രോഗശയ്യയിലായ ലോകാരോഗ്യം

HIGHLIGHTS
  • ഡബ്ളിയുഎച്ച്ഒ തലവന്‍ വിമര്‍ശിക്കപ്പെടുന്നു
  • ചൈനാ പക്ഷപാതമെന്ന് ആരോപണം
Tedros Adhanom Ghebreyesus
ഡോ. ടെഡ്രോസ് അധനോം ഘെബ്രെയെസുസും
SHARE

ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനം ഇക്കഴിഞ്ഞ ചൊവ്വാഴ്ച  (ഏപ്രില്‍ ഏഴ്) കടന്നുപോയത് ലോകമൊട്ടു ക്കും ആരോഗ്യത്തെക്കുറിച്ചുള്ള അഭൂതപൂര്‍വമായ അശങ്കയും ഭീതിയും നിലനില്‍ക്കുന്നതിനിടയിലാണ്. 

‘‘എല്ലാ ജനങ്ങള്‍ക്കും ഏറ്റവും ഉന്നത നിലവാരത്തിലുള്ള ആരോഗ്യം ഉറപ്പുവരുത്തണമെന്ന’’ ലക്ഷ്യത്തോടെ യുഎന്‍ ആഭിമുഖ്യത്തില്‍ ലോകാരോഗ്യ സംഘടന (ഡബ്ളിയുഎച്ച്ഒ) സ്ഥാപിതമായത് 72 വര്‍ഷംമുന്‍പ്  ഏപ്രില്‍ ഏഴിനായിരുന്നു. അതാണ് എല്ലാ വര്‍ഷവും ലോകരോഗ്യ ദിനമായി കൊണ്ടാടപ്പെടുന്നത്. 

ഇത്തവണ ആ ദിനത്തില്‍ കണ്ടതു ലോകത്തു കോവിഡ് രോഗബാധിതരുടെ എണ്ണം 14 ലക്ഷവും മരിച്ചവരുടെ എണ്ണം മുക്കാല്‍ ലക്ഷവും കവിയുന്നതാണ്. മിക്കവാറും എല്ലാ രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയിലേക്കു  നീങ്ങിക്കൊ ണ്ടിരിക്കുന്നു. 

ഇതിനിടയില്‍ പല ഭാഗങ്ങളില്‍നിന്നുമുള്ള അതിനിശിതമായ വിമര്‍ശനങ്ങളെ നേരിടുകയാണ് ലോകാരോഗ്യ സംഘടനയും അതിന്‍റെ തലവനായ ഇത്യോപ്യക്കാരന്‍ ഡോ. ടെഡ്രോസ് അധനോം ഘെബ്രെയെസുസും. വര്‍ഷംതോറും ലക്ഷക്കണക്കിന് മരണം വിതച്ചിരുന്ന വസൂരി നിശ്ശേഷം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിലും പോളിയോ മിക്കവാറും ഇല്ലാതാക്കുന്നതിലും ഡബ്ളിയുഎച്ച്ഒ കൈവരിച്ച നേട്ടങ്ങള്‍ വിസ്മരിക്കപ്പെടാന്‍ പോലും ഇതു കാരണമാകുന്നു. 

ചൊവ്വാഴ്ച ഒരു ട്രീറ്റര്‍ സന്ദേശത്തിലൂടെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്തന്നെ വിമര്‍ശനവുമായി  നേരിട്ടു മുന്നോട്ടുവന്നു.  രണ്ടു ദിവസത്തിനകം അത് അദ്ദേഹവും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍  ജനറലും തമ്മിലുളള വാക്പോരായി മാറുകയും ചെയ്തു. 

ഡബ്ളിയുഎച്ച്ഒയ്ക്കുളള അമേരിക്കയുടെ വിഹിതം നിര്‍ത്തിവയ്ക്കുമെന്നുപോലും ട്രംപ് ഭീഷണിപ്പെടുത്തു കയുണ്ടായി. യുഎന്‍ അംഗരാജ്യങ്ങളില്‍ അമേരിക്കയാണ് ഏറ്റവും വലിയ തുക നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 500 കോടി ഡോളര്‍ വരുന്ന വാര്‍ഷിക ബജറ്റിന്‍റെ 15 ശതമാനം. 

Donald Trump
ഡൊണാൾഡ് ട്രംപ്

ഇതു നിഷേധിക്കപ്പെട്ടാല്‍ ഡബ്ളിയുഎച്ച്ഒയുടെ  പ്രവര്‍ത്തനം അവതാളത്തിലാവും. കോവിഡ്  മഹാമാരി യുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും  അത് അപകടകരവുമാണ്. ഇപ്പോള്‍തന്നെ ഡബ്ളിയുഎച്ച്ഒയ്ക്കു കിട്ടുന്ന പണം അതിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നിര്‍വഹിക്കാന്‍ പര്യാപ്തവുമല്ല. 

ഭാഗ്യവശാല്‍ ട്രംപ്തന്നെ പിറ്റേ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഭീഷണി തിരുത്തി. വിഹിതം നല്‍കുന്നതു നിര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്നാണ് താനുദ്ദേശിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യം പരിഗണനയിലുള്ളതായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപയോ സ്ഥിരീകരിക്കുകയും ചെയ്തു. 

പ്രതിഷേധ സൂചകമായി യുഎന്‍ ഏജന്‍സികള്‍ക്ക് അമേരിക്ക വിഹിതം നിഷേധിക്കുകയോ അവയില്‍നിന്നു  വിട്ടുപോവുക പോലുമോ ചെയ്യുന്നത് മുന്‍പ് നടക്കാത്ത കാര്യമല്ല. യുഎന്‍ വിദ്യാഭ്യാസ, ശാസ്ത്ര,സാംസ്ക്കാരിക സംഘടനയില്‍നിന്ന് (യുനെസ്കോ) ഇസ്രയേലിനോടൊപ്പം അമേരിക്ക പുറത്തുപോയതുകഴിഞ്ഞ വര്‍ഷമാണ്. യുനെസ്ക്കോയുടെ ചില  തീരുമാനങ്ങള്‍ ഇസ്രയേല്‍ വിരുദ്ധമാണെന്ന് ആരോപി ച്ചായിരുന്നു അത്. അതിനു മുന്‍പ് 1984ലും അമേരിക്ക യുനെസ്കോ വിട്ടുപോവുകയും പിന്നീടു തിരിച്ചു വരികയും ചെയ്തു.    

മഹാമാരി ലോകമൊട്ടുക്കും പടര്‍ന്നു പിടിച്ചതില്‍ ചൈനയ്ക്കുള്ള ഉത്തരവാദിത്തത്തിന്‍റെ മേല്‍ വെളളപൂശു ന്നുവെന്നാണ് ഡബ്ളിയുഎച്ച്ഒ തലവന് എതിരെയുള്ള ട്രംപിന്‍റെ  മുഖ്യമായ ആരോപണം. ചൈനയിലെ വൂഹാനില്‍ കൊറോണ വൈറസ് മനുഷ്യരിലേക്കു പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയത് ശരിക്കും എപ്പോഴാണ്, ആദ്യഘട്ടത്തില്‍ എത്രപേരെ വൈറസ് ബാധിച്ചിരുന്നു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അറിയേണ്ടത് രോഗം രാജ്യത്തിനു പുറത്തേക്കു വ്യാപിക്കുന്നതു തടയാന്‍  ആവശ്യമായിരുന്നു. 

ട്രംപിന്‍റെ അഭിപ്രായത്തില്‍ ആ വിവരങ്ങള്‍ ചൈനയിനിന്നു മനസ്സിലാക്കുന്നതിലും സത്വരമായ പ്രതിരോധ നടപടിയെ ടുക്കുന്നതിലും ഡബ്ളിയുഎച്ച്ഒ തീര്‍ത്തും പരാജയപ്പെട്ടു. മാത്രമല്ല, അന്വേഷണത്തിനുവേണ്ടി ജനുവരിയില്‍തന്നെ ചൈനയിലെത്തിയ ഡോ. ടെഡ്രോസ് ചൈനയെ പുകഴ്ത്തുകയാണ് ചെയ്തെന്നും ട്രംപ്  കുറ്റപ്പെടു  ത്തുന്നു. 

WHO

വൈറസ് അമേരിക്കയില്‍ എത്തുന്നതു തടയാന്‍ ജനുവരി 31നു ചൈനയില്‍നിന്നുള്ള വിമാനങ്ങളുടെ ആഗമനം ട്രംപ്  നിരോധിക്കുകയുണ്ടായി. അതുകൊണ്ടു പ്രയോജനമില്ലെന്നും ചൈനയെ ഒറ്റപ്പെടുത്താന്‍അതിടയാക്കുമെന്നും പറഞ്ഞ് ഡോ. ടെഡ്രോസ് ആ മാതൃക പിന്തുടരുതെന്നു മറ്റു രാജ്യങ്ങളെ  ഉപദേശിച്ചതായും ട്രംപ് ആരോപിക്കുന്നു.  

മഹാമാരിയെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നായിരുന്നു ജനീവയിലെ ഡബ്ളിയുഎച്ച്ഒ ആസ്ഥാനത്തു ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍  ഡോ. ടെഡ്രോസ് നല്‍കിയ മറുപടി. നിങ്ങളുടെ രാഷ്ട്രീയ ഭിന്നതകള്‍ ചൂഷണം ചെയ്യപ്പെടും, കൂടുതല്‍ മൃതദേഹങ്ങള്‍ വന്നെത്തും, ഇതൊഴിവാക്കാനാണ്  ആഗ്രഹിക്കുന്നതെങ്കില്‍ വൈറസിനെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ശ്രമത്തെ ക്വാറന്‍റീനിലാക്കൂ-ഇങ്ങനെ തുടര്‍ന്ന അദ്ദേഹം വൈറസിനെ പരാജയപ്പെടുത്താന്‍ എല്ലാവരുടെയും, പ്രത്യേകിച്ച് ചൈനയുടെയും അമേരിക്കയുടെയും പൂര്‍ണ സഹകരണം ആവശ്യപ്പെടുകയും  ചെയ്തു. 

കോവിഡിന്‍റെ പേരില്‍ തനിക്ക് അവഹേളനവും വധഭീഷണിപോലും നേരിടേണ്ടിവരികയാണെന്നും  ഡോ. ടെഡ്രോസ് വെളിപ്പെടുത്തിയിട്ടുണ്ട്. കറുത്തവനെന്നും നീഗ്രോയെന്നും പറഞ്ഞാണ് അവഹേളിക്കു ന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കറുത്തവനും നീഗ്രോവും ആയതില്‍ തനിക്ക് അഭിമാനമുണ്ടെന്നു പറഞ്ഞ അദ്ദേഹം വധഭീഷണിക്കു താന്‍ പുല്ലുവില കല്‍പ്പിക്കുകയാണെന്നു തുറന്നടിക്കുകയുംചെയ്തു. 

ആഫ്രിക്കക്കാരനായ ആദ്യത്തെ ഡബ്ളിയുഎച്ച്ഒ തലവനാണ് 2017ല്‍ ആ പദവി ഏറ്റെടുത്ത ഡോ. ടെഡ്രോസ് (55). അദ്ദേഹത്തിന്‍റെ സേവനങ്ങളെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റാമഫോസയെ പ്പോലുള്ള ആഫ്രിക്കന്‍ നേതാക്കള്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. 

മൈക്രോബയോളജിസ്റ്റും രാജ്യാന്തര പ്രശസ്തനായ മലേറിയ ഗവേഷകനുമാണ് അദ്ദേഹം. ഇത്യോപ്യയുടെ ആരോഗ്യമന്ത്രിയും വിദേശമന്ത്രിയുമായിരുന്നു. ഇത്യോപ്യയിലെ ആരോഗ്യരംഗം പ്രശംസാവഹമായ വിധത്തില്‍ ഉടച്ചുവാര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയുമുണ്ടായി. 

എങ്കിലും, ഇപ്പോള്‍ കോവിഡ് പ്രശ്നത്തിന്‍റെ പേരില്‍ അമേരിക്ക    യിലും മറ്റു ചില പാശ്ചാത്യ രാജ്യങ്ങളിലും അഭൂതപൂര്‍വമായ എതിര്‍പ്പിനെ നേരിടുന്നു. ട്രംപിന്‍റെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ ചില പ്രമുഖരും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും ഡോ. ടെഡ്രോസ് രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ അദ്ദേഹ ത്തെ പുറത്താക്കണമെന്നും ആവശ്യപ്പെടുകയാണ്. അദ്ദേഹം രാജിവയ്ക്കുന്നതുവരെ ഡബ്ളിയുഎച്ച്ഒയ്ക്കുള്ള  വിഹിതം നല്‍കരുതെന്നു പറയുന്ന ഒരു പ്രമേയം അവരില്‍ ഒരാള്‍ യുഎസ് പ്രതിനിധി സഭയില്‍ അവതരിപ്പിച്ചിട്ടുമുണ്ട്.  

അമേരിക്കയില്‍ കോവിഡ് നടത്തുന്ന മരണനൃത്തത്തിന് ഉത്തരവാദി മുഖ്യമായും ഡോ. ടെഡ്രോസിന്‍റെ ചൈനാപക്ഷപാതമാണെന്നാണ് അവരുടെ ആക്ഷേപം. ആഫ്രിക്കയില്‍ ചൈനയുമായി ഏറ്റവും സുദൃഢ ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇത്യോപ്യയെന്ന വസ്തുതയും ഇതിന്‍റെ പിന്നില്‍ പലരും കാണുന്നു.

അതേസമയം, അമേരിക്കയിലെ കോവിഡ് വ്യാപനത്തിനു ട്രംപിനെത്തന്നെ കുറ്റപ്പെടുത്തുന്നവരുമുണ്ട്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കാനുള്ള സാധ്യതയെപ്പറ്റി നേരത്തെതന്നെ ലഭിച്ച മുന്നറിയിപ്പുകള്‍  അദ്ദേഹം അവഗണിച്ചുവത്രേ. അതു വെറുമൊരു ഫ്ളൂവാണെന്നു പറഞ്ഞ അദ്ദേഹം തുടക്കത്തില്‍തന്നെ അതിനെതിരായ പ്രതിരോധ നടപടികള്‍ കൈക്കൊണ്ടില്ലെന്നും ആക്ഷേപമുണ്ട്.  

corona

നവംബറിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ തന്‍റെ വിജയസാധ്യ  തയെ ഇതു ബാധിക്കുമോയെന്ന  ആശങ്കയിലാണത്രേ ട്രംപ്. അതിനാല്‍, ഉത്തരവാദിത്തത്തില്‍നിന്നു രക്ഷപ്പെടാനായി ഡബ്ളിയുഎച്ച്ഒയെയും അതിന്‍റെ തലവനെയും അദ്ദേഹം ബലിയാടുകളാക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപി ക്കപ്പെടുന്നു. 

ഇതിനിടയില്‍, ഒരു ഉപകഥയുടെ ചുരുളും അഴിയുകയാണ്. ഡബ്ളിയുഎച്ച്ഒ തലവനും തയ്‌വാനും തമ്മില്‍ ഏറ്റുമുട്ടി. തനിക്കെതിരായ വംശീയമായ അവഹേളനം ഉണ്ടായതു  തയ്‌വാനില്‍ നിന്നാണെന്നും അതിനെപ്പറ്റി  തയ്‌വാന്‍ ഗവണ്‍മെന്‍റിന് അറിയാമായിരുന്നുവെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

തയ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നു കരുതുന്ന ബെയ്ജിങ് ഭരണകൂടത്തിന്‍റെ എതിര്‍പ്പ് കാരണം  ആ രാജ്യത്തിന് ഐക്യരാഷ്ട്ര സംഘടനയിലോ ഡബ്ളിയുഎച്ച്ഒ പോലുള്ള യുഎന്‍ ഏജന്‍സികളിലോ പ്രവേശനമില്ല. അതിനാല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ സഹായം ഡബ്ളിയുഎച്ച്ഒയില്‍നിന്ന് തയ്വാനു കിട്ടിയില്ലത്രേ.  അതിനെ അവര്‍ അപലപിക്കുകയുണ്ടായി. 

തനിക്കെതിരായ വംശീയമായ അവഹേളനം ആ പശ്ചാത്ത ലത്തിലാണെന്നാണ് ഡോ. ടെഡ്രോസ്  നല്‍കിയ സൂചന. തയ്വാന്‍ പ്രസിഡന്‍റ് ഇതു നിഷേധിക്കുകയും പ്രതിഷേധിക്കുകയുംചെയ്തു.  അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതിനു മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. ലോകാരോഗ്യ സംഘടനയ്ക്കു നേരെ തയ്‌വാന്‍ വിഷം ചീറ്റുകയാണെന്ന കുറ്റപ്പെടുത്തലുമായി ഒടുവില്‍ ചൈനയും രംഗത്തെത്തി.  

English Summary : WHO Defends Coronavirus Response After Trump Criticism

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.