ബ്രിട്ടന്റെ ഭാവി നിർണയിക്കുന്ന വിധിയെഴുത്ത്

HIGHLIGHTS
  • പ്രധാനമന്ത്രിയെ എതിർക്കുന്നത് ഇറാൻ വംശജൻ
  • ഒട്ടേറെ ഇന്ത്യൻ വംശജരും സ്ഥാനാർഥികൾ
uk-parliament-elections-2019
ബോറിസ് ജോൺസനോ ജെറമി കോർബിനോ ആരു പ്രധാനമന്ത്രിയായാലുംഇൗ തിരഞ്ഞെടുപ്പിന്റെ അനന്തരഫലങ്ങൾദൂരവ്യാപകമായിരിക്കും.
SHARE

ചരിത്രപ്രധാനമെന്നു വിശേഷിപ്പിക്കപ്പെടുകയാണ് ബ്രിട്ടനിൽ ഇൗ വ്യാഴാഴച് (ഡിസംബർ 12) നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ്. സമീപകാല ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും നിർണായകമായ തിരഞ്ഞെടുപ്പായും ഇതിനെ പലരും കാണുന്നു.  

കഷ്ടിച്ച് അഞ്ചുമാസം മുൻപ് മാത്രം പ്രധാനമന്ത്രിയായ കൺസർവേറ്റീവ് പാർട്ടി നേതാവ് ബോറിസ് ജോൺസന് (55) ആ പദവിയിൽ  തുടരാനാകുമോ, അതല്ല ലേബർ പാർട്ടി തലവൻ ജെറമി കോർബിൻ (70) ആദ്യമായി അധികാരത്തിൽ എത്തുമോ ? നാലരക്കോടി വോട്ടർമാരിൽ നിന്ന് ഇൗ ചോദ്യത്തിനു കിട്ടുന്ന ഉത്തരം എന്തുതന്നെയായാലും അതിന്റെ അനന്തരഫലങ്ങൾ ദൂരവ്യാപകമായിരിക്കും. 

നാലര വർഷങ്ങൾക്കിടയിൽ നടക്കുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്. 2016ൽ നടന്ന ബ്രെക്സിറ്റ് ഹിതപരിശോധനകൂടി ഉൾപ്പെടുത്തിയാൽ ബ്രിട്ടീഷുകാർ പോളിങ് ബൂത്തുകളിലേക്കു പോകുന്നത് അത്രയും വർഷങ്ങൾക്കിടയിൽ ഇതു നാലാം തവണയും. 

ഇക്കഴിഞ്ഞ ഒക്ടോബർ അവസാനത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതുമുതൽക്കേ  അഭിപായ വോട്ടുകളിൽ വ്യക്തമായി മുന്നിട്ടു നിൽക്കുകയാണ് കൺസർവേറ്റീവ് പാർട്ടി. എങ്കിലും, കഴിഞ്ഞ ചില ദിവസങ്ങളിൽ അവരുടെ ലീഡ് കുറയാൻ തുടങ്ങിയതായും സൂചനകളുണ്ട്. 

ലേബർ പാർട്ടിയെ അധികമാരും തീർത്തും തള്ളിക്കളയുന്നില്ലെന്നർഥം. അഭിപ്രായ വോട്ടുകളുടെ പ്രവചനങ്ങൾ കണ്ണും പൂട്ടി വിശ്വസിക്കാൻ ബ്രിട്ടീഷുകാർ തയാറുമില്ല. 2016ലെ ഹിതപരിശോധനയിലും 2017ലെ തിരഞ്ഞെടുപ്പിലും പ്രവചനങ്ങൾ തെറ്റിപ്പോവുകയായിരുന്നു.   

പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഒാഫ് കോമൺസ് അഥവാ പൊതുജനസഭയിലെ 650 അംഗങ്ങളെ  തിരഞ്ഞെടുക്കുന്നത് അഞ്ചു വർഷം കൂടുമ്പോഴാണ്. ആ നിലയിൽ ഇൗ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത് 2022ലാണ്. പ്രധാനമന്ത്രി ജോൺസൻ അതു രണ്ടര വർഷം നേരത്തെയാക്കി. 

കാരണം, ബ്രെക്സിറ്റ്. അതായതു യൂറോപ്യൻ യൂണിയനിൽനിന്നുള്ള (ഇയു) ബ്രിട്ടന്റെ  പിന്മാറ്റം. 2016 ജൂണിലെ ഹിതപരിശോധനയിൽ അതിനുള്ള തീരുമാനമായെങ്കിലും മൂന്നര വർഷങ്ങൾക്കുശേഷവും ആ തീരുമാനം നടപ്പാക്കാനായിട്ടില്ല. 

വീണ്ടും അധികാരത്തിൽ എത്തിയാൽ താനതു നടപ്പാക്കുകതന്നെ ചെയ്യുമെന്നാണ് ജോൺസൻ പ്രഖ്യാപിച്ചിട്ടുളളത്. അതു സാധ്യമാകുന്നതിനുവേണ്ടി  സഭയിൽ വ്യക്തമായ ഭൂരിപക്ഷം (ചുരുങ്ങിയതു 326 സീറ്റുകൾ) നേടിയെടുക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ജോൺസനും അദ്ദേഹത്തിനുമുൻപ് പ്രധാനമന്ത്രിയായിരുന്ന തെരേസ മേയ്ക്കും അത്രയും ഭൂരിപക്ഷമുണ്ടായിരുന്നില്ല. 

അതിനാൽ ഒരു പ്രാദേശിക കക്ഷിയുടെ പിന്തുണയോടെ ന്യൂനപക്ഷ ഗവൺമെന്റിനെ നയിക്കുകയായിരുന്നു. പക്ഷേ, ബ്രെക്സിറ്റ് കാര്യത്തിലുള്ള വോട്ടെടുപ്പ് വേളകളിൽ ആ കക്ഷി പാലം വലിച്ചു. 

അതിനാൽ, ഒറ്റയ്ക്കുതന്നെ ഭൂരിപക്ഷം നേടുകയെന്നതു കൺസർവേറ്റീവ് പാർട്ടിയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. എന്നാൽ, അവർ മാത്രമല്ല, ലേബർ പാർട്ടിയും അത്രയും സീറ്റുകൾ നേടുന്നതിൽ ഇത്തവണയും പരാജയപ്പെട്ടേക്കാമെന്നു കരുതുന്നുവരും കുറവല്ല.  

BRITAIN-EU

വീണ്ടും പ്രധാനമന്ത്രിയായാൽ അടുത്ത ജനുവരി 31നകം ഇയുവിലെ ബ്രിട്ടീഷ് അംഗത്വം അവസാനിപ്പിക്കുമെന്നാണ് ജോൺസൻ പ്രഖ്യാപിച്ചിട്ടുളളത്. നേരത്തെ നിശ്ചയിച്ചിരുന്ന തീയതി ഒക്ടോബർ 31 ആയിരുന്നു. മൂന്നു മാസത്തേക്കുകൂടി നീട്ടുന്നതിനുവേണ്ടി ഇയു നേതാക്കൾക്കു  കത്തയക്കാൻ ജോൺസൻ നിർബന്ധിതനായി. 

ഹിതപരിശോധനയിൽ ബ്രെക്സിറ്റിനെ പിന്തുണച്ച 52 ശതമാനം വോട്ടർമാരിൽ മിക്കവരും കൺസർവേറ്റീവ് പാർട്ടിക്കാരോ അവരെ അനുകൂലിക്കുന്നവരോ ആണ്. അവരുടെ വോട്ടുകൾ ഇത്തവണയും തങ്ങൾക്കു കിട്ടുമെന്നു ജോൺസൻ പ്രതീക്ഷിക്കുന്നു. 

അതേസമയം, ബ്രെക്സിറ്റ് നടപ്പാക്കുന്നതിൽ ജോൺസനു വേഗവും വീറും പോരായെന്നു വാദിക്കുന്ന, ബ്രെക്സിറ്റ് പാർട്ടിയെന്നുതന്നെ പേരുളള ഒരു പുതിയ കക്ഷിയും രംഗത്തുണ്ട്. ഇവരുടെ സാന്നിധ്യം മൂലം ബ്രെക്സിറ്റ് അനുകൂല വോട്ടുകൾ വിഭജിക്കപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു. 

ലേബർ പാർട്ടിക്കാണെങ്കിൽ ഹിതപരിശോധനയിൽ ബ്രെക്സിറ്റിനെ എതിർത്ത 48 ശതമാനം വോട്ടർമാരിൽ എല്ലാവരുടെയും പിന്തുണ കിട്ടാനുള്ള സാധ്യതയുമില്ല. 

കാരണം, ലിബറൽ ഡമോക്രാറ്റിക് പാർട്ടി (ലിബ്ഡെം), സ്കോട്ടിഷ് നാഷനൽ പാർട്ടി എന്നിവയെ പിന്തുണയ്ക്കുന്നവരും അവരുടെ കൂട്ടത്തിലുണ്ട്. പാർലമെന്റിൽ മൂന്നും നാലും സ്ഥാനങ്ങളുളള  ഇൗ കക്ഷികളാണ് വാസ്തവത്തിൽ ഹിതപരിശോധനയിൽ ബ്രെക്സിറ്റിനെ ഏറ്റവും ശക്തമായി എതിർത്തിരുന്നതും. 

ലിബ്ഡെം അധികാരത്തിൽ എത്തിയാൽ ബ്രെക്സിറ്റ് തീരുമാനം അപ്പടി റദ്ദാക്കുമെന്നും അതിന്റെ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ,  അവർ നയിക്കുന്ന ഗവൺമെന്റ് ഉണ്ടാകാനുള്ള സാധ്യത മുൻപ് എന്നെത്തെയും പോലെ ഇന്നുമില്ല. ഏതായാലും ബ്രെക്സിറ്റ് വിരുദ്ധരുടെ വോട്ടുകൾ ഇങ്ങനെ പല വഴികളിലായി വിഭജിക്കപ്പെടുന്നു.

ഒൻപതു വർഷത്തെ ഇടവേളയ്ക്കുശേഷം ലേബർ പാർട്ടിയെ ഭരണത്തിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോർബിൻ. പക്ഷേ, രാജ്യം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ ബ്രെക്സിറ്റിന്റെ കാര്യത്തിൽ അദ്ദേത്തിനു വ്യക്തമായ നയമില്ല. പ്രധാനമന്ത്രിയായാൽ  രണ്ടാമതൊരു ഹിതപരിശോധന നടത്തുമെന്നും അതിലെ തീരുമാനം അനുസരിച്ച് മുന്നോട്ടുപോകുമെന്നുമാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്.

മറ്റു ചില കാര്യങ്ങളിൽ അർഥശങ്കയ്ക്കിടയാക്കാത്ത വിധത്തിൽതന്നെ കോർബിൻ തന്റെ നിലപാടുകൾ വ്യക്തമാക്കിയിട്ടുമുണ്ട്്. വൻ പണക്കാർക്കുള്ള നികുതി വർധിപ്പിക്കും, റയിൽവെ ദേശസാൽക്കരിക്കും, പൊതുസർവീസുകൾക്കും പദ്ധതികൾക്കും ബജറ്റിൽ കൂടുതൽ പണം വകയിരുത്തും, മിനിമം വേതനംകൂട്ടും, എല്ലാ വീടുകൾക്കും സൗജന്യ ബ്രോഡ്ബാൻഡ് സൗകര്യം നൽകും എന്നിവ അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു. 

സമീപകാലത്തെ ഏറ്റവും ഇടതുപക്ഷക്കാരനായാണ് കോർബിൻ അറിയപ്പെടുന്നത്. പലസ്തീൻകാർക്കും ശ്രീലങ്കയിലെ തമിഴർക്കും വേണ്ടി വാദിക്കുന്ന അദ്ദേഹം ജൂതവിരുദ്ധനായി മുദ്രകുത്തപ്പെടുന്നുമുണ്ട്.   

കുടിയേറ്റം നിയന്ത്രിക്കാൻ കർശന നടപടികളെക്കും എന്നിവ പോലുള്ള വാഗ്ദാനങ്ങൾ ബോറിസ് ജോൺസനും വോട്ടർമാരുടെ മുന്നിൽ വച്ചിരിക്കുകയാണ്. ബ്രെക്സിറ്റിനുശേഷം ബ്രിട്ടനിലെ ബിസിനസ് സ്ഥാപനങ്ങൾ തകരുന്നതു തടയാൻ അവരെ ഗവൺമെന്റ് സഹായിക്കുമെന്നും ജോൺസൻ ഉറപ്പുനൽകുന്നു.   

ലോകത്തിൽ വച്ചേറ്റവും വലിയ സാമ്പത്തിക കൂട്ടായ്മാണ് ബ്രിട്ടൻ ഉൾപ്പെടെ 28 രാജ്യങ്ങൾ അംഗങ്ങളായ യൂറോപ്യൻ യൂണിയൻ. അതിൽനിന്നു വിട്ടുപോകുന്നതു ബ്രിട്ടനു ദോഷം ചെയ്യുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പലരും ബ്രെക്സിറ്റിനെ എതിർക്കുന്നത്.

brexit

ഇയു വിടുന്നതോടെ അമേരിക്ക ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളുമായി കൂടുതൽ ലാഭകരമായ വ്യാപാരബന്ധത്തിൽ ഏർപ്പെടാൻ ബ്രിട്ടനു വഴിയൊരുങ്ങുമെന്നു ജോൺസനും മറ്റും ഇതിനു മറുപടി നൽകുന്നു. കഴിഞ്ഞ ജൂണിൽ ബ്രിട്ടൻ സന്ദർശിച്ചപ്പോൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതു സ്ഥിരീകരിക്കുകയുമുണ്ടായി.

എന്നാൽ, അമേരിക്കയുമായുള്ള വ്യാപാര ബന്ധം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന ആശങ്കയും ഉയർന്നിരിക്കുകയാണ്. ബ്രിട്ടനിലെ ജനങ്ങൾക്കു പ്രഥമഘട്ടത്തിൽ സൗജന്യമായി ആരോഗ്യ പരിരക്ഷ നൽകുന്ന നാഷനൽ ഹെൽത്ത് സർവീസ് യുഎസ് ഒൗഷധക്കമ്പനികളുടെ നിയന്ത്രണത്തിലാകാൻ ഇടയാകുമെന്ന ഭീതി ഇതിനുദാഹരണമാണ്. 

അങ്ങനെ സംഭവിച്ചാൽ അമേരിക്കയിലെപ്പോലെ ബ്രിട്ടനിലും ആശുപത്രികൾ സാധാരണക്കാർക്ക് അപ്രാപ്യമായിത്തീരും. ഇൗ ഭീതിയും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാനിടയുണ്ട്.   

വ്യാഴാഴ്ച ബ്രിട്ടനിൽ എന്തുസംഭവിക്കുമെന്നു ലോകം  ഉറ്റുനോക്കുമ്പോൾ അവിടെത്തന്നെ ലണ്ടൻ പരിസരത്തുള്ള  ഒരു നിയോജകമണ്ഡലം സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. യുക്സ്ബ്രിജ് ആൻഡ് സൗത്ത് റുയിസ്ലിപ് എന്ന പേരുള്ള അവിടെയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ മൽസരിക്കുന്നത്. 

മുഖ്യ എതിരാളി ലേബർ പാർട്ടിയിലെ അലി റിസ മിലാനി എന്ന ഇരുപത്തിയാറുകാരൻ. അഞ്ചാം വയസ്സിൽ കുടുംബത്തോടൊപ്പം ഇറാനിൽനിന്നു ബ്രിട്ടനിൽ കുടിയേറിയതാണ്് മിലാനി. കോളജിൽ പഠിക്കുമ്പോൾ വിദ്യാർഥിയൂണിയൻ നേതാവായിരുന്നു. 

പ്രധാനമന്ത്രിയാകുന്നതിനു മുൻപ് വിദേശമന്ത്രിയും അതിനുമുൻപ് രണ്ടു തവണ ലണ്ടൻ മേയറുമായിരുന്നു ജോൺസൻ. ഗ്രന്ഥകാരനുമാണ്. അദ്ദേഹവുമായി താരതമ്യപ്പെടുത്താവുന്ന യോഗ്യതകളൊന്നും മിലാനിക്കില്ല. പക്ഷേ, കഴിഞ്ഞ തവണ (2017ൽ) ജോൺസന് ഇൗ സീറ്റിൽ ജയിക്കാൻ ഏറെ പ്രയാസപ്പെടേണ്ടിവരികയുണ്ടായി. ആ വസ്തുത നൽകുന്ന പ്രതീക്ഷയിലാണ് മിലാനിയും ലേബർ പാർട്ടിയും. 

ഇന്ത്യൻ വംശജരായ ഒട്ടേറെ പേരും വിവിധ പാർട്ടികളുടെ സ്ഥാനാർഥികളായി രംഗത്തുണ്ട്. ഇവരിൽനിന്നുള്ള 12 എംപിമാർ ഇക്കഴിഞ്ഞ സഭയിലുണ്ടായിരുന്നു. ഇത്തവണ അവരുടെ എണ്ണം കൂടാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA