ചൈനയ്ക്കൊരു തയ്‌വാൻ പ്രഹരം

HIGHLIGHTS
  • ഭരണകക്ഷിക്കു തകര്‍പ്പന്‍ വിജയം
  • മുഖ്യകാരണം ഹോങ്കോങ് സമരം
Tsai Ing Wen
തയ്‌വാനിലെ സ്വാതന്ത്ര്യവാദികളെ വോട്ടര്‍മാര്‍ തിരസ്ക്കരിക്കുന്നതു കാണാന്‍ ചൈനീസ് നേതാക്കള്‍ പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷേ, നിരാശരായി
SHARE

തയ്‌വാനെ വീണ്ടും  ചൈനയില്‍ ലയിപ്പിക്കാനുളള ബെയ്ജിങ്ങിലെ നേതാക്കളുടെ സ്വപ്നത്തിന്  ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ തന്നെ അപ്രതീക്ഷിതമായ തിരിച്ചടിയേറ്റു. ലയനം വേണ്ടെന്നു മാത്രമല്ല, തയ്‌വാൻ സ്വതന്ത്ര്യ രാജ്യമാകണമെന്നുമുള്ള വാദത്തിനാണ് ഇപ്പോള്‍ വ്യക്തമായ മുന്‍തൂക്കം. 

അങ്ങനെ വാദിക്കുന്ന  ഡമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടിയുടെ (ഡിപിപി) നേതാവ്  സായ് ഇങ് വെന്‍ എന്ന മുന്‍ അഭിഭാഷകയാണ് രാജ്യത്തിന്‍റെ പ്രസിഡന്‍റായി വന്‍ഭൂരിപക്ഷത്തോടെ വീണ്ടും  തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജനുവരി 11നു നടന്ന തിരഞ്ഞെ ടുപ്പില്‍ അവര്‍  57 ശതമാനം വോട്ടു നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി ഹാന്‍ കുവോയിക്കു കിട്ടിയതു  39 ശതമാനം. 

ചൈനയുമായി കൂടുതല്‍ ഹാര്‍ദമായ ബന്ധം വേണമെന്നു വാദിക്കുന്നവരും മുന്‍പ് പല തവണയായി ദീര്‍ഘകാലം അധികാരത്തിലിരുന്നവരുമായ കൂമിന്താങ് പാര്‍ട്ടിയുടെ (കെഎംടി) നേതാവാണ് ഹാന്‍. അദ്ദേഹത്തേക്കാള്‍ 27 ലക്ഷം വോട്ടുകളാണ് സായ് കൂടുതല്‍ നേടിയത്. മൂന്നാമതൊരു സ്ഥാനാര്‍ഥികൂടി രംഗത്തുണ്ടായിരുന്നു. അദ്ദേഹത്തിനു കിട്ടിയതു വെറും നാലു ശതമാനം വോട്ടുകള്‍.

പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനോടൊപ്പം നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ ഫലവും ചൈനയ്ക്കൊരു തിരിച്ചടിയാണ്. 113 അംഗ സഭയില്‍ ഡിപിപി 61 സീറ്റുകള്‍ നേടിയപ്പോള്‍ കെഎംടിക്കു കിട്ടിയത്  വെറും 38. 

xi-jinping-tsai-ing-wen.jpg.image.784.410
ഷി ചിന്‍പിങ്, സായ് ഇങ് വെന്‍

ഒരു വര്‍ഷം മുന്‍പ് പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഡിപിപിക്ക് നേരിട്ടത് കനത്ത പരാജയമായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ അത് ആവര്‍ത്തിക്കപ്പെടുന്നതും സ്വാതന്ത്ര്യവാദികളെ വോട്ടര്‍മാര്‍ തിരസ്ക്കരി ക്കുന്നതും കാണാന്‍ പ്രസിഡന്‍റ് ഷി ചിന്‍പിങ്ങിനെപ്പോലുള്ള ചൈനീസ് നേതാക്കള്‍ പ്രതീക്ഷയോടെ കാത്തിരുന്നു. 

അവരുടെ സ്വപ്നം തകര്‍ത്തതു ഹോങ്കോണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ജനാധിപത്യത്തിനും  പൗരാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പ്രക്ഷോഭമാണ് ഹോങ്കോങ്ങില്‍. ദീര്‍ഘകാലം ബ്രിട്ടന്‍റെ അധീനത്തിലായിരുന്ന ശേഷം 1997ല്‍ ചൈനയ്ക്കു തിരിച്ചുകിട്ടിയ പ്രദേശമാണത്.  

അങ്ങനെ അതു വീണ്ടും ചൈനയുടെ ഭാഗമായെങ്കിലും കഴിഞ്ഞ 22 വര്‍ഷങ്ങളായി അവിടെയുള്ളത്  ചൈനയുടേതില്‍നിന്നു വ്യത്യസ്തമായ രാഷ്ട്രീയ-സാമ്പത്തിക സമ്പ്രദായമാണ്. ഇതിനെ ചൈനീസ്  നേതാക്കള്‍ ‘ഒരു ചൈന, രണ്ടു വ്യവസ്ഥകള്‍’ എന്നു വിളിക്കുന്നു.  

ചൈനയില്‍ വീണ്ടും ലയിച്ചാല്‍ തയ്‌വാനും ഇതേ രീതി തുടരാനാകുമെന്ന് അവിടത്തെ ജനങ്ങളെ ചൈനീസ് നേതാക്കള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. തയ്‌വാനില്‍ അനേക വര്‍ഷങ്ങളായി നിലവിലുള്ള ബഹുകക്ഷി ജനാധിപത്യം, പൗരസ്വാതന്ത്ര്യം, സ്വത്തവകാശം, മതസ്വാതന്ത്ര്യം, ന്യായമായ മറ്റ് അവകാശങ്ങള്‍ എന്നിവയ്ക്കൊന്നിനും തടസ്സമുണ്ടാവില്ലെന്നര്‍ ഥം.  എന്നാല്‍, ഹോങ്കോങ്ങില്‍ ആറു മാസമായിട്ടും പൂര്‍ണമായി കെട്ടടങ്ങിയിട്ടില്ലാത്ത പ്രക്ഷോഭം  ഈ വാഗ്ദാനങ്ങളെ  അര്‍ഥശൂന്യമാക്കുന്നു. ചൈനീസ് കമ്യൂണിസ്റ്റ് സമഗ്രാധിപത്യ രീതി പിന്‍വാതിലിലൂടെ ഹോങ്കോങ്ങില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സമരക്കാരുടെ ആരോപണം.

Tsai Ing-wen
സായ് ഇങ് വെന്‍

ചൈനയില്‍ വീണ്ടും ലയിക്കപ്പെട്ട ഹോങ്കോങ്ങിലെ സ്ഥിതി ഇതാണെങ്കില്‍ തങ്ങളുടെ അനുഭവവും വ്യത്യസ്തമാകില്ലെന്നു തയ്‌വാനിലെ രണ്ടേമുക്കാല്‍ കോടി ജനങ്ങളില്‍ ഭൂരിഭാഗവും, വിശേഷിച്ചും യുവാക്കള്‍ ഭയപ്പെടുന്നു. ഇതിനിടയില്‍തന്നെ പുനരേരീകരണത്തിനുവേണ്ടി തയ്‌വാനെതിരെ ചൈന നിരന്തരമായി സമ്മര്‍ദ തന്ത്രങ്ങള്‍ പ്രയോഗിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഡിപിപിയുടെ വിജയത്തില്‍ ഇതു രണ്ടും നിര്‍ണായക പങ്കു വഹിച്ചു. 

പക്ഷേ, ചൈന ഇതംഗീകരിക്കുന്നില്ല. വോട്ടുകള്‍ വിലയ്ക്കു വാങ്ങിയും കുപ്രചാരണവും മറ്റു പലവിധ തട്ടിപ്പുകളും നടത്തിയുമാണ് ഡിപിപി വിജയം നേടിയതെന്ന് അവര്‍ ആരോപിക്കുന്നു. സ്വതന്ത്ര  രാജ്യമാകാമെന്ന വ്യാമോഹം വേണ്ടെന്നും അതു തടയാന്‍ ബലം പ്രയോഗിക്കാനും മടിക്കില്ലെന്നുമുള്ള ഭീഷണി ചൈന ആവര്‍ത്തിച്ചിട്ടുമുണ്ട്. തിരഞ്ഞെടുപ്പ് കാലത്തുതന്നെ രണ്ടു തവണ ചൈനീസ് യുദ്ധക്കപ്പലുകള്‍ ചൈനയ്ക്കും തയ്വാനും ഇടയിലുള്ള കടലിടുക്കിലൂടെ കടന്നുപോയതു പേടിപ്പിക്കാനായിരുന്നു. 

ചൈനീസ് വന്‍കരയില്‍ നിന്നു 180 കിലോമീറ്റര്‍ മാത്രം അകലെ കിടക്കുകയാണ് ഒരു ദ്വീപും ഏതാനും  കൊച്ചു ദ്വീപുകളും അടങ്ങുന്ന  തയ്വാന്‍. മൊത്തം 36,197 ചതുരശ്ര കിലോമീറ്റര്‍. 1949ല്‍ മാവോ സെ ദുങ്ങിന്‍റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ ബെയ്ജിങ്ങില്‍ അധികാരം പിടിച്ചടക്കിയതോടെ തുടങ്ങിയതാണ് അതു സംബന്ധിച്ച തര്‍ക്കം.

ബെയ്ജിങ്ങില്‍ ഭരണത്തിലുണ്ടായിരുന്ന പ്രസിഡന്‍റ് ച്യാങ് കെയ്ഷെക്ക് അനുയായികളും പരിവാരങ്ങളുമായി തയ്വാനിലേക്കു രക്ഷപ്പെട്ടു. അവിടെ തായ്പെ നഗരം ആസ്ഥാനമായി ഭരണകൂടം സ്ഥാപിക്കുകയും യഥാര്‍ഥ ചൈനീസ് ഗവണ്‍മെന്‍റ് തന്‍റേതാണെന്ന് അവകാശപ്പെടുകയും ചെയ്തു. 

Chinese President Xi Jinping
ഷി ചിന്‍പിങ്

അന്നു മുതല്‍ 70 വര്‍ഷമായി തയ്‌വാൻഫലത്തില്‍  പ്രവര്‍ത്തിച്ചുവരുന്നത് ഒരു സ്വതന്ത്ര രാജ്യമായിട്ടാണ്.  സ്വന്തം സൈന്യവും പതാകയും വിദേശമന്ത്രിയുമുണ്ട്.  സ്വയം ‘റിപ്പബ്ലിക്ക് ഓഫ് ചൈന’  എന്നു   വിളിക്കുന്നു. 

സ്വതന്ത്ര രാജ്യമെന്ന ധ്വനിയുള്ള ആ പേരുതന്നെ ചൈനയ്ക്ക് അലര്‍ജിയാണ്.  വേറിട്ടുപോയ ചൈനീസ് പ്രവിശ്യയായിമാത്രം അതിനെ കാണുന്ന അവര്‍ അതിനെ ‘ചൈനീസ് തായ്പെ’ എന്നു വിളിക്കുന്നു.  ചൈനയുടെ സമ്മര്‍ദ്ദം കാരണം ഒളിംപിക്സ് ഉള്‍പ്പെടെയുളള രാജ്യാന്തര വേദികളില്‍ തയ്‌വാൻ ഇപ്പോള്‍ അറിയപ്പെടുന്നതും അങ്ങനെയാണ്. 

‘റിപ്പബ്ലിക്ക് ഓഫ് ചൈന’യുടെ  അസ്തിത്വം ഒരു യാഥാര്‍ഥ്യമാണെന്ന വസ്തുത ചൈന അംഗീകരിക്കണ മെന്നാണ്  പ്രസിഡന്‍റ് സായിയുംഅവരുടെ പാര്‍ട്ടിയും ആവശ്യപ്പെടുന്നത്. ഇനിയും കാത്തുനില്‍ക്കാതെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും അവര്‍ ആഗ്രഹിക്കുന്നു. അതിനു ജനങ്ങള്‍ നല്‍കിയ അംഗീകാരമായിട്ടാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന്‍റെ ഫലത്തെ അവര്‍ കാണുന്നത്.

ചരിത്രപരമായി തയ്‌വാൻചൈനയുടെ ഭാഗമാണെന്നും അതിനാല്‍ പുനരേകീകരണം അനിവാര്യമാണെന്നും വാദിക്കുന്നവരും തയ്‌വാനിലുണ്ട്. പക്ഷേ, ചെറിയൊരു  ശതമാനം മാത്രം. 

xi-jinping.jpg.image.784.410
ഷി ചിന്‍പിങ്

അവര്‍ക്കു പാര്‍ട്ടിയുണ്ടെങ്കിലും ചൈന പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നതു കൂമിന്താങ് പാര്‍ട്ടിയിലാണ്. സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് ചൈനയുടെ സൈനിക നടപടി വിളിച്ചുവരുത്തരുതെന്നും ചൈനയുമായി ആവുന്നത്ര രമ്യതയില്‍ കഴിയണമെന്നും വാദിക്കുന്നവരാണവര്‍,

ഈ തിരഞ്ഞെടുപ്പോടെ  ചൈനയും തയ്‌വാനും തമ്മിലുളള സംഘര്‍ഷത്തിന്‍റെ ഒരു പുതിയ ഘട്ടം ആരംഭിക്കുന്നു.

English Summary : Taiwan, China, Politics

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA