യുഎസ്-ചൈന കൊറോണ യുദ്ധം

HIGHLIGHTS
  • യുഎസ് പത്രങ്ങള്‍ക്കെതിരെ നടപടി
  • ജൈവായുധമെന്ന് അഭ്യൂഹം
Donald Trump
കൊറോണ വൈറസ് ഉല്‍ഭവിക്കുകയും പടരുകയും ചെയ്തതിനു ചൈനയെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലായിരുന്നു യുഎസ് പരാമര്‍ശങ്ങള്‍. സ്റ്റേറ്റ് സെക്രട്ടറി 'വൂഹാന്‍ വൈറസ്' എന്നും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് 'ചൈനീസ് വൈറസ്' എന്നും ആവര്‍ത്തിച്ചു പറഞ്ഞു
SHARE

അഭൂതപൂര്‍വമായ വിധത്തില്‍ പടര്‍ന്നു പിടിക്കുകയും മരണം വിതയ്ക്കുകയും ചെയ്യുന്ന കോവിഡ് 19 എന്ന  മഹാമാരിക്കെതി രെ  വീറോടെ പോരാടുകയാണ് ലോകത്തിലെ 180ല്‍പ്പരം രാജ്യങ്ങളും പ്രദേശങ്ങളും. അതിനിടയില്‍തന്നെ അതുമായി ബന്ധപ്പെട്ട മറ്റൊരു യുദ്ധത്തിലാണ് അമേരിക്കയും ചൈനയും. ലോകത്തിലെ ഏറ്റവും വലിയ ഈ രണ്ടു സാമ്പത്തിക ശക്തികള്‍ തമ്മില്‍ നടന്നുവന്ന വ്യാപാര യുദ്ധത്തില്‍ പുതിയ വെടിനിര്‍ത്തലുണ്ടായി ഏതാനും മാസങ്ങള്‍ കഴിഞ്ഞതേയുള്ളൂ. അതിനിടയിലാണ് പുതിയ സംഭവവികാസം. 

കോവിഡ് 19 നു കാരണമായ കൊറോണ വൈറസിന്‍റെ ഉല്‍ഭവത്തെക്കുറിച്ചുള്ള തര്‍ക്കമാണ് ഇതിന്‍റെ കേന്ദ്രബിന്ദു. പ്രശ്നം മാധ്യമരംഗത്തേക്കും വ്യാപിച്ചു കഴിഞ്ഞു. അമേരിക്കയിലെ ചൈനീസ് മാധ്യമ പ്രവര്‍ത്തകരും ചൈനയിലെ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരും അതിന്‍റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങിട്ടുമുണ്ട്. യുഎസ്-ചൈന ബന്ധം ഇതോടെ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശമായ പതനത്തിലെത്തി.  

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മധ്യ ചൈനയിലെ വൂഹാന്‍ നഗരത്തിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ചൈനയിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നാണ് ഒരു കോടിയില്‍പ്പരം ജനങ്ങള്‍ പാര്‍ക്കുന്ന വൂഹാന്‍. അവിടെ ചന്തയില്‍ വില്‍പ്പനയ്ക്കു വച്ചിരുന്ന വവ്വാലിന്‍റെയോ മറ്റോ മാംസത്തില്‍നിന്നു വൈറസ് മനുഷ്യനിലേക്കു പടര്‍ന്നുവെന്നാണ്  അനുമാനിക്കപ്പെടുന്നത്. 

ചൈനീസ് അധികൃതര്‍ ആദ്യം ഇതു വേണ്ടത്ര ഗൗരവത്തോടെ കണക്കിലെടുത്തിരുന്നില്ല. വൂഹാനിലെ ഒരു യുവ ഡോക്ടര്‍ തന്‍റെ സഹപ്രവര്‍ത്തകര്‍ക്കു മുന്നറിയിപ്പ് നല്‍കിയെന്നും അതിന്‍റെ പേരില്‍ അദ്ദേഹം ക്രൂശിക്കക്കപ്പെട്ടുവെന്നും വാര്‍ത്തയുണ്ടായിരുന്നു. ചൈനയില്‍ കോവിഡ് 19 ബാധിച്ചു മരിച്ച  മൂവായിരത്തിലേറെ പേരില്‍ ആ ഡോക്ടറും ഉള്‍പ്പെടുന്നു.

പ്രസിഡന്‍റ് ഷി ചിന്‍പിങ് ആദ്യത്തെ രണ്ടാഴ്ച്ച‌വരെ കൊറോണ യെപ്പറ്റി ശബ്ദിക്കുകപോലും ചെയ്തിരുന്നില്ല. ഗവണ്‍മെന്‍റ് പൊതുവില്‍തന്നെ നിഷ്ക്രിയമായിരുന്നു. ജനങ്ങള്‍ മുറുമുറുക്കുയും വിമര്‍ശിക്കുകയും ചെയ്യാന്‍ തുടങ്ങിയതായും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.   

Xi Jinping
ഷി ചിന്‍പിങ്

വൂഹാനിലെ വൈറോളജി ഗവേഷണ ശാലയില്‍ ജൈവായുധ നിര്‍മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കേ കൊറോണ വൈറസ് ചോര്‍ന്നുപോയതാണെന്നും അഭ്യൂഹമുണ്ടായി. ഇത്തരം വാര്‍ത്തകള്‍ ചൈനയെ വല്ലാതെ അസ്വസ്ഥമാക്കിയത്രേ.  ഇതിനിടയിലാണ് അമേരിക്കയിലെ ചില കേന്ദ്രങ്ങള്‍ കൊറോണ വൈറസിനെ 'ചൈനീസ് വൈറസ്' എന്നു വിളിക്കാന്‍ തുടങ്ങിയതും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില പ്രമുഖരാണ് ആദ്യമായി രംഗത്തുവന്നത്. 

വൈറസ് ഉല്‍ഭവിക്കുകയും പടരുകയും ചെയ്തതിനു ചൈനയെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലായിരുന്നു അവരുടെ പരാമര്‍ശങ്ങള്‍. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപയോ  'വൂഹാന്‍ വൈറസ്' എന്നും  പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്തന്നെ 'ചൈനീസ് വൈറസ്' എന്നും ആവര്‍ത്തിച്ചു പറഞ്ഞു. 

അമേരിക്കയിലെ പലര്‍ക്കും ഇടയില്‍ നേരത്തെതന്നെ ചൈനയെപ്പറ്റി നല്ല അഭിപ്രായമില്ല. കുറഞ്ഞ വിലയുള്ള ചൈനീസ് ഉല്‍്പ്പന്നങ്ങള്‍ അമേരിക്കയില്‍ തള്ളിക്കയറുന്നതു കാരണം യുഎസ് ഉള്‍പ്പന്നങ്ങള്‍ക്കു ആവശ്യക്കാര്‍ കുറയുന്നു. യുഎസ് ഫാക്ടറികള്‍ കഷ്ടത്തിലാവുകയും അമേരിക്കക്കാര്‍ക്കു തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ  ഇറക്കുമതി ച്ചുങ്കം വര്‍ധിപ്പിച്ചുകൊണ്ട് ട്രംപ് വ്യാപാരയുദ്ധം തുടങ്ങിവച്ചതും.    

ഈ പശ്ചാത്തലത്തില്‍, കൊറോണയുടെ മേല്‍ ചൈനീസ് മുദ്രകുത്തുന്നതു അന്തരീക്ഷം കൂടുതല്‍ വഷളാക്കുമെന്നു പലരും ചൂണ്ടിക്കാട്ടുകയുണ്ടായി. മാത്രമല്ല, ചൈനീസ് വൈറസ് എന്നത് വംശീയ പരാമര്‍ശമാണെന്ന വിമര്‍ശനവും ഉയര്‍ന്നു. പക്ഷേ, ട്രംപ് അതിനോടു യോജിച്ചില്ല. മാത്രമല്ല, കൊറോണയുടെ ഉല്‍ഭവം സംബന്ധിച്ച വിവാദം തുടങ്ങിവച്ചതു ചൈനയാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തു. 

കൊറോണ വൈറസ് ചൈനയില്‍ എത്തിയത് അമേരിക്കയില്‍ നിന്നാണെന്ന ഒരു വാദം നേരത്തെ  ചൈനയില്‍നിന്നു പുറത്തുവന്നിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ വുഹാനില്‍ നടന്ന ലോക മിലിട്ടറി ഗെയിംസില്‍ പങ്കെടുത്ത അമേരിക്കന്‍ സൈനികരിലൂടെ അതു എത്തിയെന്നായിരുന്നു ചൈനയുടെ വിദേശകാര്യ വക്താവ് പരസ്യമായി നടത്തിയ ആരോപണം. 

Kovid 19 Test
കോവിഡ് 19 ടെസ്റ്റ്

ആ കായിക മേളയില്‍ അമേരിക്കയില്‍നിന്നു പതിനേഴുടീമുകളിലായി 280 പേരാണ് പങ്കെടുത്തത്. പക്ഷേ, അവരില്‍ ആര്‍ക്കും രോഗമുള്ളതായി ആ സന്ദര്‍ഭത്തിലോ പിന്നീടോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. ആരോപണം ഉന്നയിച്ച ചൈനീസ് വക്താവ് അതിനുള്ള തെളിവുകളൊന്നും ചൂണ്ടിക്കാട്ടിയുമില്ല. 

അമേരിക്കയില്‍ അടുത്ത കാലത്തുണ്ടായ ചില ഇന്‍ഫ്ളുവന്‍സ കേസുകള്‍ വാസ്തവത്തില്‍ കോവിഡ് 19 ആയിരുന്നുവെന്നു പിന്നീടു കണ്ടെത്തിയെന്നും ചൈനീസ് വക്താവ് ആരോപിക്കുകയുണ്ടായി. വാഷിങ്ടണില്‍ യുഎസ് വിദേശകാര്യാലയം ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. 

ഇതിനിടയില്‍തന്നെയാണ് ഈ യുദ്ധം മാധ്യമ രംഗത്തേക്കും പടര്‍ന്നത്. 'ഏഷ്യയിലെ യഥാര്‍ഥ രോഗി' എന്നായിരുന്നു അമേരിക്കയിലെ പ്രമുഖ പത്രങ്ങളില്‍ ഒന്നായ വോള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്‍റെ തലക്കെട്ട്.

ക്ഷുഭിതരായ ചൈനീസ് അധികൃതര്‍  ക്ഷമാപണം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ പത്രം വിസമ്മതിച്ചു. പത്രത്തിന്‍റെ മൂന്നു ലേഖകരെ ചൈന പുറത്താക്കി. അവരുടെ തന്നെ മറ്റൊരു ലേഖകനു വീസ പുതുക്കിക്കിട്ടാത്തതു കാരണം കഴിഞ്ഞ വര്‍ഷംതന്നെ ചൈനയില്‍നിന്നു പുറത്തുപോകേണ്ടിവന്നിരുന്നു.

അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളില്‍ ജോലി ചെയ്യാന്‍ അനുവാദമുള്ള ചൈനക്കാരുടെ എണ്ണം 160ല്‍നിന്നു 100 ആക്കികുറച്ചുകൊണ്ടാണ് യുഎസ് ഭരണകൂടം ഇതിനോടു പ്രതികരിച്ചത്. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ സ്വതന്ത്ര സ്ഥാപനങ്ങളല്ല. അവ ബെയ്ജിങ്ങിലെ ഗവണ്‍മെന്‍റിനു വേണ്ടി പ്രവര്‍ത്തിക്കുകയാണ്. അതിനാല്‍, മേലില്‍ അവരെ ചൈനീസ് സ്ഥാനപതി കാര്യാലയത്തിന്‍റെ ഭാഗമായി മാത്രം കാണാനും അമേരിക്ക തീരുമാനിച്ചു. 

വളരെ കര്‍ക്കശമായ വിധത്തിലാണ് ഇക്കഴിഞ്ഞ ബുധനാഴ്ച (മാര്‍ച്ച് 18)ചൈന ഇതിനോടു പ്രതികരിച്ചത്. വോള്‍ സ്ട്രീറ്റ് ജേര്‍ണലിനു പുറമെ ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ പ്രമുഖ യുഎസ് പത്രങ്ങളുടെയും റിപ്പോര്‍ട്ടര്‍മാര്‍ക്കു നല്‍കിയിരുന്ന അക്രഡിറ്റേഷന്‍ പിന്‍വലിച്ചു. 

പത്തു ദിവസത്തിനകം അക്രഡിറ്റേഷന്‍ കാര്‍ഡുകള്‍ അവര്‍ തിരിച്ചുനല്‍കണം. അതിനുശേഷം അവര്‍ക്കു ചൈനയില്‍ പത്രപ്രവര്‍ത്തകരായി ജോലിചെയ്യാനാവില്ല. ഒരു ഡസനോളം വരുന്ന ഇവരില്‍ മിക്കവരും അമേരിക്കന്‍ പൗരന്മാരാണ്. ടൈം മാഗസിന്‍, വോയിസ് ഓഫ് അമേരിക്ക എന്നീ യുഎസ് വാര്‍ത്താ മാധ്യമങ്ങളോടു തങ്ങളുടെ ചൈനയിലെ പ്രവര്‍ത്തനം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.  

അമേരിക്കക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ ജേണലിസ്റ്റുകളെ ചൈന പുറത്താക്കുന്നത് ഇതാദ്യമല്ല. എന്നാല്‍, 40 വര്‍ഷം മുന്‍പ് യുഎസ്-ചൈന നയതന്ത്ര ബന്ധം സ്ഥാപിതമായ ശേഷം ഇത്രയധികം അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകര്‍ ഒന്നിച്ചു പുറംതള്ളപ്പെട്ടിരുന്നില്ല.

Donald Trump
ഡൊണാൾഡ് ട്രംപ്

ചൈനയില്‍മാത്രമല്ല,  ഹോങ്കോങ്, മക്കാവോ എന്നിവിടങ്ങളിലും ഇവര്‍ക്കു പ്രവര്‍ത്തിക്കാനാവില്ലെന്നു ചൈനീസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവ രണ്ടും ചൈനയുടെ ഭാഗങ്ങളാണെങ്കിലും അര്‍ധ സ്വയംഭരണ പ്രദേശങ്ങളാണ്. മാധ്യമ പ്രവര്‍ത്തനം സംബന്ധിച്ച ചൈനീസ് നിയമങ്ങള്‍ ഹോങ്കോങ്ങിലും മക്കാവോയിലും ബാധകമായിരുന്നില്ല. 

മാത്രമല്ല, ചൈനയില്‍ പ്രവേശനം കിട്ടാതിരിക്കുകയോ  ചൈനയില്‍നിന്നു പുറംതള്ളപ്പെടുകയോ ചെയ്യുന്ന ജേണലിസ്റ്റുകള്‍ ഹേങ്കോങ്ങിലിരുന്നാണ് പ്രവര്‍ത്തിച്ചിരുന്നതും. ഇതു തടയപ്പെടുന്നതും  ഇതാദ്യമാണ്. ഹോങ്കോങ്ങിന്‍റെ സ്വയംഭരണാധികാരത്തിലുള്ള നഗ്നമായ ഇടപെടലാണ് ഇതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 

മാരകമായ കോവിഡ് 19നെതിരെ ലോകം ഒറ്റക്കെട്ടായി നില്‍ക്കേണ്ട നിര്‍ണായക സന്ദര്‍ഭത്തിലാണ് ലോകത്തിലെ രണ്ടു പ്രമുഖ സാമ്പത്തിക ശക്തികള്‍ ഇത്തരമൊരു യുദ്ധത്തിലും ഏര്‍പ്പെട്ടിരിക്കുന്നത്. 

English Summary: Trump Calls Coronavirus Chinese Virus      

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA