പുറത്താകാതെ ഡോണള്‍ഡ് ട്രംപ്

HIGHLIGHTS
  • ധാര്‍മികത കക്ഷിരാഷ്ട്രീയത്തിനു വഴിമാറുന്നു
  • സാക്ഷി വിസ്താരമില്ലാത്ത ആദ്യവിചാരണ
Donald Trump
ആരോപിക്കപ്പെടുന്ന രണ്ടു കുറ്റങ്ങളും പ്രസിഡന്‍റ് ട്രംപ് ചെയ്തതാണെന്ന കാര്യത്തില്‍ ചില റിപ്പബ്ലിക്കന്‍മാര്‍ക്കും സംശയമില്ല. അതേസമയും, ആ കുറ്റങ്ങള്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മാത്രം ഗൗരവമുള്ളതായി അവര്‍ കാണുന്നുമില്ല
SHARE

അവസാന നിമിഷത്തില്‍ അദ്ഭുതമൊന്നും സംഭവിക്കുന്നില്ലെങ്കില്‍ അമേരിക്കയിലെ ഇംപീച്ചമെന്‍റ് വിചാരണയില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്  കുറ്റവിമുക്തനാകും. ഗുരുതരമായ കുറ്റങ്ങളുടെ പേരില്‍  അദ്ദേഹത്തെ അധികാരത്തില്‍നിന്നു പുറത്താക്കാനുള്ള ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ശ്രമം പാഴാകും. പ്രാദേശിക സമയം ബുധനാഴ്ച വൈകുന്നേരം നാലു മണിക്കാണ് ഇതു സംബന്ധിച്ച് സെനറ്റില്‍ നടക്കുന്ന വോട്ടെടുപ്പ്. ഇന്ത്യന്‍ സമയം വ്യാഴം പുലരുന്നതോടെ വിവരമറിയാം. കഷ്ടിച്ച് ഒന്‍പതു മാസം കഴിഞ്ഞു നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ ട്രംപ് രണ്ടാമതും പ്രസിഡന്‍റാകാന്‍ ഇതോടെ വഴിയൊരുങ്ങുമെന്നും അദ്ദേഹത്തിന്‍റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതീക്ഷിക്കുന്നു. വാസ്തവത്തില്‍ അതു തടയാന്‍ കൂടിയായിരുന്നു ഡമോക്രാറ്റിക് പാര്‍ട്ടി ഇംപീച്ചമെന്‍റ് നടപടികള്‍ക്കു മുതിര്‍ന്നതുതന്നെ. ഈ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ട്രംപ് വഴിവിട്ടു പ്രവര്‍ത്തിച്ചുവെന്ന ആരോപണം അവര്‍ക്കതിനു സഹായകമാവുകയായിരുന്നു.  

യുഎസ് കോണ്‍ഗ്രസിന്‍റെ അധോസഭയായ പ്രതിനിധിസഭ രണ്ടു കുറ്റങ്ങള്‍ ചുമത്തി ട്രംപിനെ  ഇംപീച്ച് ചെയ്തതു ഡിസംബര്‍ 18നാണ്. അതിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ പുറത്താക്കണമോ എന്നു തീരുമാനിക്കാനുള്ള വിചാരണ ഉപരിസഭയായ സെനറ്റില്‍ ജനുവരി 21നു തുടങ്ങി.  യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സിന്‍റെ അധ്യക്ഷതയിലായിരുന്നു വിചാരണ. സെനറ്റിലെ അംഗങ്ങള്‍ (100 പേര്‍) ജൂറിമാരായി. പ്രതിനിധിസഭയിലെ പ്രമുഖ ഡമോക്രാറ്റിക് അംഗങ്ങളായിരുന്നു പ്രോസിക്യൂട്ടര്‍മാരുടെ റോളില്‍. ട്രംപിനു വേണ്ടി വാദിക്കാന്‍ അണിനിരന്നതു രാജ്യത്തിലെ പേരുകേട്ട അഭിഭാഷകര്‍. 1998ല്‍ പ്രസിഡന്‍റ് ക്ലിന്‍റനെ ഇംപീച്ച് ചെയ്യുന്നതിന്‍റെ മുന്നോടിയായി നടന്ന അന്വേഷണത്തിനു നേതൃത്വം നല്‍കിയ  കെന്നത്ത് സറ്റാറായിരുന്നു അവരിലൊരാള്‍. അമേരിക്കയുടെ ഏതാണ്ട് രണ്ടര നൂറ്റാണ്ടു കാലത്തെ  ചരിത്രത്തിലെ 45 പ്രസിഡന്‍റുമാരില്‍ രണ്ടുപേരെ മാത്രമാണ് ഇതിനുമുന്‍പ് പ്രതിനിധിസഭ ഇംപീച്ച് ചെയ്തത്. രണ്ടുപേരെയും (1868ല്‍ ആന്‍ഡ്രൂ  ജോണ്‍സനെയും 1998ല്‍ ബില്‍ ക്ളിന്‍റനെയും) സെനറ്റ് കുറ്റവിമുക്തനാക്കി. ട്രംപിന്‍റെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നത് അതുതന്നെ. 

പ്രതിനിധിസഭയില്‍ ഭൂരിപക്ഷം ഡമോക്രാറ്റുകള്‍ക്കായതിനാല്‍ ഇംപീച്ച്മെന്‍റ് പ്രമേയം പാസ്സാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. പക്ഷേ, സെനറ്റില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്മാര്‍ക്കാണ്. മാത്രമല്ല, സെനറ്റില്‍ പ്രമേയം പാസ്സാകണമെങ്കില്‍ മൂന്നില്‍ രണ്ടിന്‍റെ ഭൂരിപക്ഷവും വേണം. അതായത് 100 അംഗ സഭയില്‍ 45 ഡമോക്രാറ്റിക് പാര്‍ട്ടിക്കാരുടെയും സാധാരണ അവരെ പിന്തുണക്കാറുള്ള രണ്ടു സ്വതന്ത്രരുടെയും കൂടെ ചുരുങ്ങിയതു 20 റിപ്പബ്ലിക്കന്മാര്‍കൂടി ചേരണം. അതു നടക്കാന്‍ പോകുന്നില്ലെന്നു  നേരത്തെ തന്നെയു ണ്ടായിരുന്ന അഭിപ്രായം സെനറ്റിലെ വിചാരണയ്ക്കിടയില്‍ കൂടുതല്‍ വ്യക്തമാവുക യാണ് ചെയ്തത്. ധാര്‍മികതയേക്കാള്‍ കക്ഷിരാഷ്ട്രീയത്തിനു മുന്‍തൂക്കം നല്‍കി റിപ്പബ്ലിക്കന്മാര്‍ പൊതുവില്‍ ട്രംപിനു പിന്നില്‍ ഉറച്ചുനിന്നു.

അധികാരം ദുരുപയോഗം ചെയ്തു, അതു സംബന്ധിച്ച് കോണ്‍ഗ്രസ് നടത്തിയ അന്വേഷണവുമായി നിസ്സഹകരിച്ചുകൊണ്ടു നീതിനിര്‍വഹണത്തിനു തടസ്സമുണ്ടാക്കി എന്നിവയാണ് ട്രംപിന്‍റെ മേല്‍ പ്രതിനിധി സഭ ചുമത്തിയ രണ്ടു കുറ്റങ്ങള്‍. രണ്ടു കുറ്റങ്ങളും ട്രംപ് ചെയ്തതാണെന്ന കാര്യത്തില്‍ ചില  റിപ്പബ്ലിക്കന്മാര്‍ക്കും സംശയമില്ല. വിചാരണവേളയില്‍ അവരതു തുറന്നുപറയുകയും ചെയ്തു. അതേസമയം, ആ കുറ്റങ്ങള്‍ പ്രസിഡന്‍റിനെ പുറത്താക്കാന്‍ മാത്രം ഗൗരവമുളളതായി അവര്‍ കാണുന്നുമില്ല. ഇതേ അഭിപ്രായമാണ്  ഡമോക്രാറ്റിക് പാര്‍ട്ടിയിലെതന്നെ ചില സെനറ്റര്‍മാര്‍ക്കും. അതിനാല്‍, വോട്ടെടുപ്പില്‍ അവര്‍ ട്രംപിനെ പിന്തുണയ്ക്കുകയാണെങ്കില്‍ ആരും അദ്ഭുതപ്പെടുകയില്ല. യുഎസ് കോണ്‍ഗ്രസ്സില്‍ അംഗങ്ങള്‍ കക്ഷിബന്ധം നോക്കാതെ വോട്ടുചെയ്യുന്നത് അപൂര്‍വവുമല്ല. 

ഈ വര്‍ഷം നവംബറില്‍ നടക്കുന്ന പ്രസിഡന്‍റ്തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ട്രംപ് ഒരു വിദേശരാജ്യത്തിന്‍റെ സഹായം തേടിയെന്നതാണ് അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ട രണ്ടു കുറ്റങ്ങളുടെയും പശ്ചാത്തലം. എതിര്‍ സ്ഥാനാര്‍ഥിയാകാന്‍ ഇടയുള്ള മുന്‍ വൈസ് പ്രസിഡന്‍റ് ജോ ബൈഡനെ (ഡമോക്രാറ്റിക് പാര്‍ട്ടി)  കരിതേച്ചുകാണിക്കുകയായിരുന്നുവത്രേ ഉദ്ദേശ്യം. ബൈഡനും മകനും ഉള്‍പ്പെട്ടതെന്നു കരുതിയ യുക്രെയിനിലെ ഒരു കേസില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ അവിടത്തെ പ്രസിഡന്‍റ് വോളൊഡിമിര്‍ സെലന്‍സ്കിയോടു ട്രംപ് ആവശ്യപ്പെടുകയായിരുന്നു.  റഷ്യയില്‍നിന്നു ഭീഷണി നേരിടുന്ന യുക്രെയിനു നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്ന 39 കോടി ഡോളറിന്‍റെ സൈനിക സഹായം തടഞ്ഞുവയ്ക്കപ്പെട്ടു. 

FILES-US-POLITICS-IMPEACHMENT

സെലന്‍സ്കിയുടെ വൈറ്റ്ഹൗസ് സന്ദര്‍ശനത്തിനും തടസ്സം നേരിട്ടു. അങ്ങനെ സെലന്‍സ്ക്കിയെ സമ്മര്‍ദ്ദത്തിലാക്കാനും ട്രംപ് ശ്രമിച്ചുവെന്നായിരുന്നു ആരോപ ണം. വ്യക്തിപരമായ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ള ഈ നടപടികളാണ് ട്രംപ് അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്ന കുറ്റത്തിന്‍റെ അടിസ്ഥാനം. അതിന്‍റെ പേരില്‍ പ്രതിനിധി സഭ ഇംപീച്ചമെന്‍റ്നടപടികള്‍ ആരംഭിച്ചപ്പോള്‍ അതില്‍ സഹകരിക്കാന്‍ ട്രംപ് വിസമ്മതിച്ചു. തന്‍റെ ക്യാബിനറ്റ് അംഗങ്ങളും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരും സാക്ഷികളായി മൊഴിനല്‍കുന്നതും രേഖകള്‍ ഹാജരാക്കുന്നതും അദ്ദേഹം തടഞ്ഞു. നീതി നിര്‍വഹണത്തിനു ട്രംപ് തടസ്സമുണ്ടാക്കിയെന്ന കുറ്റാരോപണം അങ്ങനെയുണ്ടായതാണ്. 

ബൈഡനെ കുരുക്കിലാക്കാന്‍ യുക്രെയിന്‍റെ സഹായം തേടുക വഴി ട്രംപ് അധികാരം ദുരുപയോഗം ചെയ്തുവെന്ന ആരോപണം പ്രതിനിധിസഭ മുന്‍പാകെ മൊഴി നല്‍കിയ പലരും സ്ഥിരീകരിക്കുകയുണ്ടായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റെ സ്ഥാനത്തുനിന്നു ട്രംപ് കഴിഞ്ഞ വര്‍ഷം പിരിച്ചുവിട്ട ജോണ്‍ ബോള്‍ട്ടനില്‍നിന്നും ഇതുപോലുള്ള വിവരങ്ങള്‍ കിട്ടുമെന്നു ഡമോക്രാറ്റുകള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഉറപ്പില്ലാത്തതിനാല്‍ അദ്ദേഹത്തെ അവര്‍ സാക്ഷിയായി വിളിച്ചില്ല.അതു മണ്ടത്തരമായിപ്പോയെന്ന് അവര്‍ക്കു ബോധ്യമായതു സെനറ്റിലെ ഇംപീച്ച്മെന്‍റ് വിചാരണ വേളയിലാണ്. അടുത്തുതന്നെ പുറത്തിറങ്ങുന്ന ബോള്‍ട്ടന്‍റെ പുസ്തകത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇതിന് ആധാരം. ബൈഡനെക്കുറിച്ചുളള അന്വേഷണത്തിനു യുക്രെയിന്‍ പ്രസിഡന്‍റിന്‍റെ സഹായം തേടുന്ന കാര്യം കഴിഞ്ഞ മേയില്‍ ട്രംപ് തന്നോടു  സംസാരിച്ചി രുന്നുവെന്നു ബോള്‍ട്ടന്‍ അതില്‍ വെളിപ്പെടുത്തുന്നുണ്ടത്രേ. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബോള്‍ട്ടനെ സെനറ്റ്മുന്‍പാകെ വിളിച്ചുവരുത്താന്‍ ഡമോക്രാറ്റുകള്‍  ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. പുതിയ സാക്ഷികളെവിളിക്കേണ്ട ആവശ്യമില്ലെ ന്നായിരുന്നു 49നെതിരെ 51 വോട്ടോടുകൂടിയുള്ള സെനറ്റിന്‍റെ തീരുമാനം. സാക്ഷിവിസ്താരമില്ലാതെ സെനറ്റില്‍ ഇംപീച്ചമെന്‍റ് വിചാരണ നടക്കുന്നത് ഇതാദ്യമാണ്. ട്രംപിനെ പുറത്താക്കുന്നതു സംബന്ധിച്ച് നടക്കുന്ന വോട്ടെടുപ്പിന്‍റെയും ഫലം ഏറെക്കുറെ ഇതു തന്നെയായിരിക്കു മെന്നു കരുതപ്പെടുന്നു. 

ബില്‍ ക്ളിന്‍റനെതിരായ ഇംപീച്ച്മെന്‍റ് വിചാരണ നടന്നത് വൈറ്റ്ഹൗസിലെ അദ്ദേഹത്തിന്‍റെ രണ്ടാമത്തെ ടേമിലായിരുന്നു. അതിനാല്‍ വീണ്ടും പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനെ നേരിടുന്ന പ്രശ്നം അദ്ദേഹത്തിന്‍റെ മുന്നിലുണ്ടായിരുന്നില്ല. ട്രംപിന്‍റെ സ്ഥിതി വ്യത്യസ്തമാണ്. ആദ്യ ടേമില്‍തന്നെഅദ്ദേഹം പ്രതിക്കൂട്ടിലായി. വിധിയുണ്ടാകുന്നതു പുതിയ തിരഞ്ഞെടുപ്പിന്‍റെ പ്രാരംഭ ഘട്ടം തുടങ്ങിക്കഴിഞ്ഞ വേളയിലും. കുറ്റവിമുക്ത നാവുന്നതോടെ രണ്ടാമതും പ്രസിഡന്‍റാകാനുള്ള ട്രംപിന്‍റെ ശ്രമത്തിനും തുടക്കം കുറിക്കുകയായി. സ്വാഭാവി കമായും ഇംപീച്ച്മെന്‍റ് തന്നെയായിരിക്കും ഈ തിരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയം. കുറ്റവിമുക്ത നാക്കപ്പെടുന്നതോടെ ട്രംപിന്‍റെ വിജയസാധ്യത കൂടുമെന്ന പ്രതീക്ഷയാണ്  റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്ക്. 

donald-trump-22

അതേസമയം, ട്രംപിന്‍റെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നതില്‍ സംതൃപ്തരാണ് ഡമോക്രാറ്റുകള്‍. സെനറ്റ്ശിക്ഷിക്കാതെ വിട്ടാല്‍ രണ്ടാം ടേമില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള അദ്ദേഹത്തിന്‍റെ പ്രവണത വര്‍ധിക്കുമെന്നും അതു രാജ്യത്തിന് അപകടമുണ്ടാക്കുമെന്നും അവര്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. 

English Summary : Trump impeachment trial

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ