മടക്കയാത്രയില്‍ ഇറാന്‍ ?

HIGHLIGHTS
  • ജനങ്ങള്‍ക്കിടയില്‍ മടുപ്പും നിരാശയും
  • മുന്‍ പ്രസിഡന്‍റ് നിജാദ് വീണ്ടും വരുന്നു
mahmoud-ahmadinejad-001
ഇറാനിലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ യാഥാസ്ഥിതികര്‍ക്കു വന്‍വിജയം. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലും അവര്‍ ജയിച്ചാല്‍ എന്തു സംഭവിക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍തന്നെ ഉയരുന്നത്
SHARE

ഇറാനിലെ ഭരണത്തില്‍ പുരോഗമന വാദികള്‍ക്കും മിതവാദികള്‍ക്കും കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെടുകയാണ്. മുന്‍ പ്രസിഡന്‍റ് മഹ്മൂദ് അഹമദി നിജാദിനെപ്പോലുള്ള കടുത്ത യാഥാസ്ഥിതികരുടെ തിരിച്ചുവരവിനു കളമൊരുങ്ങുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച (ഫെബ്രുവരി 21) നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ ഫലം അതാണ് അടയാളപ്പെടുത്തുന്നത്.  

മജ്ലിസ് എന്നറിയപ്പെടുന്ന 290 അംഗ പാര്‍ലമെന്‍റിലെ ഏതാണ്ടു 220 സീറ്റുകള്‍ യാഥാസ്ഥിതികര്‍ നേടി. തലസ്ഥാന നഗരമായ ടെഹറാനിലെ മുഴുവന്‍ സീറ്റുകളും  (30) അക്കൂട്ടത്തില്‍പ്പെടുന്നു. പരിഷ്ക്കരണവാദികള്‍ക്കും മിതവാദികള്‍ക്കും കൂടി കിട്ടിയ 20 സീറ്റുകളേക്കാള്‍ പതിനഞ്ചെണ്ണം സ്വതന്ത്രര്‍ക്കു കിട്ടി. 

കഴിഞ്ഞ തവണ (2016ല്‍) പരിഷ്ക്കരണവാദികള്‍ക്കും മിതവാദികള്‍ക്കും കൂടി 126 സീറ്റുകളുടെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. ടെഹറാനിലെ മുപ്പതും അവരുടേതായിരുന്നു. ഇത്തവണ പതിനൊന്നു സീറ്റുകളിലെ വോട്ടെടുപ്പ് ഏപ്രിലില്‍ നടക്കാനിരിക്കുന്നതേയുള്ളൂ. അഞ്ചു സീറ്റുകള്‍ സൊറാസ്റ്റിയന്മാര്‍, ജൂതന്മാര്‍, അസ്സീറിയന്മാര്‍, കല്‍ദായ ക്രൈസ്തവര്‍, അര്‍മീനിയന്‍ ക്രൈസ്തവര്‍ എന്നീ മതന്യൂനപക്ഷങ്ങള്‍ക്കു സംവരണം ചെയ്തിരിക്കുകയുമാണ്. 

തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവന്‍ കഴിയുന്നതോടെ പാര്‍ലമെന്‍റില്‍ യാഥാസ്ഥിതികരുടെ ശക്തമായ  മേധാവിത്തമാണുണ്ടാവുകയെന്ന് ഉറപ്പായിക്കഴിഞ്ഞു. അടുത്ത ജൂണില്‍ നടക്കുന്ന പ്രസിഡന്‍റ്  തിരഞ്ഞെടുപ്പിലും സംഭവിക്കുന്നത് ഒരുപക്ഷേ ഇതുതന്നെയായിരിക്കും. മുന്‍പ് രണ്ടുതവണ (2005 മുതല്‍ 2913 വരെ) പ്രസിഡന്‍റായിരുന്ന അഹമദി നിജാദ് ആ പദവിയിലേക്കു വീണ്ടും മല്‍സരിക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യാഥാസ്ഥിതികരുടെ മുന്നേറ്റംപോലെതന്നെ മറ്റൊരു സ്ഥിതിവിശേഷവും ഇത്തവണ ലോകശ്രദ്ധ  ആകര്‍ഷിച്ചിരിക്കുകയാണ്. ആറു കോടി വോട്ടര്‍മാരില്‍ ഏതാണ്ട് 42 ശതമാനം പേര്‍ മാത്രമേ ബൂത്തുകളില്‍ എത്തിയുളളൂ. 1979ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം നടന്ന ഒരു തിരഞ്ഞെടുപ്പിലും പോളിങ് ശതമാനം ഇത്രയും കുറഞ്ഞിരുന്നില്ല. ടെഹറാനിലെ പോളിങ് വെറും 25 ശതമാനം. മറ്റു ചില സ്ഥലങ്ങളില്‍ 20 ശതമാനം.

കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ഭയം കാരണം ജനങ്ങള്‍ വീടുവിട്ടിറങ്ങാന്‍ മടിച്ചുവെന്നാണ് ഗവണ്‍മെന്‍റ് നല്‍കുന്ന വിശദീകരണം. അതിശയോക്തി കലര്‍ന്ന വാര്‍ത്തകള്‍ പ്രചരിപ്പികൊണ്ട് രാജ്യ ശത്രുക്കള്‍ വോട്ടര്‍മാരെ ഭയപ്പെടുത്തിയെന്ന് അവര്‍ കുറ്റപ്പെടുത്തിയിട്ടുമുണ്ട്.

ഇറാനില്‍ ഇതിനകം 62 പേര്‍ക്കു കൊറോണ ബാധിക്കുകയും 14പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക വിവരം. മുന്‍കരുതലെന്ന നിലയില്‍ ചില സ്ഥലങ്ങളില്‍ സ്കൂളുകളും സര്‍വകലാശാലകളും പൂട്ടി. അയല്‍ രാജ്യങ്ങളായ തുര്‍ക്കിയും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും അതിര്‍ത്തികള്‍ അടച്ചു. 

വോട്ടെടുപ്പില്‍നിന്നു ജനങ്ങള്‍ കൂട്ടത്തോടെ വിട്ടുനിന്നതിനു കാരണം കൊറോണ മാത്രമല്ലെന്നും അഭിപ്രായമുണ്ട്. അവര്‍ക്കിടയില്‍ നേരത്തെതന്നെ വളര്‍ന്നുവന്ന അസംതൃപ്തിയും മടുപ്പും നിരാശയുമാണ് മുഖ്യകാരണമെന്നു പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

അതിന് അടിവരയിടുന്ന വിധത്തിലുള്ളതാണ് ഇറാന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി. ഇറാനുമായി ഉണ്ടാക്കിയ രാജ്യാന്തര ആണവ കരാറില്‍നിന്ന് 2018 മേയില്‍ അമേരിക്ക പിന്മാറുകയും ഇറാനെതിരായ സാമ്പത്തിക ഉപരോധം കര്‍ക്കശമാക്കുകയും ചെയ്തതോടെ തുടങ്ങിയതാണിത്. യുഎസ് സമ്മര്‍ദംകാരണം മറ്റ് ഒട്ടേറെ രാജ്യങ്ങളും ഉപരോധത്തില്‍ സഹകരിക്കാന്‍ നിര്‍ബന്ധിതരായി. 

donald-trump-0011

ഇറാന്‍റെ സാമ്പത്തിക സ്ഥിതിയുടെ നട്ടെല്ലായ എണ്ണകയറ്റുമതി സ്തംഭനത്തിലാവുകയും രാജ്യാന്തര ബാങ്കിങ് രംഗം ഇറാന് അപ്രാപ്യമാവുകയും ചെയ്തു. അവശ്യ സാധനങ്ങളുടെ ഇറക്കുമതിയും അവതാളത്തിലായി. വിലക്കയറ്റം ക്രമാതീത മാവുകയും തൊഴിലില്ലായ്മ വര്‍ധിക്കുകയും ചെയ്തു. യുഎസ് ഉപരോധം മൂലമുള്ള പ്രതിസന്ധി കാരണം കൊറോണയെ നേരിടാനും ഇറാന്‍ വിഷമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

ഇന്ധനവില പെട്ടെന്നു വര്‍ധിപ്പിച്ചതിനെ തുടര്‍ന്നു നവംബറില്‍ ജനങ്ങള്‍ തെരുവിലിറങ്ങുകയുണ്ടായി. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലുകളില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ഒട്ടേറെ പേര്‍ ജയിലിലായി.

ആണവ പ്രശ്നത്തിന്‍റെ പേരില്‍ അമേരിക്കയും ഇറാനും തമ്മിലു ണ്ടായ സംഘര്‍ഷം ജനുവരിയില്‍ നേരിട്ടള്ള   ഏറ്റുമുട്ടലിന്‍റെ വക്കോളമെത്തിയതു മറ്റൊരു സംഭവവികാസമായിരുന്നു. ഇറാന്‍റെ സവിശേഷ സൈനിക വിഭാഗമായ റിപ്പബ്ളിക്കന്‍ ഗാര്‍ഡ് കോറിന്‍റെ കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനി ഇറാഖിലെ ബഗ്ദാദില്‍ അമേരിക്കയുടെ ഡ്രോണ്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അത്.   

തിരിച്ചടിയെന്ന നിലയില്‍ ഇറാന്‍ ഇറാഖിലെ യുഎസ് സൈനിക താവളത്തിനു നേരെ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ചില യുഎസ് ഭടന്മാര്‍ക്കു പരുക്കേറ്റു. ഇത്തരം നടപടികള്‍ക്കു ശക്തമായ പ്രതികരണം ഉണ്ടാകുമെന്നു പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്‌ ഭീഷണി മുഴക്കിയിരുന്നു. അതിനാല്‍ യുദ്ധം ഏതു നിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു ലോകം പൊതുവില്‍തന്നെ. 

ഭവിഷ്യത്തുകള്‍ ഓര്‍ത്തിട്ടാവാം ട്രംപ് കൂടുതല്‍ സാഹസികതകള്‍ക്കൊന്നും മുതിരാതിരുന്നതു ഭാഗ്യമായി. അതേസമയം യുദ്ധ സാധ്യത ഇപ്പോഴും നിലനില്‍ക്കുകയും ചെയ്യുന്നു.

ഒരു യുക്രെയിന്‍ വിമാനം ഇറാന്‍ അബദ്ധത്തില്‍ വെടിവച്ചു വീഴ്ത്തിയതായിരുന്നു ജനരോഷം ഇളക്കിവിട്ട മറ്റൊരു സംഭവം. മരിച്ച 176 പേരില്‍ മിക്കവരും ഇറാന്‍കാരാണ്. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഗവണ്‍മെന്‍റ് ആദ്യം വിസമ്മതിക്കുകയും ചെയ്തതോടെ ജനങ്ങള്‍ തെരുവിലിറങ്ങി  ദിവസങ്ങളോളം പ്രകടനം നടത്തി. പ്രകടനക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയും ഒട്ടേറെ പേര്‍ മരിക്കുകയും ചെയ്തു.  

മിതവാദിയായ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനിയില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസം ഇടിഞ്ഞുകൊണ്ടിരിക്കുന്നതിന്‍റെ സൂചനയായിട്ടാണ് പലരും ഇത്തരം സംഭവങ്ങളെ കാണുന്നത്. 2013ലും 2017ലും റൂഹാനി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത് വന്‍പ്രതീക്ഷകളുടെ അകമ്പടിയോടെയായിരുന്നു. 

അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മനി എന്നീ രാജ്യങ്ങളുമായി 2015 ല്‍ ഇറാന്‍ ആണവകരാര്‍ ഉണ്ടാക്കിയത് റൂഹാനിയുടെ നേതൃത്വത്തിലാണ്. സമ്പദ് സമൃദ്ധിയുടെ വാതിലുകള്‍ അത് ഇറാനു തുറന്നിട്ടുകൊടുത്തു. അതിനുളള ജനങ്ങളുടെ നന്ദിപ്രകടനമായിരുന്നു 2017ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹം നേടിയ വന്‍വിജയം.

പക്ഷേ, ആണവ കരാര്‍ ട്രംപ് പിച്ചിച്ചീന്തി. ഇറാന്‍റെ മിസൈല്‍ പരീക്ഷണങ്ങള്‍, അയല്‍ രാജ്യങ്ങളിലെ പ്രശ്നങ്ങളില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകള്‍ എന്നിവയ്ക്കു കൂടി ബാധകമായ മറ്റൊരു കരാര്‍ വേണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം.

hassan-rouhani

അതിനുവേണ്ടി ഇറാന്‍ പ്രസിഡന്‍റുമായി സംസാരിക്കാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍,  ഉപരോധത്തില്‍ അയവു വരുത്തിയാല്‍ മാത്രമേ ചര്‍ച്ചയുള്ളൂവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് റൂഹാനി. ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ കണക്കിലെടുത്ത് ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അദ്ദേഹം തയാറായാലും യാഥാസ്ഥിതികര്‍ അനുവദിക്കാനിടയില്ല. പരമോന്നത നേതാവായ ഖമനയിയും റിപ്പബ്ളിക്കന്‍ ഗാര്‍ഡ് നേതാക്കളുമെല്ലാം ഇവരുടെ കൂട്ടത്തിലാണ്. 

ഒരു വര്‍ഷം കഴിഞ്ഞു നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്‍റ് പദവിയും യാഥാസ്ഥിതികര്‍ സ്വന്തമാക്കിയാല്‍ എന്തു സംഭവിക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍തന്നെ ഉയരാന്‍ തുടങ്ങിയിരിക്കുന്നത്. 

ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയ ശേഷവും അതു പാലിച്ചുവരുന്ന ഇറാന്‍റെ നിലപാടില്‍ മാറ്റമുണ്ടാവുകയും കരാര്‍പ്രകാരം നിരോധിക്കപ്പെട്ട ആണവ പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്യുമോ ? അതിനോടുള്ള യുഎസ് പ്രതികരണം എന്തായിരിക്കും ? 

മിതവാദികള്‍ എതിര്‍ക്കാനിടയില്ലാത്ത സ്ഥിതിക്കു തീരെ നിവൃത്തിയില്ലാതെ യാഥാസ്ഥിതികര്‍ അമേരിക്കയുമായി ഒത്തുതീര്‍പ്പിലെത്താനുള്ള സാധ്യതയെപ്പറ്റിയും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.  

English Summary : Iran Election

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA