സെനറ്റിനെയും കാത്ത് ട്രംപ് ?

HIGHLIGHTS
  • നടപടി രണ്ടു കുറ്റങ്ങളുടെ പേരില്‍
  • ഇംപീച്ച് ചെയ്യപ്പെടുന്ന മൂന്നാമന്‍
impeachment-donald-trump-senate
SHARE

ഈ ക്രിസ്മസ് കാലം യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനു രോഷത്തിന്‍റെയും ഉദ്വേഗത്തിന്‍റെയും നാളുകളാവുകയാണ്. അമേരിക്കയുടെ ഏതാണ്ടു രണ്ടര നൂറ്റാണ്ടു കാലത്തെ ചരിത്രത്തില്‍ ഇംപീച്ച് ചെയ്യപ്പെടുന്ന മൂന്നാമത്തെ പ്രസിഡന്‍റായിരിക്കുകയാണ്  അദ്ദേഹം. 

ഗുരുതരമായ രണ്ടു കുറ്റങ്ങളുടെ പേരിലാണ് ഇക്കഴിഞ്ഞ ബുധനാഴ്ച (ഡിസംബര്‍ 18) പ്രതിനിധി സഭ അദ്ദേഹത്തെ ഇംപീച്ച് ചെയ്തത്. കോണ്‍ഗ്രസിന്‍റെ (പാര്‍ലമെന്‍റ്) അധോസഭയായ പ്രതിനിധി സഭയുടെ കണ്ണില്‍ അങ്ങനെ അദ്ദേഹം അധികാരത്തില്‍ തുടരാന്‍ അര്‍ഹനല്ലാതായി.  

പക്ഷേ, ഇതോടെ ട്രംപ് പ്രസിഡന്‍റാല്ലാതാകുന്നില്ല. പ്രതിനിധി സഭ നടത്തിയ കുറ്റാരോപണത്തിന്‍റെ അടിസ്ഥാനത്തില്‍  അദ്ദേഹത്തെ പുറത്താക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു കോണ്‍ഗ്രസിന്‍റെ ഉപരി സഭയായ സെനറ്റാണ്. അതിനാല്‍, സെനറ്റ് സമ്മേളിക്കുന്നതും കാത്തിരിക്കുകയാണ് എല്ലാവരും. 

മുന്‍പ് ഇംപീച്ച് ചെയ്യപ്പെട്ട രണ്ടു പ്രസിഡന്‍റുമാരായ ആന്‍ഡ്രൂ ജോണ്‍സനും (1868), ബില്‍ ക്ളിന്‍റനും (1998) സെനറ്റില്‍ രക്ഷപ്പെടുകയായിരുന്നു. അതുപോലെ ട്രംപും കുറ്റവിമുക്തനാകാണ് സാധ്യതയെന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 

സെനറ്റില്‍ ഭൂരിപക്ഷം അദ്ദേഹത്തിന്‍റെ കക്ഷിയായ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാണ് (100ല്‍ 53 സീറ്റ്). മാത്രമല്ല സെനറ്റിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മൂന്നില്‍ രണ്ടിന്‍റെ ഭൂരിപക്ഷവും വേണം. അതായത് 45 ഡമോക്രാറ്റുകളുടെയും സാധാരണ അവരെ പിന്തുണക്കാറുള്ള രണ്ടു സ്വതന്ത്രരുടെയും കൂടെ ചുരുങ്ങിയതു 20 റിപ്പബ്ളിക്കന്മാരും ചേരണം. അങ്ങനെയുള്ള സൂചനകളൊന്നും ഇപ്പോഴില്ല. 

nancy-pelosi

സെനറ്റില്‍ വിചാരണ തുടങ്ങണമെങ്കില്‍ ഇംപീച്ചമെന്‍റ് ആര്‍ട്ടിക്കിളുകള്‍ പ്രതിനിധിസഭ സെനറ്റിനു കൈമാറണം. സ്പീക്കര്‍ നാന്‍സി പെലലോസി മനഃപൂര്‍വം അതിനു താമസം വരുത്തുകയാണെന്നു ട്രംപ് സംശയിക്കുന്നു. സെനറ്റ് എത്രയും വേഗം തന്നെ കുറ്റവിമുക്തനാക്കുന്നതു കാത്തിരിക്കുകയാണ് അദ്ദേഹം. സെനറ്റ് അങ്ങനെ ചെയ്യാത്തിടത്തോളം കാലം ട്രംപ് കുറ്റാരോപിതനായിത്തന്നെ തുടരും. 

ട്രംപിന് ഇത് ആശ്വാസം പകരാനിടയില്ല. കാരണം, ഇംപീച്ച്മെന്‍റ് തന്നെ  നാണക്കേടാണ്. അമേരിക്കയില്‍ ഇതുവരെയുണ്ടായ 45 പ്രസിഡന്‍റുമാര്‍ക്കിടയിലെ ഏറ്റവും പ്രഗല്‍ഭരില്‍ ഒരാളാണ് താനെന്ന് അവകാശപ്പെടുന്ന ട്രംപിന്‍റെ ജീവിതരേഖയില്‍ ഒരു വലിയ കറുത്തപുള്ളിയായി അത് അവശേഷിക്കും. 

അധികാരം ദുരുപയോഗപ്പെടുത്തി, അതു സംബന്ധിച്ച് കോണ്‍ഗ്രസ് നടത്തിയ അന്വേഷണവുമായി നിസ്സഹകരിച്ചുകൊണ്ടു നീതിനിര്‍വഹണം തടസ്സപ്പെടുത്തി എന്നിവയാണ്  ട്രംപിന്‍റെ മേല്‍ പ്രതിനിധി സഭ ചുമത്തിയിട്ടുളള രണ്ടു കുറ്റങ്ങള്‍. അവ സംബന്ധിച്ച ആര്‍ട്ടിക്കിളുകള്‍ പാസ്സാക്കിയെടുക്കാന്‍ സഭയില്‍ ഭൂരിപക്ഷമുളള ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഒട്ടും പ്രയാസമുണ്ടായില്ല. 

ട്രംപും ഡമോക്രാറ്റുകളും തമ്മില്‍ 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് കാലത്തുതന്നെ തുടങ്ങിയ ശത്രുതയാണ് മൂന്നു വര്‍ഷങ്ങള്‍ക്കകം അടിക്കടി വളര്‍ന്ന് ഇംപീച്ച്മെന്‍റില്‍ എത്തിയത്. അദ്ദേഹത്തിന്‍റെ വിവാദപരമായ പല തീരുമാനങ്ങളും നടപടികളും പ്രസ്താവനകളും സഹിക്കാനാവാതെ ഡമോക്രാറ്റിക് പാര്‍ട്ടിക്കാരില്‍ പലരും നേരത്തെതന്നെ ഇംപീച്ച്മെന്‍റ് ഭീഷണി മുഴക്കുകയുമുണ്ടായി.

എന്നാല്‍, പാര്‍ട്ടിയുടെ സമുന്നത നേതാവായ പ്രതിനിധി സഭാ സ്പീക്കര്‍ നാല്‍സി പെലോസി അതിനോടു യോജിച്ചിരുന്നില്ല. അതിനിടയില്‍ അടുത്ത പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ തീയതി അടുത്തുവരാന്‍ തുടങ്ങുകയും ട്രംപ് രണ്ടാമതും പ്രസിഡന്‍റാകുന്നതു തടയുകയെന്നതു ഡമോക്രാറ്റുകളുടെ അടിയന്തരാവശ്യമായിത്തീരുകയും ചെയ്തു. 

ആ സാഹചര്യത്തിലാണ് ഒരു സുവര്‍ണാവസരം യുക്രെയിന്‍റെ രൂപത്തില്‍ അവര്‍ക്കു വീണുകിട്ടിയത്. യുക്രെയിനിലെ പുതിയ പ്രസിഡന്‍റ് വോളൊഡിമീര്‍ സെലന്‍സ്കിയുമായി ജൂലൈ 25നു ട്രംപ് നടത്തിയ ടെലിഫോണ്‍ സംഭാഷണമായിരുന്നു സംഭവം. വൈറ്റ്ഹൗസിലെ ഒരുദ്യാഗസ്ഥന്‍ അതു കേള്‍ക്കാന്‍ ഇടയാവുകയും പരസ്യമാക്കുകയും ചെയ്തിരുന്നില്ലെങ്കില്‍ ഈ  ഇംപീച്ചമെന്‍റ് ഉണ്ടാകുമായിരുന്നില്ല.

അടുത്ത പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാനായി ട്രംപ് സെലന്‍സ്കിയുടെ സഹായം തേടിയെന്നാണ് ആ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്. 

Joe-biden

തന്‍റെ എതിരാളിയാകാന്‍ ഇടയുള്ള മുന്‍ വൈസ് പ്രസിഡന്‍റ് ജോ ബൈഡനെ (ഡമോക്രാറ്റിക് പാര്‍ട്ടി) പ്രതിരോധത്തിലാക്കാനായിരുന്നു ട്രംപിന്‍റെ ശ്രമം. ബൈഡന്‍റെ മകന്‍ ഹണ്ടര്‍ മുന്‍പ് യുക്രെയിനിലെ ഒരു കമ്പനിയുടെ ഡയറക്ടറായിരുന്നു. 

ഹണ്ടര്‍ ഒരു കേസില്‍ കുടുങ്ങിയെന്നും യുഎസ് വൈസ് പ്രസിഡന്‍റ് പദവി ഉപയോഗിച്ച് ബൈഡന്‍ അത് ഒതുക്കിയെന്നുമായിരുന്നു ട്രംപിനു കിട്ടിയ വിവരം. അതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിടണമെന്നാണ് സെലന്‍സ്കിയോടു ട്രംപ് ആവശ്യപ്പെട്ടത്. 

റഷ്യയില്‍ നിന്നു ഭീഷണി നേരിടുന്ന യുക്രെയിനു നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്ന 39 കോടി ഡോളറിന്‍റെ സൈനിക സഹായം ട്രംപ് തടഞ്ഞുവച്ചിരിക്കുകയായിരുന്നു. അദ്ദേഹത്തെ വൈറ്റ്ഹൗസില്‍ സന്ദര്‍ശിക്കാന്‍ സെലന്‍സ്കി നടത്തിയ ശ്രമവും വിഫലമാവുകയായിരുന്നു.

ഈ രണ്ടു കാര്യങ്ങളിലും അനുകൂല തീരുമാനം ഉണ്ടാവണമെങ്കില്‍ ബൈഡനും മകനുമെതിരായ അന്വേഷണം നടക്കണമെന്നും  സെലന്‍സ്കിയോട് ട്രംപ് ആവശ്യപ്പെട്ടുവത്രേ. ഇങ്ങനെ സ്വന്തം വ്യക്തിപരമായ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ട്രംപ് വിദേശരാജ്യത്തിന്‍റെ സഹായം തേടുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തുവെന്നാണ് ആരോപണം.

ഇതിന്‍റെ പേരില്‍ പ്രതിനിധി സഭ ഇംപീച്ചമെന്‍റ് നടപടികള്‍ ആരംഭിച്ചപ്പോള്‍ അതില്‍ സഹകരിക്കാന്‍ ട്രംപ് വിസമ്മതിച്ചു. തന്‍റെ ക്യാബിനറ്റ് അംഗങ്ങളും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരും സാക്ഷികളായി മൊഴി നല്‍കുന്നത് അദ്ദേഹം വിലക്കുകയും ചെയ്തു. ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കുന്നതും തടഞ്ഞു. നീതി നിര്‍വഹണത്തിനു ട്രംപ് തടസ്സമുണ്ടാക്കിയെന്ന കുറ്റാരോപണം ഉയര്‍ന്നത് ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ്.  

രണ്ടു ദശകങ്ങള്‍ക്കു മുന്‍പ് നടന്ന പ്രസിഡന്‍റ് ബില്‍ ക്ളിന്‍റന്‍റെ ഇംപീച്ചമെന്‍റുമായി ഈ സംഭവങ്ങള്‍ താരതമ്യം ചെയ്യപ്പെടുന്നു. വൈറ്റ് ഹൗസില്‍ ജോലി ചെയ്യുകയായിരുന്ന മോണിക്ക ല്യുവിന്‍സ്കിയെന്ന യുവതിയുമായി ക്ളിന്‍റന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണത്തില്‍ നിന്നായിരുന്നു ആ കേസിന്‍റെ തുടക്കം.

അന്വേഷണം നടന്നപ്പോള്‍ ക്ളിന്‍റന്‍ ആരോപണം നിഷേധിക്കുകയും അങ്ങനെ ചെയ്യാന്‍ മോണിക്കയെ നിര്‍ബന്ധിക്കുകയും ചെയ്തു. വ്യാജമൊഴി നല്‍കുകയും അതിനായി പ്രേരിപ്പിക്കുകയും ചെയ്തുവെന്ന ആരോപണത്തിനും ഇതു കാരണമായി. 

ഒടുവില്‍ ക്ളിന്‍റന്‍ കുറ്റം സമ്മതിച്ചു. പ്രതിനിധിസഭ അദ്ദേഹത്തെ ഇംപീച്ച് ചെയ്തു. പക്ഷേ, അദ്ദേഹത്തെ പുറത്താക്കാനുളള പ്രമേയം സെനറ്റില്‍ പാസ്സായില്ല. അതിന് ഒന്നേകാല്‍ നൂറ്റാണ്ടു നടന്ന പ്രസിഡന്‍റ് ആന്‍ഡ്രൂ ജോണ്‍സന്‍റെ ഇംപീച്ച്മെന്‍റുമായിട്ടാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്കു കൂടുതല്‍ സാമ്യം. പ്രസിഡന്‍റ് ഏബ്രഹാം ലിങ്കന്‍റെ കീഴില്‍ വൈസ് പ്രസിഡന്‍റായിരുന്ന ജോണ്‍സന്‍ ലിങ്കന്‍റെ  വധത്തെ തുടര്‍ന്നാണ് പ്രസിഡന്‍റായത്. 

കോണ്‍ഗ്രസുമായി അദ്ദേഹം ഏറ്റുമുട്ടിക്കൊണ്ടിരുന്നു. ഒടുവില്‍, സെനറ്റിന്‍റെ അനുമതിയില്ലാതെ ക്യാബിനറ്റ് അംഗങ്ങളെ പുറത്താക്കാന്‍ പാടില്ലെന്ന നിയമം ലംഘിക്കുകയും തന്‍റെ യുദ്ധകാര്യ സെക്രട്ടറിയെ പിരിച്ചുവിടുകയും ചെയ്തു. അതായിരുന്നു ഇംപീച്ച്ചെയ്യാനുള്ള മുഖ്യകാരണം. പുറത്താക്കാനായി സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ അദ്ദേഹം രക്ഷപ്പെട്ടത് ഒറ്റവോട്ടിന്‍റെ വ്യത്യാസത്തിനാണ്. 

അതിനുശേഷം ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞപ്പോഴാണ് (1974ല്‍) വാട്ടര്‍ഗേറ്റ് അപവാദത്തിന്‍റെ പേരില്‍ പ്രസിഡന്‍റ് റിച്ചഡ് നിക്സന്‍ (റിപ്പബ്ളിക്കന്‍) ഇംപീച്ച്മെന്‍റിന്‍റെ വക്കോളമെത്തിയത്. സ്വന്തം പാര്‍ട്ടിക്കാരിലും വലിയൊരു വിഭാഗത്തിന്‍റെ വെറുപ്പ് സമ്പാദിച്ച അദ്ദേഹത്തെ സെനറ്റ് പുറത്താക്കാനും സാധ്യതയുണ്ടായിരുന്നു. 

പക്ഷേ, ഇംപീച്ച ചെയ്യപ്പെടുന്നതിനു മുന്‍പ് തന്നെ നിക്സന്‍ രാജിവച്ചു. അങ്ങനെ അദ്ദേഹം അമേരിക്കയുടെ ഇതുവരെയുള്ള ചരിത്രത്തില്‍ രാജിവച്ചൊഴിയുന്ന ഒരേയൊരു പ്രസിഡന്‍റാവുകയും ചെയ്തു. അദ്ദേഹത്തെപ്പോലെ ട്രംപും പുറത്തുപോയിക്കാണാനാണ് എതിരാളികള്‍ ആഗ്രഹിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA