ലോകം രോഹിന്‍ഗ്യകളോടൊപ്പം

HIGHLIGHTS
  • വംശഹത്യയെന്ന് ആരോപണം
  • മ്യാന്‍മറിനെ സഹായിക്കാന്‍ ചൈന
Aung San Suu Kyi
രോഹിന്‍ഗ്യകളെ സംബന്ധിച്ച് ലോകകോടതി പുറപ്പെടുവിച്ച ഇടക്കാല വിധി മ്യാന്‍മര്‍ ഗവണ്‍മെന്‍റിനും ഓങ്സാന്‍ സൂചിക്കും എതിരായ രാജ്യാന്തര സമൂഹത്തിന്‍റെ കനത്ത പ്രഹരമായി എണ്ണപ്പെടുന്നു
SHARE

മഹാത്മാഗാന്ധിയുടെ യഥാര്‍ഥ പിന്തുടര്‍ച്ചക്കാരി, ഏഷ്യയിലെ നെല്‍സന്‍ മണ്ടേല. ഇങ്ങനെയെല്ലാം വാഴ്ത്തപ്പെട്ട ഓങ് സാന്‍ സൂചി ഭരിക്കുമ്പോഴും മ്യാന്‍മറില്‍ നടന്നുവരുന്നതു വംശഹത്യയുടെ ഗണത്തില്‍പ്പെടുന്ന കൊടിയ അക്രമങ്ങള്‍. ന്യൂനപക്ഷമായ രോഹിന്‍ഗ്യ മുസ്ലിംകള്‍ക്കെതിരായ ഈ അക്രമങ്ങള്‍ നിര്‍ത്താന്‍ അടിയന്തര നടപടിയെടുക്കണമെന്നു രാജ്യാന്തര നീതിന്യായ കോടതി  മ്യാന്‍മര്‍ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 

ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ നെതര്‍ലന്‍ഡ്സി ലെ ഹേഗില്‍ പ്രവര്‍ത്തിക്കുകയാണ്  ലോകകോടതിയെന്നും അറിയപ്പെടുന്ന രാജ്യാന്തരനീതിന്യായ കോടതി. ആരോപണം നിഷേധിക്കാനും തന്‍റെ ഗവണ്‍മെന്‍റിനുവേണ്ടി വാദിക്കാനും അവിടേക്കുപറന്നെത്തിയതു മറ്റാരുമല്ല, സൂചിതന്നെയായിരുന്നു. 

നൊബേല്‍ സമ്മാന ജേതാവ് ആ ദൗത്യം വീറോടെ നിര്‍വഹിക്കുകയും ചെയ്തു. പക്ഷേ, അവരെക്കുറിച്ചുള്ള മതിപ്പും ബഹുമാനവും ബാക്കിയുണ്ടായിരുന്നവര്‍ പോലും അതുകണ്ട് നിരാശരായി. സൂചിയുടെ വിശദീകരണവും ന്യായീകരണങ്ങളും കോടതിക്കു ബോധ്യമായതുമില്ല. രോഹിന്‍ഗ്യകള്‍ക്ക് എതിരായ അക്രമങ്ങള്‍ തടയാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് ഇക്കഴിഞ്ഞ വ്യാഴാഴ്ച (ജനുവരി 23) മ്യാന്‍മറിനോട് ആവശ്യപ്പെട്ടതു കോടതിയിലെ 17 ജഡ്ജിമാരും ഐകകണ്ഠ്യേനയാണ്.  

എന്തെല്ലാം നടപടികളാണെടുത്തതെന്നു നാലുമാസത്തിനകം കോടതിയെ അറിയിക്കണം, ഗുരുതരമായ കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ നശിപ്പിക്കരുത്, വംശഹത്യ നടന്നുവെന്നതു സംബന്ധിച്ച കേസില്‍ അന്തിമ വിധിയുണ്ടാകുന്നതുവരെ ആറു മാസത്തില്‍ ഒരിക്കല്‍ സ്ഥിതിഗതകളെക്കുറിച്ച് റിപ്പോര്‍ട്ട്  നല്‍കണം-സൊമാലിയക്കാരനായ മുഖ്യ ജഡ്ജി അബ്ദുല്‍ഖാവി അഹമദ് യൂസുഫ് വായിച്ച ഇടക്കാല വിധിന്യായത്തില്‍ ഇങ്ങനെയും ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎന്‍ അംഗമെന്ന നിലയില്‍ വിധി അനുസരിക്കാന്‍  മ്യാന്‍മര്‍ ബാധ്യസ്ഥമാണ്. അതേ സമയം, അതു നടപ്പാക്കാനുളള സംവിധാനം കോടതിക്കില്ല താനും.മാത്രമല്ല, ശരിയായ വസ്തുതകളുടെ  അടിസ്ഥാനത്തിലുള്ളതല്ല ഈ വിധിയെന്നു മ്യാന്‍മര്‍ പ്രതികരിച്ചിട്ടുമുണ്ട്‌.  അതിനാല്‍ വിധി ഫലപ്രദ മായി നടപ്പാക്കപ്പെടുമോയെന്ന കാര്യത്തില്‍ സംശയം അവശേഷിക്കുന്നു. 

rohingya-file-photo
രോഹിഗ്യ അഭയാർഥികൾ. ഫയൽ ചിത്രം

വിധി നടപ്പാക്കിയില്ലെങ്കില്‍ ശിക്ഷാ നടപടിക്കുവേണ്ടി രക്ഷാസമിതിയെ സമീപിക്കുകയാണ് ഒരേയൊരു  പോംവഴി. എന്നാല്‍, ചൈനയോ റഷ്യയോ വീറ്റോയുമായി മ്യാന്‍മറിന്‍റെ സഹായത്തിനെത്തിയാല്‍ അതു വിജയിക്കുകയുമില്ല. 2204 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ചൈനയുമായി പ്രത്യേകിച്ചും അടുത്ത ചങ്ങാത്തത്തിലാണ് മ്യാന്‍മര്‍. 

എങ്കിലും, ലോകകോടതിയുടെ ഈ ഇടക്കാല വിധി മ്യാന്‍മര്‍ ഗവണ്‍മെന്‍റിനും സൂചിക്കും എതിരായ രാജ്യാന്തര സമൂഹത്തിന്‍റെ കനത്ത പ്രഹരമായി എണ്ണപ്പെടുന്നു. രാജ്യാന്തര പ്രശസ്തരായ  അഭിഭാഷകരാണ് രോഹിന്‍ഗ്യകള്‍ക്കുവേണ്ടിവാദിക്കാന്‍ ഹാജരായത്. മ്യാന്‍മറില്‍ എന്താണ്  നടക്കുന്നതെന്നതു സംബന്ധിച്ച് യുഎന്‍ അന്വേഷകര്‍ ഉള്‍പ്പെടെയുളളവര്‍ സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടുകള്‍ അവര്‍ക്കു സഹായകമാവുകയും ചെയ്തു.  

പശ്ചിമാഫ്രിക്കയിലെ ഗാംബിയയാണ് മ്യാന്‍മറിനെതിരായ പരാതിയുമായി ലോക കോടതിയെ സമീപിച്ചത്. 57 അംഗ ഇസ്ലാമിക രാഷ്ട്ര സംഘടന അതിനു പിന്തുണ നല്‍കി. മ്യാന്‍മറില്‍ വംശഹത്യ അഥവാ ജിനോസൈഡ് നടക്കുന്നുവെന്നാണ് ഗാംബിയയുടെ പരാതി. മതം, വര്‍ഗം, സാംസ്ക്കാരിക പാരമ്പര്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ജനവിഭാഗങ്ങളെ കൂട്ടത്തോടെ  തുടച്ചുനീക്കാന്‍ തീരുമാനിക്കുക, ആസൂത്രിതമായും  സൈനിക സഹായത്തോടെയും അവരെ നിരന്തരമായി വേട്ടയാടുകയും ആക്രമിച്ചു കൊലപ്പെടുത്തുകയും ചെയ്യുക, ഭയാക്രാന്തരാക്കി നാട്ടില്‍നിന്നോടിക്കുക- ഇതിനെയെ ല്ലാം കൂടിയാണ് രാജ്യാനന്തര നിയമം അനുസരിച്ച് വംശഹത്യ എന്നു പറയുന്നത്. 

മ്യാന്‍മറില്‍ രോഹിന്‍ഗ്യ മുസ്ലിംകള്‍ക്കെതിരെ നടന്നുവരുന്നത് ആ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കൊടിയ പാതകങ്ങളാണെന്ന് 2018ല്‍ ഒരു യുഎന്‍ അന്വേഷണ സംഘം കുറ്റപ്പെടുത്തിയിരുന്നു. സായുധ സേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫായ സീനിയര്‍ ജനറല്‍ മിന്‍ ഓങ് ഹ്ലെയിങ് ഉള്‍പ്പെടെആറ് ഉന്നത സൈനികോദ്യോഗ സ്ഥര്‍ അതിന് ഉത്തരവാദികളാണെന്ന് അവരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുകയുമുണ്ടായി.

aung-san-suu-kyi-01
ഓങ് സാന്‍ സൂചി

ഹേഗില്‍തന്നെ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ക്രിമിനല്‍കോടതി (ഐസിസി) ഈ ആറു പേര്‍ക്കെതിരെ കേസെടുക്കുകയും സ്വന്തം നിലയില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്‌. കേസില്‍കഴമ്പുണ്ടെന്നു ഐസിസി കണ്ടെത്തിയാല്‍ പ്രതികളെ അറസ്റ്റ് ചെയ്തു ഹാജരാക്കേണ്ടത് അവരുടെതന്നെ രാജ്യമാണ്. പക്ഷേ, ഐസിസിയില്‍ മ്യാന്‍മര്‍ അംഗമല്ലാത്തതിനാല്‍ അതും നടക്കാനിടയില്ല. 

മ്യാന്‍മറില്‍ വംശഹത്യ സംഭവിച്ചുവോ ഇല്ലയോ എന്നതു സംബന്ധിച്ചുതന്നെ ലോകകോടതിയില്‍ വിചാരണ  നടന്നുവരു ന്നതേയുള്ളൂ. അതു തീരാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍തന്നെ വേണ്ടിവന്നേക്കാം. അതിനു ശേഷമായിരിക്കും അന്തിമവിധി.  

ലോകത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗം എന്ന വിശേഷണം നേരത്തെതന്നെ പേറുന്നവരാണ്  രോഹിന്‍ഗ്യകള്‍. ബുദ്ധമതക്കാര്‍ ബഹുഭൂരിപക്ഷമുള്ള മ്യാന്‍മറിലെ ഒരു ചെറിയ ന്യൂനപക്ഷവും  പരമദരിദ്രരുമായ അവര്‍ അനുഭവിച്ചുവരുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കു ദശകങ്ങളുടെ പഴക്കവുമുണ്ട്.

ഏതാണ്ട് അര നൂറ്റാണ്ടുകാലം നീണ്ടുനിന്ന പട്ടാളഭരണത്തിലെ അതേ നയമാണ് ഇപ്പോള്‍ സൂചി  നിര്‍ണായക പങ്കു വഹിക്കുന്ന സിവിലിയന്‍ ഭരണകൂടവും രോഹിന്‍ഗ്യകളുടെനേരെ  തുടരുന്നത്. പട്ടാള ഭരണ കാലത്തുതന്നെ രോഹിന്‍ഗ്യകളുടെ പൗരത്വം റദ്ദാക്കപ്പെട്ടു. അവര്‍ ബംഗ്ളദേശില്‍നിന്ന്  അതിര്‍ത്തി കടന്നെത്തിയ നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്നാണ് ആരോപണം.  അവരെ ബംഗാളികള്‍ എന്നു വിളിക്കുകയും രോഹിന്‍ഗ്യകള്‍ എന്നു വിളിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. ലോകകോടതിയില്‍ സംസാരിക്കുമ്പോഴും രോഹിന്‍ഗ്യകള്‍ എന്ന പദം സൂചി ഉച്ചരിക്കുകയുണ്ടായില്ല. ഈ നയത്തിന്‍റെ പിന്‍ബലത്തില്‍ ജനങ്ങളിലൊരു വിഭാഗം സൈന്യത്തിന്‍റെ സഹകരണത്തോടെ രോഹിന്‍ഗ്യകള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ചെറുത്തു നില്‍ക്കാനാവാതെ ഏഴു വര്‍ഷംമുന്‍പ് രോഹിന്‍ഗ്യകള്‍ ഉളളതെല്ലാം നുള്ളിപ്പെറുക്കി കൂട്ടത്തോടെ അയല്‍രാജ്യങ്ങളി ലേക്കു, വിശേഷിച്ച് ബംഗ്ളദേശിലേക്കു പലായനം ചെയ്യാന്‍ തുടങ്ങി. അവരുടെ പ്രശ്നം രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത് അതോടെയാണ്.    

രോഹിന്‍ഗ്യകള്‍ക്കിടയില്‍ ഒരു തീവ്രവാദി സായുധ സംഘടന രൂപംകൊണ്ടതായിരുന്നു ഇതിന്‍റെയൊരു മറുവശം. രോഹിന്‍ഗ്യ സാല്‍വേഷന്‍ ആര്‍മി (ആര്‍സ) എന്നു പേരായ ഈ സംഘടന 2017ല്‍ പൊലീസ് ഔട്പോസ്റ്റുകളും സൈനിക ക്യാംപും ആക്രമിച്ചു. അതോടെ സ്ഥിതിഗതികള്‍ കൂടുതല്‍  ഗുരുതരമാവുകയും ചെയ്തു.

aung-san-suu-kyi-002
ഓങ് സാന്‍ സൂചി

അക്രമികളെ തിരഞ്ഞുപിടിച്ചു ശിക്ഷിക്കുന്നതിനുപകരം പൊലീസും പട്ടാളവും രോഹിന്‍ഗ്യകള്‍ക്കെതിരെ പൊതുവില്‍തന്നെ ആക്രമണം അഴിച്ചുവിട്ടുവെന്നാണ് ആരോപണം. മ്യാന്‍മറിന്‍റെ പടിഞ്ഞാറു ഭാഗത്തെ  റാഖിന്‍ സംസ്ഥാനത്തില്‍ രോഹിന്‍ഗ്യകള്‍ താമസിക്കുന്ന ഗ്രാമങ്ങള്‍ ചുട്ടെരിക്കപ്പെട്ടു. ആളുകളെ കൂട്ടക്കൊല ചെയ്തതിനു പുറമെ സ്ത്രീകളെ സംഘടിതമായി മാനഭംഗപ്പെടുത്തിയതായുംറിപ്പോര്‍ട്ടുകളുണ്ട്. 

ഏഴു ലക്ഷത്തിലേറെ രോഹിന്‍ഗ്യകളാണ് അതിനുശേഷം ബംഗ്ളദേശിലേക്കു പലായനം ചെയ്തത്. മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുളള ബംഗ്ളദേശ് നഗരമായ കോക്സ് ബസാറിലും പരിസരത്തും താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ടെന്‍റുകളിലും കുടിലുകളിലും ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്ന രോഹിന്‍ഗ്യ അഭയാര്‍ഥികളുടെ എണ്ണം ഇതോടെ പത്തു ലക്ഷത്തിലേറെയായി. 

ഇവരുടെയും മ്യാന്‍മറില്‍ അവശേഷിച്ചിരിക്കുന്ന ആറു ലക്ഷം രോഹിന്‍ഗ്യകളുടെയും ഭാവി ഇപ്പോഴും ഇരുള്‍മൂടിക്കിടക്കുന്നു.

English Summary : World With Rohingya Refugees

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA