ഭാവി ഭദ്രമാക്കുന്ന വ്ളാഡിമിര്‍ പുടിന്‍

HIGHLIGHTS
  • റഷ്യക്കു പുതിയ പ്രധാനമന്ത്രി
  • വരുന്നതു കസാഖ്സ്ഥാന്‍ മോഡല്‍
Vladimar Putin
പ്രസിഡന്‍റ് പദവിയുടെ കാലാവധി 2024ല്‍ അവസാനിച്ചാലും അധികാരം വിട്ടുകൊടുക്കാതിരിക്കാന്‍ പുടിന്‍ ഒരുങ്ങിക്കഴിഞ്ഞുവെന്നു സൂചനകള്‍
SHARE

റഷ്യയുടെ പ്രസിഡന്‍റ് സ്ഥാനത്തു നാലു വര്‍ഷംകൂടി ബാക്കിയുള്ള  വ്ളാഡിമിര്‍ വ്ളാഡിമിറോവിച്ച് പുടിന്‍ അതു കഴിഞ്ഞാല്‍ എന്തുചെയ്യും ? ഇതിനകംതന്നെ പ്രസിഡന്‍റും പ്രധാനമന്ത്രിയുമെന്ന നിലയില്‍ മൊത്തം 20 വര്‍ഷം രാജ്യം ഭരിച്ചു. അതിനാല്‍, നിലവിലുള്ള കാലാവധി 2024ല്‍ അവസാനിക്കുന്നതോടെ അദ്ദേഹം രംഗം വിടേണ്ടതല്ലേ ? ഇങ്ങനെ ചിന്തിക്കുന്നവരുണ്ട്. എന്നാല്‍, പുടിന്‍ ചിന്തിക്കുന്നത് അങ്ങനെയല്ലെന്നു തോന്നുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച (ജനുവരി 15) മോസ്ക്കോയില്‍നിന്ന പുറത്തുവന്ന രണ്ടു വാര്‍ത്തകള്‍ അതിന്‍റെ സൂചനയാണ്.    

ഭരണഘടനയില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പുടിന്‍തന്നെ നടത്തിയ പ്രഖ്യാപനമായിരുന്നു ആദ്യ വാര്‍ത്ത. എന്നാല്‍, അതിനേക്കാളേറെ ലോകശ്രദ്ധ പിടിച്ചുപറ്റിയതു പ്രധാനമന്ത്രി ദിമിത്രി മെദ്വദേവും അദ്ദേഹത്തിന്‍റെ മന്ത്രിസഭയും ഏതാനും മണിക്കൂറുകള്‍ക്കം രാജിവച്ചതാണ്. ഇങ്ങനെയൊരു സംഭവം ആരും പ്രതീക്ഷിച്ചിരുന്നില്ല. 

പുടിനും അദ്ദേഹത്തിന്‍റെ വിശ്വസ്ത അനുയായിയും തമ്മില്‍ പിണങ്ങിയോ എന്നു പോലും പലരും സംശയിച്ചു. എന്നാല്‍, മെദ്വദേവിന്‍റെ രാജി പുടിന്‍റെ പ്ളാന്‍ അനുസരിച്ചു തന്നെയായിരുന്നു. മുന്‍പ് നാലു വര്‍ഷം പ്രസിഡന്‍റുമായിരുന്ന അദ്ദേഹത്തെ പുടിന്‍ ഉടന്‍തന്നെ ദേശീയ സുരക്ഷാസമിതിയുടെ ഉപാദ്ധ്യക്ഷനായി നിയമിച്ചു. അദ്ദേഹത്തിന്‍റെ ഒഴിവില്‍ നികുതി വിഭാഗം തലവന്‍ മിഖെയില്‍ മിഷുസ്തിനെ പ്രധാന മന്ത്രിയാക്കി.  

മുന്‍പ് പുടിന്‍കൂടി ഇരുന്ന സ്ഥാനത്തേക്കാണ് അധികമൊന്നും അറിയപ്പെടാത്ത  ടെക്നോക്രാറ്റായ മിഷുസ്തിന്‍ കയറിവരുന്നത്. 1999ല്‍ അന്നത്തെ റഷ്യന്‍ പ്രസിഡന്‍റ് ബോറിസ് യെല്‍സിന്‍റെ കീഴില്‍  ആദ്യമായി പ്രധാനമന്ത്രിയാകുമ്പോള്‍ പുടിനും അധികമൊന്നും അറിയപ്പെട്ടിരുന്നില്ല. ആദ്യം സോവിയറ്റ് യൂണിയന്‍റെയും പിന്നീടു റഷ്യയുടെയും ചാരവിഭാഗത്തില്‍ ഉന്നത ഉദ്യോഗസ്ഥാനായിരുന്നു.  

vladimar-putin-22
വ്ളാഡിമർ പു‌ടിൻ

മെദ്വദേവ് ഉപാധ്യക്ഷനായി നിയമിക്കപ്പെട്ടതോടെ ഇപ്പോള്‍ രക്ഷാസമിതിയും പതിവിലേറെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. വിവിധ മേഖലകളിലെ ഗവര്‍ണര്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുക്കപ്പെട്ട രാഷ്ടീയ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് രക്ഷാസമിതി. പ്രസിഡന്‍റ് എന്ന നിലയില്‍ പുടിനാണ് അതിന്‍റെ അധ്യക്ഷന്‍. 

നിലവില്‍ കാര്യമായ അധികാരങ്ങളില്ലാത്ത ഒരു ഉപദേശക സമിതിയാണിത്. എങ്കിലും, ഭരണഘടനയില്‍ പുടിന്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങള്‍ നടപ്പാകുന്നതോടെ അധികാരങ്ങള്‍ വര്‍ധിക്കുകയും അതിന്‍റെ അധ്യക്ഷന്‍ രാജ്യത്തിലെ ഏറ്റവും ശക്തനാവുകയും ചെയ്യും. പ്രസിഡന്‍റ് പദവിയില്‍നിന്നു വിരമിക്കാന്‍ നാലു വര്‍ഷംകൂടി ബാക്കിയുളളപ്പോള്‍ തന്നെ തന്‍റെ ഭാവി സുരക്ഷിതമാക്കാന്‍ പുടിന്‍ കരുനീക്കം തുടങ്ങിയെന്നാണ്  പലരും കരുതുന്നത്. 

റഷ്യയോടൊപ്പം സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന കസഖ്സ്ഥാനില്‍ അടുത്ത കാലത്തു സംഭവിച്ചതും  ഇങ്ങനെയാണ്. അവിടെ 20 വര്‍ഷം പ്രസിഡന്‍റായിരുന്ന നൂര്‍സുല്‍ത്താന്‍ നസര്‍ബായെവ് കഴിഞ്ഞ വര്‍ഷം സ്ഥാനമൊഴിഞ്ഞു. അതിന് ഒരു വര്‍ഷം മുന്‍പ് തന്നെ രക്ഷാസമിതിയുടെ അധികാരങ്ങള്‍ അദ്ദേഹം വര്‍ധിപ്പിക്കുകയുണ്ടായി. പ്രസിഡന്‍റ്പദം ഒഴിഞ്ഞശേഷം അതിന്‍റെ ആജീവനാന്ത തലവനാവുകയും ചെയതു. 

നസര്‍ബായെവ് തന്നെ തിരഞ്ഞെടുത്തയാളാണ് കസഖ്സ്ഥാ നിലെ പുതിയ പ്രസിഡന്‍റ്. എങ്കിലും, ഭാവിയില്‍ അദ്ദേഹം തന്നെ അട്ടിമറിക്കാതിരിക്കാനും മുന്‍പ്രസിഡന്‍റ് ഇങ്ങനെ മുന്‍കരുതലെടുക്കുകയായിരുന്നു. പ്രസിഡന്‍റിനേക്കാള്‍ അധികാരമാണ് രക്ഷാസമിതി അധ്യക്ഷനുള്ളത്. പുടിനും തിരഞ്ഞെടുക്കുന്നത് ഒരുപക്ഷേ ഈവഴിയായിരിക്കും. മുന്‍കരുതലെന്ന നിലയ്ക്കുതെന്നെയാവാം ഇനി വരുന്ന റഷ്യന്‍ പ്രസിഡന്‍റിന്‍റെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കാനും പുടിന്‍ ഉദ്ദേശിക്കുന്നു. നിര്‍ദിഷ്ഠ ഭരണഘടനാ ഭേദഗതികള്‍ അതാണ് ചൂണ്ടിക്കാട്ടുന്നത്.

vladimar-putin-33
വ്ളാഡിമർ പു‌ടിൻ

പ്രസിഡന്‍റിന് ഉണ്ടായിരിക്കേണ്ട യോഗ്യതകളിലും മാറ്റം നിര്‍ദേശിച്ചിട്ടുണ്ട്. അതനുസരിച്ച് ചുരുങ്ങിയത് 25 വര്‍ഷമായി റഷ്യയില്‍ താമസിച്ചുവരുന്നവര്‍ക്കേ പ്രസിഡന്‍റാകാന്‍ അര്‍ഹതയുളളൂ. പുടിനുമായി പിണങ്ങിയും ഏറ്റുമുട്ടിയും നാടുവിട്ടുപോയവര്‍ക്കു പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കഴിയില്ല. 

പ്രധാനമന്ത്രിയെയും മന്ത്രിമാരെയും നിയമിക്കാനുള്ള അധികാരം പ്രസിഡന്‍റില്‍നിന്നു എടുത്തുമാറ്റുകയും പാര്‍ലമെന്‍റിനു നല്‍കുകയും ചെയ്യുന്നതാണ് മറ്റൊരു ഭേദഗതി. സായുധ സേനകളുടെ തലവന്മാരെ നിയമിക്കാനുള്ള അധികാരം പ്രസിഡന്‍റിനായിരിക്കുമെങ്കിലും അതു നിര്‍വഹിക്കുന്നതു പാര്‍ലമെന്‍റുമായി ആലോചിച്ചായിരിക്കണം. ഭരണഘടനാ ഭേദഗതികള്‍ ഹിതപരിശോധനയ്ക്കുവിധേയമായിരിക്കും. അതിനു തീയതി നിശ്ചയിച്ചിട്ടില്ല.

തുടര്‍ച്ചയായി രണ്ടു തവണയിലധികം പ്രസിഡന്‍റാകാന്‍ പാടില്ലെന്ന ഭരണഘടനാ വ്യവസ്ഥ 2024നുശേഷവും പുടിന്‍ ആ സ്ഥാനത്തു തുടരുന്നതിനു തടസ്സമാകുന്നു.  ഒരിക്കല്‍കൂടി പ്രധാനമന്ത്രിയായശേഷം വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്കു മല്‍സരിക്കുകയെന്ന 2012ലെ അടവ് ആവര്‍ത്തിക്കുകയാണ് അതിനൊരു പോംവഴി. എന്നാല്‍, പ്രസിഡന്‍റിനു മേലില്‍ ഇന്നത്തെ അത്രയും അധികാരങ്ങള്‍ ഉണ്ടാവില്ല. ആ നിലയില്‍ അദ്ദേഹം അതിനുവേണ്ടി ശ്രമിക്കാനുള്ള സാധ്യത പലരുംതള്ളിക്കളയുന്നു.  

മോസ്കോയില്‍ ഏറ്റവും നീണ്ട കാലം അധികാരത്തിലിരുന്ന വരില്‍ രണ്ടാമനാണ് ഇപ്പോള്‍തന്നെ പുടിന്‍. ആദ്യത്തെയാള്‍ മൂന്നുപതിറ്റാണ്ടിന്‍റെ റെക്കോഡുള്ള സോവിയറ്റ് ഏകാധിപതി ജോസഫ് സ്റ്റാലിനായിരുന്നു.  സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്കു ശേഷം പ്രസിഡന്‍റ് ബോറിസ് യെല്‍സിന്‍റെ ഭരണത്തില്‍ റഷ്യ കലങ്ങിമറിഞ്ഞു കൊണ്ടിരിക്കേയായിരുന്നു1999ല്‍ അദ്ദേഹത്തിന്‍റെ പ്രധാനമന്ത്രിയെന്ന നിലയിലുള്ള പുടിന്‍റെ രംഗപ്രവേശം.

Vladimir Putin
വ്ളാഡിമർ പു‌ടിൻ

യെല്‍സിന്‍ വിരമിച്ചതോടെ അടുത്ത വര്‍ഷം പ്രസിഡന്‍റായി. രണ്ടു തവണയായി എട്ടു വര്‍ഷം ആ സ്ഥാനത്തിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയും പ്രസിഡന്‍റാകുന്നതിനു ഭരണഘടന തടസ്സമായപ്പോഴാണ് 2008ല്‍ സ്ഥാനമൊഴിഞ്ഞു പ്രധാനമന്ത്രിയായത്. തന്‍റെ കീഴില്‍ ഒന്നാം ഉപപ്രധാനമന്ത്രിയായിരുന്ന മെദ്വദേവിനെ പ്രസിഡന്‍റാക്കുകയും ചെയ്തു. പക്ഷേ, ഭരണത്തിന്‍റെ കടിഞ്ഞാണ്‍ അപ്പോഴും പുടിന്‍റെ കൈകളില്‍തന്നെയായിരുന്നു. 

ഭരണഘടനയെ അങ്ങനെ മറികടന്നശേഷം 2012ല്‍ മൂന്നാം തവണയും പ്രസിഡന്‍റായി. മെദ്വദേവിനെ പ്രധാനമന്ത്രിയാക്കി. പക്ഷേ, ജനങ്ങള്‍ പ്രതിഷേധിച്ചു. തലേവര്‍ഷത്തെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന പേരില്‍ മോസ്ക്കോയിലെ തെരുവുകള്‍ ഇളകി മറിയുകയായിരുന്നു അപ്പോള്‍.  പുടിന്‍ മൂന്നാമതും പ്രസിഡന്‍റാകുന്നതിനെതിരായ സമരവുമായി അതു മാറി.  പുടിന്‍ ഗൗനിച്ചില്ല. അതിനുശേഷമാണ് പ്രസിഡന്‍റിന്‍റെ സേവന കാലാവധി നാലു വര്‍ഷത്തില്‍നിന്ന് ആറു വര്‍ഷമാക്കി വര്‍ധിപ്പിക്കാന്‍ പാര്‍ലമെന്‍റ് തീരുമാനിച്ചത്.

2016ല്‍ നടക്കേണ്ടിയിരുന്ന പ്രസിഡന്‍റ്  തിരഞ്ഞെടുപ്പ് അങ്ങനെ 2018ലേക്കു നീണ്ടു. അതിലും മല്‍സരിച്ചു ജയിച്ചാണ് 2024 മാര്‍ച്ചു‌വരെ അധികാരത്തിലിരിക്കാന്‍ പുടിന്‍ അര്‍ഹത നേടിയത്. രണ്ടു തവണയും തിരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമം നടന്നുവെന്ന ആരോപണവും ഉയരുകയുണ്ടായി. 

ആയുസ്സും ആരോഗ്യവും ഉണ്ടെങ്കില്‍ 2024നു ശേഷം 71 വയസ്സുകഴിഞ്ഞു നില്‍ക്കുമ്പോഴും  പുടിന്‍ തന്നെയായിരിക്കും അധികപക്ഷവും റഷ്യയുടെ നായകന്‍. അതിനുള്ള കരുനീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

vladimar-putin-44
വ്ളാഡിമർ പു‌ടിൻ

English Summary : Vladimir Putin, Future Plans, Russia        

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA