ബ്രിട്ടനില്‍ കൊട്ടാര ‘വിപ്ലവം’

HIGHLIGHTS
  • വംശീയതയുടെ പരസ്യമായ വിഷം ചീറ്റല്‍
  • രാജകുടുംബത്തിലും പ്രശ്നമെന്ന് അഭ്യൂഹം
Megan Markle, Prince Harry
മാതാവ് ഡയാനയെ വേട്ടയാടുകയും അവരെ മരണത്തിലേക്കു തള്ളിവിടുകയും ചെയ്ത അതേതരം ആളുകള്‍ തന്‍റെയും ഭാര്യയുടെയും ജീവിതം ദുസ്സഹമാക്കുന്നതിനെതിരെ ബ്രിട്ടനിലെ രാജകുമാരന്‍ പ്രതികരിക്കുന്നു
SHARE

ബ്രിട്ടനിലെ രാജാവായിരുന്ന എഡ്വേഡ് എട്ടാമന്‍ ‘സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യ’ത്തിന്‍റെ സിംഹാസനം ഉപേക്ഷിച്ചത് താന്‍ സ്നേഹിക്കുന്ന സ്ത്രീയെ വിവാഹം ചെയ്യാനായിരുന്നു. വാല്ലിസ് സിംസണ്‍ എന്നു പേരായ ആ സ്ത്രീ ബ്രിട്ടീഷുകാരിയായിരുന്നില്ല, അമേരിക്കക്കാരിയും  വിവാഹമോചിതയുമായിരുന്നു. 

നൂറ്റാണ്ടുകളുടെ പഴക്കമുളള രാജകീയ പാരമ്പര്യംഅനുസരിച്ച് അത്തരമൊരു വനിതയ്ക്കു രാജപത്നിയായാകാന്‍ അര്‍ഹതയുണ്ടായിരുന്നില്ല. രണ്ടിലൊന്നേ പറ്റൂവെന്ന സ്ഥിതി വന്നപ്പോള്‍ രാജാവ്  11 മാസംമാത്രം താനിരുന്ന സിംഹാസനം 1936ല്‍ കൈവിട്ടു. ഫ്രാന്‍സിലേക്കു പോയി. അവിടെ വച്ചായിരുന്നു സാലിയുമായുള്ള വിവാഹം. 

എട്ടു പതിറ്റാണ്ടുകള്‍ക്കുശേഷം അതിനെ ഓര്‍മിപ്പിക്കുന്ന മറ്റൊരു കഥ നടക്കുകയാണ് ബ്രിട്ടനില്‍. എലിസബത്ത് രാജ്ഞിയുടെ പൗത്രന്‍ ഹാരി രാജകുമാരന്‍റെ വിവാഹത്തില്‍നിന്നു തുടങ്ങിയതാണ് പ്രശ്നം.  ഒടുവില്‍, അദ്ദേഹവും ഭാര്യ മേഗന്‍ മാർക്കിളും രാജകുടുംബത്തിലെ സീനിയര്‍ അംഗങ്ങളെന്ന  നിലയിലുള്ള തങ്ങളുടെ സ്ഥാനങ്ങളില്‍നിന്നു മാറിനില്‍ക്കുന്ന ഘട്ടംവരെയെത്തി നില്‍ക്കുന്നു. 

ഇനി അവരുടെ താമസം ബ്രിട്ടനില്‍ മാത്രമായിരിക്കില്ല, കാനഡയിലുമായിരിക്കും. സാമ്പത്തികമായി സ്വതന്ത്രമാകാനും ഉദ്ദേശിക്കുന്നു. പണത്തിനുവേണ്ടി കൊട്ടാരത്തെ ആശ്രയിക്കില്ലെന്നും പണിയെടുത്തു കുടുംബം പോറ്റുമെന്നുമാണ് ഇതിനര്‍ഥമെന്നു വ്യാഖ്യാനിക്കപ്പെടുന്നു. ഇതൊന്നും മുന്‍പ് നടന്നിട്ടുള്ളതല്ല.

കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍റെയും പരേതയായ ഡയാനയുടെയും രണ്ടാമത്തെ പുത്രനാണ് മുപ്പത്തഞ്ചുകാരനായ ഹാരി. അദ്ദേഹം പ്രേമിച്ചുകല്യാണം കഴിച്ച മേഗന്‍ (38)  അമേരിക്കക്കാരിയും വിവാഹമോചിതയും മാത്രമല്ല, ഭാഗികമാ യി കറുത്ത വര്‍ഗക്കാരിയുമാണ്. അതാണ് പ്രശ്നത്തിന്‍റെ കാതലും. 

കറുത്ത വര്‍ഗക്കാരിയില്‍  വെള്ളക്കാരനു പിറന്ന മകളാണ് മേഗന്‍. ‘‘ഞാന്‍ പകുതി വെളുപ്പും പകുതികറുപ്പു’’മാണെന്നു മേഗന്‍തന്നെ ഒരിക്കല്‍ പറയുകയുണ്ടായി. മാതാപിതാക്കള്‍ ഒന്‍പതു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം വേര്‍പിരിഞ്ഞു. സിനിമ-ടിവി നടിയായിരുന്ന മേഗന്‍ 2011ല്‍ ഒരു  സിനിമാ നടനെ വിവാഹം ചെയ്തെങ്കിലും രണ്ടു വര്‍ഷമായപ്പോള്‍ ആ ബന്ധവും അവസാനിച്ചു. 

ഇങ്ങനെയുള്ള പശ്ചാത്തലവുമായിട്ടാണ് മേഗന്‍ 2018 മേയില്‍ ബക്കിങ്ഹാം കൊട്ടാരത്തിലെ  നവവധുവായത്. കടുത്ത യാഥാസ്ഥികര്‍ക്കും അവരെ പ്രതിനിധാനം ചെയ്യുന്ന ഒരു വിഭാഗം പത്രങ്ങള്‍ക്കും അതു രസിച്ചില്ല. വംശീയതയുടെയും വര്‍ഗ മേധാവിത്തത്തിന്‍റെയും വിഷം ചീറ്റലാണ് തുടര്‍ന്നുണ്ടായത്. 

അമേരിക്കയിലെ പരുത്തിപ്പാടങ്ങളില്‍ പണിയെടുത്ത നീഗ്രോ അടിമകളുടെ പിന്‍മുറക്കാരി തങ്ങളുടെ കൊട്ടാരത്തിലേക്കു കയറിവന്നിരിക്കുന്നുവെന്ന രീതിയിലായിരുന്നു ചില ടാബ്ളോയിഡ് പത്രങ്ങളുടെ പരാമര്‍ശങ്ങള്‍.  

വാസ്തവത്തില്‍ ഹാരി രാജകുമാരന്‍ 2016ല്‍ മേഗനെ പ്രേമിക്കാന്‍ തുടങ്ങിയതു മുതല്‍തന്നെ ഈ പത്രങ്ങള്‍ തങ്ങളുടെ അതൃപ്തിയും അവജ്ഞയുമെല്ലാം തുറന്നു കാണിക്കുകയായിരുന്നു. മേഗന്‍വിട്ടുകൊടുത്തില്ല. ഹാരിയെ വിവാഹം ചെയ്താല്‍ ഇക്കൂട്ടര്‍ തന്‍റെ ജീവിതം നശിപ്പിക്കുമെന്നു സുഹൃത്തുക്കള്‍ തനിക്കു മുന്നറിയിപ്പ് നല്‍കിയിരുന്നതായി തുറന്നടിച്ചു. മേഗന്‍റെ  കൂസലില്ലായ്മ, തന്‍റേടത്തോടെയുള്ള പെരുമാറ്റം എന്നിവയും വിമര്‍ശകരെ അരിശംകൊള്ളിക്കുന്നു. 

megan-markle-prince-harry-01
മേഗൻ മാർക്കിൾ, ഹാരി രാജകുമാരൻ

ഈ യുവതി എന്നെങ്കിലും തങ്ങളുടെ റാണിയാകുമെന്ന ഭീതി ബ്രിട്ടനിലെ വര്‍ണവെറിയന്മാര്‍ക്ക് ഉണ്ടാകേണ്ട കാര്യമില്ല. കാരണം, ഇന്നത്തെ നിലയിലുള്ള പിന്തുടര്‍ച്ചാ പരിഗണനയില്‍ ആറാം സ്ഥാനമേ ഹാരി രാജകുമാരനുള്ളൂ.  എലിസബത്ത്  രാജ്ഞിക്കു ശേഷം അടുത്ത സ്ഥാനം മൂത്തമകന്‍ പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന സ്ഥാനപ്പേരുള്ള എഴുപത്തൊന്നുകാരന്‍ ചാള്‍സിനാണ്. അതിനുശേഷം അദ്ദേഹത്തിന്‍റെ മൂത്ത മകനും ഹാരിയുടെ ചേട്ടനുമായ  വില്യം. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മക്കള്‍ ജോര്‍ജ്, ഷാര്‍ലറ്റ്, ലൂയിസ് എന്നിവര്‍. അതും കഴിഞ്ഞാണ് ഹാരിയുടെ സ്ഥാനം. 

ഹാരിയുടെ പന്ത്രണ്ടാം വയസ്സിലാണ് മാതാവ് ഡയാന 1997 ഓഗസ്റ്റില്‍ പാരിസില്‍ കാറപകടത്തില്‍ മരിച്ചത്. ഡയാനയുടെ സ്വകാര്യതകളിലേക്കു നിരന്തരമായി ചൂഴ്ന്നു നോക്കിക്കൊണ്ടി രുന്ന മാധ്യമങ്ങളായിരുന്നു അതിനുത്തരവാദികള്‍. മാധ്യമ ഫൊട്ടോഗ്രാഫര്‍മാര്‍ വിടാതെ പിന്തുടര്‍ന്നപ്പോള്‍ രക്ഷപ്പെടാനായി ഡയാനയുടെ കാറിന്‍റെ ഡ്രൈവര്‍ വേഗം കൂട്ടി. അത് അപകടത്തിനു കാരണമാവുകയായിരുന്നു.  

മാതാവിനെ വേട്ടയാടിയ അതേതരം ആളുകള്‍ തന്‍റെയും ഭാര്യയുടെയും ജീവിതം ദുസ്സഹമാക്കുന്നതു ഹാരിയെ അസ്വസ്ഥനാകുന്നു. രാജകുടുംബത്തിനകത്തുതന്നെ ഇതു പ്രശ്നങ്ങള്‍ക്കു കാരണമായത്രേ. 

സസ്സക്സിലെ പ്രഭു, പ്രഭി എന്നീ സ്ഥാനപ്പേരുകളുളള ഹാരിക്കും ഭാര്യക്കും ഇക്കാര്യത്തില്‍ കൊട്ടാരത്തില്‍ നിന്ന് അവര്‍ ആഗ്രഹിച്ചതുപോലുള്ള പിന്തുണ കിട്ടിയില്ല. അവരെയിത് വേദനിപ്പിച്ചുവെന്നും രാജകീയ ചുമതലകളില്‍നിന്ന് വിട്ടുനില്‍ക്കാനുളള അവരുടെ തീരുമാനം അതിന്‍റെകൂടി അനന്തര ഫലമാണെന്നും  പറയപ്പെടുന്നു. 

prince-harry-with-wife-megan-01
മേഗൻ മാർക്കിൾ, ഹാരി രാജകുമാരൻ

ടാബ്ളോയിഡ് പത്രങ്ങളെ വിശ്വസിക്കാമെങ്കില്‍ ഹാരിയും ചേട്ടന്‍ വില്യമും ഇരുവരുടെയും ഭാര്യമാരും പരസ്പരം മിണ്ടാറില്ല.  രാജ്ഞിക്കുതന്നെ മേഗനെ  ഇഷ്ടമല്ലെന്നു പോലും അഭ്യൂഹങ്ങളുണ്ടായി. പതിവിനു വിപരീതമായി ഇത്തവണ ക്രിസ്മസ്ആഘോഷിക്കാന്‍ ഹാരിയും ഭാര്യയും എട്ടു മാസം പ്രായമായ മകന്‍ ആര്‍ച്ചിയും കൊട്ടാരത്തിലുണ്ടായിരുന്നില്ല. മേഗന്‍റെ മാതാവിനോടൊപ്പം കാനഡയിലായിരുന്നു.

രാജകീയ പദവികള്‍ ഒഴിയുകയാണെന്ന വിവരം കഴിഞ്ഞ ബുധനാഴ്ച് (ജനുവരി എട്ട്) അവര്‍ പരസ്യമാക്കിയത് ഇന്‍സ്റ്റഗ്രാമിലൂടെയാണ്. അതിനു മുന്‍പ്  രാജ്ഞിയുമായോ പിതാവ് ചാള്‍സുമായോ  ജ്യേഷഠന്‍ വില്യമുമായോ ഇക്കാര്യം  സംസാരിച്ചിരുന്നില്ലത്രേ. ഇതും അവരോടുള്ള അദ്ദേഹത്തിന്‍റെ അതൃപ്തിയും അകല്‍ച്ചയും സൂചിപ്പിക്കുന്നതായി കരുതപ്പെടുന്നു. 

Prince William, Prince Harry
വില്യം രാജകുമാരൻ, ഹാരി രാജകുമാരൻ

സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്നു, എങ്കിലും വിവരം മണത്തറിഞ്ഞ ഒരു പത്രം അതു വെളിപ്പെടുത്താന്‍  പോവുകയാണെന്ന് അറിഞ്ഞപ്പോള്‍ ഉടന്‍തന്നെ പ്രഖ്യാപനം നടത്താന്‍ ഹാരി നിര്‍ബന്ധിതനായി - ഇങ്ങനെയൊരു വ്യാഖ്യാനവുമുണ്ട്. 

Meghan Markle, Prince Harry
മേഗൻ മാർക്കിൾ, ഹാരി രാജകുമാരൻ

രാജ്ഞിക്കു വലിയ വിഷമമായി. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അവര്‍ മകനെയും പേരക്കുട്ടികളെയും വിളിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു (ജനുവരി 13) യോഗം. ഒന്നുകില്‍ രാജ്ഞിക്കു പൗത്രന്‍റെ പ്രയാസങ്ങള്‍  ബോധ്യമായി. അല്ലെങ്കില്‍, അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഹാരിയുടെ തീരുമാനം രാജ്ഞി അംഗീകരിച്ചുവെന്നാണ് കൊട്ടാരത്തില്‍ നിന്നുള്ള അറിയിപ്പ്.   

ബ്രിട്ടീഷ് രാജകുടുംബം പിടിച്ചുകുലുക്കപ്പെടുക്കുന്നതു ഏതാനും മാസങ്ങള്‍ക്കിടയില്‍ ഇതു രണ്ടാം  തവണയാണ്. രാജ്ഞിയുടെ രണ്ടാമത്തെ മകന്‍ ആന്‍ഡ്രുവാണ്  (59) ആദ്യസംഭവത്തിലെ നായകന്‍. 

കൗമാര പ്രായക്കാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡി പ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ അമേരിക്കന്‍ കോടീശ്വരന്‍ ജെഫ്രി എപ്സ്റ്റെയിനുമായി ആന്‍ഡ്രൂ ചങ്ങാത്തത്തിലായിരു ന്നുവെന്നാണ് ആരോപണം. ബാലികയായിരുന്നപ്പോള്‍ തന്നെ ആന്‍ഡ്രൂ പീഡിപ്പിച്ചിരു ന്നുവെന്നും ഒരു സ്ത്രീ പിന്നീടു  കുറ്റപ്പെടുത്തുകയുണ്ടായി. 

prince-william-and-prince-harry-with-their-family-01
വില്യം രാജകുമാരൻ, കേറ്റ് മിഡിൽ‌‌ടൺ, ഹാരി രാജകുമാരൻ, മേഗൻ മാർക്കിൾ

ജയിലിലായിരുന്ന എപ്സ്റ്റെയിന്‍ ആത്മഹത്യ ചെയ്തതോടെയാണ്  ഈ കേസ് ലോകശ്രദ്ധ ആകര്‍ഷിച്ചത്. രാജകുടുംബാംഗം എന്ന നിലയില്‍ ആന്‍ഡ്രൂ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതു  കുറച്ചുകാലത്തേക്കു രാജ്ഞി വിലക്കിയിരിക്കുയാണ്. തൊണ്ണൂറ്റി മൂന്നാം വയസ്സിലെത്തിയ എലിസബത്ത് രാജ്ഞിക്ക് ഇതെല്ലാം തലവേദനയുണ്ടാക്കുന്നു. 

English Summary : Prince Harry, Meghan Markle, Queen Elizabeth, Canadian Plan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA