ഭൂമിക്കുവേണ്ടി ഒരു നിലവിളി

HIGHLIGHTS
  • യുവതലമുറ ആശങ്കയില്‍
  • മഹാപ്രളയങ്ങള്‍ വാര്‍ഷിക സംഭവങ്ങളാവും
madrid-summit-on-climate-change-last-chance-to-save-environment
കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്ന ഫലപ്രദമായ നടപടികള്‍ക്കുവേണ്ടികാത്തിരിക്കാന്‍ ഇനിയും സമയമില്ലെന്നും ചെയ്യേണ്ടതെല്ലാം ഉടന്‍തന്നെ മതിയാകൂവെന്നും സാഹചര്യങ്ങള്‍ വിളിച്ചുപറയുന്നു
SHARE

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതത്തില്‍ ഭൂമി മറ്റെന്നത്തേക്കാളുമേറെ പിടയുന്നതു കാണേണ്ടി വന്നശേഷമാണ് 2019 കടന്നുപോകുന്നത്. ഈ അത്യാപത്തിനെതിരെ അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ടതിന്‍റെ ആവശ്യകത ലോകത്തിന് ഇത്രയും ആഴത്തില്‍ ബോധ്യമായ വര്‍ഷവും മുന്‍പുണ്ടായിട്ടില്ല. 

അതിനുവേണ്ടിയുള്ള ശ്രമങ്ങളില്‍, ശാസ്ത്രജ്ഞര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുപുറമെ സ്കൂള്‍ കുട്ടികളും മുന്നോട്ടു വന്നതു 2019ലെ സവിശേഷമായ മറ്റൊരു സംഭവ വികാസമായിരുന്നു. അവരില്‍ ഒരു പതിനാറുകാരി-സ്വീഡനിലെ ഗ്രേറ്റ ടുന്‍ബര്‍ഗ്- ലോകശ്രദ്ധ ആകര്‍ഷിക്കുകയും അവളുടെ വാക്കുകള്‍ കാലാവസ്ഥാ വ്യതിയാനംമൂലം വരുംതലമുറ നേരിടാന്‍പോകുന്ന അത്യാപത്തിനെക്കുറിച്ചുള്ള നിലവിളിയായി ലോകമൊട്ടുക്കും അനുഭവപ്പെടുകയും ചെയ്തു. 

UN-CLIMATE-ENVIRONMENT-GRETA THUNBERG

അതിനാല്‍, പ്രശ്ന പരിഹാരത്തിനു സഹായമാകുന്ന വ്യക്തമായ തീരുമാനങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്നതും കാത്ത് ഈ വര്‍ഷാവസാനത്തില്‍ സ്പെയിനിലെ മഡ്രിഡിലേക്ക് ഉറ്റുനോക്കുകയായിരുന്നു എല്ലാവരും. യുഎന്‍ ആഭിമുഖ്യത്തിലുള്ള 25ാമതു കാലാവസ്ഥാ ഉച്ചകോടി ഡിസംബര്‍ രണ്ടു മുതല്‍ 15വരെ നടക്കുകയായിരുന്നു അവിടെ. ഭൂമിയെ രക്ഷിക്കുന്നതിനുള്ള അവസാനത്തെ അവസരമെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗ്യുട്ടെറസ് അതിനെ വിശേഷിപ്പിച്ചിരുന്നതും. 

എന്നാല്‍, കാത്തുനിന്നവരെയെല്ലാം നിരാശപ്പെടുത്തുന്നവിധത്തില്‍ കാര്യമായ ഒരു തീരുമാനവും കൈക്കൊള്ളാനാവാതെയാണ് ഇരുനൂറോളം രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ആ സമ്മേളനം സമാപിച്ചത്. നിശ്ചയിച്ചിരുന്നതിനേക്കാള്‍ രണ്ടു ദിവസം കൂടി സമ്മേളനം നീട്ടിയിട്ടും ഫലമുണ്ടായില്ല. കീറാമുട്ടികള്‍  2020 ഡിസംബറില്‍ ബ്രിട്ടനിലെ ഗ്ളാസ്ഗോയില്‍ ചേരുന്ന അടുത്ത ഉച്ചകോടിയിലേക്കു മാറ്റിവച്ചു.  

വാസ്തവത്തില്‍ ഈ സമ്മേളനത്തിന്‍റെ ദുര്യോഗം സമ്മേളനം നടക്കുന്നതിനുമുന്‍പ് തന്നെ അതിനെ ബാധിക്കാന്‍ തുടങ്ങുകയുണ്ടായി. തെക്കെ അമേരിക്കയിലെ ബ്രസീലാണ് വേദിയായി ആദ്യം നിശ്ചയിച്ചിരുന്നത്. പക്ഷേ, അവിടത്തെ പുതിയ പ്രസിഡന്‍റ് ജയര്‍ ബോള്‍സനാരോ  അസൗകര്യംപ്രകടിപ്പു. 

കാലാവസ്ഥാ വ്യതിയാനം, അതിനു കാരണമായ ആഗോളതാപനം, അതു നിയന്ത്രിക്കേണ്ടതിന്‍റെ അടിയന്തര പ്രാധാന്യം തുടങ്ങിയ കാര്യങ്ങളില്‍  സംശയം വച്ചുപുലര്‍ത്തുന്ന ആളാണ് അദ്ദേഹം. കാലാവസ്ഥ സംബന്ധിച്ച് 2015ല്‍ ഉണ്ടായ പാരിസ് ഉടമ്പടിയില്‍ നിന്നു പിന്മാറാന്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെപ്പോലെ അദ്ദേഹവും ആഗ്രഹിക്കുന്നുമുണ്ട്. അതിനാല്‍ ഇത്തരമൊരു സമ്മേളനത്തിനു വേദിയൊരുക്കാന്‍ ബോള്‍സനാരോ വിസമ്മതിച്ചതില്‍ ആരും അല്‍ഭുതപ്പെടുകയുണ്ടായില്ല. 

പകരം, തെക്കെ അമേരിക്കയിലെതന്നെ  ചിലി മുന്നോട്ടുവന്നുവെങ്കിലും പിന്നീട് അവിടെയുമുണ്ടായി തടസ്സം. കഴിഞ്ഞ ചില മാസങ്ങളായി ചിലിയില്‍ ഗവണ്‍മെന്‍റ് വിരുദ്ധ സമരം നടക്കുകയാണ്. അവരും അസൗകര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സമ്മേളനം സ്പെയിനിന്‍റെ തലസ്ഥാനമായ മഡ്രിഡിലേക്കു മാറ്റിയത്. 

SPAIN-CLIMATE-ENVIRONMENT-COP25

അസാധാരണവും അപകടം ഉണ്ടാക്കുന്നതുമായ കാലാവസ്ഥാ മാറ്റം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. കാര്‍ബണ്‍ ഡയോക്സൈഡ് പോലുള്ള ഹരിതഗ്രഹ വാതകങ്ങള്‍ ഭീമമായ തോതില്‍ അന്തരീക്ഷത്തിലേക്കു തള്ളപ്പെടുന്നതാണ് മുഖ്യകാരണം. വ്യവസായ ശാലകളും വാഹനങ്ങളും പ്രവര്‍ത്തിപ്പിക്കാനായി കല്‍ക്കരി, എണ്ണ, പ്രകൃതി വാതകം എന്നിവ പോലുളള ജൈവ ഇന്ധനങ്ങള്‍ കത്തിക്കുന്നത് അതിനു നിമിത്തമാകുന്നു. 

കാര്‍ബണ്‍ ഡയോക്സൈഡ് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയും ഭൂമിയില്‍നിന്നുള്ള ചൂടിനെ ബഹിരാകാശത്തിലേക്കു രക്ഷപ്പെടാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നു. അതു മൂലമുണ്ടാകുന്ന ആഗോള താപനമാണ് പ്രവചനാതീതമായ വിധത്തില്‍ അതിവേഗംസംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്നത്. കാര്‍ബണ്‍ ഡയോക്സൈഡ് വന്‍തോതില്‍ ആഗിരണം ചെയ്യുന്ന വനങ്ങള്‍  നശിപ്പിക്കപ്പെടുന്നതും ആഗോളതാപനത്തിനു കാരണമാകുന്നു.    

അതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കേണ്ടതാവശ്യമാണ്. അതേസമയം, ഈ നിയന്ത്രണം രാജ്യങ്ങളുടെ സാമ്പത്തിക വിസനത്തിനു തടസ്സമായിത്തീരാനും പാടില്ല. മാത്രമല്ല, സാമ്പത്തികമായി ഏറെ മുന്നേറിക്കഴിഞ്ഞ രാജ്യങ്ങളെയും ഈ രംഗത്തു പിച്ചവയ്ക്കാന്‍ തുടങ്ങിയ രാജ്യങ്ങളെയും ഒരേവിധത്തില്‍ കാണുന്നതുശരിയല്ലെന്ന അഭിപ്രായവുമുണ്ട്. 

ഇത്തരം പരിഗണനകളുടെ അടിസ്ഥാനത്തില്‍തന്നെപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍  2015ലെ പാരിസ് ഉടമ്പടിയില്‍ അടങ്ങിയിരുന്നു. ആഗോള താപനിലയുടെ ശരാശരി വര്‍ധന  വ്യവസായ കാലഘട്ടത്തിനു മുന്‍പുളള അളവില്‍നിന്നു രണ്ടു ഡിഗ്രി സെല്‍ഷ്യല്‍സില്‍ താഴെയായി ഈ നൂറ്റാണ്ട് അവസാനിക്കുന്നതിനു മുന്‍പ് പരിമിതപ്പെടുത്തണമെന്നാണ് അതില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. യൂറോപ്പില്‍ വ്യവസായ വിപ്ളവം തുടങ്ങിയ 1850 മുതല്‍ക്കുളള വര്‍ഷങ്ങളെയാണ് വ്യവസായ കാലഘട്ടം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

UNITED NATIONS, Sept. 21, 2019 (Xinhua) -- Photo taken on Sept. 21, 2019 shows the United Nations Youth Climate Summit held at the UN headquarters in New York, Sept. 21, 2019. UN Secretary-General Antonio Guterres on Saturday said he saw a change in the momentum of global climate action thanks to the ongoing youth movement. (Xinhua/Li Muzi/IANS)

താപനിലയുടെ ശരാശരി വര്‍ധന 1.5 ഡിഗ്രിക്കു താഴെ നിര്‍ത്തണമെന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും  പാരിസ് ഉടമ്പടിയില്‍ പറയുന്നു. ഏറ്റവുമധികം കാര്‍ബണ്‍ പുറത്തുവിടുന്ന കല്‍ക്കരി, പെട്രോള്‍, ഡീസല്‍ തുടങ്ങിയ ജൈവ  ഇന്ധനങ്ങളുടെ ഉപയോഗം ഇതിനുവേണ്ടി പടിപടിയായി കുറച്ചുകൊണ്ടുവരണം.  ഉടമ്പടിയില്‍ ഒപ്പുവച്ച എല്ലാ രാജ്യങ്ങള്‍ക്കും ഇതിനു ബാധ്യതയുണ്ട്. 

എങ്കിലും അതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇതുവരെ സാധ്യമായില്ല. മഡ്രിഡ് സമ്മേളനം പരാജയപ്പെട്ടതിനു കാരണവും ഇതു തന്നെയായിരുന്നു. പ്രശ്ന പരിഹാരത്തിന് ഇനിയും ഒരു വര്‍ഷംകൂടി കാത്തിരിക്കണമെന്നതു രൂക്ഷമായ വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്. 

അങ്ങനെ കാത്തിരിക്കാന്‍ ഇനിയും സമയമില്ലെന്നും ചെയ്യേണ്ടതെല്ലാം ഉടന്‍തന്നെ ചെയ്തേ മതിയാകൂവെന്നുമാണ് സാഹചര്യങ്ങള്‍ വിളിച്ചുപറയുന്നത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച രാജ്യാന്തര സമിതി (ഐപിസിസി) കഴിഞ്ഞ സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന ഒരു കാര്യം ഇതിനൊരു ഉദാഹരണമാണ്. 

നൂറ്റാണ്ടില്‍ ഒരിക്കല്‍മാത്രം അപൂര്‍വമായി സംഭവിക്കാറുള്ള മഹാപ്രളയങ്ങള്‍ ഈ നൂറ്റാണ്ടിന്‍റെ പകുതിയാകുമ്പോള്‍ പല സ്ഥലങ്ങളിലും വാര്‍ഷിക സംഭവങ്ങളാകാന്‍ ഇടയുണ്ടെന്നാണ് അതില്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനു കാരണമായ ആഗോളതാപനം കര്‍ശനമായി നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം വെള്ളപ്പൊക്കം, കടലാക്രമണം, ജലക്ഷാമം, വരള്‍ച്ച, കൃഷിനാശം, ചുഴലിക്കാറ്റ്, ചൂടുകാറ്റ്, കാട്ടുതീ  തുടങ്ങിയ പ്രതിഭാസങ്ങളെ നേരിടേണ്ടിവരുമെന്നും 2018ലെ റിപ്പോര്‍ട്ടിലും ഐപിസിസി ഓര്‍മിപ്പിച്ചിരുന്നു. ലോകത്തെവിടെയെങ്കിലും ഇത്തരം അത്യാഹിതങ്ങള്‍ സംഭവിക്കാത്ത ഒരു മാസവും 2019ല്‍ ഉണ്ടായിരുന്നില്ല. 

കാലാവസ്ഥയെപ്പറ്റി ഏറ്റവും ആധികാരികമായി സംസാരിക്കാന്‍ അര്‍ഹതയുളള ശാസ്ത്രജ്ഞര്‍ അടങ്ങിയതാണ് ഐപിസിസി. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം 2007ല്‍ ലഭിച്ചത് അതിനും മുന്‍ യുഎസ് വൈസ് പ്രസിഡന്‍റ് ആല്‍ ഗോറിനും കൂടിയായിരുന്നു. കാലാവസ്ഥാ വ്യതിയാനം സൃഷ്ട്രിക്കുന്ന അപകടങ്ങളിലേക്കു ലോകശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചവരില്‍ ഒരാളാണ് ആല്‍ ഗോര്‍. 

Madrid: UN Climate Change Executive Secretary Patricia Espinosa (R) attends the 25th Conference of the Parties to the United Nations Framework Convention on Climate Change (UNFCCC) or COP25 in Madrid. (Photo: IANS)

സമുദ്രങ്ങള്‍, ധ്രുവങ്ങളിലെ ഹിമപാളികള്‍, പര്‍വതങ്ങളിലെ ഹിമപ്പരപ്പുകള്‍ എന്നിവ ഇപ്പോള്‍തന്നെ ആഗോളതാപനം മൂലമുള്ള ഉഷ്ണത്തെ വളരെയേറെ ഉള്‍ക്കൊണ്ടുനില്‍ക്കുകയാണ്. അവയെ ആശ്രയിച്ചു കഴിയുന്ന ജീവജാലങ്ങളുടെ അസ്തിത്വത്തെ ഇത് അപകടത്തിലാക്കുകയാണെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. 

ഉഷ്ണം വര്‍ധിക്കുന്നതോടെ ഉത്തര ധ്രുവത്തിലെ ഹിമക്കട്ടകള്‍ ഉരുകുകയും അതിന്‍റെ ഫലമായിസമുദ്രങ്ങളിലെ ജലവിതാനം ഉയരുകയും ചെയ്യും. സമുദ്ര വിതാനത്തില്‍നിന്ന് അധികമൊന്നും ഉയരത്തിലല്ലാതെ സ്ഥിതിചെയ്യുന്ന ചില തീരപ്രദേശങ്ങളും ദ്വീപുകളും വെള്ളത്തില്‍ മുങ്ങിപ്പോകാനും അതിടയാക്കും. കടല്‍ത്തീരത്തു സ്ഥിതിചെയ്യുന്ന മുംബൈ, ഷാങ്ഹായ് (ചൈന),ബാങ്കോക്ക് (തായ്ലന്‍ഡ്), എന്നിവ പോലുള്ള  വന്‍നഗരങ്ങളും  ഈ ഭീഷണിയെ നേരിടുകയാണെന്നു സമുദ്രങ്ങളെ സംബന്ധിച്ച മറ്റൊരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഭാവിയില്‍ തങ്ങള്‍ക്കു ജീവിക്കാന്‍ ലഭിക്കുന്ന ഭൂമിയുടെ അവസ്ഥ ഇതായിരിക്കുമെന്ന തിരിച്ചറിവ് പുതുതലമുറയെ അസ്വസ്ഥമാക്കുന്നതു സ്വാഭാവികം. അവരുടെ ഭയാശങ്കകളാണ് ഗ്രേറ്റ ടുന്‍ബര്‍ഗിനെപ്പോലുള്ളവരുടെ വാക്കുകളില്‍ മുഴങ്ങുന്നത്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA