കേറ്റ് നൽകിയത്രേ.    

ട്രംപിനെ കുറ്റവിചാരണ ചെയ്യുന്നതിന്റെ പ്രാരംഭമായി പ്രതിനിധിസഭയിലെ ഇന്റലിജൻസ് കമ്മിറ്റി മുൻപാകെ നടന്നുവന്ന സാക്ഷി വിസ്താരം ആദ്യഘട്ടത്തിൽരഹസ്യമായിട്ടായിരുന്നു. ഇൗ മാസം 13 മുതൽ പരസ്യമായി. ലോകമൊട്ടുക്കും ആളുകളെ പിടിച്ചിരുത്തിയ ഒരു ടെലിവിഷൻ പരമ്പരയുമായി അത്. 

രണ്ടാം തവണയും പ്രസിഡന്റാകാൻ ട്രംപ് തയാറെടുക്കുകയും അതിനുളള തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വർഷം മാത്രം ബാക്കി നിൽക്കുകയുമാണ്.അതിനിടയിലാണ് യുഎസ് ചരിത്രത്തിലെ ഇൗ നാലാമത്തെ കുറ്റവിചാരണാ നീക്കം. തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട ഒരു വിവാദംതന്നെ ഇതിനു കാരണമാവുകയായിരുന്നു. 

donald-trump

അടുത്ത വർഷം നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ തന്റെ മുഖ്യ എതിരാളിയാകാൻ ഇടയുള്ള ഡമോക്രാറ്റിക് പാർട്ടിക്കാരൻ ജോ ബൈഡനെ ഇപ്പോൾതന്നെ രംഗത്തുനിന്നു തുരത്താൻ ട്രംപ് നടത്തിയ ശ്രമമാണ് വിവാദമായത്. ട്രംപിന്റെ മുൻഗാമിയായ പ്രസിഡന്റ് ബറാക് ഒബാമയുട കീഴിൽ വൈസ് പ്രസിഡന്റായിരുന്നു ബൈഡൻ. 

അദ്ദേഹത്തെ കരിതേച്ചു കാണിക്കാനുള്ള വിവരങ്ങൾക്കുവേണ്ടി ട്രംപ് യുക്രെയിൻ പ്രസിഡന്റിന്റെ സഹായം തേടുകയും അദ്ദേഹത്തിൽ സമ്മർദം ചെലുത്താനായി അവർക്കുള്ള യുഎസ് ധനസഹായം തടഞ്ഞുവയ്ക്കുകയും ചെയ്തുവെന്നാണ് ആരോപണം. സൈനികാവശ്യങ്ങൾക്കു വേണ്ടി 40 കോടി ഡോളറിന്റെ സഹായം നൽകാൻ കോൺഗ്രസ് (യുഎസ് പാർലമെന്റ്) തീരുമാനിച്ചതായിരുന്നു.

തിരഞ്ഞെടുപ്പിൽ ജയിക്കാൻ വിദേശരാജ്യത്തിന്റെ സഹായം തേടുകയും അതിനുവേണ്ടി അധികാര ദുർവിനിയോഗം നടത്തുകയും ചെയ്തുവെന്ന ഗുരുതരമായ കുറ്റമാണ് ട്രംപിന്റെ മേൽ ആരോപിക്കപ്പെടുന്നത്. ഇതിൽ കോഴയുടെ പ്രശ്നം അടങ്ങിയിട്ടുണ്ടെന്ന വാദവും ഉയർന്നുവന്നിട്ടുണ്ട്. 

യുക്രെയിന്റെ മേൽ സമ്മർദ്ദം ചെലുത്താൻ അവർക്കുള്ള ധനസഹായം ഉപയോഗിച്ചതു കോഴയാണെന്നാണ് ആരോപണം. പണം കിട്ടണമെങ്കിൽ ബൈഡനെതിരായ അന്വേഷണത്തിനു ഉത്തരവിടണമെന്നു യുക്രെയിൻ കരുതാൻ ട്രംപിന്റെ ശ്രമങ്ങൾ ഇടയാക്കിയത്രേ. പ്രസിഡന്റിനെ കുറ്റവിചാരണ ചെയ്തു നീക്കാൻ കാരണമാകുന്ന കുറ്റങ്ങളിൽ ഒന്നായി ഭരണഘടന എടുത്തുപറഞ്ഞിട്ടുളളതാണ് കോഴ. 

യുക്രെയിനു സഹായം നൽകാൻ കോൺഗ്രസ് തീരുമാനിച്ചത് റഷ്യയിൽനിന്ന് ആ രാജ്യം ഭീഷണി നേരിടുന്നുവെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ്. അമേരിക്ക ഉൾപ്പെടെയുളള പാശ്ചാത്യ രാജ്യങ്ങളുടെ സുരക്ഷിതത്വ താൽപര്യങ്ങളാണ് അതിനു പ്രേരകമായത്. വ്യക്തിപരമായ ആവശ്യത്തിനുവേണ്ടി സഹായം തടഞ്ഞുവയ്ക്കുക വഴി ആ താൽപര്യങ്ങൾ ട്രംപ് അടിയറവച്ചുവെന്നും ആരോപിക്കപ്പെടുന്നു.  

എന്നാൽ, താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ചെയ്തതെല്ലാം നിയമാനുസൃതമായിരുന്നുവെന്നും വാദിക്കുകയാണ് ട്രംപ്. അതേസമയം, കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ട്രംപിന്റെ ഗവൺമെന്റിലെതന്നെ ചില പ്രമുഖ ഉദ്യോഗസ്ഥർ നടത്തിയ വെളിപ്പെടുത്തലുകൾ അദ്ദേഹത്തിന്റെ വാദങ്ങളുടെ മുനയൊടിക്കുന്നു. പ്രതിനിധിസഭയിലെ ഇന്റലിജൻസ് കമ്മിറ്റി മുൻപാകെ ഇക്കഴിഞ്ഞ ബുധനാഴ്ച (നവംബർ 20) യൂറോപ്യൻ യൂണിയനിലെ യുഎസ് അംബാസ്സഡർ ഗോർഡൻ സോൻഡ്ലൻഡ് നൽകിയ മൊഴി പ്രത്യേകിച്ചും ട്രംപിനൊരു പ്രഹരമായിരുന്നു. 

യുക്രെയിനിലെ പുതിയ പ്രസിഡന്റ്  വ്ളോഡിമീർ സെലൻസ്കിയുമായി ജൂലൈ 25നു ട്രംപ് നടത്തിയ ടെലിഫോൺ സംഭാഷണമാണ് ഇതിന്റെയെല്ലാം കേന്ദ്രബിന്ദു. ബൈഡന്റെ മകൻ ഹണ്ടറിനെതിരെ യുക്രെയിനിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്ന കേസിനെപ്പറ്റിയും യുഎസ് വൈസ്പ്രസിഡന്റ് എന്ന നിലയിൽ ബൈഡൻ അതിൽ ഇടസംഭാഷണം കേട്ടതായി അവകാശപ്പെടുന്ന ഒരു വൈറ്റ്ഹൗസ് ഉദ്യോഗസ്ഥനാണ് വിവരം പുറത്തുവിട്ടത്. ഇപ്പോഴും അജ്ഞാതനായിരിക്കുന്ന അദ്ദേഹം ഒാഗസ്റ്റ് 12നു പ്രതിനിധി സഭയിലെ ഇന്റലിജൻസ് കമ്മിറ്റിയുടെ ചെയർമാനു കത്തയച്ചു.

സ്വന്തം രാഷ്ട്രീയ താൽപര്യത്തിനുവേണ്ടി പ്രസിഡന്റ് ഒൗദ്യോഗിക മാർഗത്തിലൂടെ വിദേശ രാഷ്ട്ര നേതാവിന്റെ സഹായം തേടി, ധനസഹായം നിർത്തിവച്ച കാര്യം പറഞ്ഞു അദ്ദേഹത്തിൽ സമ്മർദം ചെലുത്തി, അങ്ങനെ അധികാരം ദുർവിനിയോഗം ചെയ്തു-ഇതിലെല്ലാം വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥർക്കിടയിലുള്ള ആശങ്ക താൻ പങ്കുവയ്ക്കുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. 

സംഭവം അദ്ദേഹത്തിനു മാത്രമല്ല മറ്റു ചിലർക്കു കൂടി അറിയാമായിരുന്നുവെന്നും ഇതോടെ വ്യക്തമായി. യുക്രെയിനുളള പണം ട്രംപ് വിട്ടുകൊടുത്തത് പിന്നീടു സെപ്റ്റംബറിലാണ്്. 

ബൈഡന്റെ മകൻ ഹണ്ടർ യുക്രെയിനിലെ ബുരിസ്മ ഹോൾഡിങ് എന്ന വൻകിട ഗ്യാസ് കമ്പനിയുടെ ഡയരക്ടർമാരിൽ ഒരാളായിരുന്നു. ബുരിസ്മയുമായി ബന്ധപ്പെട്ട ഒരു അഴിമതിക്കേസിൽ യുക്രെയിനിൽ അന്വേഷണം നടക്കുകയുമുണ്ടായി. എന്നാൽ, ആ കേസുമായി ഹണ്ടർക്ക് ഒരു ബന്ധവുംഇല്ലായിരുന്നുവെന്നാണ് പിന്നീടു വ്യക്തമായത്.  അതിനാൽ മകനെ രക്ഷിക്കാൻ ബൈഡൻ ഇടപെട്ടുവെന്ന ആരോപണത്തിൽ കഴമ്പുണ്ടായിരുന്നില്ല. 

MIDEAST-CRISIS/BAGHDADI-TRUMP

ബൈഡനെ കുടുക്കാനുള്ള കരുക്കൾ നീക്കാൻ ട്രംപ് തന്റെ സ്വകാര്യ അഭിഭാഷകനായ മുൻ ന്യൂയോർക്ക് മേയർ റൂഡി ജുലിയാനിയെ ഉപയോഗിച്ചതും രൂക്ഷമായ വിമർശനത്തിനു കാരണമായിട്ടുണ്ട്. പ്രതിനിധിസഭയുടെ ഇന്റലിജൻസ് കമ്മിറ്റി മുൻപാകെ ഹാജരായ സീനിയർ ഉദ്യോഗസ്ഥരിൽ പലരും ജുലിയാനിയുടെ ഇടപെടൽ സ്ഥിരീകരിച്ചു. ജുലിയാനി നടത്തിയ സമാന്തര വിദേശനയ നീക്കങ്ങളിൽ തങ്ങൾക്കുണ്ടായിരുന്ന അതൃപ്തി അവർ മറച്ചുവച്ചുമില്ല. ജുലിയാനിയുടെ ഇടപെടൽ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപയോ തുടങ്ങിയവർക്ക് അറിയാമായിരുന്നുവെന്ന വിവരവും പുറത്തായി.  

പ്രതിനിധി സഭയിലെ ഇന്റലിജൻസ് കമ്മിറ്റിയുടെ മുൻപാകെ ഹാജരായവർ പറഞ്ഞതെല്ലാംകേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അതിനാൽ വിശ്വസനീയമല്ലെന്നുമായിരുന്നു ട്രംപിന്റെ വാദം. അതിനുശേഷമായിരുന്നു യൂറോപ്യൻ യൂണിയനിലെ യുഎസ് അംബാസ്സഡർ ഗോർഡൻ സോൻഡ്ലൻഡിന്റെ ആഗമനം. 

ബൈഡനെക്കുറിച്ചുള്ള യുക്രെയിനിലെ അന്വേഷണത്തിന്റെ കാര്യം ട്രംപ് തന്നോടു നേരിട്ടു സംസാരിച്ചിരുന്നുവെന്നാണ് അദ്ദേഹം മൊഴി നൽകിയത്. ഇതു സംബന്ധിച്ച് താൻ ചെയ്തതെല്ലാം പ്രസിഡന്റിന്റെ വ്യക്തമായ നിർദ്ദേശം അനുസരിച്ചായിരുന്നുവെന്നും പറഞ്ഞു. 

ഉപകാരത്തിനു പ്രത്യുപകാരം നൽകുന്ന കാര്യം പരാമർശിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. യുക്രെയിനു പണം കിട്ടണമെങ്കിൽ ബൈഡെനെതിരെ അന്വേഷണം പ്രഖ്യാപിക്കണം എന്നായിരുന്നു അതിനർഥം. ജുലിയാനിയുടെ ഇടപെടൽ സോൻഡ്ലൻഡും സ്ഥിരീകരിച്ചു.

ശതകോടീശ്വരനും ഹോട്ടൽ ശൃംഖലകളുടെ ഉടമയുമായ സോൻഡ്ലൻഡ് റിപ്പബ്ളിക്കൻ പാർട്ടിക്കാരനാണ്. 2017 ജനുവരിയിൽ ട്രംപിന്റെ സ്ഥാനാരോഹണം ഗംഭീരമാക്കാനായി നല്ലൊരു തുക സംഭാവന നൽകുകയുമുണ്ടായി. അംബാസ്സഡർ ഉദ്യോഗം അതിനുള്ള ട്രംപിന്റെ പ്രത്യുപകാരമായിരുന്നുവെന്നും പറയപ്പെടുന്നു.

സോൻഡ്ലൻഡിന്റെ മൊഴി ട്രംപിനൊരു ഇരുട്ടടിയായെങ്കിലും റിപ്പബ്ളിക്കൻ പാർട്ടി പൊതുവിൽ അദ്ദേഹത്തിന്റെ പിന്നിൽ ഉറച്ചുനിൽക്കുകയാണ്. അതിനാൽ പ്രതിനിധി സഭയിൽ ഭൂരിപക്ഷമുള്ള ഡമോക്രാറ്റുകൾ അദ്ദേഹത്തെ ഇംപീച്ച്ചെയ്താലും സെനറ്റിൽ ഭൂരിപക്ഷമുളള റിപ്പബ്ളിക്കന്മാർ അദ്ദേഹത്തെ അധികാരത്തിൽനിന്നു പുറത്താക്കാൻ അനുവദിക്കില്ല. ട്രംപിന്റെ കൂസലില്ലായ്മയുടെ ഒരു പ്രധാന കാരണവും ഇതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ