18 വര്‍ഷത്തിനുശേഷവും തീരാത്ത കേസ്

HIGHLIGHTS
  • ഡാനിയല്‍ പേളിനെ മറക്കില്ലെന്നു യുഎസ്
  • കരിമ്പട്ടികയിലാകുമെന്നു പാക്ക് ഭയം
Daniel Pearl, Ahmed Omar Saeed Sheikh
ഡാനിയല്‍ പേള്‍ , ഉമര്‍ സയീദ് ഷെയ്ക്ക്
SHARE

അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ഡാനിയല്‍ പേള്‍ പാക്കിസ്ഥാനി ലെ കറാച്ചിയില്‍ അതിക്രൂരമായ വിധത്തില്‍ വധിക്കപ്പെട്ടിട്ട് 18 വര്‍ഷം കഴിഞ്ഞു. മാധ്യമ സമൂഹത്തിനു മാത്രമല്ല, ലോകത്തിനു പൊതുവില്‍തന്നെ ഉള്‍ക്കിടിലമുണ്ടാക്കിയ ഒരു സംഭവമായി രുന്നു അത്. രാജ്യാന്തര ഭീകരതയെയുംഅതുമായുള്ള പാക്കിസ്ഥാന്‍റെ കൂട്ടുകെട്ടിനെയും കുറിച്ചുളള ഒട്ടേറെ ചോദ്യങ്ങള്‍ ആ സംഭവം  ഉന്നയിക്കുകയുമുണ്ടായി. പക്ഷേ, അതു സംബന്ധിച്ച കേസ് പൂര്‍ണതയില്‍ എത്തിക്കാന്‍ പാക്ക് നീതിന്യായ വ്യവസ്ഥയ്ക്ക് ഇനിയും സാധ്യമായിട്ടില്ല. 

മാത്രമല്ല, കേസിലെ നാലു പ്രതികള്‍ക്ക് ഈയിടെ മോചനത്തി ലേക്കുള്ള വഴി തുറന്നുകിട്ടുകയും ചെയ്തു. 38-ാം വയസ്സില്‍ ഡാനിയന്‍ പേളിനുണ്ടായ ദാരുണമായ അന്ത്യവും അതിന്‍റെ പശ്ചാത്തലവും ഇപ്പോള്‍ പെട്ടെന്നു വീണ്ടും ഓര്‍മ്മിക്കപ്പെടാനുള്ള കാരണവും അതാണ്. 

പാക്ക് ഗവണ്‍മെന്‍റ് ഉടന്‍ ഇടപെട്ടതിനാല്‍ പ്രതികള്‍ക്കു മോചനം സാധ്യമായില്ല. ശക്തമായ രോഷപ്രകടനമാണ് അമേരിക്കയില്‍നിന്നുണ്ടായത്. ഡാനിയല്‍ പേളിനെ അമേരിക്ക മറക്കില്ലെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപയോ പറഞ്ഞു. ഇടപെടുകയല്ലാതെ ഗവണ്‍മെന്‍റിനു പോംവഴിയുണ്ടായിരുന്നില്ല. ഇല്ലെങ്കില്‍ രാജ്യാന്തര തലത്തില്‍ കര്‍ശനമായ നടപടികളെ നേരിടേണ്ടി വരുമായിരുന്നു.   

പേളിന്‍റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ആഗോള ഭീതരതയുടെ പശ്ചാത്തലത്തില്‍ നടന്ന  പൈശാചിക കൃത്യങ്ങ ളില്‍ ഒന്നു മാത്രമായിരുന്നു. സ്വൈരവിഹാരത്തിനു ഭീകരര്‍ക്കു പാക്കിസ്ഥാനില്‍ ലഭിക്കുന്ന സൗകര്യം, പാക്ക് സൈനിക ചാരവിഭാഗമായ ഐഎസ്ഐയുമായുളള ഭീകരരുടെ കൂട്ടുകെട്ട് എന്നിവ വീണ്ടും ചര്‍ച്ചാവിഷയമാകുന്നതും സ്വാഭാവികം.

Ahmed Omar Saeed Sheikh
ഉമര്‍ സയീദ് ഷെയ്ക്ക്

ബ്രിട്ടീഷ് പൗരത്വമുള്ള പാക്ക് വംശജനായ ഉമര്‍ സയീദ് ഷെയ്ക്കായിരുന്നു ഡാനിയല്‍ പേള്‍ വധക്കേസിലെ മുഖ്യപ്രതി. 2002 ജൂലൈയില്‍ കറാച്ചിയിലെ പ്രത്യേക കോടതി അയാള്‍ക്കു വധശിക്ഷ വിധിക്കുകയും ഫഹദ് നസീം, ഷെയ്ക്ക് ആദില്‍, സല്‍മാന്‍ സാഖിബ് എന്നീ മറ്റു മൂന്നു പ്രതികള്‍ക്കു ജീവപര്യന്തം തടവുശിക്ഷ നല്‍കുകയും ചെയ്തു. വേറെ ഏഴു പ്രതികള്‍കൂടി ഉണ്ടായിരുന്നുവെങ്കിലും അവരെ അറസ്റ്റ് ചെയ്യാന്‍  കഴിഞ്ഞിരുന്നില്ല. 

ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഏപ്രില്‍ രണ്ട്) കറാച്ചി ഉള്‍പ്പെടുന്ന സിന്ധ് സംസ്ഥാനത്തിലെ ഹൈക്കോടതി ഉമര്‍ ഷെയ്ക്കിന്‍റെ വധശിക്ഷ വെട്ടിച്ചുരുക്കി, ഏഴുവര്‍ഷത്തെ തടവുശിക്ഷയാക്കി. പേളിനെ തട്ടിക്കൊണ്ടു പോയതു ഉമര്‍ ഷെയ്ക്കാണെങ്കിലും വധിച്ചത് അയാളാണെന്നു പൊലീസിനു തെളിയിക്കാനായില്ലെന്നാ യിരുന്നു രണ്ടംഗ ബെഞ്ചിന്‍റെ വിധി. 

ഇതിനകം ഏഴു വര്‍ഷത്തിലേറെ തടവുശിക്ഷ അനുഭവിച്ചു കഴിഞ്ഞതിനാല്‍ ഉമര്‍ ഷെയ്ക്കിനെ വിട്ടയക്കാനും ഹൈക്കോടതി ഉത്തരവിട്ടു. മറ്റു മൂന്നു പേര്‍ക്കും കുറ്റകൃത്യത്തില്‍ പങ്കള്ളതായി തെളിഞ്ഞിട്ടില്ലെന്നു പറഞ്ഞാണ് അവരെയും വിട്ടയക്കാന്‍  കോടതി ഉത്തരവിട്ടത്. തെളിവില്ലെന്ന കാരണത്താല്‍ പാക്ക് കോടതികളില്‍ ഭീകരര്‍ക്ക് അനുകൂലമായ വിധിയുണ്ടാകുന്നത് ഇതാദ്യമല്ല. 

അമേരിക്കയിലെ  വോള്‍ സട്രീറ്റ് ജേര്‍ണല്‍ എന്ന പ്രമുഖ പത്രത്തിന്‍റെ ദക്ഷിണേഷ്യാ ലേഖകനായിരുന്നു ഡാനിയല്‍ പേള്‍. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കേ വാര്‍ത്താശേഖരണ ത്തിനുവേണ്ടി  കേരളത്തിലും വരികയുണ്ടായി. വിവരംതേടി ഏതറ്റംവരെ പോകാനും പേളിനു മടിയുണ്ടായിരുന്നില്ലെന്നാണ് അന്ന് അദ്ദേഹവുമായി പരിചയപ്പെട്ട ചിലര്‍ അഭിപ്രായപ്പെട്ടിരുന്നത്. 

mike-pompeo
മൈക്ക് പോംപയോ

2002 ജനുവരിയില്‍ പേള്‍ കറാച്ചിയിലെത്തി. തലേവര്‍ഷം സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലെ അന്തരീക്ഷത്തില്‍ സംഘര്‍ഷംമുറ്റിനിന്നിരുന്നു. ആക്രമണം ആസൂത്രണം ചെയ്ത അല്‍ഖായിദ ഭീകരസംഘവുമായി ബന്ധമുണ്ടെന്നു  സംശയിക്ക പ്പെട്ട ചിലരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു പേളിന്‍റെ ഉദ്ദേശ്യം.  

അതിനുവേണ്ടി ഒരു തീവ്രവാദി സംഘടനയുടെ നേതാവുമായി അഭിമുഖത്തിനു പുറപ്പെട്ട പേള്‍ വഴിമധ്യേ അപ്രത്യക്ഷനായി. അല്‍ഖായിദയിലെപ്രമുഖനായിരുന്ന ഉമര്‍ ഷെയ്ക്കും സംഘവും തട്ടിക്കൊണ്ടുപോവുകയായിരുന്നു. സെപ്റ്റംബര്‍ ആക്രമണത്തോടനുബന്ധിച്ച് അമേരിക്കയുടെ പിടിയിലായ അല്‍ഖായിദ പ്രവര്‍ത്തകരെ വിട്ടയക്കണമെന്നായിരുന്നു അവരുടെ ആവശ്യം. 

ജൂതനായ പേളിനെ ഇസ്രയേലിന്‍റെ ഏജന്‍റ് എന്നുമുദ്രകുത്തിയ അവര്‍ അദ്ദേഹത്തെ കഴുത്തറുത്തു  കൊല്ലുമെന്നു ഭീഷണി പ്പെടുത്തുകയും ചെയ്തു. ക്ഷീണിതനായ പേള്‍ കൈകളില്‍ ചങ്ങലയോടെ തങ്ങളുടെ കസ്റ്റ്ഡയിലിരിക്കുന്ന ഒരു ചിത്രം അവര്‍ പുറത്തുവിടുകയുമുണ്ടായി. 

പേളിനെ രക്ഷപ്പെടുത്താനായി യുഎസ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മൃതശരീരം തലയറ്റ നിലയില്‍ കറാച്ചിക്കടുത്ത ഒരു ഗ്രാമത്തിലെ പാടത്തുകണ്ടെത്തി. പേളിനെ കഴുത്തറുത്തുകൊല്ലുന്നതിന്‍റെ വിഡിയോ പിന്നീട് കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റില്‍ കിട്ടുകയും ചെയ്തു. 

മുഖ്യപ്രതിയെന്ന നിലയില്‍ ലഹോറില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോ ളാണ് ഉമര്‍ ഷെയ്ക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. സമാനമായ ഒരു കേസില്‍ 1994ല്‍ ഇന്ത്യയിലും പിടിയിലായിരുന്നു ഷെയ്ക്ക്. ഭീകര പ്രവര്‍ത്തനത്തിനുവേണ്ടി ഇന്ത്യയിലെത്തിയ ശേഷം ഡല്‍ഹിയില്‍നിന്നു നാലു വിദേശ ടൂറിസ്റ്റുകളെ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്നാണ് അറസ്റ്റിലായത്.  

Masood Azhar
മസൂദ് അസ്ഹര്‍

അക്കഥ അവിടെ അവസാനിച്ചില്ല. അഞ്ചു വര്‍ഷത്തിനുശേഷം, 1999 ഡിസംബറില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍റെ വിമാനം റാഞ്ചിയവരുടെ ആവശ്യം ഉമര്‍ ഷെയ്ക്ക് ഉള്‍പ്പെടെ ഇന്ത്യയില്‍ തടവിലുളള മൂന്നു പ്രമുഖ പാക്ക് ഭീകരരെ വിട്ടയക്കണമെന്നായിരുന്നു. ഇല്ലെങ്കില്‍ വിമാനത്തിലെ 160 പേരെയും വധിക്കുമെന്നു ഭീഷണിപ്പെടുത്തുകയുംചെയ്തു.  

നേപ്പാളിലെ കഠ്മണ്ടുവില്‍നിന്നു ന്യൂഡല്‍ഹിലേക്കു പുറപ്പെട്ട വിമാനം റാഞ്ചികള്‍ അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലാണ് കൊണ്ടുചെന്നിറക്കിയത്. യാത്രക്കാരെ രക്ഷിക്കുന്നതിനുവേണ്ടി മൂന്നു ഭീകരരെയും ജയിലില്‍നിന്നു മോചിപ്പിച്ചു അവിടെ എത്തിക്കേണ്ടിവന്നു. ഉമര്‍ ഷെയ്ക്കിനോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളായിരുന്നു പില്‍ക്കാലത്ത് ഇന്ത്യയില്‍ ഒട്ടേറെ ഭീകരാക്രമണങ്ങള്‍ അഴിച്ചുവിട്ട ജയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ സ്ഥാപകനായ മസൂദ് അസ്ഹര്‍. 

സിന്ധ് ഹൈക്കോടതിയുടെ വിധിയനുസരിച്ച് ഉമര്‍ ഷെയ്ക്കും സഹപ്രതികളും മോചിതരായി പുറത്തുവന്നിരുന്നുവെങ്കില്‍ അമേരിക്കയുടെ കര്‍ശനമായ നടപടികളെ പാക്കിസ്ഥാന്‍ അഭിമുഖീകരി ക്കേണ്ടിവരുമായിരുന്നു. സ്റ്റേറ്റ്  സെക്രട്ടറി മൈക്ക് പോംപയോയുടെയും മറ്റും പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടുന്നത് അതാണ്. 

പ്രതികള്‍ പുറത്തുവരുന്നതിനുമുന്‍പ് തന്നെ അവരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യ താല്‍പര്യത്തിന് അപകടമുണ്ടാക്കുമെന്നു സംശയിക്കുന്നവരെ മൂന്നു മാസത്തേക്കു വിചാരണ കൂടാതെ തടവിലാക്കാനുള്ള  പ്രത്യേക നിയമമനുസരിച്ചാണ്  ഈ നടപടി. ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ഗവണ്‍മെന്‍റ് അറിയിച്ചിട്ടുണ്ട്.

2008ല്‍ മുംബൈയില്‍ ഭീകരാക്രമണം നടത്തിയ ലഷ്ക്കറെ തയിബയുടെ തലവന്‍ ഹാഫിസ് മൂഹമ്മദ് സയീദിനെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പാക്കിസ്ഥാനിലെ ഒരു പ്രത്യേക കോടതി 11 വര്‍ഷത്തെ തടവിനു ശിക്ഷിച്ചതുമായി ഇതു ചേര്‍ത്തുവായിക്കാം. ഭീകരാക്രമണം സംഘടിപ്പിച്ചതിന്‍റെ പേരിലല്ല, ഭീകരര്‍ക്കു പണം ലഭ്യമാക്കാന്‍ സഹായിച്ചുവെന്നതിനാണ് ശിക്ഷ. ഇതിനു മുന്‍പും സയീദ് പല തവണ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ശിക്ഷിക്കപ്പെട്ടിരുന്നില്ല. 

ഇതിനും ഒരു പശ്ചാത്തലമുണ്ട്. രാജ്യാന്തരതലത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാനായി രൂപം കൊണ്ട ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക്ക് ഫോഴ്സിന്‍റെ (എഫ്എടിഎഫ്) നോട്ടപ്പുള്ളിയാണ് പാക്കിസ്ഥാന്‍. 

Hafiz Saeed
ഹാഫിസ് സയീദ്

ഭീകര സംഘങ്ങള്‍ക്കു പണം കിട്ടുന്നതു തടയാനായി എഫ്എടിഎഫ് നിര്‍ദ്ദേശിച്ച പല നിബന്ധനകളും പാക്കിസ്ഥാന്‍ പാലിക്കുന്നില്ലെന്നു നേരത്തെ തന്നെ വിമര്‍ശനമുണ്ട്.  

ഫെബ്രുവരിയില്‍ എഫ്എടിഎഫ് സമ്മേളിച്ചപ്പോള്‍ അതിന്‍റെ പേരില്‍ പാക്കിസ്ഥാന്‍ അവരുടെ കരിമ്പട്ടയിലാകുന്നതിന്‍റെ വക്കോളമെത്തിയിരുന്നു. കരിമ്പട്ടയിലായാല്‍ രാജ്യാന്തര സാമ്പത്തിക സഹായം കിട്ടാന്‍ തടസ്സം നേരിടും. നേരത്തതന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാന് അതു താങ്ങാനാവില്ല. 

കരിമ്പട്ടികയ്ക്കു തൊട്ടുതാഴെയുള്ള ഗ്രേലിസ്റ്റിലാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍. എങ്കിലും, ജൂണില്‍ നടക്കാനിരിക്കുന്ന അടുത്ത  എഫ്എടിഎഫ് സമ്മേളനത്തില്‍ കരിമ്പട്ടികയുടെ കാര്യം വീണ്ടും ഉയരാനിടയുണ്ട്. അതിന്‍റെ കൂടി പശ്ചാത്തലത്തിലാണ്  ഹാഫിസ് സയീദ് അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തതെന്നു കരുതപ്പെടുന്നു.  

ഡാനിയല്‍ പേള്‍ വധക്കേസിലെ പ്രതികളെ സിന്ധ് ഹൈക്കോ ടതി വിട്ടയച്ച ഉടനെ അവരെ വീണ്ടും അറസ്റ്റ് ചെയ്തതിനെയും ഈ പശ്ചാത്തലത്തിലാണ് പല നിരീക്ഷകരും കാണുന്നത്. 

English Summary: The Daniel Pearl Murder Case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA