കൊറോണക്കാലത്തെ യുഎസ് വിവാദം

HIGHLIGHTS
  • തുടക്കത്തില്‍ ട്രംപിനു പിഴച്ചുവെന്നു വിമര്‍ശനം
  • തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ ?
Donald Trump
ഇംപീച്ച്മെന്‍റ് വിചാരണയില്‍ അനുകൂല വിധിയുണ്ടായശേഷം നവംബറിലെ തിരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ ഏറെ ശുഭപ്രതീക്ഷയിലായിരുന്നു പ്രസിഡന്‍റ് ട്രംപ്. അതിനിടയിലാണ് ചൈനയില്‍നിന്ന് ഒരു വൈറസ് എത്തി പുതിയ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തിയിരുക്കുന്നത്
SHARE

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകത്തിന് അഭിമുഖീക രിക്കേണ്ടിവന്ന ഏറ്റവും വലിയ വിപത്ത്‌എന്നാണ് കോവിഡ് 19 മഹാമാരിയെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗ്യുട്ടറസ് വിശേഷിപ്പിക്കുന്നത്.

ആരും അതിനോടു വിയോജിക്കുമെന്നു തോന്നുന്നില്ല.കോവിഡ് മൂലം ദിനംപ്രതി മിക്കവാറും എല്ലാ രാജ്യങ്ങള്‍ക്കും സംഭവിച്ചു കൊണ്ടിരിക്കുന്ന നഷ്ടങ്ങളും അതിന്‍റെ ഫലമായി ഭാവിയില്‍ ഉണ്ടാകുമെന്നു ഭയപ്പെടുന്ന സാമ്പത്തിക പ്രയാസങ്ങളും അത്രയേറെ വലുതാണ്. 

അതിനിടയില്‍തന്നെ അമേരിക്കയില്‍ കോവിഡ് കടുത്ത വിവാദത്തിനും  കാരണമായിരിക്കുന്നു.  പ്രസിഡന്‍റ്  ഡോണള്‍ഡ് ട്രംപ് ഈ പ്രതിസന്ധിയെ ആദ്യഘട്ടത്തില്‍ നേരിട്ട രീതി രൂക്ഷമായി വിമര്‍ശിക്കപ്പെട്ടുവരുന്നു. 

അമേരിക്കയില്‍ രോാഗബാധിതരുടെയും മരിച്ചവരുടെയും എണ്ണം അതിവേഗത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിമര്‍ശനം. അമേരിക്കയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം രണ്ടര ലക്ഷത്തോളമായി. മരണം 6000 കവിഞ്ഞു.

ഏറ്റവുമധികം കേസുകളും മരണവും ഉണ്ടായത് രാജ്യത്തിന്‍റെ വടക്കു കിഴക്കന്‍ മേഖലയിലെ ന്യൂയോര്‍ക്ക് സ്ംസഥാനത്താണ്. വ്യാഴാഴ്ചയിലെ കണക്കുകള്‍ അനുസരിച്ച് 93,053 കേസുകളും 2538 മരണവും. 25,590 കേസുകളും 537 മരണവുമായി തൊട്ടുത്തുളള ന്യൂജഴ്സി സംസ്ഥാനം രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു.  

António Guterres
അന്‍റോണിയോ ഗ്യുട്ടറസ്

രാജ്യത്തിന്‍റെ വാണിജ്യ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ ന്യൂയോര്‍ക്ക് സിറ്റിയില്‍മാത്രം രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 51809, മരിച്ചവര്‍ 1300.

ഈ കണക്കുകള്‍ വരച്ചുകാണിക്കുന്ന ചിത്രംതന്നെ അത്യന്തം ഭീതിജനകമാണ്. വരാനിരിക്കുന്ന നാളുകള്‍ ഇതിലും ഭയാനകമായിരിക്കുമെന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച (മാര്‍ച്ച് 31) വൈറ്റ് ഹൗസിലെ മാധ്യമ സമ്മേളനത്തില്‍ പ്രസിഡന്‍റ് ട്രംപ് മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി.   

ഇനിയുള്ള രണ്ടാഴ്ച വളരെ വളരെ കഠിനമായിരിക്കുമെന്നും അതിനെ നേരിടാന്‍ ജനങ്ങള്‍ ഒരുങ്ങിയിരിക്ക ണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ട് ആരോഗ്യ-വൈദ്യശാസ്ത്ര വിദഗ്ദ്ധര്‍ അതിന് ഉപോല്‍ബലകമായ കണക്കുകള്‍ നിരത്തുകയും ചെയ്തു. 

അവരുടെ അഭിപ്രായത്തില്‍, നിലവിലുള്ള കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ തുടര്‍ന്നാല്‍പ്പോലും  അമേരിക്കയില്‍ ഒരു ലക്ഷത്തിനും രണ്ടര ലക്ഷത്തിനും ഇടയില്‍ കോവിഡ് മരണം സംഭവിക്കാനിടയുണ്ട്. സ്ഥിതിഗതികള്‍ കൈവിട്ടു പോവുകയാണെങ്കില്‍ മരണം 15 ലക്ഷം മുതല്‍ 22 ലക്ഷംവരെയായി ഉയര്‍ന്നേക്കാമെന്നും അവര്‍ വ്യക്തമാക്കി.    

കോവിഡിനു കാരണമായ കൊറോണ വൈറസിനെ ട്രംപ് തുടക്കത്തില്‍തന്നെ കാര്യമായി കണക്കിലെടുത്തി ല്ലെന്നതാണ് ഈ മഹാവിപത്തിനു മൂലകാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. കൊറോണ വെറുമൊരു ഫ്ളൂവാണെന്നും ഫ്ളൂ പോലെയാണെ ന്നും പറഞ്ഞു നിസ്സാരമാക്കി തള്ളുകയായിരുന്നുവത്രേ അദ്ദേഹം.

Corona Virus

അമേരിക്കയിലെ ആദ്യത്തെ കോവിഡ് മരണം ജനുവരി 20നു വാഷിങ്ടണ്‍ സംസ്ഥാനത്തിലായിരുന്നു. ചൈനയിലെ വൂഹാനില്‍പോയി തിരിച്ചെത്തിയ ഒരു മുപ്പത്തഞ്ചുകാരനാണ് മരിച്ചത്. കോവിഡിനു കാരണമായ കൊറോണ വൈറസ് കഴിഞ്ഞ വര്‍ഷാവസാനത്തില്‍ ലോകത്ത് ആദ്യമായി  പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതും മധ്യ ചൈനയിലെ വന്‍നഗരമായ വൂഹാനില്‍നിന്നായിരുന്നു. 

ജനുവരി 20നു തന്നെയാണ് ദക്ഷിണ കൊറിയയിലും ആദ്യത്തെ കോവിഡ് രോഗബാധ കണ്ടെത്തിയത്. രോഗം പടര്‍ന്നുപിടിക്കാതി രിക്കാന്‍ അവിടത്തെ ഗവണ്‍മെന്‍റ് ഉടന്‍തന്നെ കര്‍ശന നടപടികള്‍സ്വീകരിക്കാന്‍ തുടങ്ങി.  9887 പേര്‍ക്കു രോഗം ബാധിക്കുകയും 165 പേര്‍ മരിക്കുകയും ചെയ്തു വെങ്കിലും ഏതാനും ആഴ്ചകള്‍ക്കകം സ്ഥിതിഗതികള്‍ നിയന്ത്രണാധീന മാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. 

കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യ-വൈദ്യശാസ്ത്രപരമായ സൗകര്യങ്ങളും സാമ്പത്തിക ശേഷിയുമുള്ള അമേരിക്കയ്ക്ക് എന്തുകൊണ്ട്  ദക്ഷിണ കൊറിയയുടെ ആ വിജയം ആവര്‍ത്തിക്കാനായില്ല ? പ്രസിഡന്‍റ്  ട്രംപിന്‍റെ പിടിപ്പുകേട്, അമിതമായ ശുഭപ്രതീക്ഷ, വിദഗദ്ധരുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കാനുള്ള വൈമനസ്യം, ദുര്‍വാശി എന്നിങ്ങനെ പലതും ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.  

ആരും പരിഭ്രമിക്കേണ്ടതില്ല,  എല്ലാം വേഗം ശരിയായിക്കൊള്ളും എന്നിങ്ങനെയായിരുന്നു  ജനുവരിയിലും മാര്‍ച്ചിലും അദ്ദേഹം നടത്തിയ പ്രസ്താവനകള്‍. അടുത്തുതന്നെ ചൂടുളള കാലാവസ്ഥ വരുന്നതോടെ വൈറസ് ചത്തൊടുങ്ങുമെന്നു ട്രംപ് കരുതിയിരു ന്നുവെന്ന അഭ്യൂഹങ്ങളും പ്രചരിക്കുകയുണ്ടായി. 

ദക്ഷിണ കൊറിയയിലെപ്പോലെ രോഗം അതിവേഗം കണ്ടുപിടിക്കാനുള്ള പരിശോധനാ സംവിധാനം ഒരുക്കാന്‍ കാര്യമായ ശ്രമമുണ്ടായില്ല എന്നതാണ് പൊതുവിലുള്ള ആക്ഷേപം. കോവിഡ് ചികില്‍സയില്‍  നിര്‍ണായക പങ്കു വഹിക്കുന്ന വെന്‍റിലേറ്ററുകള്‍, ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അത്യന്താപേക്ഷിതമായ പ്രത്ര്യേകതരം ഉടുപ്പുകള്‍ എന്നിവ സംഭരിക്കാനും നിര്‍മിക്കാനുമുള്ള ഊര്‍ജിത ശ്രമങ്ങളും ഉണ്ടായില്ല. 

Nancy Pelosi
നാന്‍സി പെലോസി

‘‘വരാന്‍പോകുന്ന മഹാമാരിയുടെ ഭീകരത പ്രസിഡന്‍റ് ആഴ്ചകളോളം നിഷേധിക്കാതിരിക്കുകയും അതു  പടര്‍ന്നുപിടി ക്കാതിരിക്കാനുള്ള കര്‍ശന നടപടികള്‍ തക്ക സമയത്ത് എടുക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഒട്ടേറെ പേരുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നു’’. പ്രതിപക്ഷ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവും പ്രതിനിധിസഭയിലെ സ്പീക്കറുമായ നാന്‍സി പെലോസിയുടേതാണ് ഈ വാക്കുകള്‍. സമാനമായ അഭിപ്രായം മറ്റു ചില ഡമോക്രാറ്റ് നേതാക്കളും പ്രമുഖ പത്രങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. 

കോവിഡിനെയും കൊറോണയെയും മാധ്യമങ്ങള്‍ ചര്‍ച്ചാവിഷയമാക്കുന്നതുപോലും ട്രംപ് ഇഷ്ടപ്പെട്ടിരുന്നി ല്ലെന്നും വിമര്‍ശനമുണ്ട്. അത്തരം പരാമര്‍ശങ്ങള്‍ തനിക്കെതിരായ ആക്രമണമായി അദ്ദേഹം കരുതിയത്രേ. അതിനൊരു ഉദാഹരണമായിരുന്നു മാര്‍ച്ച് 20നു വൈറ്റ് ഹൗസിലെ മാധ്യമ സമ്മേളനത്തിലുണ്ടായ സംഭവം. 

‘‘കോവിഡ് മഹാമാരി കാരണം ജനങ്ങള്‍ ഭയാക്രാന്തരായി രിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ അവരോടു അങ്ങയ്ക്കു പറയാനുള്ളത് എന്താണ് ?’’ എന്‍ബിസി ടിവി ചാനലിന്‍റെ റിപ്പാര്‍ട്ടര്‍ ചോദിച്ച ചോദ്യം ഇങ്ങനെയായിരുന്നു. അതിനു മറുപടിയായി ട്രംപ് പറഞ്ഞത് ഇങ്ങനെ:

‘‘ എനിക്കു പറയാനുള്ളത് താങ്കള്‍ ഒരു ഭയങ്കര റിപ്പോര്‍ട്ടറാണെന്നാണ്. അങ്ങനെയാണ് ഞാന്‍ പറയുക’’

എന്‍ബിസിയെപ്പോലുള്ള മാധ്യമങ്ങള്‍ പ്രശ്നം പെരുപ്പിച്ചുകാട്ടി ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്ന്  ട്രംപ് കുറ്റപ്പെടുത്തുകയും ചെയ്തു. 

ഏതായാലും, കോവിഡിനെ നേരിടുന്നതില്‍ തനിക്കു വീഴ്ച പറ്റിയെന്നു ട്രംപ് ഇപ്പോഴും സമ്മതിക്കുന്നില്ല. എങ്കിലും, ആദ്യഘട്ടത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയാതെ വന്നിട്ടുണ്ടാവാമെന്ന് അദ്ദേഹത്തിന്‍റെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ ചിലര്‍ സമ്മതിക്കുന്നു.  അതിനവര്‍ ഡമോക്രാറ്റിക് പാര്‍ട്ടിയെ  കുറ്റപ്പെടുത്തു കയും ചെയ്യുന്നു. ട്രംപിനെ അധികാരത്തില്‍നിന്നു പുറത്താക്കാനായി ഡമോക്രാറ്റിക് പാര്‍ട്ടി നടത്തിയ കുറ്റവിചാരണയെയാണ്  അതിനു കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. 

Covid-19

ട്രംപിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് സെനറ്റിലെ വിചാരണ അവസാനിച്ചത് ഫെബ്രുവരി അഞ്ചിനാണ്.   നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കാനുള്ള സാധ്യത അതോടെ വര്‍ധിച്ചതായി ട്രംപ് കണ്ടിരിക്കണം. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി കുറേക്കൂടി മെച്ചപ്പെട്ടിരിക്കു കയായിരുന്നു. തൊഴിലില്ലായ്മ ഏറ്റവും താഴ്ന്ന നിലയിലായി. ട്രംപിന്‍റെ ജനപിന്തുണ മറ്റെന്നത്തേക്കാളും ഉയര്‍ന്നതായി അഭിപ്രായ സര്‍വേകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

ട്രംപിന്‍റെ ശുഭപ്രതീക്ഷകള്‍ക്കു പുതിയ ചിറകുകള്‍ നല്‍കുകയായിരുന്നു ഈ വസ്തുതകളും. അതിനിടയിലാ ണ് ചൈനയില്‍നിന്ന് ഒരു വൈസ്വരികയും അദ്ദേഹത്തിന്‍റെ മുന്നില്‍ പുതിയ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തു കയും ചെയ്തിരിക്കുന്നത്.

                  

English Summary : Donald Trump And Corona Virus Controversy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA