നാറ്റോ : എഴുപതാം വയസ്സിൽ മരണത്തിലേക്ക് ?

HIGHLIGHTS
  • റഷ്യയുമായും തുർക്കി കൂട്ടുകെട്ടിൽ
  • ഫ്രഞ്ച് പ്രസിഡന്റിനെതിരെ ട്രംപ്
At-70-th-year-nato-is-sick-and-grumpy
സോവിയറ്റ് യൂണിയനെ ചെറുക്കാൻ 70 വർഷംമുൻപ് രൂപം കൊണ്ട നാറ്റോഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം അനൈക്യവും ഉചിതമായ നേതൃത്വത്തിന്റെ അഭാവവും
SHARE

പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയ്ക്കു ‘മസ്തിഷ്ക്കമരണം’ സംഭവിക്കുകയാണെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വൽ മക്രോൺ ഇൗയിടെ തുറന്നു പറഞ്ഞത്. അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് ഡോണൾഡ് ട്രംപ് പറഞ്ഞതും ഏതാണ്ട് ഇതുപോലെയായിരുന്നു. നാറ്റോ കാലഹരണപ്പെട്ടുവെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.  

സോവിയറ്റ് യൂണിയനെ ചെറുക്കാനായി 70 വർഷം മുൻപ് രൂപംകൊണ്ടതാണ് നാറ്റോ അഥവാ നോർത്ത് അത്ലാന്റിക് ട്രീറ്റി ഒാർഗനൈസേഷൻ. ശീതയുദ്ധത്തിനു തുടക്കം കുറിച്ച ആ നാളുകളിലോ തുടർന്നുളള നാലു ദശകങ്ങളിലോ നാറ്റോയ്ക്ക് ഉണ്ടായിരുന്ന അത്രയും പ്രാധാന്യമോ പ്രസക്തിയോ ഇപ്പോൾ അതിനില്ല.  

ഇക്കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിൽ (ഡിസംബർ മൂന്ന്, നാല്്) ബ്രിട്ടനിൽ ലണ്ടൻ പരിസരത്തെ വാട്ഫോഡിൽ നാറ്റോയുടെ എഴുപതാം വാർഷിക ഉച്ചകോടി ചേർന്നപ്പോൾ ഇതെല്ലാം ചർച്ചാവിഷയമായതു സ്വാഭാവികമായിരുന്നു. പുറത്തുനിന്നുള്ള ഭീഷണിയേക്കാൾ അകത്തുതന്നെയുള്ള  വിള്ളലുകളാണ് നാറ്റോയെ ഇപ്പോൾ ക്ളേശിപ്പിക്കുന്നതെന്നതും ഇൗ സമ്മേളനത്തോടെ വ്യക്തമായിരിക്കുകയാണ്. 

രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്തിമഘട്ടത്തിൽ അമേരിക്കയും യൂറോപ്പും തമ്മിലുണ്ടാകാൻ തുടങ്ങിയ സുദൃഢ ബന്ധത്തിന്റെ തറക്കല്ലിൽ പടുത്തുയർത്തിയതാണ് നാറ്റോ.  1949 ൽ 12 ആയിരുന്ന അംഗസംഖ്യ ഇപ്പോൾ 29 ആയി. അമേരിക്കയും വടക്കെ അമേരിക്കൻ ഭൂഖണ്ഡത്തിലെ മറ്റൊരു രാജ്യമായ കാനഡയും ഒഴികെ എല്ലാം യൂറോപ്യൻ രാജ്യങ്ങൾ. 

Trump blasts UK PM May's Brexit plan
US President Donald Trump checks time prior to a dinner at the Art and History Museum at the Parc du Cinquantenaire during the NATO Summit in Brussels, Belgium July 11, 2018. Photo: Reuters

നാറ്റോയെ ചെറുക്കാൻ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ വാഴ്സോ സഖ്യമെന്ന പേരിൽ 1955 മുതൽമറ്റൊരു സൈനികകൂട്ടായ്മയും നിലവിലുണ്ടായിരുന്നു. അങ്ങനെ ഏതാണ്ട് യൂറോപ്പ് മുഴുവനും വിരുദ്ധ താൽപര്യങ്ങളും വിരുദ്ധ ലക്ഷ്യങ്ങളുമുള്ള രണ്ടു ചേരികളിലായി. 

1991ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ വാഴ്സോ സഖ്യത്തിന്റെ കഥയും കഴിഞ്ഞു. അതിലുണ്ടായിരുന്ന ചില രാജ്യങ്ങളും ഇപ്പോൾ നാറ്റോയിലാണ്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ചില രാജ്യങ്ങളും അവരോടൊപ്പമുണ്ട്. 

സോവിയറ്റ് യൂണിയന്റെ പിൻഗാമിയായിത്തീർന്ന റഷ്യയെക്കുറിച്ചുള്ള ഭയാശങ്കകളാണ് ഇവയെയെല്ലാം നാറ്റോവുമായി അടുപ്പിച്ചത്. കാരണം, നാറ്റോയിലെ അംഗത്വം അവർക്കു സുരക്ഷിതത്വം ഉറപ്പുനൽകുന്നു. ഏതെങ്കിലും ഒരംഗം ആക്രമിക്കപ്പെട്ടാൽ അത് എല്ലാം അംഗങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കുമെന്നതു നാറ്റോയുടെ അടിസ്ഥാന പ്രമാണമാണ്. 

അംഗങ്ങൾ തമ്മിലുളള ഐക്യവും സമത്വബോധവും സഹകരണ സന്നദ്ധതയുമാണ് ഇതിന്റെ കാതൽ. എന്നാൽ, അതിനു നേരെ വിപരീതമായ വിധത്തിലാണ് സമീപകാലത്തു കാര്യങ്ങൾ നടന്നുവരുന്നതെന്നു പലരും ആശങ്കപ്പെടുന്നു.  അതിനുദാഹരണമായിരുന്നു കഴിഞ്ഞ മാസം ബ്രിട്ടനിലെ "ദ് ഇക്കോണമിസ്റ്റ്' വാരികയുമായുള്ള അഭിമുഖത്തിൽ ഫ്രഞ്ച് പ്രസിഡന്റ് നടത്തിയ ‘മസ്തിഷക്കമരണ’ പരാമർശം. 

ഇക്കഴിഞ്ഞ ഒക്ടോബറിൽ വടക്കു കിഴക്കൻ സിറിയയിൽ നടന്ന സംഭവങ്ങളായിരുന്നു അതിന്റെ പശ്ചാത്തലം. അവിടെനിന്നു  യുഎസ് ഭടന്മാരെ ട്രംപ് പെട്ടെന്നു പിൻവലിക്കുകയും അതിന്റെ തൊട്ടുപിന്നാലെ തുർക്കി സൈന്യം അവിടേക്കു കടന്നുകയറുകയുമുണ്ടായി. 

emmanuel-macron

അമേരിക്കയെപ്പോലെതന്നെ തുർക്കിയും നാറ്റോയിലെ അംഗമാണ്. ഇരുരാജ്യങ്ങളും തങ്ങളുടെ നടപടി നാറ്റോയിലെ മറ്റ് അംഗരാജ്യങ്ങളെ അറിയിച്ചിരുന്നില്ല. പരസ്പരം അറിയിക്കുകമാത്രം ചെയ്തു. യുഎസ് ഭടന്മാർക്കു പുറമെ ഫ്രാൻസ്, ബ്രിട്ടൻ, ജർമനി തുടങ്ങിയ മറ്റു ചില നാറ്റോ അംഗരാജ്യങ്ങളുടെയും ഭടന്മാർ സിറിയയിലുണ്ടായിരുന്നു. അക്കാരണത്താലും അവരെ വിവരം അറിയിക്കേണ്ട ബാധ്യതയുണ്ടായിരുന്നു. അതും അവഗണിക്കപ്പെട്ടു.  

മാത്രമല്ല, തുർക്കി സൈന്യം സിറിയയിലേക്കു കടന്നത് മറ്റൊരു വിധത്തിലും നാറ്റോയുടെ താൽപര്യങ്ങൾക്കു ദോഷകരമായിത്തീർന്നു. അവിടെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തുരത്താൻ അമേരിക്കയെയും സഖ്യ രാജ്യങ്ങളെയും നിർണായമായ വിധത്തിൽ സഹായിച്ചത് വൈപിജി എന്നുപേരായ കുർദ് പോരാളികളാണ്.  

തുർക്കി വിരുദ്ധ ഭീകരരാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അവരെ തകർക്കുകയായിരുന്നു സിറിയയിലെ തുർക്കി സൈനിക നടപടിയുടെ ലക്ഷ്യം. സ്വന്തം ഭടന്മാരെ പിൻവലിക്കുകവഴി അമേരിക്ക ഫലത്തിൽ അതിനു തുർക്കിക്ക് ഒത്താശചെയ്തുകൊടുക്കുകയായിരുന്നു. 

തുർക്കിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്നവും നാറ്റോയെ അലട്ടുന്നുണ്ട്. റഷ്യയെ ചെറുക്കാനുള്ളദൗത്യവുമായി പ്രവർത്തിക്കുന്ന സൈനിക സഖ്യത്തിലെ അംഗമായ തുർക്കി റഷ്യയിൽനിന്നും ആയുധം വാങ്ങുന്നു. ശത്രു വിമാനങ്ങളെയും മിസൈലുകളെയും വെടിവച്ചുവീഴ്ത്താൻ ഉപകരിക്കുന്ന എസ് 400 എന്നു പേരായ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമാണിത്. 

സിറിയയിലെ സൈനിക നടപടിയുടെ കാര്യത്തിലെന്നപോലെ എസ് 400 വിഷയത്തിലും തുർക്കിയെ കുറ്റപ്പെടുത്താൻ ട്രംപ് വിസമ്മതിക്കുന്നുവെന്നതാണ് ഇൗ സംഭവങ്ങളുടെ മറ്റൊരു വശം. എസ് 400ന്റെ പേരിൽ തുർക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യം അമേരിക്കയിൽ ഉയർന്നിട്ടുണ്ടെങ്കിലും ട്രംപ് നിസ്സംഗത പാലിക്കുന്നു.

ഇതിന്റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു നാറ്റോയ്ക്കു "മസ്തിഷക്ക്മരണം' സംഭവിക്കുകയാണെന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ പരാമർശം. എന്നാൽ, നാറ്റോ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ചിലരുടെയെങ്കിലും അഭിപ്രായത്തിൽ ഇതൊന്നുമല്ല, അംഗ രാജ്യങ്ങളുടെ വിശ്വാസവും ആദരവും ആർജിക്കാൻ കഴിവുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവമാണ്. 

നാറ്റോയ്ക്ക് ഒരു സെക്രട്ടറി ജനറൽ ഉണ്ടെങ്കിലും തുടക്കം മുതൽ അതിന്റെ രാഷ്ട്രീയ നായകസ്ഥാനത്ത്എല്ലാവരും കാണുന്നത്്  ഏറ്റവും വലിയ സൈനിക-സാമ്പത്തിക ശക്തിയായ അമേരിക്കയെയാണ്. പട്ടാളക്കാരൻ കൂടിയായിരുന്ന ഡൈ്വറ്റ് എെസൻഹോവർ ഉൾപ്പെടെ 12 യുഎസ് പ്രസിഡന്റുമാർ ഇതിനകം നാറ്റോയെ നയിച്ചു. 

പതിമൂന്നാമനാണ് ഡോണൾഡ് ട്രംപ്. അമേരിക്കയെപ്പറ്റി മറ്റുള്ളവർക്കുണ്ടായിരുന്ന മതിപ്പിനും ആദരവിനും കോട്ടം തട്ടാൻ തുടങ്ങിയിരിക്കുന്നത് ഇപ്പോഴാണ്. സുഹൃത്തുക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടാകാം, പക്ഷേ, അതു പരസ്യമാക്കി വഷളാക്കരുതെന്ന തത്വം പാലിക്കാൻ ട്രംപിനു കഴിയുന്നില്ല. നാറ്റോയ്ക്കു "മസ്തിഷക്ക്മരണം' സംഭവിക്കുകയാണെന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനയോടുള്ള അദ്ദേഹത്തിന്റെ രൂക്ഷമായ പ്രതികരണം ഇതിനുദാഹരണമായിരുന്നു.

മക്രോണിന്റെ പരാമർശം അപമാനകരവും വളരെ നികൃഷ്ടവുമാണെന്നു വാർത്താസമ്മേളനത്തിൽ തുറന്നടിച്ച ട്രംപ് അതുകൊണ്ടു നിർത്തിയില്ല. 

G7-SUMMIT

ഫ്രാൻസിലെ ആഭ്യന്തര രാഷ്ട്രീയത്തിലേക്കും കടന്നു. ഫ്രാൻസിൽ തൊഴിലില്ലായ്മ വർദ്ധിച്ചിരിക്കുകയാണെന്നും ഒരു വർഷമായി ഗവൺമെന്റിനെതിരെ പ്രക്ഷോഭം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

നാറ്റോയുമായി ഇതിനെന്താണ് ബന്ധമെന്ന് ആർക്കും മനസ്സിലായില്ല. അതിനൊന്നും മറുപടി പറയാൻ മക്രോൺ മിനക്കെട്ടുമില്ല. അതേസമയം, തന്റെ അഭിപ്രായത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുകയും ചെയ്തു. 

നാറ്റോ നേതാക്കളിൽ ഏറ്റവും പ്രായംചെന്ന ആൾ കൂടിയാണ് ട്രംപ്്. മറ്റംഗങ്ങൾ എങ്ങനെയാണ് അദ്ദേഹത്തെ നോക്കിക്കാണുന്നതെന്നു വ്യക്തമാക്കുന്ന ഒരു വിഡിയോയും ഇൗ ഉച്ചകോടിക്കിടയിൽ പ്രചരിക്കുകയുണ്ടായി. ആരോ രഹസ്യമായി ഷൂട്ട് ചെയ്ത  ഇൗ വിഡിയോ പുറത്തുവിട്ടത്കാനഡയിലെ ഒരു ടിവി ചാനലാണ്.  

ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞി നാറ്റോ നേതാക്കൾക്കു നൽകിയ വിരുന്നായിരുന്നു രംഗം. ട്രംപ് എത്തിയിരുന്നില്ല. ഫ്രഞ്ച് പ്രസിഡന്റിനോടൊപ്പം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും മറ്റും ട്രംപിന്റെ പേരെടുത്തു പറയാതെ അദ്ദേഹത്തെപ്പറ്റി തമാശപറഞ്ഞു ചിരിക്കുന്നതാണ് വിഡിയോയിൽ. ട്രംപിന്റെ ഉറ്റ സുഹൃത്തെന്നു കരുതപ്പെടുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും തമാശ കേട്ടുരസിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. 

ട്രംപിനെ ഇതു ചൊടിപ്പിച്ചുവെന്നു തോന്നുന്നു. ഉച്ചകോടിയുടെ അവസാനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം റദ്ദാക്കി അദ്ദേഹം ധൃതിയിൽ സ്ഥലംവിട്ടു. നാറ്റോയുടെ എഴുപതാം വാർഷികം ഇൗ വിധത്തിലും ശ്രദ്ധേയമായി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ