യുഎസ്-ഇറാൻ നേർക്കുനേരെ

HIGHLIGHTS
  • എംബസ്സി ആക്രമണത്തിനുളള പ്രതികരണം
  • അമേരിക്കയുമായി ഇറാഖ് ഇടയുന്നു
america-vs-iran-risk-of-wider-war
ഇറാനിലെ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനി യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം മധ്യപൂർവദേശത്തെ അഗാധമായ ആശങ്കയിലാഴ്ത്തുന്നു
SHARE

അമേരിക്കയും ഇറാനും തമ്മിലുള്ള പരോക്ഷ യുദ്ധം നേരിട്ടുള്ള യുദ്ധമായി മാറുകയാണോ ? ഇറാന്റെ സവിശേഷ സൈനിക വിഭാഗത്തിന്റെ തലവനായ ജനറൽ ഖാസിം സുലൈമാനി അമേരിക്കയുടെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം ഉയർത്തുന്നത് ഇങ്ങനെയൊരു ചോദ്യമാണ്. 

യുഎസ്-ഇറാൻ യുദ്ധം ആ രണ്ടു രാജ്യങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിനിൽക്കാനിടയില്ല. അതിനാൽ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയാശങ്കകൾ ലോകത്തെ പൊതുവിൽതന്നെ ഗ്രസിച്ചുകഴിഞ്ഞു.

പരമോന്നത ആത്മീയ നേതാവായ ആയത്തുല്ല അലി ഖമനയി കഴിഞ്ഞാൽ ഇറാനിലെ ഏറ്റവും ശക്തിയും സ്വാധീനവുമുള്ള ആളായിരുന്നു അറുപത്തിരണ്ടുകാരനായ സുലൈമാനി. ഖമനയി നേരിട്ടു നിയന്ത്രണിക്കുന്ന ഇസ്ലാമിക വിപ്ളവ സേനയിലെ പ്രത്യേക വിഭാഗമായ ഖുദ്സ് സേനയുടെ തലവനായിരുന്നു. 

ആ നിലയിൽ പ്രതിരോധ-വിദേശനയ രൂപീകരണത്തിൽ നിർണായക പങ്കു വഹിച്ചുവന്നു. സിറിയയിലും യെമനിലും ഇറാന്റെ സൈനിക ഇടപെടലിന്റെ സൂത്രധാരനായും അറിയപ്പെട്ടു. അമേരിക്കയ്ക്കും സഖ്യരാജ്യങ്ങൾക്കും നേരെയുണ്ടായ പല അക്രമങ്ങളും ആസൂത്രണം ചെയ്തതും സുലൈമാനിയാണെന്നായിരുന്നു ആരോപണം. 

FILES-IRAN-RELIGION-ISLAM

ഇൗ കാരണങ്ങളാൽ അമേരിക്കയുടെ കണ്ണിലെ കരടായിരുന്നു. സുലൈമാനിയെയും ഖുദ്സ് സേനയെയും അമേരിക്ക ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. അവരെ വകവരുത്താൻ തക്കം പാർത്തിരിക്കുകയുമായിരുന്നു. 

സുലൈമാനിയുടെ വധത്തിനു പകരം വീട്ടുമെന്നു ശപഥം ചെയ്തിരിക്കുകയാണ് ഇറാൻ. അവർ അതിനു തുനിഞ്ഞാൽ അമേരിക്കയിൽനിന്നു തിരിച്ചടിയുണ്ടാവുകയും ചെയ്യും. ഇറാനുമായി 1500 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ഇറാഖിൽ വാസ്തവത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നടന്നുവന്നതും ഇവർ തമ്മിലുള്ള അടിയും തിരിച്ചടിയുമാണ്. അതിന്റെ തുടർച്ചയുമാണ് ഇറാഖിൽവച്ചുതന്നെ സുലൈമാനിയടെ നേർക്കുണ്ടായ മാരകമായ ആക്രമണം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച (ജനുവരി മൂന്ന്) രാവിലെ ബഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പുറത്തു കടക്കുകയായിരുന്ന സുലൈമാനിയും സംഘവും സഞ്ചരിച്ചിരുന്ന രണ്ടു കാറുകളിൽ യുഎസ് ഡ്രോണുകളിൽനിന്നുള്ള മിസൈലുകൾ ചെന്നിടിക്കുകയായിരുന്നു. ഏഴുപേർ കൊല്ലപ്പെട്ടു. 

ഇറാഖിലെ ഇറാൻ അനുകൂല മിലീഷ്യകളുടെ നേതാക്കളിൽ ഒരാളായ അബു മഹ്ദി അൽമുഹൻദിസും അവരിൽ ഉൾപ്പെടുന്നു. പുതുവർഷത്തിന്റെ തലേന്നു ബഗ്ദാദിലെ യുഎസ് എംബസ്സിയുടെ നേരെയുണ്ടായ ആക്രമണത്തിനും അതിനു മുൻപത്തെ വെള്ളിയാഴ്ച (ഡിസംബർ 27) ഒരു അമേരിക്കക്കാരൻ കൊല്ലപ്പെട്ട സംഭവത്തിനും ചുക്കാൻ പിടിച്ചതു മുഹൻദിസാണെന്നായിരുന്നു യുഎസ് ആരോപണം. 

അതിന്റെയെല്ലാം പിന്നിൽ ഇറാന്റെ കൈകളും അമേരിക്ക കണ്ടു. ഇറാൻ അതിനു കനത്ത വില നൽകേണ്ടിവരുമെന്നു മുന്നറിയിപ്പ് നൽകിയ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  ഇതൊരു താക്കീതല്ല, ഭീഷണിയാണെന്ന് ഒാർമപ്പെടുത്തുകയുമുണ്ടായി. 

കഴിഞ്ഞ വർഷം ജൂണിൽ അമേരിക്കയുടെ ഒരു ഡ്രോൺ ഇറാൻ വെടിവച്ചുവീഴ്ത്തിയപ്പോഴും ട്രംപ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഇറാനെ ആക്രമിക്കാൻ അദ്ദേഹം ഉത്തരവിടുകയുംചെയ്തു. അവസാന നിമിഷത്തിൽ പിന്മാറുകയായിരുന്നു.

qasem-soleimani-death-1

എന്നാൽ, ഇത്തവണ അദ്ദേഹം മടിച്ചുനിന്നില്ല. ബഗ്ദാദിലെ യുഎസ് എംബസ്സിക്കുനേരെയുണ്ടായ ജനക്കൂട്ടത്തിന്റെ ആക്രമണം അദ്ദേഹത്തെ അത്രയും ക്ഷുഭിതനാക്കിയത്രേ. ലിബിയയിലെ ബെൻഗാസിയിൽ 2012ൽ യുഎസ് കോൺസുലേറ്റിനു നേരെയുണ്ടായ ആക്രമണത്തെ  ഓർമിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു ഇൗ സംഭവം. അംബാസ്സഡർ ഉൾപ്പെടെ നാല് അമേരിക്കക്കാർ ബെൻഗാസിയിൽ  കൊല്ലപ്പെടുകയുണ്ടായി.  

ഇറാനിൽ 1979ലെ ഇസ്ലാമിക വിപ്്ളവത്തിനുശേഷം ടെഹറാനിലെ യുഎസ് എംബസ്സി ഒരുകൂട്ടം വിദ്യാർഥികൾ കൈയേറിയ സംഭവവും ചരിത്രത്തിൽ രേഖപ്പെട്ടു കിടക്കുന്നു. 52 യുഎസ് ഉദ്യോഗസ്ഥർക്ക് ഒരു വർഷവും 79 ദിവസവും അവരുടെ ബന്ദികളായി  കഴിയേണ്ടിവന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലുമായിരുന്നു ബഗ്ദാദ് സംഭവത്തിൽ ട്രംപിൽനിന്നുണ്ടായ രൂക്ഷമായ പ്രതികരണം. 

യുഎസ്-ഇറാൻ സംഘർഷം നേരത്തെ തന്നെ അടിക്കടി മൂർഛിക്കുകയായിരുന്നു. അമേരിക്ക ഉൾപ്പെടെയുള്ള ആറു രാജ്യങ്ങൾ ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറിൽനിന്ന് ഒന്നര വർഷം മുൻപ് ട്രംപ് പിൻവാങ്ങിയതോടെയായിരുന്നു അതിന്റെ തുടക്കം. 

കൂടുതൽ കർക്കശമായ വ്യവസ്ഥകളുളള മറ്റൊരു കരാറിനുവേണ്ടി സമ്മർദ്ദം ചെലുത്താനായി അദ്ദേഹംഇറാനെതിരെ ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. 

അതിനിടയിലാണ് കഴിഞ്ഞ വർഷം മധ്യത്തിൽ ഗൾഫിൽ സൗദി അറേബ്യ, യുഎഇ, ജപ്പാൻ, നോർവെ എന്നീ രാജ്യങ്ങളുടെ എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടത്. സെപ്റ്റംബറിൽ സൗദി അറേബ്യയിലെ ഒരു എണ്ണപ്പാടത്തിനും എണ്ണ സംസ്ക്കരണ ശാലയ്ക്കും നേരെയും ആക്രമണമുണ്ടായി. 

ഇതെല്ലാം യുഎസ് ഉപരോധത്തിനോടുള്ള ഇറാന്റെ പ്രതികരണമായി എണ്ണപ്പെടുകയായിരുന്നു. അത്തരം സംഭവങ്ങളിലൊന്നും പക്ഷേ ഇറാഖ് ഉൾപ്പെട്ടിരുന്നില്ല. ഇറാഖിൽ ഇറാനുള്ള സ്വാധീനവും അവിടെയുള്ള യുഎസ് സൈനിക സാന്നിധ്യവും തമ്മിൽ നേരിട്ടു കൂട്ടിമുട്ടാനുള്ള സാധ്യത എപ്പോഴും ഉണ്ടായിരുന്നുവെങ്കിലും ഒരിക്കലും അങ്ങനെ സംഭവിച്ചിരുന്നുമില്ല.  

എന്നാൽ, കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലുണ്ടായ ഏതാനും സംഭവങ്ങൾ അതിൽനിന്നുള്ള മാറ്റത്തിന്റെ സൂചനകളാണ് നൽകിയത്. വടക്കൻ-മേഖലയിലെ കിർക്കുക്കിനു സമീപമുള്ള ഇറാഖി സൈനിക താവളത്തിനുനേരെ നടന്ന റോക്കറ്റ് ആക്രമണമായിരുന്നു അവയിലൊരു സംഭവം. അവിടെയുണ്ടായിരുന്ന ഒരു യുഎസ് കോൺട്രാക്റ്റർ കൊല്ലപ്പെടുകയും അമേരിക്കയുടെ നാലും ഇറാഖിന്റെ  രണ്ടും സൈനികർക്കു പരുക്കേൽക്കുകയും ചെയ്തു. 

ആക്രമണം നടത്തിയത് കതൈബ് ഹിസ്ബുല്ലയെന്ന ഇറാൻ അനുകൂല മിലീഷ്യയാണെന്നായിരുന്നു ആരോപണം. അമേരിക്കക്കാരൻ കൊല്ലപ്പെട്ടതിനു പകരംവീട്ടാനായി അവരുടെ ഇറാഖിലെ മൂന്നും സിറിയയിലെ രണ്ടും താവളങ്ങൾ യുഎസ് വിമാനങ്ങൾ ബോംബിട്ടു തകർത്തു. 25 പേർ കൊല്ലപ്പെട്ടു. 

അതിനെതിരെ അവരോടൊപ്പം മറ്റ് ഇറാൻ അനുകൂല മിലീഷ്യകളും ചേർന്നു നടത്തിയ രോഷ പ്രകടനമായിരുന്നു ബഗ്ദാദിലെ യുഎസ് എംബസ്സി ആക്രമണം. സുലൈമാനി വധം അതിനുള്ള അമേരിക്കയുടെ പകവീട്ടലും. എല്ലാം നടന്നത് ഇറാഖിൽ.

impeachment-donald-trump-senate

ഇറാഖിലെ ഗവൺമെന്റുമായുള്ള അമേരിക്കയുടെ ബന്ധവും ഇതോടെ ഉലയുകയാണ്. എംബസ്സി ആക്രമിക്കാൻ എത്തിയവരെ ഇറാഖി സുരക്ഷാ ഭടന്മാർ തടഞ്ഞില്ലെന്നതിൽ അമേരിക്കയ്ക്ക്അമർഷമുണ്ട്. നേരത്തെ ഇറാൻ അനുകൂല മിലീഷ്യയുടെ താവളങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ ഇറാഖ് ഗവൺമെന്റ് അപലപിച്ചതും അമേരിക്കയ്ക്ക് ഇഷ്ടമായിരുന്നില്ല.  

സുലൈമാനിയുടെ വധത്തെയും ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദി രൂക്ഷമായി വിമർശിച്ചു. അമേരിക്കയുമായുള്ള സൈനിക ബന്ധം പുനഃപരിശോധിക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്തു.     

അമേരിക്കക്കാർ ഇറാഖിലെത്തിയത് 2003ലെ യുദ്ധത്തോടെയായിരുന്നു. സദ്ദാം ഹുസൈന്റെ ഏകാധിപത്യം അവസാനിച്ചുവെങ്കിലും തുടർന്നുണ്ടായത് ഇറാനു സ്വാധീനമുള്ള ഗവൺമെന്റുകളാണ്. അവരെ സംരക്ഷിക്കേണ്ട ബാധ്യതയും അമേരിക്കയ്ക്ക് ഏറ്റെടുക്കേണ്ടിവന്നു. 

അതിന്റെ ഭാഗമായിട്ടാണ് അയ്യായിരത്തിലേറെ യുഎസ് ഭടന്മാർ ഇപ്പോഴും ഇറാഖിൽ സേവനം ചെയ്യുന്നത്. സംഘർഷം മൂർഛിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇറാന്റെയും ഇറാഖിലെ ഇറാൻഅനുകൂലികളുടെയും രോഷത്തെ നേരിടേണ്ടിവരിക ഒരുപക്ഷേ ഇവരായിരിക്കും. 

ഇറാഖിലുള്ള യുഎസ് സിവിലിയന്മാരുടെ സ്ഥിതിയും അപകടത്തിലാണ്. എല്ലാവരോടും അടിയന്തരമായിസ്ഥലം വിടാൻ ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവചനാതീതമായ സംഭവങ്ങളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കപ്പെട്ടുവെന്ന ആശങ്കയാണ് പരക്കേ ഉയർന്നിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA