ബ്രിട്ടനും ഇയുവും ബ്രെക്സിറ്റിനു ശേഷം

HIGHLIGHTS
  • ഭാവി ബന്ധം തീരുമാനിക്കാന്‍ പ്രയാസം
  • ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കി
TOPSHOT-BRITAIN-EU-BREXIT-POLITICS
ആളുകള്‍, സാധനങ്ങള്‍, മൂലധനം, സേവനം എന്നിവയുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള സഞ്ചാരത്തിന് ഈ വര്‍ഷാവസാനംവരെ തടസ്സമുണ്ടാവില്ല. കസ്റ്റംസ് പരിശോധനയോ ചുങ്കം ചുമത്തലോ ഇല്ല. എങ്കിലും, അടുത്തവര്‍ഷാരംഭത്തോടെ സ്ഥിതി മാറും
SHARE

ലോകത്തില്‍ വച്ചേറ്റവും വലിയ സാമ്പത്തിക-രാഷ്ട്രീയ കൂട്ടായ്മായ യൂറോപ്യന്‍ യൂണിയനില്‍ (ഇയു) നിന്നു ബ്രിട്ടന്‍ വേറിട്ടുപോയ ശേഷം പത്തു ദിവസം കഴിഞ്ഞു. ബ്രിട്ടനിലെയോ ഇയുവില്‍ അവശേഷിക്കുന്ന 27 രാജ്യങ്ങളിലെയോ ജനങ്ങളുടെ ജീവിതത്തില്‍ ഇതുമൂലം ഇതുവരെ കാര്യമായ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. 

പരിണാമ ഘട്ടം (ട്രാന്‍സിഷന്‍ പീരിയഡ്) അഥവാ വിട്ടുപോകല്‍ കരാര്‍ നടപ്പാക്കുന്ന കാലം എന്നു വിളിക്കപ്പെടുന്ന പതിനൊന്നു മാസത്തേക്ക് അത്തരം മാറ്റങ്ങളൊന്നും ആരും പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ, അതിനു ശേഷം സ്ഥിതിഗതികള്‍ മാറും. അതിനെക്കുറിച്ചുള്ള ശുഭ പ്രതീക്ഷയില്‍ ബ്രിട്ടനിലെ ഒരു വിഭാഗം ആവേശം കൊള്ളുമ്പോള്‍ ഏതാണ്ട്     അത്രതന്നെ വരുന്ന മറ്റൊരു വിഭാഗം ആശങ്കയില്‍ ആണ്ടുപോവുകയാണ്. 

ബ്രെക്സിറ്റ് അഥവാ ഇയുവില്‍നിന്നുളള ബ്രിട്ടന്‍റെ പിന്മാറ്റം സംബന്ധിച്ച് 2016 ജൂണില്‍ നടന്ന ഹിതപരിശോധനയില്‍ അനുകൂലമായി വോട്ടു ചെയ്ത 52 ശതമാനമാണ് ആഹ്ളാദത്തില്‍. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ അക്കൂട്ടത്തില്‍പ്പെടുന്നു. ആശങ്കപ്പെടുന്നവര്‍ ബ്രെക്സിറ്റിനെ എതിര്‍ത്ത 48 ശതമാനം. 

ഇയുവിന്‍റെ ആസ്ഥാനമായ ബ്രസ്സല്‍സില്‍ (ബെല്‍ജിയം) യൂറോപ്യന്‍ പാര്‍ലമെന്‍റ് മന്ദിരത്തിനു  മുന്നില്‍ മറ്റ് അംഗ രാജ്യങ്ങളുടെ പതാകകളോടൊപ്പം 47 വര്‍ഷക്കാലം ബ്രിട്ടീഷ് പതാകയും (യൂണിയന്‍ ജാക്ക്) പാറിക്കളിച്ചിരുന്നു. അതവിടെനിന്നു നീക്കം ചെയ്തതാണ് പ്രകടമായ ഒരു മാറ്റം. അതൊരു  മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

   

BRITAIN-POLITICS-EU-BREXIT

യൂറോപ്യന്‍ പാര്‍ലമെന്‍റിലെ 73 ബ്രിട്ടീഷ് അംഗങ്ങള്‍ക്ക് അവരുടെ  സീറ്റുകള്‍ നഷ്ടപ്പെട്ടതു മറ്റൊരു സംഭവം. ബ്രെക്സിറ്റിനുവേണ്ടി ഏറ്റവും വീറോടെ വാദിച്ച നിജല്‍ ഫറാജാണ് ഇവരില്‍ ഒരാള്‍. കഴിഞ്ഞ  20 വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്നു തവണയാണ് അദ്ദേഹം യൂറോപ്യന്‍ യൂറോപ്യന്‍ പാര്‍ലമെന്‍റിലേക്കു തിരഞ്ഞെടുക്ക പ്പെട്ടത്. യൂറോപ്യന്‍ നീതിന്യായ കോടതിയിലെ ബ്രിട്ടീഷുകാരായ രണ്ടു ജഡ്ജിമാരും പുറത്തായി.   

ഇയുവിന്‍റെ നിയമങ്ങള്‍ നിര്‍മിക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്‍റിനു പുറമെ ആ നിയമങ്ങള്‍ നടപ്പാക്കുന്ന സ്ഥാപനങ്ങളായ യൂറോപ്യന്‍ കൗണ്‍സില്‍, യൂറോപ്യന്‍  കമ്മിഷന്‍ എന്നിവയിലും ബ്രിട്ടന്‍ അംഗമല്ലാതായി.  അതേസമയം, ഇയുവിന്‍റെ എല്ലാ നിയമങ്ങളും പരിണാമ ഘട്ടം അവസാനിക്കുന്നതുവരെ (ഈ വര്‍ഷം ഡിസംബര്‍ 31വരെ) ബ്രിട്ടനും അനുസരിക്കേണ്ടിവരും. 

യൂറോപ്യന്‍ നീതിന്യായ കോടതിയുടെ വിധികളും ഇക്കാലത്തു ബ്രിട്ടനു ബാധകമായിരിക്കും. ഇയു  വാര്‍ഷിക ബജറ്റിലേക്കുള്ള വിഹിതം അടക്കുകയും വേണം. ഇയുവിന്‍റെ പൊതുനാണയമായ യൂറോ തങ്ങളുടെയും നാണയമായി അംഗീകരിക്കാന്‍ ബ്രിട്ടന്‍ സമ്മതിച്ചിരുന്നില്ല. ഈ നിലപാടു സ്വീകരിച്ച വേറെയും അംഗങ്ങള്‍ ഇയുവിലുണ്ട്. ബ്രിട്ടന്‍ പൗണ്ട് സറ്റെര്‍ലിങ്തന്നെ ഉപയോഗിക്കുകയായിരുന്നു. അതിനാല്‍, ഇയു വിട്ടതോടെ നാണയം മാറ്റേണ്ട ആവശ്യം വരുന്നില്ല. അതൊരു വലിയ സമാധാനമാണ്.

ബ്രിട്ടനില്‍ താമസിക്കുകുയും ജോലിയെടുക്കുകയും ചെയ്യുന്ന മറ്റ് ഇയു അംഗരാജ്യങ്ങളിലെ പൗരന്മാര്‍, മറ്റ് ഇയു രാജ്യങ്ങളില്‍ താമസിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്ന ബ്രിട്ടീഷുകാര്‍ എന്നിവരുടെ ഭാവി എന്തായിരിക്കും ? ഇയുവുമായും മറ്റു രാജ്യങ്ങളുമായുമുള്ള ബ്രിട്ടന്‍റെ വ്യാപാര ബന്ധം ഏതു വിധത്തിലായിരിക്കും ? 

ഹിതപരിശോധനയില്‍ ബ്രെക്സിറ്റിന് അനുകൂലമായ തീരുമാനം ഉണ്ടായതു മുതല്‍ മൂന്നര വര്‍ഷമായി ജനങ്ങള്‍ ഉത്തരം തേടിക്കൊണ്ടിരുന്ന രണ്ടു സുപ്രധാന ചോദ്യങ്ങളാണിവ. ഇവ ഉള്‍പ്പെടെയുള്ള  കാര്യങ്ങള്‍ ഇയുവും ബ്രിട്ടനും തമ്മില്‍ കൂടിയാലോചിച്ചു തീരുമാനിക്കാനാണ് പതിനൊന്നു മാസത്തെ പരിണാമഘട്ടം നിശ്ചയിച്ചിട്ടുള്ളത്. 

ഉഭയ സമ്മത പ്രകാരം ഇതു വേണമെങ്കില്‍ ഒരു വര്‍ഷമോ രണ്ടു വര്‍ഷമോ നീട്ടാം.  ഇല്ലെങ്കില്‍  ഈ വര്‍ഷം അവസാനിക്കുന്ന തിനുമുന്‍പ്  വ്യക്തമായ തീരുമാനമെടുക്കേ ണ്ടിവരും. ചര്‍ച്ചകള്‍ അടുത്ത മാസം ആദ്യത്തില്‍ തുടങ്ങാനിരിക്കുന്നതേയുള്ളൂ. അതിനുശേഷമുള്ള പത്തുമാസത്തിനിടയില്‍  ഒത്തുതീര്‍പ്പി ലെത്താന്‍ കഴിയുമോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമാണുള്ളത്. 

TOPSHOT-BRITAIN-EU-BREXIT-POLITICS

പരിണാമ ഘട്ടം നീട്ടുന്നതിനോടു പ്രധാനമന്ത്രി ജോണ്‍സനു താല്‍പര്യമില്ല. ഡിസംബര്‍ 31നകം തീരുമാനമായില്ലെങ്കില്‍ ബ്രിട്ടന്‍ സ്വന്തം വഴിനോക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചി ട്ടുളളത്. ഇയുവുമായുളള ഭാവി ബന്ധം സംബന്ധിച്ച് അദ്ദേഹം പറയുന്ന പല കാര്യങ്ങളും ഇയു നേതാക്കള്‍ക്കു  സ്വീകാര്യമല്ല. അതിനാല്‍ കരാറില്ലാതെതന്നെ പരിണാമ ഘട്ടം അവസാനിക്കു മെന്ന ഭീതിയും നിലനില്‍ക്കുന്നു.   

ആറു രാജ്യങ്ങള്‍ ചേര്‍ന്നു 1951ല്‍ യൂറോപ്യന്‍ കല്‍ക്കരി-ഉരുക്ക് സമൂഹമെന്ന പേരില്‍ തുടങ്ങി, വിവിധ ഘട്ടങ്ങളിലൂടെ വളര്‍ന്നു വലുതായതാണ്  ഇയു. അതില്‍നിന്നു ഇതുവരെ ഒരു രാജ്യവും വിട്ടുപോയിരുന്നില്ല. അതിനാല്‍ ബ്രിട്ടനും ഇയുവും തമ്മിലുള്ള ഭാവി ബന്ധം നിര്‍വചിക്കാന്‍ സഹായകമായ കീഴ്വഴക്കങ്ങളൊന്നും ഇരുകുട്ടരുടെയും മുന്നിലില്ല. എല്ലാം പരസ്പരം വിശദമായി ചര്‍ച്ചചെയ്തു തീരുമാനിക്കണം.  

ഇയുവിന്‍റെ ഒരു സുപ്രധാന സവിശേഷത അതിലെ അംഗ രാജ്യങ്ങളിലെ പൗരന്മാര്‍ക്കു മറ്റേതു ഇയു  രാജ്യത്തും പോയി താമസിക്കാനും ജോലി ചെയ്യാനും സ്വാതന്ത്ര്യമുണ്ടെന്നതാണ്. വീസ ആവശ്യമില്ല. മിക്കവര്‍ക്കും പ്രിയം ബ്രിട്ടനായിരുന്നു. ഇയുവിലെ ഏറ്റവും പ്രധാനപ്പെട്ട അംഗവുമായിരുന്നു ബ്രിട്ടന്‍.

ഇയു രാജ്യങ്ങളില്‍ നിന്നുള്ള 35 ലക്ഷം പേരാണ് ബ്രിട്ടനിലുള്ളത്. തൊഴിലുകളിലും ബിസിനസ്സുകളിലും ഏര്‍പ്പെട്ടിട്ടുള്ളവരും അവരുടെ ആശ്രിതരും ഇവരില്‍ ഉള്‍പ്പെടും. ബ്രിട്ടീഷുകാരായ 13 ലക്ഷം പേര്‍ വിവിധ ഇയു രാജ്യങ്ങളിലുമുണ്ട്.     

അതായതു ബ്രിട്ടനിലുള്ള ഇയു പൗരന്മാരുടെ എണ്ണം ആ രാജ്യങ്ങളിലുളള ബ്രിട്ടീഷ് പൗരന്മാരുടെ ഏതാണ്ട്‌ മൂന്നു മടങ്ങാണ്. മറ്റുള്ളവരുടെ തളളിക്കയറ്റം കാരണം തങ്ങള്‍ക്കു ജോലിയില്ലാതാവുകയും തങ്ങളുടെ ജീവിതരീതി കളങ്കപ്പെടുകയാണെന്നുമുള്ള പരാതി ബ്രിട്ടീഷുകാര്‍ക്കിടയില്‍ ഉയര്‍ന്നു. അതില്‍നിന്നു  വളര്‍ന്നുവന്ന അസംതൃപ്തിയും എതിര്‍പ്പുമാണ് ബ്രിട്ടന്‍ ഇയു വിട്ടുപോകണമെന്ന മുറവിളിയിലേക്കും ഒടുവില്‍ ബ്രെക്സിറ്റ് ഹിതപരിശോധനയിലേക്കും നയിച്ചത്. 

ദീര്‍ഘകാലമായി ബ്രിട്ടനില്‍ കഴിയുന്ന ഇയു പൗരന്മാര്‍ക്കോ ഇയു രാജ്യങ്ങളില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്കോ തല്‍ക്കാലം പ്രശ്നമില്ല. എങ്കിലും, അഞ്ചു വര്‍ഷമോ അതിലധികമോ കാലമായി തുടര്‍ച്ചയായി  ബ്രിട്ടനിലുള്ളവര്‍ അതിനുള്ള തെളിവു സഹിതം 2021 ജൂണ്‍ 30നു മുന്‍പ് ഗവണ്‍മെന്‍റിന്‍റെ സെറ്റില്‍മെന്‍റ് പദ്ധതിയില്‍ പേരു റജിസ്റ്റര്‍ ചെയ്യണം. ഇയു രാജ്യങ്ങളിലെ ബ്രിട്ടീഷുകാരും ഇങ്ങനെ ചെയ്യേണ്ടതാണ്. 

  

പരിണാമ ഘട്ടം അവസാനിക്കുന്നതുവരെ ഇയുവിന്‍റെ ഏക വിപണിയിലും കസ്റ്റംസ് യൂണിയനിലും ബ്രിട്ടന്‍ തുടരും. ആളുകള്‍ക്കു പുറമെ സാധനങ്ങള്‍, മൂലധനം, സേവനം എന്നിവയുടെയും അങ്ങോട്ടുമിങ്ങോട്ടുമുള്ള സഞ്ചാരത്തിന് ഈ വര്‍ഷം ഡിസംബര്‍ 31 വരെ  തടസ്സമുണ്ടാവില്ല. കസ്റ്റംസ് പരിശോധനയോ ചുങ്കം ചുമത്തലോ ഉണ്ടാവില്ല. എങ്കിലും, അടുത്ത വര്‍ഷം ജനുവരി ഒന്നാം തീയതിയോടെ അതിലും  മാറ്റമുണ്ടാവും. 

അതിനെ മറികടക്കുന്ന വിധത്തിലുളള സ്വതന്ത്ര വ്യാപാര ബന്ധം ഇയുവുമായിത്തന്നെ സ്ഥാപിക്കാനാണ് ജോണ്‍സന്‍റെ ശ്രമം. അമേരിക്ക, ഓസ്ട്രേലിയ എന്നിവ പോലുള്ള രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടാനും അദ്ദേഹം ആഗ്രഹിക്കുന്നു. ഇയുവില്‍നിന്നു പുറത്തുപോയതു കൊണ്ട് ബ്രിട്ടന് ഒരു നഷ്ടവും ഉണ്ടാവില്ലെന്നും ലാഭം മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം അവകാശപ്പെടുന്നു. 

ഏറ്റവും വലിയ തലവേദന ബ്രിട്ടന്‍റെ ഭാഗമായ വടക്കന്‍ അയര്‍ല ന്‍ഡിനും സ്വതന്ത്ര രാജ്യമായ ഐറിഷ്  റിപ്പബ്ളിക്കിനും ഇടയിലുള്ള അതിര്‍ത്തിയിലൂടെനടക്കുന്ന വ്യാപാരത്തിന്‍റെ കാര്യത്തിലാണ്. ബ്രിട്ടന്‍  ഇയുവില്‍ ഉണ്ടായിരുന്നിടത്തോളം കാലം ഇതൊരു പ്രശ്നമായിരുന്നില്ല. കാരണം, ഐറിഷ് റിപ്പബ്ലിക്കും ഇയു അംഗമാണ്. 

ആ നിലയില്‍ ചുങ്കമോ കസ്റ്റംസ് പരിശോധനയോ ഇല്ലാത്ത സ്വതന്ത്ര വ്യാപാരമാണ് നടന്നകൊണ്ടിരുന്നത്. എന്നാല്‍, ബ്രിട്ടന്‍ ഇയു വിട്ടതോടെ ഇതനുവദിക്കാന്‍ വയ്യാതായി. അതേസമയം, വടക്കന്‍ അയര്‍ലന്‍ഡിലെയുംഐറിഷ് റിപ്പബ്ളിക്കിലെയും ജനങ്ങള്‍ തമ്മിലുള്ള തീവ്രമായ വൈകാരിക ബന്ധം അതിര്‍ത്തിയിലെ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കു തടസ്സമാവുകയും ചെയ്യുന്നു. 

കസ്റ്റംസ് പരിശോധനയും ചുങ്കം ചുമത്തലും ഒഴിവാക്കാന്‍ ജോണ്‍സന്‍ തയാറില്ല. പക്ഷേ, അവ നടപ്പാക്കുന്നത് ഐറിഷ് റിപ്പബ്ളിക്കുമായുള്ള വടക്കന്‍ അയര്‍ലന്‍ഡിന്‍റെ അതിര്‍ത്തിയില്‍ വച്ചായിരിക്കില്ല. ബ്രിട്ടനും വടക്കന്‍ അയര്‍ലന്‍ഡിനും ഇടയിലുളള അതിര്‍ത്തിയില്‍ വച്ചായിരിക്കും. 

അങ്ങനെ വടക്കന്‍ അയര്‍ലന്‍ഡിലെത്തുന്ന ചരക്കുകള്‍ അവിടെ നിന്നു ഐറിഷ് റിപ്പബ്ളിക്കിലേക്ക്  അയക്കുന്നില്ലെങ്കില്‍ ചുങ്കത്തുക തിരിച്ചുനല്‍കും. ഇരു മേഖലകളിലെയും ജനങ്ങള്‍ക്ക് ഇത് എത്രത്തോളം സ്വീകാര്യമായിരിക്കുമെന്നു കാണാനിരിക്കുന്നതേയുള്ളൂ. 

ബ്രിട്ടന്‍റ നാലു മേഖലകളില്‍ സ്കോട്ലന്‍ഡിലെപ്പോലെ വടക്കന്‍ അയര്‍ലന്‍ഡിലെയും ബഹു ഭൂരിപക്ഷം ഹിതപരിശോധനയില്‍  ബ്രെക്സിറ്റിന് എതിരായിരുന്നു. ഇയുവില്‍ തുടരാന്‍ ആഗ്രഹിക്കുന്ന തങ്ങളെ ബ്രിട്ടന്‍ വിട്ടുപോകാന്‍ അനുവദിക്കണമെന്ന വാദിക്കുകയാണ് സ്കോട്ലന്‍ഡിലെ ഒരു വലിയ വിഭാഗം. 

ഐറിഷ് റിപ്പബ്ളിക്കും വടക്കന്‍ അയര്‍ലന്‍ഡും ഒന്നിക്കുകയും ഐറിഷ് ദ്വീപ് മുഴുവന്‍ ഒറ്റ രാജ്യമാവുകയും ചെയ്യണമെന്നു വാദം  നേരത്തെതന്നെ ആ രണ്ടു മേഖലകളിലുമുണ്ട്.  ബ്രെക്സിറ്റോടെ അതിനും പുതുജീവന്‍ കിട്ടിയ മട്ടാണ്. 

English Summary : Britain And EU After Brexit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA