മഹാതന്ത്രവുമായി മഹാതിര്‍

HIGHLIGHTS
  • തീര്‍പ്പുണ്ടാക്കാന്‍ രാജാവിന്‍റെ തീവ്രശ്രമം
  • മുന്‍പ്രധാനമന്ത്രി അഴിമതിക്കേസില്‍
Mahathir Mohamad
മലേഷ്യന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായര്‍ തമ്മിലുള്ള വടംവലി പുതിയ ഘട്ടത്തില്‍
SHARE

തൊണ്ണൂറ്റിരണ്ടാം വയസ്സില്‍ പ്രധാനമന്ത്രി പദത്തില്‍ തിരിച്ചെത്തിയ മലേഷ്യയിലെ ഡോ. മഹാതിര്‍ മുഹമ്മദ് രണ്ടു വര്‍ഷം തികയുന്നതിനുമുന്‍പ് രാജിവച്ചപ്പോള്‍ അധികമാരും അല്‍ഭുതപ്പെടുകയുണ്ടായില്ല. കാരണം, കാലാവധി മുഴുവന്‍ താന്‍ തുടരില്ലെന്നും ഭരണസഖ്യത്തിലെ മറ്റൊരു പ്രമുഖ നേതാവായ അന്‍വര്‍  ഇബ്രാ ഹിമിനു സ്ഥാനം ഒഴിഞ്ഞുകൊടുക്കുമെന്നും അദ്ദേഹം വാക്ക് നല്‍കിയിരുന്നു.

മഹാതിറിന്‍റെ പഴയ മിത്രവും പിന്നീടു ശത്രുവുമായ ശേഷം വീണ്ടും മിത്രമായിത്തീര്‍ന്നയാളാണ് എഴുപത്തി രണ്ടുകാരനായ അന്‍വര്‍. പക്ഷേ, അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാനല്ല, മഹാതിര്‍ ഇപ്പോള്‍ രാജിവച്ചിട്ടുള്ളത്. അന്‍വര്‍ പ്രധാനമന്ത്രിയാകുന്നതു തടയാനാണ്. മലേഷ്യന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായര്‍ തമ്മില്‍ 20 വര്‍ഷമായി നടന്നുവരുന്ന വടംവലി ഇതോടെ തികച്ചും അപ്രതീക്ഷിതമായ ഒരു പുതിയ ഘട്ടത്തിലേക്കു പ്രവേശിക്കുന്നു. 

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് (ഫെബ്രുവരി 24) മഹാതിര്‍ രാഷ്ട്രത്തലവനായ രാജാവിനു രാജിക്കത്തു നല്‍കിയത്. മലേഷ്യയില്‍ ഉള്‍പ്പെടുന്ന ഒന്‍പതു മുന്‍ നാട്ടുരാജ്യങ്ങളിലെ പരമ്പരാഗത നാടുവാഴികള്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ തങ്ങളിലൊരാളെ യാങ് ഡി പെര്‍ത്വാന്‍ അഥവാ രാജാവായി തിരഞ്ഞെടുക്കുകയാണ്. അദ്ദേഹമാണ് രാഷ്ട്രത്തലവന്‍. 

ഒരു വര്‍ഷമായി ആ പദവിയിലിരിക്കുന്നതു പെഹാങ്ങിലെ സുല്‍ത്താന്‍ അബ്ദുല്ല സുല്‍ത്താന്‍ അഹമദ് ഷായാണ്. രാജി സ്വീകരിച്ച അദ്ദേഹത്തിന്‍റെ നിര്‍ദേശം അനുസരിച്ച് മഹാതിര്‍ കെയര്‍ ടേക്കര്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയായി തുടരുന്നു. 

Sultan Abdullah Sultan Ahmad Shah
സുല്‍ത്താന്‍ അബ്ദുല്ല സുല്‍ത്താന്‍ അഹമദ് ഷാ

അന്‍വറിന്‍റെ പാര്‍ട്ടി നയിക്കുന്ന സഖ്യത്തിന്‍റെ സഹായത്തോടെയാണ് 2018 മേയില്‍ മഹാതിര്‍ പ്രധാനമന്ത്രി പദത്തിലേക്കു തിരിച്ചുവന്നത്. അവരില്ലാത്ത ഒരു പുതിയ സഖ്യമുണ്ടാക്കുക, അല്ലെങ്കില്‍, ഒരു ദേശീയ ഐക്യ ഗവണ്‍മെന്‍റ് രൂപീകരിക്കുക, അങ്ങനെ 94ാം വയസ്സില്‍ വീണ്ടും പ്രധാനമന്ത്രിയാവുക-ഇതാണ് മഹാതിറിന്‍റെ ഉദ്ദേശ്യം. 

പിന്‍വാതിലിലൂടെ ഭരണത്തില്‍ തുടരാനാണ് മഹാതിര്‍ ശ്രമിക്കു ന്നതെന്ന് അന്‍വര്‍ കുറ്റപ്പെടുത്തുന്നു. അതനുവദിക്കരു തെന്ന് അദ്ദേഹം രാജാവിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. അന്‍വറി ന്‍റെ പാര്‍ട്ടിയുടെ നേതൃത്വത്തിലുളള ത്രികക്ഷി സഖ്യം തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അന്‍വറിന്‍റെ പേരു പ്രഖ്യാപിക്കുകയും ചെയ്തു.    

ആലങ്കാരിക പദവി മാത്രമുള്ള മലേഷ്യന്‍ രാജാക്കന്മാരില്‍ ആര്‍ക്കും രാജ്യത്തിന്‍റെ  62 വര്‍ഷത്തെ ചരിത്ര ത്തില്‍ ഇത്തരമൊരു രാഷ്ട്രീയ പ്രതിസന്ധി നേരിടേണ്ടിവന്നിട്ടില്ല. 222 അംഗ പാര്‍ലമെന്‍റില്‍ ഭൂരിപക്ഷ പിന്തുണ ആര്‍ക്കാണ് ? അടുത്ത പ്രധാനമന്ത്രായാകാന്‍ ആരെ വിളിക്കണം ? അതല്ല, പാര്‍ലമെന്‍റ് പിരിച്ചുവിടാനും ഇടക്കാല തിരഞ്ഞെടുപ്പ് നടത്താനും ഉത്തരവിടണമോ ? ഇങ്ങനെയുള്ള ചോദ്യങ്ങളുടെ നടുവിലാണ് സുല്‍ത്താന്‍ അഹമദ് ഷാ. 

ഉചിതമായ ഉത്തരം കണ്ടെത്താനായി എംപിമാരെ മുഴുവന്‍ ഓരോരുത്തരായി വിളിച്ചുവരുത്തി ആശയ വിനിമയം നടത്തുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ചില ദിവസങ്ങളായി അദ്ദേഹം. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ പാര്‍ലമെന്‍റിന്‍റെ അടിയന്തരയോഗം തിങ്കളാഴ്ച ചേരുമെന്ന് അതിനിടയില്‍ മഹാതിര്‍ അറിയിച്ചുവെങ്കിലും സ്പീക്കര്‍ അതു നിഷേധിച്ചു. 

നേരത്തെ അഞ്ചു തവണയായി തുടര്‍ച്ചയായി 22 വര്‍ഷം (1981-2003) പ്രധാനമന്ത്രിയായിരുന്നു മഹാതിര്‍. അതിനുശേഷം സജീവ രാഷ്ട്രീയത്തില്‍നിന്നു വിട്ടുനിന്ന അദ്ദേഹം 15 വര്‍ഷം കഴിഞ്ഞ് 2018ല്‍ തിരിച്ചുവന്നത് ചില അല്‍ഭുതങ്ങള്‍ക്കു വഴി തുറന്നിട്ടുകൊണ്ടായിരുന്നു. 

Anwar Ibrahim
അൻവർ ഇബ്രാഹിം

അവയിലൊന്നായിരുന്നു താന്‍ നശിപ്പിക്കാന്‍ ശ്രമിച്ച അന്‍വര്‍ ഇബ്രാഹിമുമായുള്ള അദ്ദേഹത്തിന്‍റെ സന്ധിയും സഖ്യവും. മറ്റൊന്ന്, 60 വര്‍ഷം താന്‍ അംഗമായിരിക്കുകയും 22 വര്‍ഷം നയിക്കുകയും ചെയ്ത പാര്‍ട്ടിയെയും അതിന്‍റെ നേതൃത്വത്തിലുള്ള സഖ്യത്തെയും തിരഞ്ഞെടുപ്പില്‍ എതിര്‍ത്തു തോല്‍പ്പിച്ചതും. അതിനുവേണ്ടി ഒരു പുതിയ പാര്‍ട്ടി രൂപീകരിക്കുകയും അന്‍വറിന്‍റെ പാര്‍ട്ടിയുമായി കൈകോര്‍ക്കുകയും ചെയ്യുകയായിരുന്നു. 

ഇരുപതു വര്‍ഷംമുന്‍പ് അന്‍വറുമായി മഹാതിര്‍ പിണങ്ങിയതും പെട്ടെന്നായിരുന്നു. മഹാതിറിന്‍റെ വലംകൈയായിരുന്നു അന്‍വര്‍. അദ്ദേഹത്തിന്‍റെ കീഴില്‍ ഉപപ്രധാനമന്ത്രി, ധനമന്ത്രി എന്നീ സ്ഥാനങ്ങള്‍ക്കു പുറമെ അന്നത്തെ ഭരണകക്ഷിയായ യുനൈറ്റഡ് മലായ്സ് നാഷനല്‍ ഓര്‍ഗനൈസേഷന്‍റെ (ഉംനോ)  വൈസ് പ്രസിഡന്‍റ് പദവിയും വഹിക്കുകയായിരുന്നു. മഹാതിറിന്‍റെ പിന്‍ഗാമി അന്‍വറായിരിക്കുമെന്ന  കാര്യത്തിലും അധികമാര്‍ക്കും സംശയമുണ്ടായിരുന്നില്ല. 

പക്ഷേ, 1998ല്‍  അവര്‍ തമ്മില്‍ തെറ്റിപ്പിരിഞ്ഞതോടെ  എല്ലാ പദവികളില്‍നിന്നും അന്‍വര്‍ പുറത്താക്കപ്പെട്ടു.  ക്രിമിനല്‍ കേസുകളില്‍ പ്രതിയാവുകയും പൊലിസ് ലോക്കപ്പില്‍ മര്‍ദ്ദനമേല്‍ക്കുകയുംചെയ്തു. ആറു മക്കളുള്ള അന്‍വറിനെതിരെ സ്വവര്‍ഗരതിക്കേസുകളാണ് ചുമത്തിയത്. പല തവണയായി 11 വര്‍ഷം ജയിലില്‍ കഴിയേണ്ടിവന്നു. 

ഏറ്റവുമൊടുവില്‍ ജയിലില്‍നിന്നു പുറത്തുവന്നതു 2018 മേയില്‍ മഹാതിര്‍ വീണ്ടും പ്രധാനമന്ത്രിയായ ശേഷമാണ്. ശിക്ഷ ഇളവു ചെയ്യുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുളള അയോഗ്യത നീക്കം ചെയ്യപ്പെടുകയും ഉപതിരഞ്ഞെടുപ്പിലൂടെ ആ വര്‍ഷം ഒക്ടോബറില്‍ പാര്‍ലമെന്‍റില്‍ തിരിച്ചെത്തുകയും ചെയ്തു.  

ഇതിനിടയില്‍ ഉണ്ടായ മറ്റൊരു സുപ്രധാന സംഭവ വികാസമായിരുന്നു മഹാതിറിന്‍റെ പഴയ കക്ഷിയായ ഉംനോയുടെയും അവരുടെ നേതൃത്വത്തിലുള്ള ബാരിസാന്‍ നാഷനല്‍ സഖ്യത്തിന്‍റെയും തിരഞ്ഞെടുപ്പ് പരാജയം. 1957ല്‍ ബ്രിട്ടനില്‍നിന്നു സ്വതന്ത്രമായതുമുതല്‍ മലേഷ്യ ഭരിച്ചത് അവരായിരുന്നു.  സജീവരാഷ്ട്രീയത്തില്‍ മഹാതിര്‍ തിരിച്ചെത്തിയതുതന്നെ അവരെ പുറത്താക്കാനുളള ദൃഢനിശ്ചയ ത്തോടെയാണ്. 

ഉംനോയുടെ ഏറ്റവും ഒടുവിലത്തെ പ്രധാനമന്ത്രിയായിരുന്ന നജീബ് റസാഖിന്‍റെ ഭരണത്തില്‍ നടമാടിയ അഴിമതിയും കെടുകാര്യസ്ഥതയുമാണ് അതിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 

ഒരു മുന്‍ പ്രധാനമന്ത്രിയുടെ (തുന്‍ അബ്ദുല്‍ റസാഖ്) മകനും മറ്റൊരു മുന്‍ പ്രധാനമന്ത്രിയുടെ (തുന്‍ ഹുസൈന്‍ ഓന്‍) അനന്തരവനുമാണ് അറുപത്താറുകാരനായ റസാഖ്. മഹാതിറിന്‍റെ രാഷ്ട്രീയ ശിഷ്യനുമായിരുന്ന അദ്ദേഹം മഹാതിറിന്‍റെ കീഴില്‍ വിവിധ വകുപ്പുകളില്‍ മന്ത്രിയുമായിരുന്നു. മലേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കേസില്‍ പ്രതിയായി വിചാരണ നേരിടുകയാണ് ഇപ്പോള്‍. 

നജീബിനെയും ഗവണ്‍മെന്‍റിനെയും പുറത്താക്കാനാണ്  മഹാതിര്‍ ഉംനോ വിടുകയും പിബൂമി ബെര്‍സാതു മലേഷ്യ എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തത്. ജയിലിലായിരുന്ന അന്‍വറിന്‍റെ ഭാര്യ ഡോ. വാന്‍ അസീസ വാന്‍ ഇസ്മായിലിന്‍റെ നേതൃത്വത്തിലുളള സഖ്യവുമായി കൂട്ടുകൂടുകയും ചെയ്തു. 

Najib Razak
നജീബ് റസാഖ്

അങ്ങനെയുണ്ടായതാണ് പകതാന്‍ ഹരാപാന്‍ എന്ന പ്രതിപക്ഷ സഖ്യം. വാന്‍ അസീസയുടെ കെഡിലാന്‍  റക്യാത് പാര്‍ട്ടിക്കു പുറമെ മലേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജനവിഭാഗമായ ചൈനീസ് വംശജര്‍ക്കു മേധാവിത്തമുള്ള ഡമോക്രാറ്റിക് ആക്ഷന്‍ പാര്‍ട്ടി, മതാധിഷ്ഠിത മിതവാദി കക്ഷിയായ അമാന നെഗാറ എന്നിവയുമാണ് ഈ സഖ്യത്തിലെ കക്ഷികള്‍.

2018 മേയിലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പകതാന്‍ ഹരാപന്‍ പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം നേടുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തു. ബാരിസാനു ക്വാലലംപൂരിലെ കേന്ദ്രഭരണം മാത്രമല്ല, ആകെയുള്ള 13 സംസ്ഥാനങ്ങളില്‍ എട്ടിലെ ഭരണവും നഷ്ടമായി.   

പ്രധാനമന്ത്രിയായ മഹാതിറിനോടൊപ്പം ഉപപ്രധാനമന്ത്രിയായി വാന്‍ അസീസയും (66) സ്ഥാനമേറ്റു. അങ്ങനെ അവര്‍ മലേഷ്യയി ല്‍ ഇത്തരമൊരു പദവിയിലെത്തുന്ന ആദ്യവനിതയായി. താന്‍ പാര്‍ലമെന്‍റ് അംഗമായ ശേഷം അധികം വൈകാതെതന്നെ പ്രധാനമന്ത്രിസ്ഥാനം മഹാതിര്‍ തനിക്കു കൈമാറുന്നതു കാത്തിരിക്കുകയായിരുന്നു അന്‍വര്‍. 

പക്ഷേ, അങ്ങനെ സംഭവിച്ചില്ല. അതു സംബന്ധിച്ച തര്‍ക്കമാണ് ഇരുവരും തമ്മിലുളള പുതിയ സഖ്യം പെട്ടെന്നു തകരാന്‍ കാരണമായത്. അതിനുശേഷം മഹാതിര്‍ മറ്റു ചില കക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. തുടര്‍ന്നായിരുന്നു രാജി. 

ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നിലാണ് ഇപ്പോള്‍ മലേഷ്യയും അവിടത്തെ മൂന്നു കോടിയിലേറെ  ജനങ്ങളും. ഉടന്‍ ഒരു പുതിയ തിരഞ്ഞെടുപ്പ് നടത്തുകയാണ് ഏക പ്രതിവിധിയെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.   

English Summary : Political crisis in Malaysia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA