പത്താം വര്‍ഷത്തില്‍ സിറിയന്‍ യുദ്ധം

HIGHLIGHTS
  • തുര്‍ക്കിയില്‍ 36 ലക്ഷം അഭയാര്‍ഥികള്‍
  • പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാവുന്നു
Bashar al-Assad
മരണത്തിന്‍റെ അത്രയോ അതിലധികമോ ഭയാനകമാണ് സിറിയയുടെ പല ഭാഗങ്ങളിലും ജനങ്ങള്‍ അനുഭവിക്കുന്ന യാതനകള്‍. ബോംബുകളില്‍നിന്നും വെടിയുണ്ടകളില്‍നിന്നും രക്ഷതേടി അവര്‍ നിരന്തരമായി ഓടിക്കൊണ്ടിരിക്കുന്നു
SHARE

സിറിയയിലെ ആഭ്യന്തര യുദ്ധത്തെ ഐക്യരാഷ്ട്ര സംഘടന കാണുന്നതു സമീപകാല ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുരന്തങ്ങളില്‍ ഒന്നായിട്ടാണ്. എന്നിട്ടും അതു പത്താം വര്‍ഷത്തിലേക്കു കടന്നത് ലോകത്തെ ഏറെയൊന്നും അസ്വസ്ഥമാക്കിയില്ല. വാസ്തവത്തില്‍ സിറിയക്കാര്‍ അനുഭവിച്ചുവരുന്ന കഷ്ടപ്പാടുകള്‍ക്കുനേരെ രാജ്യാന്തര സമൂഹം പുറംതിരിഞ്ഞിരിക്കാന്‍ തുടങ്ങുകയാണോ എന്നുപോലും സംശയിക്കപ്പെടുന്നു. 

സിറിയയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്ന, ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടനയുടെ കണക്കു പ്രകാരം 3,84,000 പേര്‍ മരിച്ചുകഴിഞ്ഞു. മറ്റു ചില നിരീക്ഷകരുടെ അഭിപ്രായത്തില്‍ മരണം അതിലും വളരെയേറെയാണ്. 

മരണത്തിന്‍റെ അത്രയോ അതിലധികമോ ഭയാനകമാണ് സിറിയയുടെ പല ഭാഗങ്ങളിലും ജീവനോടെ  അവശേഷിക്കുന്നവര്‍ അനുഭവിക്കുന്ന യാതനകള്‍. പരക്കെ നശിച്ച് പ്രേതഭൂമിയായി മാറിയ രാജ്യത്തു ബോംബുകളില്‍നിന്നും വെടിയുണ്ടകളില്‍നിന്നും രക്ഷതേടി അവര്‍ നിരന്തരമായി ഓടിക്കൊണ്ടിരിക്കുന്നു. ഇവരില്‍ വൃദ്ധരും സ്ത്രീകളും കുട്ടികളുമുണ്ട്. പലരും കഴിയുന്നതു വിശപ്പും ദാഹവും സഹിച്ചുകൊണ്ടു  മരത്തണലുകളില്‍. 

ഒട്ടേറെ പേര്‍ മറ്റു രാജ്യങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. അയല്‍രാജ്യമായ തുര്‍ക്കിയില്‍ മാത്രം ഇവരുടെ എണ്ണം 36 ലക്ഷത്തില്‍ അധികമായി. ഇത്രയും വലിയ അഭയാര്‍ഥി പ്രവാഹവും സമീപകാല ചരിത്രത്തിലില്ല. അടുത്ത ഭാവിയിലൊന്നും ഇതിനൊരു പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയും ആര്‍ക്കുമില്ല. 

Russian President Putin,  Bashar al-Assad
റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനൊപ്പം ബഷാർ അൽ അസദ്

രാജ്യാന്തര തലത്തില്‍ അതിനുളള ശ്രമങ്ങളൊന്നും നടക്കുന്നി ല്ലെന്നതാണ് വാസ്തവം. അത്തരം ശ്രമങ്ങള്‍ കൂടുതല്‍ ക്ലേശകരമാക്കുന്ന വിധത്തില്‍ പ്രശ്നം അടിക്കടി സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്നു. 

ഒന്‍പതു വര്‍ഷംമുന്‍പ്, ഏതാണ്ട് ഈ ദിവസങ്ങളിലായിരുന്നു സംഭവങ്ങളുടെ തുടക്കം. തെക്കു പടിഞ്ഞാറന്‍ സിറിയയിലെ ദറാ നഗരത്തില്‍ 2011 മാര്‍ച്ച് 15ന് ഏതാനും സ്കൂള്‍ കുട്ടികള്‍ തെരുവു ഭിത്തിയില്‍ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസ്സദിനെതിരെ മുദ്രാ  വാക്യം എഴുതിവച്ചു. അറബ് ലോകത്തുതന്നെ തുനീസിയയിലും ഈജിപ്തിലും ഏകാധിപതികള്‍ ജനകീയ പ്രക്ഷോഭത്തിന്‍റെ കൊടുങ്കാറ്റില്‍ കടപുഴകി വീണ സന്ദര്‍ഭമായിരുന്നു അത്. അതു തങ്ങളുടെ നാട്ടിലും സംഭവിക്കുന്നതു സിറിയക്കാര്‍ സ്വപ്നംകണ്ടു. 

തുനീസിയയിലെ പ്രസിഡന്‍റ് സൈനല്‍ ആബിദീന്‍ബിന്‍ അലി, ഈജിപ്തിലെ പ്രസിഡന്‍റ് ഹുസ്നി മുബാറക്ക് എന്നിവരുടെ അത്രയും കുപ്രസിദ്ധി നേടിയിരുന്നില്ല അസ്സദ്. എങ്കിലും, അവരേക്കാള്‍ നിഷ്ഠുരമായ വിധത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. അതിനെതിരെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, അസ്സദ് ജനങ്ങള്‍ക്കെതിരെ പട്ടാളത്തെ കയറൂരിവിട്ടു. 

Hosni Mubarak, Zine El Abidine Ben Ali
ഈജിപ്തിലെ പ്രസിഡന്‍റ് ഹുസ്നി മുബാറക്ക് , തുനീസിയയിലെ പ്രസിഡന്‍റ് സൈനല്‍ ആബിദീന്‍ബിന്‍ അലി

പട്ടാളത്തിലെതന്നെ പ്രമുഖര്‍ തെറ്റിപ്പിരിയുകയും പ്രക്ഷോഭത്തില്‍ പങ്കുചേരാന്‍ തുടങ്ങുകയും ചെയ്തു. അങ്ങനെ രൂപം കൊണ്ട ഫ്രീ സിറിയന്‍ ആര്‍മിയെ സഹായിക്കാന്‍ പാശ്ചാത്യ രാജ്യങ്ങളും തുര്‍ക്കിയും ചില അറബ് രാജ്യങ്ങളും മുന്നോട്ടുവന്നു. ഈ സംഭവവികാസം റഷ്യയെയും ഇറാനെയും അസ്വസ്ഥമാക്കാനും അധികനാള്‍ കഴിയേണ്ടിവന്നില്ല. ബഷാര്‍ അല്‍ അസ്സദിന്‍റെ പിതാവായ ഹാഫിസ് അല്‍ അസ്സദിന്‍റെ ഭരണകാലം മുതല്‍ക്കേയുള്ളതാണ് റഷ്യയും ഇറാനുമായുളള സിറിയയുടെ സൗഹൃദവും സഖ്യവും.

സിറിയിലെ തങ്ങളുടെ താല്‍പര്യങ്ങള്‍ അട്ടിമറിക്കാനുള്ള ഗൂഡാലോചനയാണ് അസ്സദിനെതിരായ പാശ്ചാത്യ നീക്കങ്ങളില്‍ റഷ്യയും ഇറാനും കണ്ടത്. അതിനാല്‍,അസ്സദിന്‍റെ ഭരണം നിലനിര്‍ത്താനുള്ള ദൗത്യം അവര്‍ ഏറ്റെടുത്തു. യുദ്ധത്തിന്‍റെ ആദ്യഘട്ടത്തില്‍ നഷ്ടപ്പെട്ട പല പ്രദേശങ്ങളും അസ്സദിന്‍റെ സൈന്യം തിരിച്ചുപിടിച്ചത് റഷ്യയുടെയും ഇറാന്‍റെയും സഹായത്തോടെയാണ്.  

Hafez al-Assad With Family
ഹാഫിസ് അല്‍ അസ്സദ് കുടുംബത്തോ‌ടൊപ്പം

സിറിയയുടെ ഏതാണ്ട് 70 ശതമാനവും ഇപ്പോള്‍ അസ്സദിന്‍റെ നിയന്ത്രണത്തിലായി. വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ തുര്‍ക്കിയുടെ അതിര്‍ത്തിക്കടുത്തു കിടക്കുന്ന ഇദ്ലിബ് പ്രവിശ്യ തിരിച്ചുപിടിക്കാനുള്ള പൊരിഞ്ഞ പോരാട്ടമാണ് കഴിഞ്ഞ ചില മാസങ്ങളില്‍ നടന്നത്. അസ്സദ് വിരുദ്ധരുടെ അവസാനത്തെ ഏറ്റവും വലിയ ശക്തികേന്ദ്രമാണ് ഇദ്ലിബ്. 

ഒന്‍പതു വര്‍ഷത്തെ യുദ്ധത്തിനിടയില്‍ ഏറ്റവുമധികം ആളുകള്‍ക്ക് ഓടിപ്പോകേണ്ടിവന്നത് ഇദ്ലിബില്‍ നിന്നാണ്. പലരും മറ്റു സ്ഥലങ്ങളില്‍നിന്നു രക്ഷതേടി അവിടെയെത്തിയവരായിരുന്നു.  

അസ്സദ് വിരുദ്ധരെ സഹായിക്കുന്ന തുര്‍ക്കി സൈന്യവും സിറിയന്‍ സൈന്യവും തമ്മില്‍ കഴിഞ്ഞമാസം ഇദ്ലിബില്‍ നടന്ന യുദ്ധത്തില്‍ ഒട്ടേറെ തുര്‍ക്കി സൈനികര്‍ മരിച്ചു. സിറിയന്‍ സൈന്യത്തെ റഷ്യന്‍ സൈന്യം സഹായിക്കുന്നതു കാരണം ഈ സംഭവം തുര്‍ക്കിയും റഷ്യയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന്  ഇടയാക്കുമോ എന്നു പോലും പലരും ഭയപ്പെട്ടു. 

തുര്‍ക്കി പ്രസിഡന്‍റ് റസിപ് തയ്യിപ് എര്‍ദൊഗാന്‍ പെട്ടെന്നു മോസ്ക്കോയിലെത്തി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെകണ്ടു. ഉടന്‍തന്നെ വെടിനിര്‍ത്തലുണ്ടായതിനാല്‍ സ്ഥിതിഗതികള്‍ തല്‍ക്കാലത്തേക്കു ശാന്തമായിരിക്കുകയാണ്. എങ്കിലും, ഇദ്ലിബ് വീണ്ടും പൊട്ടിത്തെറിക്കാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല. 

Recep Tayyip Erdoğan
തുര്‍ക്കി പ്രസിഡന്‍റ് റസിപ് തയ്യിപ് എര്‍ദൊഗാന്‍

ജിഹാദികളെന്നു വിളിക്കപ്പെടുന്ന മതാധിഷ്ടിത തീവ്രവാദി സംഘടനകള്‍ സ്വന്തം അജന്‍ഡകള്‍ നടപ്പാക്കാന്‍ ശ്രമിച്ചതായിരുന്നു സിറിയന്‍ ആഭ്യന്തരയുദ്ധത്തെ സങ്കീര്‍ണമാക്കിയ മറ്റൊരു സംഭവവികാസം. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) സംഘടന സിറിയയില്‍ മാത്രമല്ല, തൊട്ടടുത്ത ഇറാഖിലെയും പ്രദേശങ്ങള്‍ പിടിച്ചടയ്ക്കുകയും വടക്കന്‍ സിറിയയിലെ റഖ ആസ്ഥാനമായി സ്വന്തം രാഷ്ട്രം പ്രാപിക്കുകയും ചെയ്തു.

തങ്ങളുടെ പ്രവര്‍ത്തനം അതിനകത്തുമാത്രം ഒതുക്കിനിര്‍ത്താ  തെ അവര്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഭീകരാക്രമണം അഴിച്ചുവിട്ടു. അവരെ നിഷ്ക്കാസനം ചെയ്യുന്നത് അതോടെ രാജ്യാന്തര സമൂഹത്തിന്‍റെ അടിയന്തരാവശ്യമായിത്തീര്‍ന്നു. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ സിറിയയില്‍ അമേരിക്കയുടെ പ്രധാന ദൗത്യവും അതായിരുന്നു. അതിലവര്‍ക്കു സിറിയയിലെ കുര്‍ദുകളുടെ ശക്തമായ സഹായം ലഭിക്കുകയും ചെയ്തു. 

പക്ഷേ, സിറിയയില്‍ കുര്‍ദുകള്‍ ശക്തിപ്പെടുന്നതും അവരുടെ സ്വാധീനം വര്‍ധിക്കുന്നതും തുര്‍ക്കിക്കു സഹിക്കാനാവുന്നില്ല. ഐഎസിനെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വൈപിജി എന്ന കുര്‍ദ് സായുധ സംഘടനയെ തുര്‍ക്കി പ്രത്യേകിച്ചും വെറുക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. ദക്ഷിണ തുര്‍ക്കി യില്‍ വിഘടന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള കുര്‍ദ് തീവ്രവാദികളുമായി അവര്‍ സഖ്യത്തിലാണെന്നാണ് ആരോപണം. 

അതിനാല്‍, വടക്കു കിഴക്കന്‍ സിറിയയില്‍ കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തുനിന്ന് അവരെ തുരത്താനായി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തുര്‍ക്കി സൈന്യത്തെ അയച്ചു. അതിനു സൗകര്യം ഒരുക്കുമാറ് അമേരിക്ക അതിന്‍റെ സൈന്യത്തെ അവിടെനിന്നു പിന്‍വലിച്ചതും വിവാദമായിരുന്നു.  സിറിയന്‍ പ്രശ്നത്തിന്‍റെ അതിസങ്കീര്‍ണമായ അടിയൊഴുക്കുകളിലേക്കു വിരല്‍ചൂണ്ടിയ മറ്റൊരു സംഭവവികാസമായിരുന്നു അത്.

തുര്‍ക്കിയെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങള്‍ ഇനിയും വരാനിരി ക്കുന്നതേയുള്ളൂ. തുര്‍ക്കിയിലേക്കു  രക്ഷപ്പെടാന്‍ ഇദ്ലിബില്‍ ഇനിയും അഭയാര്‍ഥികള്‍ കാത്തിരിക്കുന്നുണ്ട്. അതിനാല്‍, നിവൃത്തിയില്ലാതെ വന്നാല്‍ ഗ്രീസുമായും ബള്‍ഗേറിയയുമായുള്ള അതിര്‍ത്തി തുറന്നിടുമെന്നു തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. 

ISIS

അതിലൂടെ അഭയാര്‍ഥികള്‍ക്കു യൂറോപ്പിന്‍റെ മറ്റു ഭാഗങ്ങളിലേ ക്കു കടക്കാനാവും. സിറിയന്‍ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിന്‍റെ അടിയന്തര പ്രധാനം പാശ്ചാത്യ രാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ കൂടിയുള്ള തുര്‍ക്കിയുടെ ശ്രമമാണിതെന്നു വ്യാഖ്യാനിക്കപ്പെടുന്നു.

English Summary : Syrian Civil War enters 10th Year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA