ഇരുട്ടടിയിൽ ഞെട്ടി പാക്ക് പട്ടാളം

HIGHLIGHTS
  • അടിയന്തരാവസ്ഥ വിനയായി
  • കേസ് തുടങ്ങിയതു നവാസ് ഷരീഫ്
pervez-musharraf-death-sentence-warning-to-pakistan-army
പട്ടാളത്തലവൻ കൂടിയായിരുന്ന മുൻപ്രസിഡന്റ് പർവേസ് മുഷറഫിനു രാജ്യദ്രോഹക്കേസിൽ വധശിക്ഷ നൽകാനുള്ള പ്രത്യേക കോടതി വിധി പാക്കിസ്ഥാനിൽ ചരിത്രം സൃഷ്ടിക്കുന്നു
SHARE

പാക്കിസ്ഥാനിലെ ജുഡീഷ്യറി ഇത്രയും ചങ്കൂറ്റം കാട്ടിയ സന്ദർഭം മുൻപുണ്ടായിട്ടില്ല. ഒൻപതു വർഷം രാജ്യം ഭരിച്ച മുൻ പട്ടാളത്തലവൻ ജനറൽ പർവേസ് മുഷറഫിനെ ഒരു പ്രത്യേക കോടതി രാജ്യദ്രോഹക്കുറ്റത്തിനു വധശിക്ഷ വിധിച്ചു. പാക്കിസ്ഥാനിൽ പട്ടാള നേതൃത്തിനെതിരെ ആർക്കും ഒരു ചെറുവിരൽപോലും അനക്കാനാവില്ലെന്ന സങ്കൽപ്പത്തെ ഇതു വേരോടെ പിടിച്ചിളക്കുന്നു. 

പട്ടാളമേധാവികൾ മാത്രമല്ല, സിവിലിയൻ രാഷ്ട്രീയ നേതാക്കൾക്കുപോലും ഇതുവരെ രാജ്യദ്രോഹത്തിനുള്ള ശിക്ഷയെ നേരിടേണ്ടിവന്നിട്ടില്ല. മുൻ പ്രധാനമന്ത്രി സുൽഫിഖാർ അലി ഭൂട്ടോയെ 1979 ൽ തൂക്കിലേറ്റിയിരുന്നുവെങ്കിലും അതിനു കാരണമായ കേസ് രാജ്യദ്രോഹവുമായി ബന്ധപ്പെട്ടതല്ല, കൊലക്കേസായിരുന്നു. 

തങ്ങളുടെ മുൻമേധാവിക്കെതിരായ നടപടിയിൽ പട്ടാളം സ്വാഭാവികമായും  അസന്തുഷ്ടരും  അസംതൃപ്തരുമാണ്. അതവർ ഒരു പ്രസ്താവനയിലൂടെ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തുകഴിഞ്ഞു. അനന്തരഫലങ്ങൾ എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

PAKISTAN-MUSHARRAF/

പട്ടാളത്തിന്റെ തോഴനെന്നു കരുതപ്പെടുന്ന പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇൗ സ്ഥിതിവിശേഷം എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചോദ്യവും ഉയർന്നിരിക്കുകയാണ്. സൗദി അറേബ്യയിലായിരുന്ന അദ്ദേഹം മടക്കയാത്രയിൽ മലേഷ്യ സന്ദർശിക്കാനുള്ള പരിപാടി ഉപേക്ഷിച്ചു പെട്ടെന്നു നാട്ടിൽ തിരിച്ചെത്തി. 

മുഷറഫിനെ രക്ഷിക്കാനല്ലാതെ അദ്ദേഹത്തെ ശിക്ഷിക്കാൻ ഇമ്രാനു താൽപര്യമുണ്ടാവില്ല. പ്രത്യേക കോടതി വിധിയെ പ്രതിപക്ഷം സ്വാഗതം ചെയ്തപ്പോൾ ഗവൺമെന്റ് വക്താവിന്റെ ആദ്യ പ്രതികരണം അസന്തുഷ്ടി പ്രകടിപ്പിക്കുന്ന വിധത്തിലായിരുന്നു.    

പട്ടാളവിപ്ളവത്തിലൂടെ 1999 ഒക്ടോബറിൽ അധികാരം പിടിച്ചടക്കിയ മുഷറഫ് പിന്നീട് പ്രസിഡന്റ് പദവിയും ഏറ്റെടുക്കുകയുണ്ടായി. 2008 ഒാഗസ്റ്റ് വരെ  ഭരണത്തിലുണ്ടായിരുന്നു. തനിക്കെതിരായ പ്രക്ഷോഭത്തെ നേരിടാൻ 2007 നവംബറിൽ അദ്ദേഹം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അതിനുവേണ്ടി ഭരണഘടന താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു. അതു ഭരണഘടനാ ലംഘനവും രാജ്യദ്രോഹക്കുറ്റവുമാണെന്നാണ് പ്രത്യേക കോടതി വിധിച്ചിരിക്കുന്നത്.  

പെഷാവർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാർ അഹമദ് സേട്ടിന്റെ നേതൃത്വത്തിലുള്ളതും സിന്ധ് ഹൈക്കോടതിയിലെ ജസ്റ്റിസ് നസർ അക്ബർ, ലഹോർ ഹൈക്കോടതിയിലെ ജസ്റ്റിസ് ഷാഹിദ് കരീം എന്നിവർ അംഗങ്ങളുമായുള്ള കോടതിയിൽആറു വർഷമായി ഇൗ കേസിന്റെ വിചാരണ നടക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിധി. വിയോജിപ്പ് പ്രകടിപ്പിച്ചത് ജസ്റ്റിസ് അക്ബറാണ്. 

ശിക്ഷ ഉടൻതന്നെ നടത്തപ്പെടാൻ പോകുന്നില്ല. സുപ്രീം കോടതിയിൽ അപ്പീൽ നൽകാം. അതുവിജയിച്ചില്ലെങ്കിൽ പ്രസിഡന്റിനു ദയാഹർജി നൽകാം.മാത്രമല്ല, പ്രതി നാട്ടിലില്ലതാനും. കേസ് നടന്നുകൊണ്ടിരിക്കേ മൂന്നു വർഷംമുൻപ് ദുബായിലേക്കു പോയശേഷം തിരിച്ചെത്തിയില്ല. അവിടെ ഒരു ആശുപത്രിയിൽ ചികിൽസയിലാണ്. 

പലതവണ സമൺസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാതിരുന്നതു കാരണം മുഷറഫിന്റെസ്വത്തുക്കൾ കോടതി കണ്ടുകെട്ടുകയും പാസ്പോർട്ട് റദ്ദാക്കുകയുമുണ്ടായി. വിചാരണ തുടർന്നതും വിധി പ്രഖ്യാപനം ഉണ്ടായതും അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലാണ്. 

പാക്കിസ്ഥാന്റെ 72 വർഷത്തെ ചരിത്രത്തിൽ ഏതാണ്ടു പകുതികാലം പട്ടാളമായിരുന്നു അധികാരത്തിൽ. അല്ലാത്തപ്പോൾ ഭരണത്തിൽ പട്ടാളം ഇടപെടുന്നതും സാധാരണമായിരുന്നു. എങ്കിലും, പട്ടാളവും ജൂഡീഷ്യറിയും തമ്മിലുള്ള ഏറ്റുമുട്ടൽ മുഷറഫിനു മുൻപ് സംഭവിച്ചിരുന്നില്ല. 

പട്ടാളം അധികാരം പിടിച്ചടക്കിയതിനെതിരായ ഹർജികളെല്ലാം സുപ്രീം കോടതി തള്ളുകയായിരുന്നു. മുഷറഫ് നടത്തിയ പട്ടാള വിപ്ളവത്തെയും പരമോന്നത നീതിപീഠം ന്യായീകരിക്കുകയാണ് ചെയ്തത്. 

എന്നാൽ, ഭരണത്തിന്റെ അവസാന ഘട്ടത്തിൽ മുഷറഫ് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇഫ്തിഖാർ മുഹമ്മദ് ചൗധരിയുമായി ഏറ്റുമുട്ടി. തന്നെ അനുസരിക്കാൻ വിസമ്മതിച്ച ചൗധരിയെ അദ്ദേഹം പിരിച്ചുവിട്ടു. അതിനെതിരെ ചൗധരിതന്നെ ആരംഭിച്ച പ്രക്ഷോഭത്തിൽ അഭിഭാഷകരും പിന്നീടു രാഷ്ട്രീയക്കാരും പങ്കു ചേർന്നപ്പോൾ മുഷറഫിന്റെ ഭരണത്തിന്റെ അടിത്തറയിളകി.

ആ സാഹചര്യത്തിലാണ് അടിയന്തരാവസ്ഥയിൽ അദ്ദേഹം അഭയം തേടിയത്. ഒട്ടേറെ ജഡ്ജിമാരെ പിരിച്ചുവിട്ടു. ജഡ്ജിമാരും രാഷ്ട്രീയക്കാരും പൗരാവകാശ പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ ജയിലിലായി. പ്രക്ഷോഭം ശക്തിപ്പെടുകയും പാർലമെന്റിൽ കുറ്റവിചാരണ നേരിടേണ്ടിവരുമെന്നു ബോധ്യമാവുകയും ചെയ്തപ്പോൾ മുഷറഫ് രാജിവയ്ക്കാൻ നിർബന്ധിതനാവുകയായിരുന്നു. 

പിന്നീടു രാഷ്ട്രീയത്തിലും ഒന്നു പയറ്റി നോക്കി. അതിനുവേണ്ടി പുതിയ പാർട്ടി രൂപീകരിക്കുകയും പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ, തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യത കൽപ്പിച്ചതിനാൽ മൽസരിക്കാനായില്ല. പാർട്ടി അപ്പാടെ നിലംപരിശാവുകയും ചെയ്തു.  

അതോടെ മുഷറഫ് ജനങ്ങളുടെ ഒാർമകളിൽ നിന്നു പതുക്കെ അപ്രത്യക്ഷനാകാൻ തുടങ്ങുകയായിരുന്നു. പക്ഷേ, 2013ൽ മൂന്നാം തവണയും അധികാരത്തിൽ എത്തിയ പ്രധാനമന്ത്രി നവാസ് ഷരീഫിനു മുഷറഫിൽനിന്നു തനിക്കുണ്ടായ കയ്പേറിയ അനുഭവങ്ങൾ മറക്കാനായില്ല. 

nawaz-sharif-former-pm-pak

മുഷറഫിനെതിരായ രാജ്യദ്രോഹക്കേസിന്റെ കഥ തുടങ്ങുന്നത് അവിടെനിന്നാണ്. ഇരുവരും തമ്മിലുള്ളവൈരാഗ്യത്തിന്റെ ചരിത്രവും അതിന്റെ പശ്ചാത്തലത്തിലുണ്ട്.  

മുഷറഫിനെ 1998ൽ പട്ടാളത്തലവനാക്കിയതു ഷരീഫായിരുന്നു. പക്ഷേ, മുഷറഫ് അദ്ദേഹത്തെ ധിക്കരിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി എ. ബി. വാജ്പേയിയുടെ ലഹോർ സന്ദർശനത്തെ തുടർന്നുണ്ടായ ഇന്ത്യ-പാക്ക് സമാധാന പ്രക്രിയ അദ്ദേഹം അട്ടിമറിക്കുകയും കശ്മീരിലെകാർഗിലിൽ ഇന്ത്യക്കെതിരെ സൈനികാക്രമണം  അഴിച്ചുവിടുകയും ചെയ്തു. 

ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴാണ് ഷരീഫിനെ പുറത്താക്കി മുഷറഫ് അധികാരം പിടിച്ചടക്കിയത്.ഷരീഫിന്റെമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും അദ്ദേഹത്തെ ജയിലിലാക്കുകയും ചെയ്തു. ഒടുവിൽ ഒത്തുതീർപ്പുണ്ടാക്കി ഷരീഫിനു കുടുംബസമേതം നാടുവിടേണ്ടിവന്നു. 

ഏതാനും വർഷങ്ങൾക്കു ശേഷം അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയതു രാഷ്ട്രീയത്തിൽ പട്ടാളം ഇടപെടുന്നതിതിരെ ശക്തമായി വാദിച്ചുകൊണ്ടാണ്. 2013ലെ തിരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം അടുത്ത വർഷംതന്നെ 2007ലെ അടിയന്തരാവസ്ഥയുടെ പേരിൽ മുഷറഫിനെതിരെ രാജ്യദ്രോഹത്തിനു കേസെടുക്കുകയും ചെയ്തു. അറസ്റ്റിലായ മുഷറഫ് പിന്നീടു ജാമ്യത്തിലിറങ്ങി. 

മുഷറഫ് വധശിക്ഷയക്കു വിധിക്കപ്പെട്ടതു സാധാരണഗതിയിൽ ഷരീഫിനെ സന്തുഷ്ടനാക്കേണ്ടതാണ്. പക്ഷേ, അസാധാരണ സാഹചര്യത്തിലാണ് അദ്ദേഹവും ഇപ്പോൾ. വീണ്ടും അധികാരം നഷ്ടപ്പെടുകയും അഴിമതിക്കേസിൽ പത്തുവർഷത്തേക്കു ജയിലിലാവുകയും ചെയ്തു. അവിടെവച്ചുണ്ടായ ഗുരുതരമായ രോഗബാധയെ തുടർന്ന് ഇപ്പോൾ ലണ്ടനിൽ ആശുപത്രിയിൽ കഴിയുന്നു. 

ഷരീഫിന്റെ ഇൗ അവസ്ഥയ്ക്കു വഴിയൊരുക്കിയതും ജുഡീഷ്യറിയുടെ ഇപ്പോഴത്തെ കർക്കശമായ നിലപാടാണ്. അതിന്റെ പിന്നിൽ പട്ടാളത്തിന്റെ കൈകളുണ്ടെന്നും മുഷറഫിനെ രാജദ്രോഹക്കേസിൽ കുടുക്കിയതിനു പട്ടാളം ഷരീഫിനോടു പകരം വീട്ടുകയാണെന്നും ആരോപണമുണ്ടായിരുന്നു. 

എന്നാൽ, ഇൗയിടെയുണ്ടായ ഒരു സംഭവം അതിൽനിന്നു വ്യത്യസ്തമായ ഒരു കഥ പറയുന്നു. ഇപ്പോഴത്തെ പട്ടാളത്തലവൻ ജനറൽ ഖമർ ജാവെദ് ബാജ്വയുടെ ഉദ്യോഗ കാലാവധി പ്രധാനമന്ത്രി  ഇമ്രാൻ ഖാൻ മൂന്നു വർഷത്തേക്കു നീട്ടിയപ്പോൾ സുപ്രീംകോടതിയുടെ ഒരു മൂന്നംഗ ബെഞ്ച് അതിൽ ഇടപെട്ടു. മുൻപൊരിക്കലും അങ്ങനെ സംഭവിച്ചിരുന്നില്ല.  

കാലാവധി നീട്ടാൻ ബന്ധപ്പെട്ട നിയമത്തിൽ വകുപ്പില്ലെന്നാണ് കോടതി അതിനു പറഞ്ഞ കാരണം. അതിനാൽ തൽക്കാലം ആറു മാസത്തേക്കുമാത്രം സേവനം നീട്ടാൻ അനുവദിച്ച കോടതി അതിനകം പുതിയ നിയമം കൊണ്ടുവരാൻ ഗവൺെമെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇല്ലെങ്കിൽ പട്ടാളത്തലവന്റെ അടുത്ത ആറുമാസത്തെ സേവനം നിയമവിരുദ്ധമായി കണക്കാക്കപ്പെടുമെന്നു മുന്നറിയിപ്പ് നൽകിട്ടുമുണ്ട്. 

അതുണ്ടാക്കിയ  ഞെട്ടലിൽനിന്നും ചമ്മലിൽനിന്നും പട്ടാളം കരകയറുന്നതിനു മുൻപാണ് മുൻപട്ടാളത്തലവനു രാജ്യദ്രോഹക്കേസിൽ വധശിക്ഷ നൽകുന്ന പ്രത്യേക കോടതിവിധി ഇടിത്തീപോലെ അവരുടെ മുന്നിൽ വന്നുവീണിരിക്കുന്നത്. മേലിൽ അതിരു കടക്കാതിരിക്കാൻ പാക്ക് പട്ടാള നേതൃത്വത്തിനുളള താക്കീതും ഇതിൽഅടങ്ങിയിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ