നല്ല ബൈഡന്‍, ചീത്ത ബൈഡന്‍

HIGHLIGHTS
  • ആരോപണവുമായി അര ഡസന്‍ സ്ത്രീകള്‍
  • അന്വേഷണം വേണമെന്ന് ബൈഡന്‍
US-JOE-BIDEN-CAM
ജോ ബൈഡന്‍
SHARE

രണ്ടേകാല്‍ നൂറ്റാണ്ടുകള്‍ മടിച്ചുനിന്ന ശേഷമാണ് അമേരിക്കക്കാര്‍ ഒരു കറുത്ത വര്‍ഗക്കാരനെ ആദ്യമായി പ്രസിഡന്‍റാക്കിയത്. അതിനുശേഷവും ആ പദവി ഒരു സ്ത്രീക്ക് അവര്‍ നല്‍കിയിട്ടില്ല. ആദ്യമായി ഒരു സ്ത്രീ (ഹിലരി ക്ളിന്‍റന്‍) ഒരു പ്രധാന കക്ഷിയുടെ സ്ഥാനാര്‍ഥിയായതുതന്നെ കഴിഞ്ഞ തവണയായിരുന്നു. പ്രസിഡന്‍റാകാന്‍ ഭാഗ്യം അവരെ തുണച്ചുമില്ല. 

ഇത്തവണ തിരഞ്ഞെടുപ്പ് കഷ്ടിച്ച് ആറുമാസം മാത്രം അകലെയെത്തി നില്‍ക്കുമ്പോഴും സ്ത്രീകളാരും മല്‍സര രംഗത്തില്ല. പക്ഷേ, ഒരു വ്യത്യാസമുണ്ട്. അവര്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നു. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാന്‍ പോകുന്ന ജോ ബൈഡന്‍ തന്‍റെ റണ്ണിങ് മേറേറ്റാകാന്‍ നോക്കുന്നതു സ്ത്രീകളില്‍ നിന്നൊരാളെയാണ്.

ഒരു സ്ത്രീപക്ഷക്കാരനായി അറിയപ്പെടുന്ന ആളാണ് ബൈഡന്‍. പ്രസിഡന്‍റ് ബറാക് ഒബാമയുടെ കീഴില്‍ എട്ടുവര്‍ഷം വൈസ് പ്രസിഡന്‍റായിരുന്ന അദ്ദേഹം അതിനുമുന്‍പ് 36 വര്‍ഷം സെനറ്റ് അംഗമായിരുന്നു. സ്ത്രീകളുടെ ക്ഷേമത്തിനുവേണ്ടിയുള്ള പല നിയമ നിര്‍മാണങ്ങളിലും നിര്‍ണായക പങ്കു വഹിച്ചു.

അതിനാല്‍, ഒരു വനിത റണ്ണിങ് മേറ്റാകുന്നതോടെ  സ്ത്രീകള്‍ക്കിടയില്‍ ബൈഡന്‍റെ യശസ്സ് ഉയരുമെന്ന കാര്യവും ഉറപ്പായിരുന്നു. പക്ഷേ, അതിനിടയില്‍തന്നെ ബൈഡന്‍റെ സ്ത്രീപക്ഷ പ്രതിഛായയെ തകിടം മറിക്കുന്ന വിധത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നിരിക്കുകയാണ്.  

എഴുപത്തേഴുകാരനായ ബൈഡന്‍ യഥാര്‍ഥത്തില്‍ ഒരു വിടനാണെന്നാണ് ആരോപണങ്ങളുടെ ചുരുക്കം.  അദ്ദേഹം തങ്ങളെ ലൈംഗികമായി ശല്യപ്പെടുത്തുകയോ ലൈംഗികാസക്തി പ്രകടിപ്പിക്കുന്ന വിധത്തില്‍ പെരുമാറുകയോ ചെയ്തിരുന്നുവെന്ന കുറ്റപ്പെടുത്തലുമായി അര ഡസനോളം സ്ത്രീകളാണ് മുന്നോട്ടുവന്നിരിക്കുന്നത്. ബൈഡന്‍ അവ നിഷേധിക്കുന്നു. അതേസമയം, അവ അദ്ദേഹം നിസ്സാരമാക്കി തള്ളുന്നുമില്ല. അന്വേഷണം നടത്തണമെന്നും സത്യാവസ്ഥ കണ്ടെത്തണമെന്നുംഅദ്ദേഹം ആവശ്യപ്പെടുന്നു. ഉപപ്രസിഡന്‍റ് സ്ഥാനാര്‍ഥികള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നത് അമേരിക്കയില്‍ ഇതാദ്യമല്ല. ബില്‍ ക്ളിന്‍റന്‍ 1992ല്‍ ആദ്യമായി മല്‍സരിച്ച വേളയില്‍ അദ്ദേഹവുമായി അവിഹിത രഹസ്യ ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുന്നോട്ടുവന്നതും ഏതാണ്ട്  അര ഡസന്‍ സ്ത്രീകളാണ്. 

USA-ELECTION/BIDEN-HARRIS
ജോ ബൈഡന്‍, കമലാ ഹാരിസ്

വോട്ടര്‍മാര്‍ അതവഗണിച്ചു. പക്ഷേ, ഒടുവില്‍ ക്ളിന്‍റന്‍ കുറ്റവിചാരണയിലേക്കു വലിച്ചിഴക്കപ്പെട്ടതിനു കാരണവും സ്ത്രീ വിഷയമായിരുന്നു. വൈറ്റ്ഹൗസില്‍നിന്നു പുറത്താക്കപ്പെട്ടില്ലെന്നുമാത്രം. മൂന്നര വര്‍ഷം മുന്‍പ് ഡോണള്‍ഡ് ട്രംപിനെതിരെയാണ് ഏറ്റവുമധികം സ്ത്രീകള്‍ (20) ആരോപണം ഉന്നയിച്ചത്. അവരില്‍ ചിലരെ അദ്ദേഹത്തിന്‍റെ ശിങ്കിടികള്‍ പണം നല്‍കി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ടായിരുന്നു. നിസ്സാരമട്ടിലാണ് ട്രംപ് അവയെല്ലാം നിഷേധിച്ചത്. അതില്‍നിന്നു വ്യത്യസ്തമാണ് ബൈഡന്‍റെ പ്രതികരണം.

അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നതു പ്രധാനമായും താര റീഡ് എന്ന അന്‍പത്താറുകാരിയാണ്. 27 വര്‍ഷംമുന്‍പ് ബൈഡന്‍ ഡെലാവര്‍ സംസ്ഥാനത്തു നിന്നുള്ള സെനറ്റര്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ഓഫീസിലെ ജീവനക്കാരിയായിരുന്നു ഇവര്‍. 1993 ല്‍ സെനറ്റ് ഹാളിന്‍റെ ബേസ്മെന്‍റിലൂടെ ഇരുവരും നടന്നുപോകുമ്പോള്‍ ബൈഡന്‍ പെട്ടെന്നുനിന്നു തനിക്ക് അനിഷ്ടകരമായ വിധത്തില്‍  തന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ലൈംഗികാസക്തമായ രീതിയില്‍ പെരുമാറുകയും ചെയ്തുവെന്നാണ് ആരോപണം. ഇതിനെപ്പറ്റി അക്കാലത്തുതന്നെ താന്‍ ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയിരുന്നുവെന്നും തുടര്‍ന്നു തനിക്കു ജോലി നഷ്ടപ്പെടുകയാണുണ്ടായതെന്നും താര വിശദീകരിക്കുന്നു. 

ബൈഡന്‍റെ പെരുമാറ്റത്തെപ്പറ്റി മറ്റു ചില സ്ത്രീകള്‍ ഉന്നയിക്കുന്ന ആരോപണങ്ങളും  ഏതാണ്ട് സമാനമാണ്. സംഭവങ്ങള്‍ നടന്നത് അടുത്ത കാലത്താണെന്നും അവര്‍ പറയുന്നു. ഇവരില്‍ ചിലര്‍ ബൈഡന്‍റെ ഡമോക്രാറ്റിക് പാര്‍ട്ടിയിലുള്ളവരുമാണ്. ഈ ആരോപണങ്ങളുടെ പേരില്‍ ബൈഡനെ കടന്നാക്രമിക്കാന്‍ ട്രംപും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയും കാത്തുനില്‍ക്കില്ലെന്നാണ് പലരും കരുതിയിരുന്നത്. പക്ഷേ, ഇതിനേക്കാള്‍ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ ട്രംപിനെതിരെതന്നെ ഉന്നയിക്കപ്പെട്ടിരുന്നതിന്‍റെ ഓര്‍മയിലാവാം അവര്‍ അതിനിയും തുടങ്ങിയിട്ടില്ല. 

മറ്റൊരു വിധത്തിലാണ് അവരുടെ ആക്രമണം. ഇത്തരം കാര്യങ്ങളില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കുളളത് ഇരട്ടത്താപ്പാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. ലൈംഗികാരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ട്രംപിനെ അതിരൂക്ഷമായി വിമര്‍ശിച്ച ഡമോക്രാറ്റുകള്‍ എന്തുകൊണ്ട് അതേ വിധത്തില്‍ ബൈഡനെയും വിമര്‍ശിക്കുന്നില്ലെന്നതില്‍ അവര്‍ അല്‍ഭുതം പ്രകടിപ്പിക്കുന്നു.

FILES-US-POLITICS-DEMOCRATS-HARRIS
കമലാ ഹാരിസ്

ഒന്നര വര്‍ഷംമുന്‍പ് നടന്ന മറ്റൊരു വിവാദത്തില്‍ ഡമോക്രാറ്റുകള്‍ സ്വീകരിച്ച നിലപാടിലേക്കും അവര്‍ വിരല്‍ചൂണ്ടുന്നുണ്ട്. 2018ല്‍ സുപ്രീം കോടതിയിലെ ജഡ്ജിയായി ബ്രെറ്റ് കെവനോയെ ട്രംപ് നിയമിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെയും ലൈംഗികാരോപണം ഉയരുകയുണ്ടായി. അതിനെ ഡമോക്രാറ്റുകള്‍ പിന്തുണയ്ക്കുകയും നിയമനം അംഗീകരിക്കരുതെന്ന് സെനറ്റിനോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റ് ഒടുവില്‍ ആ നിയമനം അംഗീകരിച്ചു. കെവനോ റിപ്പബ്ളിക്കന്‍ പാര്‍ട്ടി അനുഭാവിയായിരുന്നു. ഡമോക്രാറ്റുകള്‍ ഇരട്ടത്താപ്പ് കാട്ടുന്നതിന് ഉദാഹരണമായിയായിട്ടാണ് ആ സംഭവവും റിപ്പബ്ളിക്കന്മാര്‍ എടുത്തുകാട്ടുന്നത്. ഏതായാലും, ഡമോക്രാറ്റിക് പാര്‍ട്ടി ബൈഡന്‍റെ പിന്നില്‍ ഉറച്ചുനില്‍ക്കുന്നു. അതേസമയം, ആരോപണങ്ങള്‍ തങ്ങള്‍ ഗൗരവത്തോടെതന്നെ കാണുന്നുവെന്നും അന്വേഷണം ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കുന്നുമുണ്ട്.    

പതിനൊന്നു വര്‍ഷംമുന്‍പ്, ഒബാമ തന്‍റെ റണ്ണിങ് മേറ്റായി ബൈഡനെ തിരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ മുന്‍കാല ചരിത്രം വിശദമായി അന്വേഷിച്ചിരുന്നുവത്രേ. ദോഷകരമായി ഒന്നും കണ്ടിരുന്നില്ല. താര റീഡോ മറ്റാരെങ്കിലുമോ ബൈഡനെതിരായ ആരോപണവുമായി അന്നു മുന്നോട്ടു വന്നിരുന്നില്ലെന്നും ഡമോക്രാറ്റുകള്‍ അനുസ്മരിക്കുന്നു. ഒബാമയും ബൈഡനും തമ്മില്‍ അതുവരെ വളരെ വലിയ അടുപ്പമൊന്നും  ഉണ്ടായിരുന്നില്ല. ബൈഡന്‍റെ ചരിത്രം കുറ്റമറ്റതാണെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണത്രെ ഒബാമ അദ്ദേഹത്തെ റണ്ണിങ് മേറ്റാക്കിയത്. 

US-145451147
സൂസന്‍ റൈസ്

ഒരു വനിതയെ തന്‍റെ റണ്ണിങ് മേറ്റ് പദവിയിലേക്കു കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ബൈഡന്‍ അതിനുവേണ്ടി ആരെ തിരഞ്ഞെടുക്കും എന്നറിയാനാണ് ഇപ്പോള്‍ എല്ലാവരും കാത്തിരിക്കുന്നത്. ഒരു ഡസനോളം പ്രമുഖ വനിതകള്‍ അദ്ദേഹത്തിന്‍റെ പരിഗണനയിലുണ്ട്. ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് മുതല്‍ കറുത്ത വര്‍ഗക്കാരിയായ സൂസന്‍ റൈസ് വരെ അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. കലിഫോര്‍ണിയയില്‍ നിന്നുളള സെനറ്ററാണ് കമല. പ്രസിഡന്‍റ് സ്ഥാനത്തേക്കു മല്‍സരിക്കാന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നു ആദ്യംതന്നെ രംഗത്തിറങ്ങിയവരിലും അവരുണ്ടായിരുന്നു. പിന്നീട് പിന്‍വാങ്ങി. ഒബാമയുടെ ഭരണത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് അംബാസഡറുമായിരുന്നു സൂസന്‍ റൈസ്.   

ഈ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം kobeidulla1234@gmail.com  എന്ന ഐഡിയിൽ പങ്കുവയ്ക്കാം.

English Summary : Videsharangom Column - Joe Biden sexual assault allegation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA