രാഷ്ട്രീയക്കൊടുങ്കാറ്റില്‍ അയര്‍ലന്‍ഡ്

HIGHLIGHTS
  • ഇന്ത്യന്‍ വംശജനു ഭരണ നഷ്ടം
  • പുനരേകീകരണ വാദം വീണ്ടും
irish-general-election
അയര്‍ലന്‍ഡിലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ അനുരണനങ്ങള്‍ ആ രാജ്യത്ത് ഒതുങ്ങിനില്‍ക്കുന്നില്ല. ബ്രിട്ടനും ആശങ്കപ്പെടാന്‍ കാരണമുണ്ട്
SHARE

അയര്‍ലന്‍ഡില്‍ ഈയിടെ പേമാരിയും കൊടുങ്കാറ്റും നാശം വിതച്ചുവെങ്കിലും ലോകത്തു പൊതുവില്‍ അതൊരു വലിയ വാര്‍ത്തയായിരുന്നില്ല. അതിന്‍റെ തൊട്ടുപിന്നാലെയായിരുന്നു തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ രൂപത്തില്‍ അഭൂതപൂര്‍വമായ ഒരു രാഷ്ട്രീയക്കൊടുങ്കാറ്റിന്‍റെ ആഗമനം. ലോകത്തിനു, വിശേഷിച്ച് യൂറോപ്പിന്, അതു ശ്രദ്ധിക്കാതിരിക്കാന്‍ പറ്റാതായി. 

ആ സംഭവത്തിന്‍റെ അനന്തര ഫലങ്ങളെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ബ്രിട്ടന്‍റെ ഭാഗമായ വടക്കന്‍ അയര്‍ലന്‍ഡിന്‍റെ ഭാവിയും ഇതോടനുബന്ധിച്ച് സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുവരുന്നു. രണ്ടു ദശകങ്ങള്‍ക്കുമുന്‍പ് അവിടെ നടന്ന അക്രമങ്ങളും ചോരച്ചൊരിച്ചലും ഭീകരാവസ്ഥയും  വീണ്ടും ഓര്‍മയിലെത്താനും ഇതു കാരണമാകുന്നു.

ഇന്ത്യയില്‍ ഈ തിരഞ്ഞെടുപ്പ് ഫലം സവിശേഷ ശ്രദ്ധ ആകര്‍ഷിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഏതാണ്ടു മൂന്നു വര്‍ഷമായി അയര്‍ലന്‍ഡിലെ പ്രധാനമന്ത്രി ഒരു ഇന്ത്യന്‍ വംശജനാണ്. മഹാരാഷ്ട്രയിലെ വരാഡില്‍നിന്നു 1966ല്‍ അയര്‍ലന്‍ഡില്‍ കുടിയേറിയ ഡോ. അശോക് വരാഡ്ക്കര്‍ക്ക് അന്നാട്ടുകാരിയായ ഭാര്യയില്‍ പിറന്ന മകന്‍ ലിയോ വരാഡ്കര്‍ എന്ന നാല്‍പത്തൊന്നുകാരന്‍. 

ഇത്രയും കുറഞ്ഞ പ്രായത്തില്‍ അവിടെ ഭരണ നേതൃത്വം വഹിച്ച മറ്റാരുമില്ല. പക്ഷേ, ഇക്കഴിഞ്ഞ ശനിയാഴ്ച (ഫെബ്രുവരി എട്ട്) നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പോടെ അദ്ദേഹത്തിന്‍റെ പ്രധാനമന്ത്രിപദവും രാഷ്ട്രീയ ഭാവിയും അപകടത്തിലായി. അദ്ദേഹത്തിന്‍റെ പാര്‍ട്ടി, ഫിന ഗെയില്‍ ഒന്നാം സ്ഥാനത്തു നിന്നു മൂന്നാം സ്ഥാനത്തേക്കു പിന്‍തള്ളപ്പെട്ടു. 

ആനുപാതിക പ്രാതിനിധ്യ രീതിയില്‍ പ്രഥമ മുന്‍ഗണനാ സമ്പ്രദായത്തിലായിരുന്നു വോട്ടെടുപ്പ്. ഫിന ഗെയിലിനു കിട്ടിയതു വെറും 20 ശതമാനം വോട്ടുകള്‍. അതിന്‍റെ അടിസ്ഥാനത്തില്‍ 160 അംഗ പാര്‍ലമെന്‍റിലെ 35 സീറ്റുകള്‍ കിട്ടിയപ്പോള്‍ അവര്‍ക്കു നഷ്ടപ്പെട്ടതു 16 സീറ്റുകള്‍.  

ഫിന ഗെയിലും മധ്യവലതു നിലപാടു പുലര്‍ത്തുന്ന ഫിയന്ന ഫോയില്‍ എന്ന മറ്റൊരു മുഖ്യധാരാ കക്ഷിയും ഒരു നൂറ്റാണ്ടു കാലമായി മാറിമാറി രാജ്യം ഭരിക്കുകയായിരുന്നു. അതിനു മാറ്റമുണ്ടാകാനുള്ള സാധ്യതയിലേക്കും ഈ തിരഞ്ഞെടുപ്പ് ഫലം വഴിതുറന്നിടുന്നു.  

irish-general-election

ഇതുവരെ മുന്‍നിരയില്‍ സ്ഥാനമില്ലാതിരുന്ന ഷിന്‍ ഫെയിന്‍ എന്ന ഇടതുപക്ഷ കക്ഷിയുടെ അപ്രതീക്ഷിതമായ മുന്നേറ്റമാണ് ഇതിനു കാരണം. ഏറ്റവുമധികം വോട്ടുകള്‍  (25 ശതമാനം) നേടിയത് അവരാണ്. 

അതിന്‍റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്‍റില്‍ 37 സീറ്റുകള്‍ കിട്ടി. കൂടുതല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നെങ്കില്‍ സീറ്റുകളുടെ കാര്യത്തിലും അവര്‍ മുന്നിലെത്തുമായിരുന്നു. ഇപ്പോള്‍ ഏറ്റവുമധികം (38) സീറ്റുകള്‍ നേടി നില്‍ക്കുന്നതു 22 ശതമാനം മാത്രം വോട്ടുകള്‍ നേടിയ ഫിയന്ന ഫോയില്‍. നേരത്തെ അവര്‍ക്കുണ്ടായിരുന്നതു 44 സീറ്റുകള്‍. 

ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ കൂട്ടു മന്ത്രിസഭയോ ന്യൂനപക്ഷ മന്ത്രിസഭയോ ഉണ്ടാക്കാനുളള ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ (2017ല്‍) ഫിയന്ന ഫോയിലിന്‍റെ ബാഹ്യപിന്തുണയോടെ പ്രധാനമന്ത്രി വരാഡ്ക്കറുടെ ഫിന ഗെയില്‍ മന്ത്രിസഭ രൂപീകരിച്ചതു 70 ദിവസം നീണ്ടുനിന്ന വിലപേശലിനു ശേഷമായിരുന്നു. 

ഇത്തവണ അവകാശവാദവുമായി ഷിന്‍ ഫെയിന്‍കൂടി രംഗത്തുള്ളതിനാല്‍ ദിവസങ്ങള്‍ കൂടാനുള്ള സാധ്യതയുമുണ്ട്. ഷിന്‍ ഫെയിനുമായി സഖ്യത്തിനു സമ്മതമല്ലെന്നാണ് മറ്റു രണ്ടു പ്രധാന കക്ഷികളും വ്യക്തമാക്കിയിരുന്നത്. ഗ്രീന്‍ പാര്‍ട്ടി പോലുള്ള ചെറു കക്ഷികളുമായി കൂട്ടുകൂടാനാണ് താല്‍പര്യമെന്നു ഷിന്‍ ഫെയിനും പ്രഖ്യാപിക്കുകയുണ്ടായി. 

അവരോടുള്ള രണ്ടു മുഖ്യധാരാ കക്ഷികളുടെയും എതിര്‍പ്പിന് ഒരു കാരണം അവരുടെ ഇടതുപക്ഷ നിലപാടുകളാണ്. മറ്റൊരു കാരണം ഐറിഷ് റിപ്പബ്ളിക്കന്‍ ആര്‍മി (ഐആര്‍എ) എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സായുധ സംഘടനയുമായി സിന്‍ ഫെയിനു ബന്ധമുണ്ടെന്ന ആരോപണവും.

വടക്കന്‍ അയര്‍ലന്‍ഡിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുകയും അതിനെ ഐറിഷ് റിപ്പബ്ളിക്കില്‍ ലയിപ്പിക്കുകയും ചെയ്യുകയായിരുന്നു ഐആര്‍എയുടെ ലക്ഷ്യം. അതിനുവേണ്ടി അവര്‍ നടത്തിയ അക്രമങ്ങളും എതിര്‍ സംഘടനകളുടെ പ്രത്യാക്രമണങ്ങളും കാരണം മൂന്നു പതിറ്റാണ്ടുകള്‍ക്കിടയില്‍ മരിച്ചചതു 3600 പേരാണ്. 

അവരില്‍ ഒരാളായിരുന്നു ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയും ആദ്യത്തെ ഗവര്‍ണര്‍ ജനറലുമായിരുന്ന മൗണ്ട്ബാറ്റന്‍ പ്രഭു. 1979 ഓഗസ്റ്റില്‍ വിനോദത്തിനുവേണ്ടി മീന്‍പിടിക്കാന്‍ പോയ അദ്ദേഹത്തിന്‍റെ ബോട്ടില്‍ ഐആര്‍എ ഒളിച്ചുവച്ചിരുന്ന ബോംബ് പൊട്ടിയായിരുന്നു മരണം. അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന കൗമാര പ്രായക്കാരായ രണ്ടു പൗത്രന്മാരും മരിച്ചു.

പുത്രിക്കും ഭര്‍ത്താവിനും ഭര്‍ത്താവിന്‍റെ മാതാവിനും അവരുടെ മറ്റൊരു മകനും പരുക്കേറ്റു. ആ വനിത പിന്നീട് ആശുപത്രിയില്‍ മരിച്ചു. സംഭവത്തിന്‍റെ ഉത്തരവാദിത്തം  ഐആര്‍എ ഏറ്റെടുത്തു. ഇങ്ങനെയെല്ലാം കുപ്രസിദ്ധി നേടിയ ഐആര്‍എയുമായി തങ്ങള്‍ക്കു ബന്ധമുണ്ടായിരുന്നുവെന്ന ആരോപണം സ്വാഭാവികമായും  ഷിന്‍ ഫെയിന്‍ നിഷേധിക്കുന്നു.

അയര്‍ലന്‍ഡില്‍ മാത്രമല്ല, ബ്രിട്ടന്‍റെ ഭാഗമായ വടക്കന്‍ അയര്‍ലന്‍ഡിലും ഷിന്‍ ഫെയിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ പ്രാദേശിക ഗവണ്‍മെന്‍റില്‍ പങ്കാളിയുമാണ്. ബ്രിട്ടീഷ് പാര്‍ലമെന്‍റിലും (പൊതുസഭ)  അംഗങ്ങളുണ്ട്. പക്ഷേ, വടക്കന്‍ അയര്‍ലന്‍ഡിലെ ബ്രിട്ടീഷ് ഭരണം അംഗീകരിക്കുന്നില്ലെന്ന കാരണത്താല്‍ പാര്‍ലമെന്‍റിലെ നടപടികളില്‍ അവര്‍ പങ്കെടുക്കാറില്ല. 

ബ്രിട്ടന്‍റെ നാലു മേഖലകളില്‍ മൂന്നെണ്ണം (ഇംഗ്ളണ്ടും വെയില്‍സും സ്കോട്​ലന്‍ഡും) ഒരു ദ്വീപില്‍ ഒന്നിച്ച് കിടക്കുമ്പോള്‍ വടക്കന്‍ അയര്‍ലന്‍ഡ് വേറിട്ടു മറ്റൊരുദ്വീപിലാണ്. ബ്രിട്ടന്‍റെ തൊട്ടടുത്തുളള ഐറിഷ് ദ്വീപിന്‍റെ വടക്കുഭാഗത്താണിത്. ദ്വീപിന്‍റെ തെക്കു ഭാഗത്തെ കൂടുതല്‍ വിശാലമായ പ്രദേശമാണ് റിപ്പബ്ളിക്ക് ഓഫ് അയര്‍ലന്‍ഡ് അഥവാ ഐറിഷ് റിപ്പബ്ളിക്ക് എന്നും അറിയപ്പെടുന്ന സ്വതന്ത്ര രാജ്യമായ അയര്‍ലന്‍ഡ്. 

അതിന്‍റെ ചരിത്രം വടക്കന്‍ അയര്‍ലന്‍ഡിന്‍റെ ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ദീര്‍ഘകാലം ബ്രിട്ടന്‍റെ അധീനത്തിലായിരുന്നു ദ്വീപ് മുഴുവന്‍. അതിനെതിരെ നടന്ന സായുധ സമരം 1921ല്‍ അവസാനിച്ചതു ദ്വീപീന്‍റെ വിഭജനത്തിലാണ്. തെക്കു ഭാഗം അയര്‍ലന്‍ഡ് എന്ന പേരില്‍ സ്വതന്ത്രരാജ്യമാവുകയും വടക്കു ഭാഗം ബ്രിട്ടനില്‍ തന്നെ അവശേഷിക്കുകയും ചെയ്തു.

വടക്കന്‍ അയര്‍ലന്‍ഡിലെ ജനങ്ങളില്‍ ഒരു വലിയ വിഭാഗം, അന്നുമുതല്‍ക്കേ, അയര്‍ലന്‍ഡുമായുള്ള പുനരേകീകരണം ആഗ്രഹിക്കുകയായിരുന്നു. മറ്റൊരു വിഭാഗം, വിശേഷിച്ച് ബ്രിട്ടനില്‍ നിന്നു കുടിയേറിയവര്‍ വടക്കന്‍ അയര്‍ലന്‍ഡില്‍ തന്നെ തുടരാനും ആഗ്രഹിച്ചു. 

ഈ നിലപാടുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ചോരച്ചൊരിച്ചിലിനു കാരണമായിത്തീര്‍ന്നത്. എങ്കിലും, അമേരിക്കയിലെ സെനറ്റര്‍ ജോര്‍ജ് മിച്ചല്‍ നടത്തിയ മധ്യസ്ഥ ശ്രമത്തിന്‍റെ ഫലമായി 1998ല്‍ ഒത്തുതീര്‍പ്പുണ്ടായി. കരാര്‍ ഒപ്പിട്ടതു ഗുഡ്ഫ്രൈഡേ ദിനത്തിലായതിനാല്‍ അതു ഗുഡ്ഫ്രൈഡേ കരാര്‍ എന്നറിയപ്പെടുന്നു. 

രണ്ടു പതിറ്റാണ്ടുകളായി വടക്കന്‍ അയര്‍ലന്‍ഡില്‍ നിലനില്‍ക്കുന്ന സമാധാനത്തിന്‍റെ അടിത്തറ ആ കരാറാണ്. പക്ഷേ, അടുത്ത കാലത്തായി അതിനെതിരെ വെല്ലുവിളികള്‍ ഉയര്‍ന്നു. അതിനൊരു കാരണം ബ്രെക്സിറ്റാണ്. അയര്‍ലന്‍ഡ് കൂടി ഉള്‍പ്പെടുന്ന യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ പുറത്തുപോയതു വടക്കന്‍ അയര്‍ലന്‍ഡിലെ ജനങ്ങളില്‍ അധികപേര്‍ക്കും ഇഷ്ടമായിട്ടില്ല. 

അയര്‍ലന്‍ഡും വടക്കന്‍ അയര്‍ലന്‍ഡും ഒന്നാകണമെന്ന ആവശ്യം ഇതോടെ വീണ്ടും ഉയര്‍ന്നു. അയര്‍ലന്‍ഡിലെ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം വോട്ടുകള്‍ നേടിയ ഷിന്‍ ഫെയിന്‍റെ പ്രകടന പത്രികയിലെ മുഖ്യമായ ആവശ്യവും ഇതായിരുന്നു. ഇതിനുവേണ്ടി അഞ്ചു വര്‍ഷത്തിനകം ഹിതപരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

        

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA