പാക്ക് പട്ടാളത്തലവൻ ചമ്മിയ ദിനങ്ങൾ

HIGHLIGHTS
  • ഇമ്രാൻ ഖാന്റെ പിടിപ്പുകേടെന്നു വിമർശനം
  • സുപ്രീം കോടതിയുടെ പരിഹാസം
pakistan-supreme-court-questions-rules-on-army-chief-tenure-extension
പാക്കിസ്ഥാനിൽ കരസൈന്യാധിപന്റെ ഉദ്യോഗകാലാവധി മൂന്നു വർഷത്തേക്കു നീട്ടാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തിടുക്കംകാട്ടി. സുപ്രീം കോടതി അതു ആറു മാസമാക്കി ചുരുക്കി. കഥ അവിടെ അവസാനിച്ചുമില്ല
SHARE

പാക്കിസ്ഥാനിലെ പട്ടാളത്തലവൻ ജനറൽ ഖമർ ജാവേദ് ബാജ്വയ്ക്ക് ഇൗയിടെ നേരിടേണ്ടിവന്നതു തന്റെ മുൻഗാമികളിൽ ആർക്കും ഉണ്ടായിട്ടില്ലാത്ത തീർത്തും അസുഖകരമായ അനുഭവമാണ്. സുപ്രീം കോടതിയിൽ അദ്ദേഹം വലിച്ചിഴയ്ക്കപ്പെട്ടു. അങ്ങനെ നാട്ടുകാർക്കിടയിൽ ഒരു പുതിയ വിവാദത്തിലെ നായകനുമായി.  

ഇതിനെല്ലാം ഇടയാക്കിയതു  മറ്റാരുമല്ല, പ്രധാനമന്ത്രി ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ ഗവൺമെന്റും. സ്വന്തം ഭരണത്തിന്റെ നിലനിൽപ്പ് ഉറപ്പുവരുത്താനായി പട്ടാളത്തലവനെ ഒന്നു സുഖിപ്പിക്കാനായിരുന്നു ഇമ്രാന്റെ ശ്രമം. പക്ഷേ, വെളുക്കാൻ തേച്ചതു പാണ്ടായി.  

മൂന്നു വർഷംമുൻപ് പട്ടാളത്തലവൻ അഥവാ ചീഫ്് ഒാഫ് ആർമി സ്റ്റാഫായി നിയമിതനായ ബാജ്വ ഇക്കഴിഞ്ഞ വ്യാഴാഴ്ച (നവംബർ 28) അർദ്ധരാത്രിയോടെ കാലാവധി പൂർത്തിയാക്കി വിരമിക്കേണ്ടതായിരുന്നു. മൂന്നു വർഷമാണ് കാലാവധി. മൂന്നു വർഷംകൂടി നീട്ടിക്കൊടുക്കാൻ ഇമ്രാൻ രണ്ടു മാസംമുൻപ് തന്നെ രംഗത്തിറങ്ങി. 

പാക്കിസ്ഥാനിൽ ഇതൊരു പുതിയ കാര്യമല്ല. അതിനാൽ ഇതൊരു പ്രശ്നമാകുമെന്നു ആരും നിനച്ചിരുന്നുമില്ല. മാത്രമല്ല, പാക്കിസ്ഥാൻ ഉൾപ്പെടുന്ന "മേഖലയിലെ സുരക്ഷാ പശ്ചാത്തല'ത്തിൽ ഇത് അത്യന്താപേക്ഷിതമാണെന്നു ഇമ്രാൻ വിശദീകരിച്ചതു കാരണം അങ്ങനെയെങ്കിൽ അങ്ങനെ നടക്കട്ടെ എന്നാണ് പലരും കരുതിയതും. ഇന്ത്യയുമായുള്ള സംഘർഷമായിരുന്നു ഇമ്രാന്റെ വിവക്ഷ.   

എന്നാൽ, അതോടനുബന്ധിച്ചുണ്ടായത് അബദ്ധങ്ങളുടെ അപഹാസ്യമായ ഒരു ഘോഷയാത്രയാണ്.   ഇമ്രാന്റെയും സഹപ്രവർത്തകരുടെയും പിടിപ്പുകേടും അശ്രദ്ധയും ജാഗ്രതക്കുറവും നാട്ടുകാരെ അമ്പരപ്പിക്കുന്ന വിധത്തിൽ പ്രകടമായി. സുപ്രീം കോടതിയിൽ അതു ജഡ്ജിമാരുടെ രൂക്ഷമായ വിമർശനത്തിനും പരിഹാസത്തിനും പാത്രമാവുകയും ചെയ്തു. 

PAKISTAN-MILITARY-SPYING

ബാജ്വയുടെ കാലാവധി നീട്ടിയതു നടപടിക്രമങ്ങളിലെ പിശകുകാരണം സുപ്രീം കോടതി തടഞ്ഞു. ഇതിന്റെഫലമായി വ്യാഴാഴ്ച അർധ രാത്രിയോടെ അദ്ദേഹം നിർബന്ധമായും പിരിഞ്ഞുപോകേണ്ട സ്ഥിതിയായി. പകരം ആരെയും നിയമിക്കാതിരുന്നതിനാൽ പട്ടാളത്തിനു നാഥനില്ലാതെ വരുമെന്ന ഭയവും ഉടലെടുത്തു. മുൻപൊരിക്കലും ഇങ്ങനെ സംഭവിച്ചിരുന്നില്ല. 

സുപ്രീം കോടതിതന്നെ അവസാന നിമിഷത്തിൽ ഇതിനൊരു പോം വഴി കണ്ടെത്തുകയായിരുന്നു. മൂന്നു വർഷത്തിനു പകരം ആറു മാസത്തേക്കു ബാജ്വയ്്ക്കു തുടരാൻ വ്യാഴാഴ്ച വൈകീട്ട് ചീഫ് ജസ്റ്റിസ് ആസിഫ് സയീദ് ഖോസയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് അനുമതി നൽകി.  

ആ കാലയളവിനുള്ളിൽ, പട്ടാളത്തലവന്റെ നിയമനം, സേവന കാലാവധി നീട്ടിക്കൊടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ വ്യവസ്ഥകളുള്ള നിയമം പാർലമെന്റ് പാസ്സാക്കിയിരിക്കണം. ഇല്ലെങ്കിൽ ബാജ്വയ്ക്കു നീട്ടിക്കൊടുത്ത ആറുമാസക്കാലാവധി നിയമവിരുദ്ധമായി കണക്കാക്കപ്പെടുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ്നൽകി. 

നവാസ് ഷരീഫ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് 2016 നവംബറിൽ ബാജ്വ പട്ടാളത്തലവനായി നിയമിതനായത്.  മൂന്നു വർഷംകൂടി അനുവദിക്കാനുള്ള ഉത്തരവുമായി ഇക്കഴിഞ്ഞ ഒാഗസ്റ്റ് 19ന് ഇമ്രാൻ മുന്നോട്ടുവന്നപ്പോൾ അതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്  ഒരഭിഭാഷകനാണ്. 

അയാളൊരു സ്ഥിരം വ്യവഹാരിയായതിനാൽ അധികമാരും അതു കാര്യമാക്കിയിരുന്നില്ല. പിന്നീടയാൾ ഹർജി പിൻവലിക്കാൻ തയാറാവുകയും ചെയ്തു. പക്ഷേ കോടതി സമ്മതിച്ചില്ല. പൊതുതാൽപര്യം പരിഗണിച്ച് കോടതി സ്വമേധയാ കേസെടുത്തു. 

ബാജ്വയെുടെ കാലാവധി മൂന്നു വർഷത്തേക്കു നീട്ടുന്നതായി വിജ്ഞാപനം പുറപ്പെടുവിച്ചതു പ്രധാനമന്ത്രിയായിരുന്നു. പക്ഷേ, ഭരണഘടനപ്രകാരം അതിനുള്ള അധികാരം അദ്ദേഹത്തിനല്ല, പ്രസിഡന്റിനാണ്. പ്രധാനമന്ത്രിയുടെ ഉപദേശംഅനുസരിച്ചാണ്് പ്രസിഡന്റ് പ്രവർത്തിക്കുകയെന്നുമാത്രം. 

Imran Khan
ഇമ്രാൻ ഖാൻ

തെറ്റു കോടതി ചൂണ്ടിക്കാട്ടിയ ഉടനെ ഇമ്രാൻ ക്യാബിനറ്റ് യോഗം വിളിച്ചുകൂട്ടുകയും പ്രസിഡന്റിന്റെ പേരിൽതന്നെ വിജ്ഞാപനം ഇറക്കുകയും ചെയ്തു. പക്ഷേ, അതിൽ പറഞ്ഞിരുന്നതു കാലാവധി നീട്ടുന്നുവെന്നല്ല, വിരമിക്കുന്ന തീയതി മുതൽ വീണ്ടും നിയമിക്കുന്നുവെന്നായിരുന്നു. 

ഇത്തരം സുപ്രധാന കാര്യങ്ങളിൽ വിജ്ഞാപനങ്ങൾ ഇറക്കുന്നതിനുമുൻപ് അവ വായിച്ചുനോക്കാറില്ലേ എന്നായിരുന്നു അറ്റോർണി ജനറൽ അൻവർ മൻസൂർ ഖാനോടുള്ള ചീഫ് ജസ്റ്റിസിന്റെ പുഛത്തോടെയുള്ള ചോദ്യം. ജഡ്ജിമാരുടെ പല ചോദ്യങ്ങൾക്കും അദ്ദേഹത്തിനോ പട്ടാളത്തലവന്റെ അഭിഭാഷകനായി ഹാജരായ മുൻ കേന്ദ്രമന്ത്രി ഫാറൂഖ് നസീമിനോ വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. 

കേസിന്റെ ഉള്ളിലേക്കു കടന്നതോടെയാണ് കൂടുതൽ ഗുരുതരമായ മറ്റൊരു പ്രശ്നം ജഡ്ജിമാരുടെ ശ്രദ്ധയിൽ പെട്ടത്. പട്ടാളത്തലവന്റെ നിയമനത്തിനും പുനർ നിയമനത്തിനും സാധുവായ നിയമങ്ങളുടെ പിൻബലമില്ല. 

കാലാവധി നീട്ടുന്നതു 1973ലെ ഭരണഘടനയിലെ ആർട്ടിക്കിൾ 243 (4) (ബി), ആർമി റൂൾസ് ആൻഡ് റഗുലേഷൻസിലെ സെക്ഷൻ 255 എന്നിവയുടെ അടിസ്ഥാനത്തിലാണെന്നാണ് സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത്. പക്ഷേ, പട്ടാളത്തലവന്റെ നിയമനം, സേവന വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച വകുപ്പുകളൊന്നും ഇവ   രണ്ടിലുമില്ല. 

മന്ത്രിസഭ വീണ്ടും അടിയന്തരയോഗം ചേർന്നു ആർമി റൂൾസ് ആൻഡ് റഗുലേഷൻസ് ഭേദഗതി ചെയ്തു. വീണ്ടും കോടതിയെ സമീപിച്ചപ്പോൾ കോടതി അതും മടക്കി. കാരണം, നിയമം ഭേദഗതി ചെയ്യേണ്ടതു മന്ത്രിസഭയില്ല, പാർലമെന്റാണ്. 

1973ലെ ഭരണഘടന നിലവിൽ വന്നശേഷം പട്ടാള വിപ്ളവം നടത്തി അധികാരം പിടിച്ചെടുത്തവരാണ് ജനറൽ സിയാഉൽ ഹഖും ജനറൽ പർവേസ് മുഷറഫും. പട്ടാളത്തലവന്മാരായിരുന്ന അവർ ആ നിലയിലുള്ള തങ്ങളുടെ കാലാവധി സ്വയം നീട്ടുകയുമുണ്ടായി. 

മുഷറഫിനുശേഷം പട്ടാളത്തലവനായ ജനറൽ അഷ്ഫാഖ് പർവേസ് കയാനിക്കും മൂന്നു വർഷത്തേക്കു കാലാവധി നീട്ടിക്കിട്ടി. പക്ഷേ, 2010ൽ അതു ചെയ്തുകൊടുത്തതു പിപിപിക്കാരനായ അന്നത്തെ പ്രസിഡന്റ് ആസിഫ് അലി സർദാരിയായിരുന്നു.  

പക്ഷേ, ഇതിനൊന്നിനും നിയമ സാധുത ഉണ്ടായിരുന്നില്ലെന്ന  കാര്യം സുപ്രീം കോടതികണ്ടെത്തുന്നതുവരെ ആരും ശ്രദ്ധിച്ചിരുന്നില്ല. കയാനിയുടെ കാലാവധി നീട്ടിയതു കോടതിയിൽചോദ്യം ചെയ്യപ്പെട്ടുവെങ്കിലും ഹർജി തള്ളപ്പെടുകയായിരുന്നു. 

pakistan-supreme-court
പാക്കിസ്ഥാൻ സുപ്രീംകോടതി സമുച്ചയം (ഫയൽ ചിത്രം)

പട്ടാളത്തലവനുവേണ്ടി സുപ്രീം കോടതിയിൽ ഹാജരാകാൻ ഇമ്രാൻ തന്റെ നിയമ മന്ത്രിയായ ഫാറൂഖ് നസീമിനെത്തന്നെ നിയോഗിച്ചതായിരുന്നു കൗതുകകരമായ മറ്റൊരു സംഭവം. അതിനുവേണ്ടി നസീം മന്ത്രിസ്ഥാനം രാജിവച്ചു. നാലാം  ദിവസം വിധി പ്രഖ്യാപനത്തിനുശേഷം വീണ്ടും മന്ത്രിയാവുകയും ചെയ്തു.

ബാജ്വയ്ക്കു കാലാവധി നീട്ടിക്കൊടുക്കാൻ ഇമ്രാൻകാണിച്ച സവിശേഷ താൽപര്യം ആരെയും അൽഭുതപ്പെടുത്തുന്നില്ലെന്നതാണ് വാസ്തവം. 

ഒരു വർഷം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ ഇമ്രാന്റെ പാർട്ടി ജയിക്കുകയും അങ്ങനെ അദ്ദേഹം അധികാരത്തിലെത്തുകയും ചെയ്തതു ജനറലിന്റെ ഒത്താശയോടെയാണെന്നതു പാക്കിസ്ഥാനിൽ പാട്ടാണ്. ബാജ്വ സ്ഥാനമൊഴിഞ്ഞശേഷം പട്ടാളത്തലവനാകാൻ കാത്തിരുന്ന ലെഫ്റ്റനന്റ് ജനറൽമാർ നിരാശരായി എന്നതാണ് ഇൗ സംഭവത്തിന്റെ മറ്റൊരു വശം. 

സുപ്രീം കോടതിയുടെ വിധി തന്റെ ഗവൺമെന്റിന്റെ ഒരു വൻവിജയമായി ആഘോഷിക്കുകയാണ് ഇമ്രാൻ.തന്റെ നിയമജ്ഞ സംഘം സുപ്രീം കോടതിയിൽ മികച്ച ഫോമിലായിരുന്നുവെന്നും മുൻക്രിക്കറ്റ് താരമായഅദ്ദേഹം അവകാശപ്പെടുന്നു. പട്ടാളത്തലവന്റെ കാലാവധി നീട്ടിയതു മൂന്നു വർഷത്തിൽനിന്നു ആറു മാസമായി കോടതി ചുരുക്കിയതും അതിനുതന്നെ ഉപാധി വച്ചതും  അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നില്ല. 

മാത്രമല്ല, ഭരണഘടനാപരമായ സ്ഥാപനങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഫലമായി രാജ്യത്തു കുഴപ്പമുണ്ടാകുമെന്നു പ്രതീക്ഷിരുന്നവർ നിരാശരായതായി അദ്ദേഹം പരിഹസിക്കുകയും ചെയ്യുന്നു. "വിദേശ ശത്രുക്കളും നാട്ടിനകത്തെ മാഫിയകളും' പ്രത്യേകിച്ചുംനിരാശരായെന്നും അദ്ദേഹം എടുത്തുപറയുന്നു. 

വിദേശശത്രുക്കളെന്നു പറഞ്ഞത് ഇന്ത്യയെഉദ്ദേശിച്ചാവാം. നാടിനകത്തെ മാഫിയകളെന്നു പറഞ്ഞത് പ്രതിപക്ഷ പാർട്ടികളെയും മാധ്യമങ്ങളെയും കുറിച്ചാണെന്നും കരുതപ്പെടുന്നു. 

പ്രതിപക്ഷ കക്ഷികൾ ഇൗ സ്ഥിതിയിൽനിന്നു മുതലെടുക്കാൻ ശ്രമമൊന്നും നടത്തിയിരുന്നില്ല. എങ്കിലും, ഇമ്രാൻ ഗവൺമെന്റിന്റെ പിടിപ്പുകേടിനെയും വിവരമില്ലായ്മയെയും പ്രമുഖ മാധ്യമങ്ങൾ രൂക്ഷമായി വിമർശിച്ചിരുന്നു. 

പട്ടാളത്തലവന്റെ കാലാവധി ആറുമാസത്തേക്കു നീട്ടിയതിനു സാധുതയുണ്ടാകണമെങ്കിൽ അത്രയുംസമയത്തിനുളളിൽ പുതിയ നിയമം ഉണ്ടാകണം.അതിനു പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ സഹകരണം വേണ്ടിവരും. 

അങ്ങനെയിരിക്കേയാണ് ഇമ്രാൻ ഖാൻ പ്രതിപക്ഷത്തിനെതിരായ കടന്നാക്രമണവും നടത്തിവരുന്നത്. അപക്വം, അജ്്ഞത, അവിവേകം എന്നിങ്ങനെയാണ് ഇതിനു ചില പ്രമുഖ പത്രങ്ങൾ നൽകുന്ന വിശേഷണങ്ങൾ.         

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ