ഇന്നൊരു പൂവ്, നാളെ ഒരു സ്വതന്ത്ര രാജ്യം

HIGHLIGHTS
  • ഹിതപരിശോധനയില്‍ സ്വാതന്ത്ര്യത്തിനു വോട്ട്
  • ആഭ്യന്തര യുദ്ധത്തില്‍ മരണം 20,000
bougainville-may-be-a-new-country
ദക്ഷിണ ശാന്ത്രസമുദ്രത്തിലെ ദ്വീപ് രാജ്യങ്ങളില്‍ പലതിനും പറയാനുള്ളത് യൂറോപ്യന്‍ കോളണിവല്‍ക്കരണത്തിന്‍റെ നീണ്ട കഥയാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ബോഗെയിന്‍വില്‍ ഫ്രഞ്ചുകാരുടെ അധീനത്തിലായിരുന്നു. അക്കാലത്താണ് അതിന് ആ പേരു കിട്ടിയതും
SHARE

ബോഗെയിന്‍വില്ല, ബോഗെയിന്‍വില്‍, ബൂഗെന്‍വില്യ എന്നെല്ലാം ചില്ലറ വ്യത്യാസത്തോടെ അറിയപ്പെടുന്ന പൂവിന്‍റെ അല്ലെങ്കില്‍ ചെടിയുടെ പേര് അതിന്‍റെ മാത്രം സ്വന്തമല്ല. ദക്ഷിണ ശാന്ത സമുദ്രത്തിലെ പാപ്പുവ ന്യൂഗിനി എന്ന രാജ്യത്ത് ആ പേരില്‍ ഒരു പ്രവിശ്യയുണ്ട്. അവിടത്തെ ജനങ്ങളുടെ ആഗ്രഹം സഫലമാവുകയാണെങ്കില്‍ അതായിരിക്കും ലോകത്തിലെ ഏറ്റവും പുതിയ സ്വതന്ത്രരാജ്യം. 

കേരളത്തിന്‍റെ ഏതാണ്ടു നാലിലൊന്നു (9000 ചതുരശ്രകിലോമീറ്റര്‍) വലിപ്പമുള്ള ബോഗെയിന്‍വില്‍ ദ്വീപ്സമൂഹത്തില്‍ കഷ്ടിച്ച് രണ്ടര ലക്ഷം മാത്രമാണ്ജനങ്ങള്‍. പാപ്പുവ ന്യൂഗിനിയില്‍നിന്നു വേറിട്ടുപോയി സ്വതന്ത്രരാകാനാണ് അവരില്‍  ബഹുഭൂരിപക്ഷവും തീരുമാനിച്ചിരിക്കുന്നത്.

അതിനുവേണ്ടി അവര്‍ ഒരു പതിറ്റാണ്ടുകാലം സായുധ സമരത്തിലായിരുന്നു. ആഭ്യന്തരയുദ്ധമായി മാറിയ അതില്‍ ഏതാണ്ടു ഇരുപതിനായിരം പേര്‍ കൊല്ലപ്പെടുകയുമുണ്ടായി. അന്നത്തെ ജനസംഖ്യയുടെ ഏതാണ്ടു പത്തു ശതമാനം.

തുടര്‍ന്നുണ്ടായ സമാധാന കരാര്‍ അനുസരിച്ച് ഇക്കഴിഞ്ഞ നവംബര്‍ 23 മുതല്‍ ഡിസംബര്‍ ഏഴുവരെ നടന്ന ഹിതപരിശോധനയിലാണ് വോട്ടര്‍മാരില്‍ 98 ശതമാനംവരെ പേര്‍ സ്വാതന്ത്യം നേടാനുള്ള ആഗ്രഹം വ്യക്തമാക്കിയത്. കൂടുതല്‍ സ്വയംഭരണാധികാരത്തോടെ പാപ്പുവ ന്യൂഗിനിയില്‍ തുടരാന്‍ സമ്മതിച്ചതു വെറും രണ്ടു ശതമാനം.  

സ്വാതന്ത്ര്യത്തിലേക്കുള്ള വാതില്‍ ഇങ്ങനെ തുറക്കപ്പെട്ടത് ആഘോഷിക്കുകയാണ് ബോഗെയിന്‍വില്ലിലെ ജനങ്ങള്‍. പക്ഷേ, ലക്ഷ്യപ്രാപ്തി ഇപ്പോഴും സുനിശ്ചിതമല്ല. കാരണം, ഹിതപരിശോധനാ ഫലം നടപ്പാവണമെങ്കില്‍ ആദ്യംപാപ്പുവ ന്യൂഗിനിയിലെ ഗവണ്‍മെന്‍റും പാര്‍ലമെന്‍റും അതംഗീകരിക്കണം. 

അനന്തരനടപടികള്‍ സംബന്ധിച്ച് ബോഗെയിന്‍വില്‍ പ്രവിശ്യാ ഗവണ്‍മെന്‍റും കേന്ദ്ര ഗവണ്‍മെന്‍റും തമ്മില്‍ചര്‍ച്ചകള്‍ നടക്കണം. സ്വാതന്ത്ര്യം യാഥാര്‍ഥ്യമാകുന്നത് അതിനുശേഷം മാത്രം. 

ഹിതപരിശോധനയ്ക്കു വഴിയൊരുക്കിയ 2001ലെ സമാധാന കരാര്‍ അനുസരിച്ച് ഹിതപരിശോധനാഫലം അംഗീകരിക്കാന്‍ പാപ്പുവ ന്യൂഗിനി ഗവണ്‍മെന്‍റിനു ബാധ്യതയില്ലെന്നും ചുണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, ബോഗെയിന്‍വില്‍ വേറിട്ടുപോകുന്നതു പാപ്പുവ ന്യൂഗിനിക്കു സഹിക്കാന്‍ പറ്റുന്ന കാര്യവുമല്ല. 

ധാതു വിഭവ സമ്പന്നമായ ഈ പ്രദേശം നഷ്ടപ്പെടുന്നതോടെ പാപ്പുവ ന്യൂഗിനിയുടെ സാമ്പത്തിക സ്ഥിതി അവതാളത്തിലാവും. സമാനമായ പ്രശ്നങ്ങളുളള മറ്റു ചില പ്രവിശ്യകള്‍കൂടി വിട്ടുപോകാന്‍ അതു പ്രോല്‍സാഹനമായിത്തീരുകയും അങ്ങനെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാവുകയും ചെയ്യും.   

ഈ കാരണങ്ങളാല്‍ ബോഗെയിന്‍വില്ലിനു സ്വാതന്ത്ര്യം നിഷേധിക്കുകയോ അല്ലെങ്കില്‍ അത് ആവുന്നത്ര നീട്ടിക്കൊണ്ടുപോവുകയോ ചെയ്യാന്‍ പാപ്പുവ ന്യൂഗിനി നിര്‍ബന്ധിതരായിത്തീരുമെന്നു പലരും കരുതുന്നു. അതേസമയം, ജനങ്ങളില്‍ 98 ശതമാനത്തിന്‍റെഹിതം അവഗണിക്കുന്നത് അപകടകരമായിരിക്കുമെന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. 1988 മുതല്‍ 1998 വരെ നടന്ന ആഭ്യന്തര യുദ്ധത്തിന്‍റെ പേടിപ്പെടുത്തുന്ന ഓര്‍മകള്‍ അതിന് അടിവരയിടുന്നു.

ഓസ്ട്രേലിയയും ന്യൂസിലന്‍ഡും സ്ഥിതിചെയ്യുന്ന സമുദ്ര മേഖലയിലെ രാജ്യങ്ങളാണ് പാപ്പുവ ന്യൂഗിനിയും സോളമന്‍ ദ്വീപുകളും മറ്റും. ലോകത്തില്‍ വച്ചേറ്റവും വലിയ ദ്വീപുകളില്‍ ഒന്നായ ന്യൂഗിനിയുടെ കിഴക്കെ പകുതിയും മറ്റുചില ദ്വീപുകളും അടങ്ങുന്നതാണ് നാലര ലക്ഷംചതുരശ്ര കിലോമീറ്റര്‍ വലിപ്പവും 78 ലക്ഷം ജനങ്ങളുമുള്ള പാപ്പുവ ന്യൂഗിനി. 

പാപ്പുവ ന്യൂഗിനി 1975ല്‍ ഓസ്ട്രേലിയയില്‍നിന്നു സ്വാതന്ത്ര്യം നേടിയപ്പോള്‍ അതിന്‍റെ ഭാഗമായിത്തീരുകയായിരുന്നു ബോഗെയിന്‍വില്‍. ചിതറിക്കിടക്കുന്ന ദ്വീപുകള്‍ അടങ്ങിയ ആ പ്രദേശവും ഓസ്ട്രേലിയയുടെ അധീനത്തിലായിരുന്നു.

യൂറോപ്യന്‍ കോളണിവല്‍ക്കരണത്തിന്‍റെ നീണ്ട കഥയാണ് ഈ ദ്വീപുകള്‍ക്കെല്ലാം പറയാനുള്ളത്. പതിനെട്ടാം നൂറ്റാണ്ടില്‍ ബോഗെയിന്‍വില്‍ ഫ്രഞ്ചുകാരുടെ അധീനത്തിലായിരുന്നു. അക്കാലത്താണ് അതിന് ആ പേരു കിട്ടിയതും. 

കോളണികളാക്കാനുള്ള ദ്വീപുകള്‍ ഫ്രാന്‍സിനുവേണ്ടി കണ്ടെത്തിക്കൊടുത്തിരുന്നതു ലൂയി അന്‍റോയിന്‍ ബോഗെയിന്‍വില്‍ എന്ന നാവികനായിരുന്നു. അയാളുടെ ഓര്‍മ നിലനിര്‍ത്താനായിരുന്നു ആ നാമകരണം. തെക്കെ അമേരിക്കയില്‍പ്രചാരത്തിലുണ്ടായിരുന്ന പൂക്കള്‍ക്ക് ആ പേരു കിട്ടിയതും ആ വഴിയിലൂടെയാണെന്നു പറയപ്പെടുന്നു. 

ബോഗെയിന്‍വില്‍ പിന്നീടു വിവിധ കാലഘട്ടങ്ങളിലായി  ജര്‍മനി, ഓസ്ട്രേലിയ, അമേരിക്ക, ജപ്പാന്‍ എന്നിവയുടെ അധീനത്തിലായി. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാനത്തോടെ  ജപ്പാന്‍റെ അധിനിവേശത്തിനുതിരശ്ശീല വീഴുകയും വീണ്ടും ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു. ഓസ്ട്രേേലിയയുടെ കീഴിലായിരുന്ന പാപ്പുവ ന്യൂഗിനിക്കു 1975ല്‍സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ബോഗെയിന്‍വില്‍ അതിന്‍റെ ഭാഗമായിത്തീര്‍ന്നത് അങ്ങനെയാണ്.

അതിനുമുന്‍പ്തന്നെ ബോഗെയിന്‍വില്ലില്‍ കണ്ടെത്തിയവന്‍തോതിലുളള സ്വര്‍ണ, ചെമ്പ് നിക്ഷേപങ്ങള്‍ ബോഗെയിന്‍വില്ലിന്‍റെയും പാപ്പുവ ന്യൂഗിനിയുടെയും സമ്പല്‍സമൃദ്ധിക്കു കാരണമാകേണ്ടതായിരുന്നു. പക്ഷേ, സംഭവിച്ചത് അങ്ങനെയല്ല. മാത്രമല്ല, വരുമാനം വീതിക്കുന്നതു സംബന്ധിച്ച തര്‍ക്കം വിഘടന വാദത്തിനും ആഭ്യന്തര യുദ്ധത്തിനും കാരണമാവുകയും ചെയ്തു. 

ചെമ്പു ഖനനത്തിനുള്ള അവകാശം നേടിയെടുത്ത  ബഹുരാഷ്ട്ര കമ്പനി അതില്‍നിന്നുള്ള വരുമാനത്തിന്‍റെ സിംഹഭാഗവും സ്വന്തമാക്കുകയായിരുന്നു.ബാക്കിമാത്രം പാപ്പുവ ന്യൂഗിനിയിലെ കേന്ദ്ര ഗവണ്‍മെന്‍റിനു കിട്ടിയപ്പോള്‍ ബോഗെയിന്‍വില്ലിലെഅടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി അവര്‍ ചെലവാക്കിയത് അതിന്‍റെ വളരെ ചെറിയൊരുശതമാനം മാത്രം. 

ഇതോടൊപ്പം വ്യാപകമായ തോതിലുള്ള ഖനനംമൂലം പ്രകൃതിക്കു സംഭവിച്ച നാശനഷ്ടങ്ങള്‍കൂടിയായപ്പോള്‍ ബോഗെയിന്‍വില്ലിലെ ജനങ്ങള്‍ രോഷാകുലരായി. അവരുടെ പ്രതിഷേധം കാലക്രമത്തില്‍ വിഘടനവാദത്തിലേക്കും തുടര്‍ന്നു ആഭ്യന്തര യുദ്ധത്തിലേക്കും വഴുതിപ്പോവുകയും ചെയ്തു. 

അതിനിടയില്‍ ബോഗെയിന്‍വില്ലിനെ സമരക്കാര്‍ വടക്കന്‍ സോളമന്‍ റിപ്പബ്ളിക്കായി പ്രഖ്യാപിക്കുകയുമുണ്ടായി. അതിന്‍റെ തെക്കുഭാഗത്തുസ്ഥിതിചെയ്യുകയാണ് സോളമന്‍ ദ്വീപുകള്‍ എന്ന മറ്റൊരു രാജ്യം. തങ്ങളുടെ സാംസ്ക്കാരിക ബന്ധംഅവിടത്തെ ജനങ്ങളുമായിട്ടാണെന്നു ബോഗെയിന്‍വില്ലിലെ ജനങ്ങള്‍ അവകാശപ്പെടുന്നു. 1978ല്‍ സ്വതന്ത്രമാകുന്നതുവരെ സോളമന്‍ ദ്വീപുകള്‍  ബ്രിട്ടന്‍റെ നിയന്ത്രണത്തിലായിരുന്നു. 

ന്യൂസിലന്‍ഡിന്‍റെ നേതൃത്വത്തില്‍ ചില അയല്‍രാജ്യങ്ങള്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് 2001ല്‍ ബോഗെയിന്‍വില്ലിലെ കലാപം അവസാനിച്ചത്. 15-20 വര്‍ഷങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്തണമെന്നത് അന്നുണ്ടായ സമാധാന കരാറിലെ ഒരു പ്രധാന വ്യവസ്ഥയായിരുന്നു. 

അയര്‍ലന്‍ഡിലെ മുന്‍ പ്രധാനമന്ത്രി ബെര്‍ട്ടി അഹേണിന്‍റെ നേതൃത്വത്തിലുള്ള ഒരു കമ്മിഷന്‍റെ ആഭിമുഖ്യത്തിലാണ് ഹിതപരിശോധന നടന്നത്. 9000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തു വെറും രണ്ടു ലക്ഷം പേര്‍മാത്രം പങ്കെടുക്കുന്ന വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച വേണ്ടിവന്നു. 

ഗതാഗത സൗകര്യം അത്രയും പരിമിതമാണ് ബോഗെയിന്‍വില്ലില്‍. മറ്റ് അടിസ്ഥാന സൗകര്യങ്ങളും ശുഷ്ക്കം. പ്രദേശത്തിന്‍റെ പല ഭാഗങ്ങളിലും ആധുനിക നാഗരികത എത്തിനോക്കിയിട്ടുപോലുമില്ല. 

ഈ സാഹചര്യത്തില്‍ ഒരു സ്വതന്ത്രരാജ്യമെന്ന നിലയില്‍ എത്രത്തോളം മുന്നോട്ടുപോകാന്‍ ബോഗെയിന്‍വില്ലിനു കഴിയുമെന്ന് അല്‍ഭുതപ്പെടുകയാണ് പലരും. പ്രകൃതി വിഭവ സമ്പന്നമായ ഈ പ്രവിശ്യ നഷ്ടപ്പെടുന്നതോടെ പാപ്പുവ ന്യൂഗിനിയുടെ സ്ഥിതി എന്തായിരിക്കുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. 

ബോഗെയിന്‍വില്‍ ലോകത്തെ ഏറ്റവും പുതിയ സ്വതന്ത്രരാജ്യമാകുന്നതിന് ഒരുപക്ഷേ ഇനിയും വര്‍ഷങ്ങള്‍കഴിയേണ്ടിവന്നേക്കാമെന്നാണ് ഇതിനര്‍ഥം. അതുവരെ ഈ സ്ഥാനത്ത് ആഫ്രിക്കയിലെ ദക്ഷിണ സുഡാന്‍തന്നെ തുടരാനാണ് സാധ്യത. 

സുഡാനിലെ ഒരു പ്രവിശ്യ 2011ല്‍ വേറിട്ടുപോയി ദക്ഷിണ സുഡാന്‍ എന്ന പേരില്‍ സ്വതന്ത്ര രാജ്യമാവുകയായിരുന്നു. ഐക്യരാഷ്ട്ര സംഘടനയിലെ 193ാമത്തെ അംഗവുമായി. ആ സംഭവവികാസത്തിന്‍റെയും പശ്ചാത്തലം വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആഭ്യന്തരയുദ്ധമാണ്. 

ഒടുവില്‍ സമാധാന കരാറുണ്ടായി. അതിന്‍റെ അടിസ്ഥാനത്തില്‍ നടന്ന ഹിതപരിശോധനയില്‍ 99 ശതമാനം പേര്‍ സ്വാതന്ത്ര്യത്തിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA