ഒബാമയെ അടിക്കാന്‍ ഒരു വടി

HIGHLIGHTS
  • വാട്ടര്‍ഗേറ്റിനെ ഓര്‍മിപ്പിക്കുന്ന ഒബാമഗേറ്റ്
  • ട്രംപും മുന്‍ഗാമിയും നേര്‍ക്കുനേര്‍
Donald Trump, Barack Obama
ഡൊണാൾഡ് ട്രംപ്, ബറാക് ഒബാമ
SHARE

അമേരിക്കയില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അടുത്തു വന്നുകൊണ്ടിരിക്കേ കോവിഡ് മഹാമാരിയില്‍ മനുഷ്യര്‍ കൂട്ടത്തോടെ മരിച്ചുവീണു കൊണ്ടിരിക്കുന്നു. അതിനിടയില്‍തന്നെയാണ് യുഎസ് രാഷ്ട്രീയ  നിഘണ്ടുവില്‍ ഒരു പുതിയ വാക്ക് കയറിവന്നിരിക്കുന്നതും. ഒബാമഗേറ്റ്. 

എട്ടു വര്‍ഷം പ്രസിഡന്‍റായിരുന്ന ബറാക് ഒബാമയുടെ പേരു ചേര്‍ത്തുളള ഈ വാക്കുമായി മുന്നോട്ടു വന്നിരിക്കുന്നത് അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ ഡോണള്‍ഡ് ട്രംപാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റകൃത്യത്തിന്‍റെ പേരായി അതിനെ അവതരിപ്പിക്കുന്ന അദ്ദേഹം ആ കുറ്റത്തില്‍  ഒബാമയ്ക്കു മുഖ്യ പങ്കുണ്ടെന്നു തറപ്പിച്ചു പറയുന്നു.  

കാര്യമായ എുന്തെങ്കിലും ആരോപണമോ അപവാദമോ പൊട്ടിപ്പുറപ്പെടുമ്പോള്‍ അതിനെ ‘ഗേറ്റ്’ എന്ന വാക്ക് ചേര്‍ത്തു വിളിക്കുന്നത് 1972ലെ വാട്ടര്‍ഗേറ്റ് സംഭവം മുതല്‍ക്കുളള പതിവാണ്. റിച്ചഡ് നിക്സന്‍ രണ്ടാം  തവണയും പ്രസിഡന്‍റായി വന്‍ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെ ട്ടത് ആ വര്‍ഷത്തിലായിരുന്നു.

പക്ഷേ, വിജയം ഉറപ്പാക്കാനായി നിക്സന്‍ അവിഹിത മാര്‍ഗം തേടി. വാഷിങ്ടണിലെ വാട്ടര്‍ഗേറ്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എതിര്‍ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നു രഹസ്യങ്ങള്‍ ചോര്‍ത്താന്‍ കിങ്കരന്മാരെ വിട്ടു.  

കുറ്റം കണ്ടുപിടിക്കപ്പെട്ടപ്പോള്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ച നിക്സന്‍ അതിനുവേണ്ടി ആവര്‍ത്തിച്ചു കളവു പറഞ്ഞു. അതിന്‍റെയെല്ലാം പേരില്‍ കുറ്റവിചാരണയെ നേരിടേണ്ടി വരുമെന്ന സ്ഥിതിയായപ്പോള്‍ 1974ല്‍ അദ്ദേഹം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി. അതാണ് വാട്ടര്‍ഗേറ്റ്  സംഭവത്തിന്‍റെ കഥ. 

Richard Nixon, Donald Trump
റിച്ചാർഡ് നിക്സൺ, ഡൊണാൾഡ് ട്രംപ്

യുഎസ് ചരിത്രത്തില്‍ അത്രയും വലിയ രാഷ്ട്രീയ അപവാദം അതിനുമുന്‍പോ ശേഷമോ ഉണ്ടായിട്ടില്ല.  സമാനമായ അപവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഗേറ്റ് എന്ന പേരു ചേര്‍ത്തു വിളിക്കുന്നത് അമേരിക്കയില്‍ മാത്രമല്ല, ലോകത്തു പൊതുവില്‍തന്നെ സാധാരണമായിത്തീര്‍ന്നു.  

എങ്കിലും, കഴിഞ്ഞ നാലരപ്പതിറ്റാണ്ടിനിടയില്‍ അമേരിക്കയില്‍ ഒരു പ്രമുഖ വ്യക്തിയുടെ, അതുമൊരു മുന്‍ പ്രസിഡന്‍റിന്‍റെ പേര,് ഇങ്ങനെ വലിച്ചിഴയ്ക്കപ്പെട്ടിരുന്നില്ല. ഒബാമഗേറ്റ് ആ നിലയില്‍ ഒരു പുതുമയാണ്. അതുമായി താരതമ്യംചെയ്യുമ്പോള്‍ വാട്ടര്‍ഗേറ്റ് നിസ്സാരമാണെന്നും ട്രംപ് തുറന്നടിക്കുന്നു. ഇതിന്‍റെ പേരില്‍ ഒബാമയെ സെനറ്റിന്‍റെ മുന്‍പാകെ വിളിച്ചുവരുത്തി വിസ്തരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നുമുണ്ട്. ട്രംപിന്‍റെ കക്ഷിയായ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ് സെനറ്റ്. 

ഇതിനുമാത്രം ഒബാമ ചെയ്ത കുറ്റം എന്താണ് ? ഒബാമഗേറ്റ് എന്ന വാക്ക് ഉപയോഗിക്കാന്‍ തുടങ്ങിയതിനു ശേഷമുള്ള ദിവസങ്ങളില്‍ ട്വിറ്ററിലൂടെയും വാര്‍ത്താ സമ്മേളനത്തിലെ മറുപടികളിലൂടെയും ട്രംപ് പല തവണ  അതിനെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. എന്നാല്‍, ഒബാമ ചെയ്ത കുറ്റം എന്താണെന്ന് ഒരിക്കല്‍പോലും അദ്ദേഹം തെളിച്ചു പറഞ്ഞിട്ടില്ല.  

മേയ് 10നു വൈറ്റ്ഹൗസിലെ വാര്‍ത്താ സമ്മേളനത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിനു ട്രംപ്  നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു : 

‘‘ഇതു (ഒബാമഗേറ്റ്)  കുറേക്കാലമായി നടന്നുവരുന്നതാണ്. ഞാന്‍ തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് തന്നെ തുടങ്ങിയതാണ്. ലജ്ജാവഹമായ സംഭവമാണുണ്ടായത്.  നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ പരിശോധിച്ചു നോക്കിയാല്‍, ഇപ്പോള്‍ പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്ന വിവരങ്ങള്‍ ഒന്നു പരിശോധിച്ചു നോക്കിയാല്‍, ഞാന്‍ മനസ്സിലാക്കുന്നതനുസരിച്ച്, ഇതൊരു തുടക്കം മാത്രമാണ്. ഭയങ്കരമായ സംഭവങ്ങളാണുണ്ടായത്. 

Barack Obama
ബറാക് ഒബാമ

ഇത്തരം സംഭവങ്ങള്‍ നമ്മുടെ രാജ്യത്ത് ഇനിയും അനുവദിക്കാന്‍ പാടില്ല. അടുത്ത ആഴ്ച, അടുത്ത ചില ആഴ്ചകളില്‍ എന്തെല്ലാമാണ് സംഭവിക്കാന്‍ പോകുന്നതെന്നു നിങ്ങള്‍ക്കു കാണാം. അതിനെക്കുറിച്ച് നിങ്ങള്‍ സത്യസന്ധമായി എഴുതുമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ നിങ്ങള്‍ അങ്ങനെ ചെയ്യില്ല....സംഭവിച്ച കുറ്റകൃത്യം എന്താണെന്നു നിങ്ങള്‍ക്കറിയാവുന്നതാണ്. എല്ലാവര്‍ക്കും വ്യക്തമായി അറിയാം. അതിനുവേണ്ടി പത്രങ്ങള്‍ വായിച്ചാല്‍മാത്രം മതി-അതായത്  നിങ്ങളുടേത് ഒഴികെയുള്ള പത്രങ്ങള്‍’’.

ഇതിനുശേഷവും, ട്രംപിന്‍റെ പ്രസ്താവനകളില്‍ ഒബാമഗേറ്റ് പലതവണ പരാമര്‍ശിക്കപ്പെട്ടുവെങ്കിലും പ്രശ്നം എന്താണെന്ന വിശദീകരണമുണ്ടായില്ല. 2016 നവംബറിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ് അതെന്നു സൂചിപ്പിക്കപ്പെടുന്നു. തന്നെ അട്ടിമറിക്കാന്‍ തിരഞ്ഞെടുപ്പിനു മുന്‍പ്തന്നെ ഒബാമ ഗൂഡാലോചന നടത്തിയതായി ട്രംപ്  നേരത്തെതന്നെ കുറ്റപ്പെടുത്തുകയുണ്ടായി. തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി റഷ്യ ഇടപെട്ടുവെന്ന സംശയം ഉയര്‍ന്നതും അതിനെക്കുറിച്ച് അന്വേഷണം നടന്നതുമെല്ലാം ആ ഗൂഡാലോചനയുടെ ഫലമായിട്ടാണെന്നാണ് ആരോപണം. 

ന്യൂയോര്‍ക്കില്‍ ട്രംപ് ടവര്‍ എന്ന സ്വന്തം പടുകൂറ്റന്‍ കെട്ടിടത്തി ലാണ് ട്രംപിന്‍റെ ഇലക്ഷന്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. അവിടെ നിന്നുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ഒബാമ ചോര്‍ത്തിയതായും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.      

പ്രസിഡന്‍റുമാര്‍ തങ്ങളുടെ മുന്‍ഗാമികളെയോ മുന്‍പ്രസിഡന്‍റുമാര്‍ തങ്ങളുടെ പിന്‍ഗാമികളെയോ വിമര്‍ശിക്കുന്നതും കുറ്റം പറയുന്നതും അമേരിക്കയില്‍ പതിവില്ലാത്തതാണ്. അതിപ്പോള്‍ പഴങ്കഥയായി. ഒബാമയെ വിമര്‍ശിക്കുക മാത്രമല്ല, പ്രസിഡന്‍റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ പല നടപടികളെയും ചോദ്യം ചെയ്യുകയും മാറ്റിമറിക്കുകയും ചെയ്തു വരികയായിരുന്നു ട്രംപ്.

അമേരിക്കയിലെ ഒരു വെള്ളക്കാരിയില്‍ ആഫ്രിക്കക്കാരനു (കെന്യ) പിറന്ന മകനാണ് ഒബാമ. അദ്ദേഹം ജനിച്ചത് കെന്യയിലാണെന്നും അതിനാല്‍ യുഎസ് പ്രസിഡന്‍റാകാന്‍ യോഗ്യനല്ലെന്നുമായിരുന്നു  തുടക്കം മുതല്‍ക്കേയുള്ള ട്രംപിന്‍റെ വാദം. ഒബാമ ജനിച്ചത് അമേരിക്കയി ലെ ഹവായിലാണെന്നു  തെളിയിക്കുന്ന രേഖകള്‍ പ്രസിദ്ധീകരിക്കപ്പെട്ടശേഷവും അദ്ദേഹം പിന്തിരിഞ്ഞില്ല. 

രാജ്യാന്തര രംഗത്ത് ഒബാമ മുന്‍കൈയെടുത്ത്  ഉണ്ടാക്കിയ ഇറാന്‍ ആണവ കരാറിനെയും പാരിസ് കാലാവസ്ഥാ ഉടമ്പടിയെയും ട്രംപ് തള്ളിപ്പറഞ്ഞു. ഇറാന്‍ കരാറിനെ മണ്ടന്‍ കരാര്‍ എന്നു  വിശേഷിപ്പിക്കു കയും ചെയ്തു. 

Donald Trump
ഡൊണാൾഡ് ട്രംപ്

ഒബാമ പ്രതികരിച്ചിരുന്നില്ല. എന്നാല്‍, ഈയിടെ രണ്ടു സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നിശ്ശബ്ദത ഭഞ്ജിച്ചു. ട്രംപിന്‍റെ ആദ്യത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന മൈക്കല്‍ ഫ്ളിന്നിനെതിരായ കേസ് പിന്‍വലിക്കാനുള്ള നീക്കത്തെ അദ്ദേഹം വിമര്‍ശിച്ചു. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനോട് അനുബന്ധിച്ചുണ്ടായതായിരുന്നു ആ കേസ്.

കോവിഡ് മഹാമാരിയെ ട്രംപ് കൈകാര്യം ചെയ്ത രീതിക്കെതിരെയും അദ്ദേഹത്തിന്‍റെ പേരു പറയാതെ   ഒബാമ ആഞ്ഞടിച്ചു. ലോകത്ത് ഏറ്റവുമധികം ആളുകള്‍ക്കു രോഗം ബാധിക്കുകയും ഏറ്റവുമധികം ആളുകള്‍ മരിക്കുകയും ചെയ്തത് അമേരിക്കയിലാണ്. അതിനു കാരണം ട്രംപിന്‍റെ നയവൈകല്യമാണെന്ന ആക്ഷേപം നേരത്തെതന്നെയുണ്ട്. ഒബാമ അതേറ്റു പിടിച്ചതു ട്രംപിനു സഹിക്കാന്‍ കഴിയാതെ വന്നതു സ്വാഭാവികം. അദ്ദേഹത്തിന്‍റെ ഒബാമഗേറ്റ് പ്രയോഗത്തിന് അങ്ങനെയൊരു പശ്ചാത്തലവുമുണ്ട്. കോവിഡ് സംബന്ധമായ വിവാദത്തില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനുള്ള അടവും ഇതില്‍ പലരും കാണുന്നു. തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കേ ഇതൊരു പൊള്ളുന്ന ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്നു. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം.

English Summary : What Is Obama Gate And Why Donald Trump Use That Word

            

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA