ഒരു നല്ല മനുഷ്യന്‍റെ തിരോധാനം

HIGHLIGHTS
  • വോളന്‍ബര്‍ഗ് രക്ഷപ്പെടുത്തിയത് 30,000 പേരെ
  • മരണം സോവിയറ്റ് ജയിലില്‍
Dr. Amani Ballour
യുദ്ധത്തിനിടയില്‍ സ്വന്തം ജീവന്‍ പണയം വച്ച് മറ്റുളളവരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ മൂന്നു പേര്‍. മുക്കാല്‍ നൂറ്റാണ്ടുമുന്‍പ് റൗള്‍ വോളന്‍ബര്‍ഗ്, ഓസ്ക്കര്‍ ഷിന്‍ഡ്ലര്‍....ഇപ്പോള്‍ ഡോ. അമാനി ബല്ലൂര്‍....
SHARE

 രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാന ഘട്ടത്തില്‍ നടന്ന അത്യന്തം നിഗൂഡമായ സംഭവങ്ങളില്‍  ഒന്നായിരുന്നു റൗള്‍ വോളന്‍ബര്‍ഗ് എന്ന സ്വീഡിഷ് നയതന്ത്രജ്ഞന്‍റെ തിരോധാനം. അഡോള്‍ഫ് ഹിറ്റ്ലറു ടെ നാത്‌സി കിങ്കരന്മാരുടെ കൂട്ടക്കൊലയില്‍നിന്നു ഹംഗറിയിലെ മുപ്പതിനായിരത്തില്‍പ്പരം ജൂതന്മാരെ രക്ഷപ്പെടുത്തിയത് ആ യുവാവായിരുന്നു. 

ഒടുവില്‍, അദ്ദേഹം സോവിയറ്റ് സൈന്യത്തിന്‍റെ പിടിയിലായി. അതിനുശേഷം എന്തു സംഭവിച്ചുവെന്ന് ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടിനു ശേഷവും ആര്‍ക്കും വ്യക്തമായ വിവരമില്ല. മരിച്ചുവെന്നു സ്ഥിരീകരിക്കപ്പെട്ടു വെങ്കിലും എപ്പോള്‍, എവിടെ വച്ച്, എങ്ങനെ മരിച്ചു, മരിച്ചതാണോ കൊന്നതാണോ എന്നീ ചോദ്യങ്ങള്‍ ഇന്നും അവശേഷിക്കുന്നു. 

മനുഷ്യസ്നേഹത്തിന്‍റെയും ധീരതയുടെയും ഉദാത്ത മാതൃക യായ വോളന്‍ബര്‍ഗിനെ ഇപ്പോള്‍ പെട്ടെന്ന്  ഓര്‍ക്കാന്‍ കാരണം അദ്ദേഹത്തിന്‍റെ പേരിലുള്ള ഒരു പുരസ്ക്കാരമാണ്. സിറിയയിലെ ആഭ്യന്തര യുദ്ധത്തിനിടയില്‍ ആയിരക്കണക്കിനു മനുഷ്യരുടെ ജീവന്‍ രക്ഷപ്പെടുത്തിയ അമാനി ബല്ലൂര്‍ എന്ന യുവ വനിതാ ഡോക്ടറാണ് കൗണ്‍സില്‍ ഓഫ് യൂറോപ്പ് നല്‍കുന്ന ഈ പുരസ്ക്കാരത്തിന് ഇത്തവണ അര്‍ഹയായിരിക്കുന്നത്. 

മനുഷ്യാവകാശ രംഗത്തു പ്രവര്‍ക്കുന്ന പ്രമുഖ സംഘടനയാണ് കൗണ്‍സില്‍ ഓഫ് യൂറോപ്പ്. ജനുവരി 17നായിരുന്നു പുരസ്ക്കാര പ്രഖ്യാപനം.സോവിയറ്റ് സൈന്യം വോളന്‍ബര്‍ഗിനെ അറസ്റ്റ്ചെയതതു മുക്കാല്‍ നൂറ്റാണ്ടുമുന്‍പ് ആ ദിനത്തിലായിരുന്നു. സിറിയയില്‍തന്നെ ജനിച്ചു വളര്‍ന്ന ശിശുരോഗ സ്പെഷ്യലിസ്റ്റായ അമാനി ബല്ലൂര്‍  മെഡിക്കല്‍ കോളജിലെ പഠനം പൂര്‍ത്തിയാക്കി അധികനാള്‍ കഴിഞ്ഞിരുന്നില്ല. ആഭ്യന്തരയുദ്ധം അവരുടെ ജീവിതം മാറ്റിമറിച്ചു. യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടയില്‍ അവര്‍ തലസ്ഥാന നഗരമായ ഡമസ്ക്കസിനടുത്ത് ഒരു ഗുഹയില്‍ രഹസ്യമായി ആറു വര്‍ഷം (2012-2018) ആശുപത്രി നടത്തി. അതിനുവേണ്ടി നൂറോളം പേര്‍ അടങ്ങുന്ന സ്റ്റാഫിനെ സംഘടിപ്പിച്ചു. രാസായുധ പ്രയോഗം ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ക്ക് ഇരയായ ഒട്ടേറെ പേരെ മരണത്തില്‍നിന്നു രക്ഷപ്പെടുത്തി. ഒടുവില്‍ യുദ്ധം മൂര്‍ഛിച്ചതോടെ ആശുപത്രി ഉപേക്ഷിക്കാനും അയല്‍രാജ്യമായ തുര്‍ക്കിയില്‍ അഭയം പ്രാപിക്കാനും നിര്‍ബന്ധിതയായി.  

കഴിഞ്ഞ വര്‍ഷം ഓസ്ക്കര്‍ അവാര്‍ഡിനു നോമിനേഷന്‍ ലഭിച്ച ‘ദ് കേവ്’ എന്ന ഡോക്യുമെന്‍ററി ഫിലിം പറയുന്നത് ഈ മുപ്പതുകാരിയുടെ കഥയാണ്. മനുഷ്യസ്നേഹത്തിന്‍റെയും പരോപകാര സന്നദ്ധതയുടെയും ധീരതയുടെയും ജ്വാലകള്‍ ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളില്‍പ്പോലും അണയാതെ നിലനില്‍ക്കുന്നു വെന്നതിന് ഉദാഹരണമാണ് ഡോ. അമാനി ബാല്ലുരെന്നു കൗണ്‍സില്‍ ഓഫ് യൂറോപ്പ് പ്രകീര്‍ത്തിക്കുന്നു. അവരെപ്പോലുള്ളവരുടെ എക്കാലത്തെയും മാതൃകയാണ് ത്യാഗപൂര്‍ണമായ സേവനത്തിനിടയില്‍ 32–ാം വയസ്സില്‍ അപ്രത്യക്ഷനായ റൗള്‍ വോളന്‍ബര്‍ഗ്. രണ്ടാം ലോകമഹായുദ്ധ ത്തില്‍ ഹിറ്റ്ലറുടെ പക്ഷമോ മറുപക്ഷമോ ചേരാതിരുന്ന സ്വീഡനിലെ ഒരു സമ്പന്ന കുടുംബാംഗമായിരുന്നു അദ്ദേഹം. 

ആര്‍ക്കിടെക്ചര്‍ പഠിക്കാന്‍ അമേരിക്കയില്‍ പോയെങ്കിലും പഠനം പൂര്‍ത്തിയാക്കാതെ മടങ്ങി. ബിസിനസില്‍ ഇറങ്ങി. ജൂതനായ ബിസിനസ് പാര്‍ട്ണര്‍ ഹംഗറിയിലെ തന്‍റെ ബന്ധുക്കളെ സഹായി ക്കാന്‍ നടത്തിയ അന്വേഷണമാണത്രേ വോളന്‍ബര്‍ഗിന്‍റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായത്. ഹംഗറിയിലും ഹിറ്റ്ലറുടെ സൈന്യം അധീനപ്പെടുത്തിയ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ജൂത നിര്‍മാര്‍ജനം നിര്‍ബാധം നടക്കുകയായിരുന്നു അപ്പോള്‍. ജൂതന്മാരെ കൂട്ടത്തോടെ  പിടികൂടി മരണ ക്യാംപുകളില്‍ പാര്‍പ്പിച്ച്, വിഷവാതക മുറിയിലാക്കി കൊല്ലുകയായിരുന്നു.യൂറോപ്പിലാകെ 60 ലക്ഷം ജൂതന്മാരാണ് അങ്ങനെ കൊലചെയ്യപ്പെട്ടത്  

FILES-HUNGARY-SWEDEN-RUSSIA-HISTORY-WWII-HOLOCAUST
റൗള്‍ വോളന്‍ബര്‍ഗ്

വോളന്‍ബര്‍ഗ് തന്‍റെ കുടുംബ സ്വാധീനം ഉപയോഗിച്ച്,  ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ സ്വീഡിഷ് എംബസ്സിയില്‍ ജോലി സമ്പാദിച്ചു. എംബസ്സിയുടെ പേരില്‍ മുപ്പതിലേറെ കെട്ടിടങ്ങള്‍ വാടകയ്ക്കെടുക്കുകയും സ്വീഡിഷ് പതാകകള്‍ തൂക്കിയ ആ കെട്ടിടങ്ങളില്‍ ജൂത അഭയാര്‍ഥികളെപാര്‍പ്പിക്കുകയും ചെയ്തു. സ്വീഡിഷ് പാസ്പോര്‍ട്ടുകള്‍ നല്‍കി അവരെ നാടുവിട്ടുപോകാന്‍ സഹായിച്ചു. സ്വീഡിഷ് ഗവണ്‍മെന്‍റ് അറിയാതെ സ്വന്തം നിലയിലും പാസ്പോര്‍ട്ടുകള്‍ സംഘടിപ്പിച്ചുകൊടുത്തു. സ്വീഡന്‍റെ നിക്ഷ്പക്ഷത കാരണം ആ രാജ്യത്തിന്‍റെ പാസ്പോര്‍ട്ടുള്ളവരെ നാത്‌സികള്‍ തടഞ്ഞിരുന്നില്ല. സ്വന്തം ജീവന്‍പോലും അപകടപ്പെടുത്തിക്കൊണ്ടു വെറും ആറു മാസങ്ങള്‍ക്കിടയില്‍ ഇങ്ങനെ മുപ്പതിനായിരം ജൂതന്മാരെ വോളന്‍ബര്‍ഗ് രക്ഷപ്പെടുത്തിയെന്നാണ് കണക്ക്. 

ഒടുവില്‍, വോളന്‍ബര്‍ഗ് അപകടത്തിലായതിന് ഉത്തരവാദികള്‍ നാത്‌സികളായിരുന്നില്ല. അവര്‍ക്കെതിരെ പോരാടിയ സഖ്യകക്ഷികളുടെ ഭാഗമായിരുന്ന സോവിയറ്റ് യൂണിയനായിരുന്നു. യുദ്ധം അവസാനിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പുതന്നെ, 1945 ജനുവരിയില്‍ സോവിയറ്റ് സൈന്യം ബുഡാപെസ്റ്റിലെത്തി. വോളന്‍ബര്‍ഗിനെ അവര്‍ തങ്ങളുടെ ആസ്ഥാനത്തേക്കു വിളിപ്പിച്ചു. അതിനു ശേഷം എന്തു സംഭവിച്ചുവെന്നു കൃത്യമായി ആര്‍ക്കും അറിഞ്ഞൂകൂടാ. 

അമേരിക്കന്‍ ചാരനെന്നു കുറ്റപ്പെടുത്തി അദ്ദേഹത്തെ അവര്‍ അറസ്റ്റ് ചെയ്തു വധിച്ചുവെന്നു കരുതുന്നവരുണ്ട്. 1947 ജൂലൈ 17നു ജയിലില്‍ ഹൃദയാഘാതം മൂലം മരിച്ചതായി പത്തു വര്‍ഷത്തിനു ശേഷം സോവിയറ്റ് അധികൃതര്‍ അറിയിച്ചുവെങ്കിലും വിശദാംശങ്ങളൊന്നും നല്‍കിയില്ല. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്കുശേഷം മോസ്ക്കോയില്‍ അധികാരത്തിലെത്തിയ റഷ്യന്‍ ഭരണകൂടവും സത്യം പുറത്തുകൊണ്ടുവരാന്‍ വിസമ്മതിക്കുകയാണെന്നു വോളന്‍ബര്‍ഗിന്‍റെ കുടുംബം കുറ്റപ്പെടുത്തുന്നു. തുടക്കം മുതല്‍ക്കുതന്നെ മോസ്ക്കോയിലെ അധികൃതരുടെമേല്‍ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സ്വീഡിഷ് ഗവണ്‍മെന്‍റ് അലംഭാവം കാണിച്ചുവെന്ന ആരോപണവും അവര്‍ ഉന്നയിക്കുന്നുണ്ട്. 

സോവിയറ്റ് ചാരവിഭാഗത്തിന്‍റെ (കെജിബി) ആദ്യത്തെ തലവനായിരുന്ന ഐവാന്‍ സെറോവിന്‍റെ ഒരു ഡയറി   ഇതിനിടയില്‍  2016ല്‍ പുറത്തുവരികയുണ്ടായി. വോളന്‍ബര്‍ഗ് വധിക്കപ്പെടുകയായിരുന്നുവെന്നും അതിനു ള്ള ഉത്തരവു നല്‍കിയത് സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിനും അദ്ദേഹത്തിന്‍റെ വിദേശമന്ത്രി വ്യാചസ്ലാവ് മൊളോട്ടോവുമാണെന്നും അതില്‍ സൂചിപ്പിക്കുന്നു. വോളന്‍ബര്‍ഗിനെപ്പോലെതന്നെ ജൂതന്മാരെ രക്ഷിക്കാന്‍ മുന്നോട്ടുവെന്ന ഒരാളായിരുന്നു പോളണ്ടിലെ ഓസ്കര്‍ ഷിന്‍ഡ്ലര്‍. ജര്‍മനിയുടെ അധീനത്തിലായ പോളണ്ടിലെ ഒരു വ്യവസായിയായിരുന്നു അദ്ദേഹം. നാത്‌സി പാര്‍ട്ടിയിലെ അംഗവുമായിരുന്നു. 

ഒട്ടേറെ ജൂതന്മാര്‍ക്ക് അദ്ദേഹം തന്‍റെ ഫാക്ടറികളില്‍ ജോലി കൊടുക്കുകയും ഹിറ്റ്ലറുടെ ആളുകള്‍ അവരെ പിടികൂടുന്നതു തടയുകയും ചെയ്തു. നാത്സിബന്ധം ഉപയോഗിച്ചും ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി കൊടുത്തും അദ്ദേഹം തന്‍റെ ജൂതജീവനക്കാരെ നാട്ടില്‍നിന്നു രക്ഷപ്പെടാനും സഹായിച്ചു.  1200 ജൂതന്മാരെ അങ്ങനെ മരണത്തില്‍നിന്ന് അദ്ദേഹം രക്ഷപ്പെടുത്തിയെന്നാണ് കണക്ക്. 

receive-award-555
സിറിയയിലെ ആഭ്യന്തര യുദ്ധത്തിനിടയില്‍ ആയിരക്കണക്കിനു മനുഷ്യരുടെ ജീവന്‍ രക്ഷപ്പെടുത്തിയ അമാനി ബല്ലൂര്‍ എന്ന യുവ വനിതാ ഡോക്ടറാണ് കൗണ്‍സില്‍ ഓഫ് യൂറോപ്പ് നല്‍കുന്ന ഈ പുരസ്ക്കാരത്തിന് ഇത്തവണ അര്‍ഹയായിരിക്കുന്നത്.

വോളന്‍ബര്‍ഗിന്‍റേതു പോലെ ഷിന്‍ഡ്ലറുടെയും കഥ ദുഃഖപര്യവസായിയായിരുന്നു. യുദ്ധം അവസാനിച്ചതോടെ അദ്ദേഹത്തിന്‍റെ ബിസിനസ് പൂര്‍ണമായും തകര്‍ന്നു. ഉപജീവനം തേടി ജര്‍മനിയിലേക്കും അവിടെനിന്ന് തെക്കെ അമേരിക്കയിലെ അര്‍ജന്‍റീനയിലേക്കും പോയി. ഒടുവില്‍ ജര്‍മനിയില്‍ തിരിച്ചെത്തി. യുദ്ധത്തിനുശേഷം 29 വര്‍ഷത്തെ കഷ്ടപ്പാടുകള്‍ക്കുശേഷം 1974 ഒക്ടോബറില്‍ 66ാം വയസ്സില്‍ കരള്‍ രോഗം മൂലം ഷിന്‍ഡ്ലര്‍ മരിച്ചു. മൃതദേഹം അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം ഇസ്രയേലിലെ കത്തോലിക്കാ സെമിത്തേരിയില്‍ സംസ്ക്കരിച്ചു. 

ഷിന്‍ഡ്ലറുടെ കഥ 1993ല്‍ സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് ‘ഷിന്‍ഡ്ലേഴ്സ് ലിസ്റ്റ്’ എന്ന പേരില്‍ സിനിമയാക്കുകയുണ്ടായി. അവാര്‍ഡുകള്‍ വാരിക്കൂട്ടിയ അതുപോലൊരു ചിത്രം വോളന്‍ബര്‍ഗിന്‍റെ കാര്യത്തില്‍ ഉണ്ടായില്ല. അദ്ദേഹത്തിന്‍റെ കഥ ഇനിയും അവസാനിച്ചിട്ടില്ലെന്നതാണ് വാസ്തവം. സോവിയറ്റ് സൈന്യത്തിന്‍റെ പിടിയിലായ ശേഷം യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍  അദ്ദേഹത്തിന്‍റെ കുടുംബാഗങ്ങള്‍ ചരിത്രകാരന്മാരുടെ സഹായത്തോടെ ഇപ്പോഴും പല വാതിലുകളിലുംമുട്ടിക്കൊണ്ടിരിക്കുന്നു.

English Summary : Dr. Amani Ballour has been awarded the Council of Europe’s Raoul Wallenberg Prize

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA