നിഗൂഢതയുടെ മറയ്ക്കുള്ളില്‍ കിം

HIGHLIGHTS
  • ഉത്തര കൊറിയയിലേക്കു ചൈനീസ് ഡോക്ടര്‍മാര്‍
  • പകരം വരുന്നതു സഹോദരി ?
Kim Jong Un
തലസ്ഥാന നഗരിയില്‍ ഏപ്രില്‍ 15നു നടത്താറുള്ള ഒരു സുപ്രധാന വാര്‍ഷിക പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടതായിരുന്നു ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. പക്ഷേ, അദ്ദേഹം എത്തിയില്ല. അതോടെ തുടങ്ങിയതാണ് അഭ്യൂഹങ്ങള്‍
SHARE

എട്ടു വര്‍ഷംമുന്‍പ് ഉത്തര കൊറിയയുടെ അന്നത്തെ അധിപന്‍ കിം ജോങ് ഇലിന്‍റെ മരണം ലോകമറിഞ്ഞതു രണ്ടു ദിവസത്തിനു ശേഷമായിരുന്നു. അതായത്, വിവരം അവിടത്തെ ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിട്ട ശേഷം മാത്രം. സ്വയം ഒറ്റപ്പെട്ടു കഴിയുന്ന ആ രാജ്യത്ത് ഇലയനങ്ങുന്നതുപോലും അറിയാന്‍ കാതുകൂര്‍പ്പിച്ചു കാത്തിരുന്ന അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും ചാരന്മാര്‍ക്ക് അതൊരു വലിയ ക്ഷീണമായിപ്പോയി.

ഇത്തവണ, അദ്ദേഹത്തിന്‍റെ മകനും പിന്‍ഗാമിയുമായ കിം ജോങ് ഉന്നിന്‍റെ കാര്യത്തില്‍ തങ്ങള്‍ക്ക് അത്തരം അബദ്ധം പറ്റാതിരിക്കാനുള്ള വ്യഗ്രതതയിലാണവര്‍. കിം മരണാസന്നനാണെന്നും മസ്തിഷ്ക്ക മരണം  സംഭവിച്ചുവെന്നുപോലുമുള്ള റിപ്പോര്‍ട്ടുകള്‍ അതാണ്  സൂചിപ്പിക്കുന്നത്. പെട്ടെന്നു നടത്തേണ്ടിവന്ന ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്നു കിമ്മിന്‍റെ സ്ഥിതി ഗുരുതരമായിത്തീര്‍ന്നുവത്രേ. 

ഈ കിംവദന്തികളും അഭ്യൂഹങ്ങളുമെല്ലാം പക്ഷേ ഉത്തര കൊറിയയില്‍നിന്നു ലഭിക്കുന്ന എന്തെങ്കിലും ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതല്ല,  അമേരിക്കയുടെയും ഉത്തര കൊറിയയുടെയും ഇന്‍റലിജന്‍സ് വിഭാഗങ്ങള്‍ക്കു രഹസ്യമായി ലഭിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിലുള്ളതാണ്.

കിം ഇൽ സുങ്, കിം ജോങ് ഇൽ, കിം ജോങ് ഉൻ
കിം ഇൽ സുങ്, കിം ജോങ് ഇൽ, കിം ജോങ് ഉൻ

ഇത്തരം സൂചനകള്‍ പലപ്പോഴും ശരിയാകാറുണ്ടെങ്കിലും തെറ്റായിപ്പോയ സന്ദര്‍ഭങ്ങളും വിരളമല്ല. ഉദാഹരണമായി, ഒരു പ്രമുഖ യുഎസ്  പത്രം കിം ജോങ് ഉന്നിന്‍റെ പിതാമഹനും രാഷ്ട്രസ്ഥാപകനുമായ കിം ഇല്‍ സുങ്ങിന്‍റെ ചരമ വാര്‍ത്ത് 1986ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. പക്ഷേ, അദ്ദേഹം അന്തരിച്ചത് പിന്നെയും എട്ടു വര്‍ഷം കഴിഞ്ഞാണ്. 

അത് ഓര്‍ത്തുകൂടിയായിരിക്കണം ഇപ്പോഴത്തെ അഭ്യൂഹങ്ങളും കിംവദന്തികളും അമേരിക്കയിലെയോ ഉത്തര കൊറിയയിലെയോ ഔദ്യോഗിക വൃത്തങ്ങള്‍ ഇതുവരെ ഏറ്റുപിടിച്ചിട്ടില്ല. തനിക്കൊരു വിവരവും ഇല്ലെന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ആവര്‍ത്തിച്ചുള്ള പ്രതികരണം. അഭ്യൂഹങ്ങള്‍ കാര്യമാക്കേണ്ടെന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജെയ് ഇന്‍ ഒന്നിലേറെ തവണ മാധ്യമങ്ങളെ     ഉപദേശിക്കുകയും ചെയ്തു. 

കോവിഡ് രോഗം ബാധിച്ചതിനാലോ അല്ലെങ്കില്‍ രോഗ ഭീതിമൂലമോ കിം പൊതുരംഗത്തുനിന്നു സ്വയം  അകന്നു  നില്‍ക്കുകയാണെന്നും അഭ്യൂഹങ്ങളുണ്ട്.  ഉത്തര കൊറിയയില്‍ ആര്‍ക്കും കോവിഡ് ഇല്ലെന്നാണ് അവിടത്തെ ഗവണ്‍മെന്‍റ് അവകാശപ്പെട്ടിരുന്നത്. 

Moon Jae-in, Kim Jong Un
മൂൺ ജെയ് ഇൻ, കിം ജോങ് ഉൻ

തലസ്ഥാന നഗരമായ പ്യോംഗ്യാങ്ങില്‍, ഏപ്രില്‍ 15ന് ആര്‍ഭാടപൂര്‍വം നടത്താറുള്ള ഒരു വാര്‍ഷിക പരിപാടിയില്‍ പതിവുപോലെ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടതായിരുന്നു കിം ജോങ് ഉന്‍. പിതാമഹനും രാഷ്ട്ര സ്ഥാപകനുമായ കിം ഇല്‍ സുങ്ങിന്‍റെ ജന്മദിനമാണ് അന്ന്. പക്ഷേ, കിം ജോങ് ഉന്‍ എത്തിയില്ല. അതോടെ തുടങ്ങിയതാണ് അഭ്യൂഹങ്ങള്‍. 

അതേസമയം, പൊതു രംഗത്തുനിന്നു കിം അപ്രത്യക്ഷനാകുന്നത് ഇതാദ്യമല്ല താനും. 2014ല്‍  ഒരു മാസത്തിലേറെക്കാലം അദ്ദേഹത്തിന്‍റെ ചിത്രമോ അദ്ദേഹത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളോ ഔദ്യോഗിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതിനുശേഷം അദ്ദേഹം എത്തിയത് ചെറിയൊരു മുടന്തും ഊന്നുവടിയുമായി ട്ടാണ്. എന്തു പറ്റിയതാണെന്നു വിശദീകരണമൊന്നും ഉണ്ടായതുമില്ല. 

ഇത്തവണ, ഏപ്രില്‍ 15ലെ സുപ്രധാന പരിപാടിക്കു മൂന്നു ദിവസംമുന്‍പ് അദ്ദേഹം ഭരണ കക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുത്തതായി വാര്‍ത്താ മാധ്യമങ്ങള്‍ (എല്ലാം ഗവണ്‍മെന്‍റിന്‍റെ നിയന്ത്രണത്തിലുള്ളത്) റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനുശേഷം അദ്ദേഹം പെട്ടെന്ന് അസുഖ ബാധിത നാവുകയും ഹൃദയത്തിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്തുവത്രേ. 

     

ഏതാണ്ടു 36 വയസ്സുള്ള കിമ്മിനു ഹൃദ്രോഗമുള്ളതായി മുന്‍പ് കേട്ടിരുന്നില്ലെങ്കിലും അതിനുളള സാധ്യത അധികമാരും തള്ളിക്കളഞ്ഞിരുന്നി ല്ല. പൊണ്ണത്തടി, ഭക്ഷണ കാര്യത്തില്‍ നിയന്ത്രണമില്ലായ്മ, അമിതമായ പുകവലി, വിശ്രമക്കുറവ്, ജോലി മൂലമുള്ള മാനസിക സംഘര്‍ഷം എന്നിവ അതിനുള്ള കാരണങ്ങളായും ചൂണ്ടിക്കാട്ടപ്പെടുകയുണ്ടായി. 

അരനൂറ്റാണ്ടുകാലം രാജ്യംഭരിച്ച പിതാമഹനും 1994ല്‍ അദ്ദേഹത്തിന്‍റെ മരണത്തെതുടര്‍ന്നു ഭരണം  ഏറ്റെടുത്ത മകന്‍ കിം ജോങ് ഇലും (കിം ജോങ് ഉന്നിന്‍റെ പിതാവ്) പ്രമേഹ രോഗികളായിരുന്നുവത്രേ.  2011 ഡിസംബറില്‍ കിം ജോങ് ഇല്‍ എഴുപതാം വയസ്സില്‍ അന്തരിച്ചതു ഹൃദ്രോഗം മൂലമായിരുന്നു.  അതിനു മുന്‍പ് രണ്ടു തവണ പക്ഷാഘാതം സംഭവിക്കുകയുമുണ്ടായി. 

അദ്ദേഹത്തെ ചികില്‍സിക്കാന്‍ ചൈനയില്‍നിന്നും ഫ്രാന്‍സില്‍നിന്നും വിദഗ്ദ്ധ ഡോക്ടര്‍മാരെ വിളിച്ചുവരുത്തിയതായും  റിപ്പോര്‍ട്ടുകളുണ്ടാ യിരുന്നു. എന്നാല്‍, കിം ജോങ് ഉന്നിനു നേരത്തെതന്നെ വിദേശ ഡോക്ടര്‍മാരുടെ സേവനം ലഭിച്ചതായി സൂചനകളില്ല. 

വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന ഒരു ചൈനീസ് സംഘം ഇക്കഴിഞ്ഞ ശനിയാഴ്ച (ഏപ്രില്‍ 25)  ഉത്തര കൊറിയയിലേക്കു പോയതായി റിപ്പോര്‍ട്ടുകളുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാജ്യാന്തരബന്ധ വിഭാഗത്തിലെ ഒരു സീനിയര്‍ അംഗമാണ് സംഘത്തെ നയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

കിം ജോങ് ഉന്നിന്‍റെ ആരോഗ്യത്തില്‍ മാത്രമല്ല, ഉത്തര കൊറിയയുടെ നിലനില്‍പ്പ്, ഭാവി എന്നീ കാര്യങ്ങളിലും ചൈനയ്ക്കുള്ള ഉള്‍ക്കണ്ഠയുടെ സൂചനയായി  ഇതു വ്യാഖ്യാനിക്കപ്പെടുന്നു. ആണവ-മിസൈല്‍  പരീക്ഷണങ്ങ ളുടെ പേരിലുള്ള യുഎന്‍ ഉപരോധങ്ങളെ ഉത്തര കൊറിയ ചെറുത്തുനില്‍ക്കുന്നതുതന്നെ മുഖ്യമായും ചൈനയില്‍നിന്നു ലഭിക്കുന്ന സഹായത്തിന്‍റെ ബലംകൊണ്ടാണ്. ഉത്തര കൊറിയയുമായി ചൈന അതിര്‍ത്തി പങ്കിടുന്നുമുണ്ട്. 

ഉത്തര കൊറിയയില്‍ എന്തു സംഭവിക്കുന്നുവെന്നതില്‍ അതീവ താൽപര്യമുള്ളവരാണ് മറ്റു രണ്ട് അയല്‍ രാജ്യങ്ങളായി ദക്ഷിണ കൊറിയയും ജപ്പാനും. അവിടെ ഉണ്ടാകുന്ന ഏതു മാറ്റവും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അവരുടെ സുരക്ഷിതത്വത്തെ ബാധിക്കും. 

ആണവ ബോംബുകളും അവയുമായി അമേരിക്കയില്‍ വരെ ചെന്നെത്തുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും തങ്ങളുടെ പക്കലുണ്ടെന്നാണ് ഉത്തര കൊറിയ അവകാശപ്പെടു ന്നത്. അതിനാല്‍ അവിടത്തെ ഓരോ ചലനവും അതീവ ശ്രദ്ധയോടെയാണ് അമേരിക്കയും നോക്കിക്കാണുന്നത്. ഉത്തര കൊറിയയെ ആണവ നിര്‍വീര്യമാക്കാനുള്ള തീവ്രയജ്ഞത്തിലുമാണ് അമേരിക്ക. 

Donald Trump, Kim Jong Un
ഡൊണാൾഡ് ട്രംപ്, കിം ജോങ് ഉൻ

അതിന്‍റെ ഭാഗമായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ്  ട്രംപ്‌ ഒരു വര്‍ഷത്തിനിടയില്‍ മൂന്നു തവണ കിമ്മിനെ  കണ്ടു സംസാരിക്കുയുണ്ടായി. സിംഗപ്പൂരിലും വിയറ്റ്നാമിലെ ഹാനോയിലും ഉത്തര-ദക്ഷിണ  കൊറിയകള്‍ക്ക് ഇടയിലുള്ള നിസ്സൈനീകൃത മേഖലയിലും നടന്ന ഈ ഉച്ചകോടികള്‍ക്കു ശേഷവും പക്ഷേ പശ്നം അതേപടി അവശേഷിക്കുന്നു. 

ഉത്തര കൊറിയന്‍ നേതാക്കളുമായി ഈ വിധത്തില്‍ ഇടപെടാന്‍ മുന്‍പൊരു യുഎസ് പ്രസിഡന്‍റും തയാറായിരുന്നില്ല. അതിനാല്‍, കിമ്മിന് എന്തു സംഭവിക്കുന്നുവെന്ന ചോദ്യം ട്രംപിനെയും അലട്ടാനിടയുണ്ട്.

   

കിമ്മിനു ശേഷം ആര് എന്ന ചോദ്യവും ഉയരാന്‍ തുടങ്ങിയിരിക്കുകയാണ്. ഉത്തര കൊറിയയില്‍ നിലനില്‍ക്കു ന്നതു സ്റ്റാലിനിസറ്റ് മാതൃകയിലുള്ള കമ്യൂണിസ്റ്റ് സമഗ്രാധിപത്യമാണെങ്കിലും ഭരണരംഗത്തു തുടരുന്നതു കുടുംബാധിപത്യാണ്. മൂന്നു തലമുറകളായി അധികാരം പിതാവില്‍നിന്നു പുത്രനിലേക്കു കൈമാറ്റം ചെയ്യപ്പെട്ടുവരുന്നു. 

പക്ഷേ, ആ ശൃംഖല ഇത്തവണ അതേപടി തുടരാനാവില്ല. കാരണം, ഭരണഭാരം ഏറ്റെടുക്കാന്‍  പ്രായമുളള  മക്കള്‍ കിം ജോങ് ഉന്നിനില്ല. മൂന്നുമക്കളില്‍ മൂത്തവനു തന്നെ പ്രായം പത്തിനു  താഴെയാണ്. 

കിമ്മിന് ഒരു ജ്യേഷഠന്‍ ഉണ്ടെങ്കിലും അദ്ദേഹം (കിം ജോങ് ചോള്‍) രാജ്യകാര്യങ്ങളില്‍ തല്‍പരനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗിറ്റാര്‍ സംഗീതജ്ഞനാണത്രേ. 

Kim Jong- Nam
കിം ജോങ് നാം

മറ്റൊരു ജ്യേഷ്ഠന്‍  (പിതാവിന്‍റെ മറ്റൊരു ഭാര്യയിലുള്ള പുത്രനായ  കിം ജോങ് നാം) അനുജന്‍റെ അപ്രീതി സമ്പാദിച്ചതിനെ തുടര്‍ന്നു കുടുംബസമേതം വിദേശത്തു കഴിയുകയായിരുന്നു. 2017ല്‍ മലേഷ്യയിലെക്വാലലംപൂര്‍ വിമാനത്താവളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കിമ്മിന്‍റെ കിങ്കരന്മാര്‍ അദ്ദേഹത്തെ വധിച്ചതാണെന്നായിരുന്നു അഭ്യൂഹം. 

Kim Jong Un, Kim Yo Jong
കിം ജോങ് ഉൻ, കിം യോ ജോങ്

ഈ പശ്ചാത്തലത്തില്‍ ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും പതിഞ്ഞിരിക്കുന്നത് ഒരു വനിതയിലാണ്. കിം ജോങ് ഉന്നിന്‍റെ ഇളയ സഹോദരിയായ കിം യോ ജോങ് ലോകത്തിന് അപരിചിതയുമല്ല. ട്രംപുമായുള്ള കിമ്മിന്‍റെ ഉച്ചകോടികളില്‍ സഹോദരനെ സഹായിക്കാന്‍ അവരും ഉണ്ടായിരുന്നു. ഭരണകക്ഷിയുടെ നിരയിലും അവര്‍ക്കു സ്ഥാനമുണ്ട്. ബുദ്ധികൂര്‍മ്മതയിലും മനക്കട്ടിയിലും അനിയത്തി ചേട്ടന്‍റെ ഒട്ടും പിന്നിലല്ലെന്നും കരുതപ്പെടുന്നു.

English Summary : What Happend To North Korea's Kim Jong Un 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA