കോവിഡ് നിഴലില്‍ യുഎസ് ഇലക്ഷനും

HIGHLIGHTS
  • തീയതി നീട്ടാന്‍ പ്രസിഡന്‍റിന് അധികാരമില്ല
  • പ്രയോജനം ഡമോക്രാറ്റിക് പാര്‍ട്ടിക്ക്
Donald Trump
മിക്കവാറും എല്ലാ രാജ്യങ്ങളിവും കോവിഡ് അഭൂതപൂര്‍വമായ ആരോഗ്യ, സാമ്പത്തിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. അമേരിക്കയെ അതു രാഷ്ട്രീയവും ഭരണഘടനാപരവുമായ പ്രതിസന്ധിയിലേക്കും തള്ളിനീക്കുന്നു
SHARE

ഒളിംപിക്സ് പോലെ നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഒരു മഹാമാമാങ്കമാണ് അമേരിക്കയിലെ  പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്.  ജപ്പാനിലെ ടോക്യോയില്‍  ഈ വര്‍ഷം ജൂലൈ-ഓഗസ്റ്റില്‍ നടത്താനിരുന്ന ഒളിംപിക്സ് കോവിഡ് മഹാമാരി കാരണം അടുത്ത വര്‍ഷത്തേക്കു മാറ്റിവയ്ക്കേണ്ടിവന്നു. യുഎസ്  തിരഞ്ഞെടുപ്പി നും അതേഗതി വരുമോ ? 

അമേരിക്കയില്‍ കോവിഡ് മൂലമുള്ള മരണം കൂടിക്കൊണ്ടിരി ക്കേ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ  ജനപിന്തുണ കുറഞ്ഞുവരുന്നു. നിശ്ചിത തീയതിയായ നവംബര്‍ മൂന്നിനു തെരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ തോറ്റുപോകുമെന്ന് അദ്ദേഹം ഭയക്കുകയാണെന്നും സൂചനകളുണ്ട്. 

കോവിഡ് പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് പരാജയപ്പെട്ടു വെന്നാണ് പരക്കേയുളള വിമര്‍ശനം. ഈ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ അദ്ദേഹം ശ്രമിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുകയും ചെയ്യുന്നു. 

പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാനുള്ള പ്രൈമറി തിരഞ്ഞെടുപ്പുകള്‍ തകൃതിയായി നടന്നുവരികയായിരുന്നു. പക്ഷേ, കോവിഡ് കാരണത്താല്‍തന്നെ 16 സംസ്ഥാനങ്ങളില്‍ പ്രൈമറികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന ഡമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷന്‍ ജൂലൈയില്‍നിന്ന് ഓഗസ്റ്റിലേക്കു മാറ്റുകയും ചെയ്തു. നവംബര്‍ മൂന്നിലെ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുമോയെന്ന സംശയത്തിന് ഇതും കാരണമാവുന്നു.  

മിക്കവാറും എല്ലാ രാജ്യങ്ങളെയും ബാധിച്ചിട്ടുളള കോവിഡ് അവിടെയെല്ലാം  അഭൂതപൂര്‍വമായ ആരോഗ്യ, സാമ്പത്തിക പശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പിന്‍റെ  പശ്ചാത്തലത്തില്‍ അത് അമേരിക്കയെ രാഷ്ട്രീയവും ഭരണഘടനാപരവുമായ പ്രതിസന്ധിയിലേക്കും തള്ളിനീക്കിക്കൊണ്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് നീട്ടുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

പതിവുപോലെ ലോകം ഉുറ്റുനോക്കുന്നത് നവംബര്‍ മൂന്നിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലേക്കാണെങ്കിലും അന്നു തന്നെ മറ്റു ചില തിരഞ്ഞെടുപ്പുകളും നടക്കുന്നുണ്ട്. പ്രതിനിധി സഭയിലെ മുഴുവന്‍ (435)സീറ്റുകളിലേക്കും സെനറ്റിലെ ഏതാണ്ട് മുന്നിലൊന്നു (33) സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ ഉദാഹരണം.  

സെനറ്റില്‍ ഇപ്പോള്‍ ഭൂരിപക്ഷം പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാണെങ്കില്‍ പ്രതിനിധി സഭയുടെ നിയന്ത്രണം ഡമോക്രാറ്റിക് പാര്‍ട്ടിയുടെ കൈകളിലാണ്. ഇതില്‍ മാറ്റമുണ്ടാകുമോ എന്ന ചോദ്യവും നവംബര്‍ മൂന്നിലേക്കു ലോകശ്രദ്ധയാകര്‍ഷിക്കുന്നു. 

നാലു വര്‍ഷം കൂടുമ്പോള്‍ നംബറിലെ ആദ്യത്തെ തിങ്കളാഴ്ച കഴിഞ്ഞുവരുന്ന ചൊവ്വാഴ്ച ഈ  തിരഞ്ഞെടുപ്പുകള്‍ നടത്തണമെന്നാണ് നിയമം. ഒന്നേകാല്‍ നൂറ്റാണ്ടുമുന്‍പ് (1845ല്‍) കോണ്‍ഗ്രസ് (പ്രതിനിധി സഭയും സെനറ്റും) അങ്ങനെ തീരുമാനിച്ചശേഷം ഇതുവരെ അതില്‍ മാറ്റംവന്നിട്ടില്ല. 

ലോകമഹായുദ്ധങ്ങള്‍ നടക്കുന്നതിനിടയില്‍പ്പോലും   1916ലെയും 1944ലെയും പ്രസിഡന്‍റ് തിരഞ്ഞെടുപ്പുകള്‍ മുറപോലെ നടക്കുകയുണ്ടായി. സ്പാനിഷ് ഫ്ളൂ 675000 പേരെ കൊന്നൊടുക്കിയ 1918 പക്ഷേ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ വര്‍ഷമായിരുന്നില്ല. അതിനാല്‍ ഇന്നത്തെപ്പോലുള്ള സ്ഥിതി അന്നുണ്ടായിരുന്നില്ല.  

തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെങ്കില്‍ കോണ്‍ഗ്രസ് തന്നെ തീരുമാനിക്കണം. പ്രസിഡന്‍റിന് അതിനധികാരമില്ല. പ്രതിനിധി സഭയില്‍ ഭൂരിപക്ഷം ഡമോക്രാറ്റിക് പാര്‍ട്ടിക്കായതിനാല്‍ ട്രംപ്ആഗ്രഹിക്കുന്നതുപോലെ കോണ്‍ഗ്രസ് ചെയ്യുമെന്നു പ്രതീക്ഷിക്കാനും വയ്യ.

ഇനി, കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ പോലും തിരഞ്ഞെടുപ്പ് അധിക കാലത്തേക്കു മാറ്റിവയ്ക്കാന്‍ ആവില്ലെന്ന മറ്റൊരു പ്രശ്നവുമുണ്ട്.  കാരണം, നിലവിലുള്ള പ്രസിഡന്‍റിന്‍റെയും വൈസ് പ്രസിഡന്‍റിന്‍റെയും കാലാവധി അടുത്ത വര്‍ഷം ജനുവരി 20ന് ഉച്ചയോടെ അവസാനിക്കും. 

പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും അതിനകം സ്ഥാനമേറ്റെടുത്തി രിക്കണം. പുതിയ പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും തിരഞ്ഞെടുത്തിട്ടില്ല എന്ന കാരണത്താല്‍ പ്രസിഡന്‍റ് ട്രംപിനും വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിനും തല്‍സ്ഥാനങ്ങളില്‍ തുടരാനാവില്ല. ജനുവരി 20 ഉച്ചയോടെ അവര്‍ സാധാരണ പൗരന്മാരായിക്കഴിഞ്ഞിരിക്കും. 

പല ജനാധിപത്യ രാജ്യങ്ങളിലും പ്രസിഡന്‍റിനോ പ്രധാനമന്ത്രി ക്കോ കാലാവധി കഴിഞ്ഞാലും പിന്‍ഗാമികള്‍ സ്ഥാനം ഏല്‍ക്കുന്നതുവരെ തുടരാനാവും. എന്നാല്‍ യുഎസ് ഭരണഘടനയില്‍ അതിനു വകുപ്പില്ല. 

അതേസമയം, പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും മരിക്കുകയോ പുറത്താക്കപ്പെടുകയോ അധികാരത്തില്‍ തുടരാന്‍ മറ്റു വിധത്തില്‍ അനര്‍ഹരാവുകയോ ചെയ്താല്‍ പ്രസിഡന്‍റ് പദവി ആര് ഏറ്റെടുക്കണമെന്നു ഭരണഘടനയില്‍ വ്യക്തമായി പറയുന്നുമുണ്ട്. പ്രതിനിധി സഭയിലെ സ്പീക്കര്‍ക്കാണ് അതിന് ആദ്യത്തെ അര്‍ഹത. 

Nancy Pelosi

ഇപ്പോഴത്തെ സ്പീക്കര്‍ പ്രസിഡന്‍റ് ട്രംപുമായി ഇടക്കിടെ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന പ്രമുഖ ഡമോക്രാറ്റിക് പാര്‍ട്ടി നേതാവ് നാന്‍സി പെലോസിയാണ്. തല്‍ക്കാലത്തേക്കെങ്കിലും അവര്‍ പ്രസിഡന്‍റാകുന്നതു സ്വാഭാവികമായും ട്രംപിനു സഹിക്കാനാവില്ല. എങ്കിലും, ട്രംപിന് ആശ്വസിക്കാന്‍ വകയുണ്ട്. കാരണം, അങ്ങനെ സംഭവിക്കാന്‍ പോകുന്നില്ല. 

പ്രസിഡന്‍റിന്‍റെയും വൈസ് പ്രസിഡന്‍റിന്‍റെയും സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ സ്പീക്കര്‍ നിലവിലുണ്ടായിരിക്കുമെന്ന സങ്കല്‍പ്പത്തിലാണ് ഭരണഘടനാ ശില്‍പ്പികള്‍ ആ വ്യവസ്ഥ എഴുതിച്ചേര്‍ത്തത്. എന്നാല്‍, ഇപ്പോള്‍ ഭയപ്പെടുന്നതുപോലെ തിരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കില്‍ പ്രസിഡന്‍റ്ും വൈപ്രസ് പ്രസിഡന്‍റും മാത്രമല്ല, സ്പീക്കറും ഉണ്ടാവില്ല. 

പ്രതിനിധി സഭയിലെ എല്ലാ സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നതു കാരണം ആ സഭതന്നെ നിലവിലുണ്ടാവില്ല. കാരണം, പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനോടൊപ്പമാണ് പ്രതിനിധി സഭയിലെ മുഴുവന്‍ (435) അംഗങ്ങളുടെ തിരഞ്ഞെടുപ്പും നടക്കേണ്ടത്.

   

അങ്ങനെ, പസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാന്‍ സ്പീക്കര്‍ക്കു കഴിയാതെ വരുമ്പോള്‍ അടുത്തായി പരിഗണിക്കേണ്ടതു സെനറ്റിലെ പ്രോടെം (താല്‍ക്കാലിക) അധ്യക്ഷനെയാണ്. സെനറ്റ് അപ്പോഴും നിലവിലുള്ള സ്ഥിതിക്ക് അതിനു തടസ്സമുണ്ടാവില്ല. 

പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ കൂടെ സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കുമെങ്കിലും സെനറ്റിലെ 100ല്‍ 33 അംഗങ്ങളെ മാത്രമാണ് പുതുതായി തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പ് നടന്നില്ലെങ്കിലും ബാക്കിയുള്ള അംഗങ്ങളോടെ സെനറ്റ് നിലവിലുണ്ടാവും. 

റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ സെനറ്റ്. എന്നാല്‍, തിരഞ്ഞെടുപ്പ് നടക്കാത്തപക്ഷം ഒഴിഞ്ഞുകിടക്കുന്നത്  അധികവും അവരുടെ സീറ്റുകളായിരിക്കും. അതോടെ അവശിഷ്ട സെനറ്റില്‍ ഭൂരിപക്ഷം അവര്‍ക്കു നഷ്ടപ്പെടുകയും ഡമോക്രാറ്റിക് പാര്‍ട്ടി ഭൂരിപക്ഷം നേടുകയും ചെയ്യും. 

Donald Trump

ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഒരാള്‍ അങ്ങനെ സെനറ്റിലെ താല്‍ക്കാലിക അധ്യക്ഷ പദവിയിലെത്താനുംഅതിലൂടെ അമേരിക്കയുടെ ആക്ടിങ് പ്രസിഡന്‍റാവാനുംവഴിയൊരുങ്ങുന്നു. സഭയിലെ ഏറ്റവും പഴക്കം ചെന്ന അംഗമാണ് സാധാരണ ഗതിയില്‍ താല്‍ക്കാലിക അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുക.  

ഇപ്പോള്‍ ആ യോഗ്യതയുള്ളത് 14 വര്‍ഷമായി സെനറ്റില്‍ തുടരുന്ന 78 വയസ്സുകാരന്‍ ബേണി സാന്‍ഡേഴ്സിനാണ്. 2016ലെപ്പോലെ ഇത്തവണയും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ടിക്കറ്റിനു വേണ്ടി മല്‍സരിച്ചശേഷം പിന്മാറി നില്‍ക്കുന്നു. പാര്‍ട്ടിയിലെ ഇടതുപക്ഷ നേതാവായും അറിയപ്പെടുന്നു. 

പാര്‍ട്ടിക്കു വേണമെങ്കില്‍ സെനറ്റിലെ താല്‍ക്കാലിക അധ്യക്ഷ ന്‍റെ സ്ഥാനത്തേക്കു മറ്റൊരാളെ നോമിനേറ്റ്  ചെയ്യുകയുമാവാം. ചുരുക്കത്തില്‍, നവംബര്‍ മൂന്നിനുതിര ഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ തല്‍ക്കാലത്തേക്ക് എങ്കിലും അമേരിക്കയുടെ പ്രസിഡന്‍റാവുന്നത് ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഒരു സ്ത്രീയോ  പുരുഷനോ ആയിരിക്കും. ട്രംപിന് അതൊട്ടും ഇഷ്ടമാവില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

 ഈ ലേഖനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന ഐഡിയിൽ പങ്കുവയ്ക്കാം.
        

English Summary : Coronavirus: Could Donald Trump delay the presidential election?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.