നിശ്ശബ്ദ ഭൂരിപക്ഷത്തിന്‍റെ ഹോങ്കോങ്ങ് വിധിയെഴുത്ത്

HIGHLIGHTS
  • ജനാധിപത്യവാദികള്‍ സീറ്റുകള്‍ തൂത്തുവാരി
  • പ്രതിക്കൂട്ടില്‍ ചീഫ് എക്സിക്യൂട്ടീവ്
pan-democrats-in-HongKong-won-the-election
ഹോങ്കോങ്ങില്‍ നടന്നുവരുന്ന പ്രക്ഷോഭത്തെ ജനങ്ങളിലെ 'നിശ്ശബ്ദ ഭൂരിപക്ഷം' ഒട്ടും അനുകൂലിക്കുന്നില്ലെന്നും അതവര്‍ തിരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കുമെന്നും ചൈനാ പക്ഷക്കാര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഫലം വന്നപ്പോള്‍ അവര്‍ ഞെട്ടി
SHARE

ദീര്‍ഘകാലമായി അനുഭവിച്ചുവരുന്ന സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും നഷ്ടപ്പെടുന്നത് ആര്‍ക്കാണ്സഹിക്കാനാവുക ? ആറു മാസത്തോളമായി ഹോങ്കോങ്ങിനെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭം ഈ ചോദ്യത്തിനുള്ള ഉത്തരമാണ്‌. ഇക്കഴിഞ്ഞ ഞായറാഴ്ച (നവംബര്‍ 24) അവിടെ നടന്ന  തിരഞ്ഞെടുപ്പില്‍ ജനാധിപത്യാനുകൂല കക്ഷികള്‍ നേടിയ തകര്‍പ്പന്‍ വിജയം അതിന് അടിവരയിടന്നു. 

തദ്ദേശ ഭരണസമിതികളായ ജില്ലാ കൗണ്‍സിലുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.  18 ജില്ലാ കൗണ്‍സിലുകളില്‍ 17 എണ്ണവും അവയിലെ തിരഞ്ഞെടുപ്പ് നടന്ന  മൊത്തം 452 സീറ്റുകളില്‍ 392 എണ്ണവും ജനാധിപത്യാനുകൂലികള്‍ തൂത്തുവാരി. 

ചൈനയെ അനുകൂലിക്കുന്ന എസ്റ്റ്ബ്ളിഷ്മെന്‍റ് കക്ഷികള്‍ക്കു കിട്ടിയത് ഒരേയൊരു ജില്ലാ കൗണ്‍സിലുംമൊത്തം 60 സീറ്റുകളും. ഇതിന്‍റെ അഞ്ചു മടങ്ങോളം സീറ്റുകളാണ് നേരത്തെ ഇവരുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്നത്. 

ജില്ലാ കൗണ്‍സിലുകള്‍ക്കു സാധാരണ ഗതിയില്‍ രാഷ്ട്രീയ പ്രാധാന്യമൊന്നുമില്ല. മാലിന്യ നിര്‍മാര്‍ജനം, പാര്‍ക്കുകളുടെയും ബസ് സ്റ്റോപ്പുകളുടെയും മറ്റും സംരക്ഷണം എന്നിവപോലുള്ള മുനിസിപ്പല്‍ അധികാരങ്ങള്‍ മാത്രമാണുള്ളത്. ബജറ്റും ചെറുത്. അതിനാല്‍, അവയിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്‍പൊരിക്കലും ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. 

HONGKONG-PROTESTS-ELECTION

ബ്രിട്ടനില്‍നിന്നു 1997ല്‍ ഹോങ്കോങ് ചൈനയ്ക്കു തിരിച്ചുകിട്ടിയതിനുശേഷം നടന്ന ആറാമത്തെ ഈ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് പക്ഷേ, രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ചു. കാരണം, ജൂണ്‍ മുതല്‍ നടന്നുവരുന്ന പ്രക്ഷോഭംതന്നെ. 

പ്രാദേശിക നിയമസഭയിലേക്കും മുഖ്യ ഭരണാധികാരിയായ ചീഫ് എക്സിക്യൂട്ടീവിന്‍റെ സ്ഥാനത്തേക്കും നടക്കുന്ന തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇതു തികച്ചും ജനാധിപത്യരീതിയിലാണെന്ന പ്രത്യേകതയുമുണ്ടായിരുന്നു. അഭൂതപൂര്‍വമായ വിധത്തില്‍ ഇത്തവണ പോളിങ് ശതമാനം 71 ശതമാനംവരെയായി ഉയരുകയും ചെയ്തു. കഴിഞ്ഞ തവണ (2015ല്‍) വെറും 47 ശതമാനമായിരുന്നു.

അതിനാല്‍, ഇതിന്‍റെ ഫലം എന്തായിരിക്കുമെന്നു ബന്ധപ്പെട്ട എല്ലാവരും പതിന്മടങ്ങ് ആകാംക്ഷയോടെഉറ്റുനോക്കുകയായിരുന്നു. പലപ്പോഴും അക്രമത്തിലേക്കു വഴുതിപ്പോയിക്കൊണ്ടിരുന്ന പ്രക്ഷോഭത്തിനെതിരായ വിധിയെഴുത്തായിരിക്കും നടക്കുകയെന്നു ചൈനാ അനുകൂലികളും അവരുടെ നേതാവായ വനിതാ ചീഫ് എകസിക്യൂട്ടീവ് കാരി ലാമും പ്രതീക്ഷിക്കുകയും ചെയ്തു.  

നീണ്ടുപോകുന്ന സമരം കാരണം ജനജീവിതം സ്തംഭിക്കുകയായിരുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവുകയും ലോകോത്തര വാണിജ്യ കേന്ദ്രമെന്ന ഹോങ്ങോങ്ങിന്‍റെ പദവിക്കു ക്ഷതമേല്‍ക്കുകയും ചെയ്തു. വിനോദ സഞ്ചാരികളുടെ വരവും കുറഞ്ഞു. സമരക്കാര്‍ കൈയേറിയതു കാരണം രാജ്യാന്തര വിമാനത്താവളം ഒരു തവണ  അടച്ചിടേണ്ടിവന്നു. 

മുക്കാല്‍ കോടിയോളം വരുന്ന ജനങ്ങളിലെ 'നിശ്ശബ്ദ ഭൂരിപക്ഷം' ഇതില്‍ അസ്വസ്ഥരാണെന്നും അതവര്‍ ബാലറ്റില്‍ പ്രകടിപ്പിക്കുമെന്നും ചൈനാ പക്ഷക്കാര്‍ വിശ്വസിച്ചു. പ്രക്ഷോഭം സംബന്ധിച്ച ജനഹിത പരിശോധനയായിരിക്കും ഇതെന്നു അവര്‍ തുറന്നു പറയുകയുമുണ്ടായി. ഫലം വന്നപ്പോള്‍ സ്വാഭാവികമായും അവര്‍ ഞെട്ടി. 

HONGKONG-PROTESTS-CARRIE-LAM

ഇതിലടങ്ങിയ സന്ദേശം താന്‍ ഉള്‍ക്കൊന്നുവെന്നു കാരി ലാം പറഞ്ഞെങ്കിലും പ്രക്ഷോഭത്തോടുള്ള സമീപനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന ഒരു സൂചനയും അവര്‍ നല്‍കിയില്ല. ജൂണില്‍ സമരം പൊട്ടിപ്പുറപ്പെട്ടതിന് ഉത്തരവാദിയും കാരി ലാമായിരുന്നു. 

ഹോങ്കോങ്ങിലെ കേസുകളില്‍ പ്രതികളാകുന്നവരെ വിചാരണയ്ക്കായി ചൈനയിലേക്ക് അയക്കാന്‍ അനുമതി നല്‍കുന്ന ഒരു നിയമവുമായി അവര്‍ മുന്നോട്ടുവന്നു. സമരം മൂത്തപ്പോള്‍ അതവര്‍ പിന്‍വലിച്ചുവെങ്കിലും സമരക്കാര്‍ പിന്തിരിഞ്ഞില്ല. മറ്റു ചില ആവശ്യങ്ങള്‍ കൂടി അവര്‍ ഉന്നയിക്കാന്‍ തുടങ്ങുകയും ചെയ്തു. 

കാരി ലാം ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം ഒഴിയുക, സമരത്തെ 'ലഹള' എന്നു വിളിക്കുന്നതു നിര്‍ത്തുകയും നിയമ വിധേയമായ പ്രതിഷേധ പ്രകടനമായി അംഗീകരിക്കുകയും ചെയ്യുക, അറസ്റ്റിലായവരെ നിരുപാധികം വിട്ടയക്കുക, സമരക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ അക്രമങ്ങളെപ്പറ്റി സ്വതന്ത്രമായ അന്വേഷണം നടത്തുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യുക, ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തേക്കും പ്രാദേശിക നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ് പൂര്‍ണ ജനാധിപത്യ രീതിയില്‍നടത്തുക-ഇവയാണ് ആവശ്യങ്ങള്‍. 

ഇതിനെക്കുറിച്ചെല്ലാം സമരക്കാരുമായി ചര്‍ച്ച ചെയ്യാന്‍ പോലും കാരി ലാം ഇതുവരെ തയാറായിട്ടില്ല. പൊലീസിനെ ഉപയോഗിച്ച് അവരെ അടിച്ചമര്‍ത്താനാണ്ശ്രമം. ചില സന്ദര്‍ഭങ്ങളില്‍ ഗുണ്ടകളെയും ഉപയോഗിച്ചു. ബെയ്ജിങ്ങിലെ ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ ആജ്ഞയനുസരിച്ചാണ് കാരി ലാം പ്രവര്‍ത്തിക്കുന്നതെന്നു സമരക്കാര്‍ കുറ്റപ്പെടുത്തുന്നു. 

ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തേക്കും പ്രാദേശിക നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ് പൂര്‍ണ ജനാധിപത്യ രീതിയില്‍ നടത്തുകയെന്നത് ചൈനയെയും ചൈനാനുകൂലികളെയും സംബന്ധിച്ചിടത്തോളം അചിന്ത്യമാണ്‌. ചൈനയുടെ ഭാഗമായിക്കഴിഞ്ഞ ഹോങ്കോങ്ങിലെ ഭരണാധിപന്മാരെ അങ്ങനെ തിരഞ്ഞെടുക്കുന്നതു ചൈനയിലെ കമ്യൂണിസ്റ്റ് ഭരണവ്യവസ്ഥയ്ക്കെതിരെ വെല്ലുവിളി ഉയര്‍ത്തും. 

HONGKONG-PROTESTS-CARRIE-LAM

ഒന്നര നൂറ്റാണ്ടുകാലം ബ്രിട്ടന്‍റെ കോളണിയായിരുന്ന ഹോങ്കോങ്ങ് 1997ല്‍ തിരിച്ചുവാങ്ങുമ്പോള്‍ ചൈന ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. നിലവിലുള്ള രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥകള്‍ 50 വര്‍ഷത്തേക്ക് (2047 വരെ) മാറ്റമില്ലാതെ തുടരുമെന്നതായിരുന്നു അതിലൊന്ന്.  

എന്നാല്‍, മുഖ്യ ഭരണനിര്‍വഹണാധികാരിയായ ചീഫ് എക്സിക്യൂട്ടീവിനെ തിരഞ്ഞെടുക്കുന്ന രീതിയില്‍ മാറ്റം വരുത്തിക്കൊണ്ടു ചൈന അതു ലംഘിച്ചു. ചീഫ് എക്സിക്യൂട്ടീവിനെ  1200 അംഗങ്ങളുള്ള ഒരു കമ്മിറ്റി തിരഞ്ഞെടുക്കുന്ന രീതി നടപ്പാക്കി. കമ്മിറ്റിയിലെ ബഹുഭൂരിഭാഗം അംഗങ്ങളും ചൈനയെ അനുകൂലിക്കുന്നവരായതിനാല്‍ ബെയ്ജിങ്ങിലെ ഭരണാധികാരികളുടെ അംഗീകാരമുള്ളവര്‍ക്കു മാത്രമേ ചീഫ് എക്സിക്യൂട്ടീവാകാന്‍ കഴിയൂ. ഉദാഹരണം കാരി ലാം തന്നെ.

ആ സ്ഥാനത്തേക്കു മല്‍സരിക്കുന്നവര്‍ അതിന് അര്‍ഹരാണോയെന്നു തീരുമാനിക്കാനും ഒരു കമ്മിറ്റിയുണ്ട്. അതിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതും ചൈനാനുകൂലികള്‍ക്കു മുന്‍തൂക്കമുള്ള 1200 അംഗ ഇലക്ഷന്‍ കമ്മിറ്റിയാണ്. 

അഞ്ചു വര്‍ഷം മുന്‍പ്തന്നെ ഇതിനെതിരെ രണ്ടു മാസത്തോളം പ്രക്ഷോഭം നടക്കുകയുണ്ടായി. പക്ഷേ,അടിച്ചമര്‍ത്തപ്പെട്ടു. ഇത്തവണ അത് ആറുമാസംപിന്നിടാറായി എന്നുമാത്രമല്ല, പലപ്പോഴും ഭീകര രൂപം കൈക്കൊള്ളുകയുംചെയ്തു. തിരഞ്ഞെടുപ്പിനു മുന്‍പുളള രണ്ടാഴ്ചയോളം  ഒരു യൂണിവേഴ്സിറ്റിയുടെകാമ്പസ് വിദ്യാര്‍ഥികള്‍ കൈയടക്കിയത് അവര്‍ തങ്ങളുടെ സമരവുമായി എത്രത്തോളം മുന്നോട്ടു പോകാന്‍ തയാറാണെന്നതിന്‍റെ സൂചനയായിരുന്നു.

ഈ വഴിയിലൂടെ ഹോങ്കോങ്ങിനെ ചൈനയില്‍നിന്ന് അടര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന സംശയവും ചൈനയ്ക്കുണ്ട്. അമേരിക്കയുടെയും ബ്രിട്ടന്‍റെയും കൈകള്‍ അവര്‍ ഇതിന്‍റെ പിന്നില്‍ കാണുകയും ചെയ്യുന്നു. 

HONG KONG-CHINA-POLITICS-UNREST

ഹോങ്കോങ്ങിലെ സമരക്കാരെ പിന്തുണച്ചുകൊണ്ട് യുഎസ് കോണ്‍ഗ്രസ് പാസ്സാക്കിയ പ്രമേയം ഇതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. സമരക്കാര്‍ക്കെതിരെ പ്രയോഗിക്കപ്പെട്ടുവരുന്ന കണ്ണീര്‍ വാതകം, റബര്‍ ബുള്ളറ്റുകള്‍ എന്നിവചൈനയിലേക്കു കയറ്റുമതി ചെയ്യുന്നത് അമേരിക്ക നിരോധിക്കുകയും ചെയ്തു. 

ആര്, എന്തെല്ലാം ചെയ്താലും ഹോങ്കോങ്ങിനെ ചൈനയില്‍നിന്നു വേര്‍പെടുത്താന്‍ സാധ്യമാകില്ലെന്നു ചൈനീസ് വിദേശമന്ത്രി വാങ് യി കഴിഞ്ഞ ദിവസം പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. 

ഇനിയെന്ത് ? ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ജനാധിപത്യാനുകൂലികള്‍ നേടിയ തകര്‍പ്പന്‍വിജയത്തിന്‍റെ അനന്തര ഫലങ്ങള്‍ എന്തെല്ലാമായിരിക്കും ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ