ഹോങ്കോങ് : മുറുകുന്ന ചൈനീസ് ചങ്ങലകള്‍

HIGHLIGHTS
  • ഉറപ്പുകള്‍ ലംഘിക്കപ്പെടുന്നു
  • ചൈനയ്ക്കെതിരെ രാജ്യാന്തര വിമര്‍ശനം
Hong Kong Protest
ചൈനയില്‍ തയാറായി വരുന്ന പുതിയ നിയമത്തിന്‍റെ ഉദ്ദേശ്യം ഹോങ്കോങ്ങില്‍ അവശേഷിക്കുന്ന സ്വാതന്ത്ര്യ ങ്ങളുടെ അടിത്തറ തോണ്ടുകയാണെന്നു ജനങ്ങള്‍ ഭയപ്പെടുന്നു
SHARE

കോവിഡ് മഹാമാരി മൂലമുള്ള ഏതാനും മാസങ്ങളിലെ ഇടവേളയ്ക്കുശേഷം ഹോങ്കോങ് വീണ്ടും  അസ്വസ്ഥമാവുകയാണ്. ഇത്തവണയും അതിനു കാരണമായിരിക്കുന്നതു ചൈനതന്നെ. 

22 വര്‍ഷംമുന്‍പ് ബ്രിട്ടനില്‍നിന്നു ഹോങ്കോങ് തിരിച്ചുവാങ്ങിയ ചൈന അവിടെ അവശേഷിക്കുന്ന ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും തുടര്‍ച്ചയായി കോടാലി വയ്ക്കുന്നു. അതിനെതിരെ ഹോങ്കോങ്ങുകാര്‍ നടത്തുന്ന പുതിയ ചെറുത്തു നില്‍പ്പിന്‍റ തുടക്കമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച (മേയ് 24) ദൃശ്യമായത്.

മാസ്ക്ക് ധരിച്ച്,  ചൈനാ വിരുദ്ധ മുദ്രാവാക്യങ്ങളും ബാനറുകളുമായി ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. അവരെ പിരിച്ചുവിടുന്നതിനു പെപ്പര്‍ സ്പ്രേയും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കാന്‍ പൊലീസ് അല്‍പ്പംപോലും കാത്തുനിന്നുമില്ല. ചൈനീസ് നിയന്ത്രണത്തിലുള്ള  ഹോങ്കോങ് പൊലീസ് ഇത്തവണ സമരത്തെ പൂര്‍വാധികം ശക്തിയോടെ നേരിടാന്‍  ഉറച്ചിരിക്കുകയാണെന്നും ഇതോടെ വ്യക്തമായി. 

ഒന്നര നൂറ്റാണ്ടുകാലത്തെ ബ്രിട്ടീഷ് ഭരണത്തിനുശേഷം ഹോങ്കോങ്  ചൈനയ്ക്കു തിരിച്ചുകിട്ടിയതു  1997 ലാണ്. നിലവിലുളള ജനാധിപത്യ രീതികള്‍ 50 വര്‍ഷേത്തേക്കു (2047 വരെ) മാറ്റമില്ലാതെ തുടരുമെന്നാണ് ചൈന അന്ന് ഉറപ്പുനല്‍കിയിരുന്നത്. ‘ഒരു രാജ്യം രണ്ടു വ്യവസ്ഥകള്‍’ എന്ന തത്വത്തിന്‍റെ അടിസ്ഥാനത്തിലുള്ള ആ ഉറപ്പ് തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നു. 

Chinese President Xi Jinping
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്

എഴുപതു വര്‍ഷംമുന്‍പ് ചൈനയില്‍നിന്നു വേറിട്ടുപോയ തയ്‌വാന്‍റെ പ്രശ്നവും ഈ പശ്ചാത്തലത്തിലുണ്ട്. തയ്‌വാന്‍ തിരിച്ചുവരികയാണെങ്കില്‍ അവര്‍ക്കും ഹോങ്കോങ്ങിന്‍റെ മാതൃക പിന്തുടരാനാവുമെന്നു പറഞ്ഞു അവരെ ആകര്‍ഷിക്കാനുള്ള തീവ്രശ്രമത്തിലുമായിരുന്നു ചൈന. പക്ഷേ, ഹോങ്കോങ്ങിലെ സ്ഥിതിഗതികള്‍  തയ്‌വാന്‍കാരെയും അസ്വസ്ഥരാക്കുന്നു. 

ചൈനയിലേക്കു തയ്‌വാന്‍ തിരിച്ചുപോകുന്ന പ്രശ്നമില്ലെന്നും സ്വതന്ത്ര രാജ്യമാകുമെന്നും പറയുന്നവരുടെ നേതാവായ വനിതയാണ് വന്‍ ഭൂരിപക്ഷത്തോടെ അവിടെ രണ്ടാം തവണയും പ്രസിഡന്‍റായിരിക്കുന്നത്. അവരുടെ സ്ഥാനാരോഹണമായിരുന്നു ഇക്കഴിഞ്ഞ ബുധനാഴ്ച (മേയ് 20). 

ഹോങ്കോങ് വീണ്ടും അസ്വസ്ഥമാകാന്‍ തുടങ്ങിയതും ഏതാണ്ട് ഈ സമയത്താണ്. ബെയ്ജിങ്ങില്‍ സമ്മേളിച്ചുവരുന്ന ചൈനീസ് പാര്‍ലമെന്‍റ് ഹോങ്കോങ്ങിലേക്കുവേണ്ടി ഒരു പുതിയ നിയമത്തിന്‍റെ പണി തുടങ്ങിയതാണ് അതിനു കാരണം. ജൂണ്‍ അവസാനത്തോടെ നിയമം നടപ്പാക്കാനാണത്രേ പ്ളാന്‍.  

പക്ഷേ, ഹോങ്കോങ് ബ്രിട്ടനില്‍നിന്നു തിരിച്ചുവാങ്ങുമ്പോള്‍ ചൈന നല്‍കിയ ഉറപ്പുകള്‍ അനുസരിച്ച് ഹോങ്കോങ്ങിലെ നിയമങ്ങള്‍ നിര്‍മിക്കേണ്ടത് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ എന്നറിയപ്പെടുന്ന അവിടത്തെ നിയമസഭയാണ്. അതിന്‍റെ തിരസ്ക്കാരമാണ് ചൈനീസ് പാര്‍ലമെന്‍റിന്‍റെ നീക്കം. ഹോങ്കോങ്ങിന് സ്വയംഭരണം നല്‍കുന്ന ‘ഒരു രാജ്യം രണ്ടു വ്യവസ്ഥകള്‍’ എന്ന തത്വം വീണ്ടും ലംഘിക്കപ്പെടുന്നു. 

അതു മാത്രമല്ല പ്രശ്നം. രാജ്യദ്രോഹം, വിഘടനവാദം, അട്ടിമറി, ഭീകരപ്രവര്‍ത്തനം എന്നിവ നിരോധിക്കാനും കുറ്റവാളികള്‍ക്കു കനത്ത ശിക്ഷ നല്‍കാനുമുള്ള ഈ നിയമത്തിന്‍റെ ഉദ്ദേശശുദ്ധി സംശയിക്കപ്പെടുന്നു. രാജ്യസുരക്ഷയ്ക്കു വേണ്ടിയുള്ള നിയമ നിര്‍മാണത്തിന് ആരും എതിരല്ല. എന്നാല്‍, ഈ നിയമത്തിന്‍റെയഥാര്‍ഥ ഉദ്ദേശ്യം അതല്ലെന്നും ജനാധിപത്യ രീതിയിലുള്ള എതിര്‍പ്പുകളെ ഉന്മൂലനം ചെയ്യുകയാണെന്നും ജനങ്ങള്‍ ഭയപ്പെടുന്നു. 

Protest

കഴിഞ്ഞ വര്‍ഷം ജൂണ്‍മുതല്‍ ആറുമാസംവരെ നടന്നമാതിരി പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവരെല്ലാം ഈ നിയമപ്രകാരം ദീര്‍ഘകാലത്തേക്കു ജയിലിലാകും. കുറ്റവാളികളെ പിടികൂടാന്‍ ഹോങ്കോങ് പൊലീസിനോടൊപ്പം ചൈനയുടെ സുരക്ഷാ ഏജന്‍സികളും ചിലപ്പോള്‍ രംഗത്തുണ്ടായേക്കാം. 

ചൈനീസ് ദേശീയ ഗാനത്തോട് അനാദരവ് പ്രകടിപ്പിക്കുന്നവര്‍ക്കു മൂന്നു വര്‍ഷംവരെ തടവും 6450 ഡോളര്‍ പിഴയും നിര്‍ദേശിക്കുന്ന മറ്റൊരു കരടുനിയമവും ജനങ്ങളെ അസ്വസ്ഥരാക്കുന്നു.വിദ്യാലയങ്ങളിലും പൊതു ചടങ്ങുകളിലും ചൈനീസ് ദേശീയ ഗാനം ആലപിക്കുന്നതു നിര്‍ബന്ധമാക്കുകയും ചെയ്യുന്ന ഈ നിയമം ചര്‍ച്ച ചെയ്യപ്പെട്ടുവരുന്നത് ഹോങ്കോങ്ങിലെതന്നെ നിയമസഭയിലാണ്. 

കഴിഞ്ഞ വര്‍ഷത്തെ പ്രക്ഷോഭത്തിനിടയില്‍ പൊതുവേദികളില്‍ ചൈനീസ് ദേശീയഗാനം ആലപിക്കപ്പെട്ട പല സന്ദര്‍ഭങ്ങളിലും ജനങ്ങള്‍ കൂക്കിവിളിച്ചിരുന്നു. അതാണ് ഈ നിയമത്തിന്‍റെ പശ്ചാത്തലം. കഴിഞ്ഞ വര്‍ഷത്തെ പ്രക്ഷോഭത്തിന്‍റെ തുടക്കവും ഒരു വിവാദ നിയമത്തിന്‍റെ പേരിലായിരുന്നു. ഹോങ്കോങ്ങിലെ കേസുകളില്‍ പ്രതികളാകുന്നവരെ വിചാരണയ്ക്കായി ചൈനയിലേക്ക് അയക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു നിയമം. 

സമരം മൂര്‍ഛിച്ചതോടെ നിയമം പിന്‍വലിക്കപ്പെട്ടുവെങ്കിലും സമരക്കാര്‍ പിന്തിരിഞ്ഞില്ല. മറ്റു ചില ആവശ്യങ്ങള്‍ കൂടി അവര്‍ ഉന്നയിക്കാന്‍ തുടങ്ങി. നിയമം കൊണ്ടുവന്ന മുഖ്യ ഭരണാധികാരി  (ചീഫ്  എക്സിക്യൂട്ടീവ്) കാരി ലാം രാജിവയ്ക്കണമെന്നതായിരുന്നു അവയിലൊന്ന്. പക്ഷേ ബെയ്ജിങ്ങിലെ ഭരണകൂടത്തിന്‍റെ വിശ്വസ്തയായ ആ വനിത ഇപ്പോഴും അധികാരത്തില്‍ തുടരുന്നു. 

അതിനെല്ലാം എതിരെയുള്ള കനത്ത തിരിച്ചടിയായിരുന്നു കഴിഞ്ഞ വര്‍ഷം നവംബറില്‍ ജില്ലാ കൗണ്‍സിലുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്‍റെ ഫലം. 18 ജില്ലാ കൗണ്‍സിലുകളില്‍ 17 എണ്ണവും അവയിലെ തിരഞ്ഞെടുപ്പ് നടന്ന  മൊത്തം 452 സീറ്റുകളില്‍ 392 എണ്ണവും ജനാധിപത്യാനുകൂലികള്‍ തൂത്തുവാരി.

Donald Trump
ഡൊണാൾഡ് ട്രംപ്

ചൈനയെ അനുകൂലിക്കുന്ന എസ്റ്റ്ബ്ളിഷ്മെന്‍റ് കക്ഷികള്‍ക്കു കിട്ടിയത് ഒരേയൊരു ജില്ലാ കൗണ്‍സിലും മൊത്തം 60 സീറ്റുകളും. മുക്കാല്‍ കോടിയോളം വരുന്ന ജനങ്ങളിലെ ‘നിശ്ശബ്ദ ഭൂരിപക്ഷം’ സമരങ്ങള്‍ക്ക് എതിരാണെന്നും അവര്‍ ചൈനാ പക്ഷത്താണെന്നുമുള്ള പ്രചാരണം അങ്ങനെ തകര്‍ന്നു. 

ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഹോങ്കോങ്ങു   കാര്‍ക്കുള്ള രാജ്യാന്തര പിന്തുണ വര്‍ധിക്കുക യാണെന്നും വ്യക്തമായിവരുന്നു. ചൈന നടപ്പാക്കാന്‍ പോകുന്ന പുതിയ നിയമം ജനങ്ങളുടെ അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും മേലുള്ള കടന്നാക്രമാണെന്നാണ് 23 രാജ്യങ്ങളില്‍നിന്നുള്ള 186 പ്രമുഖ വ്യക്തികള്‍ ഒരു സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയത്. 

ഹോങ്കോങ്ങിലെ അവസാനത്തെ ബ്രിട്ടീഷ് ഗവര്‍ണറായിരുന്ന ക്രിസ് പാറ്റണും അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളിലെ ഒട്ടേറെ പാര്‍ലമെന്‍റ് അംഗങ്ങളും  ഇവരില്‍ ഉള്‍പ്പെടുന്നു. ഹോങ്കോങ്ങിലെ സ്വയംഭരണത്തിന്‍റെ മരണമണിയെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപയോയും കുറ്റപ്പെടുത്തി. 

സ്വയംഭരണത്തിന്‍റെ അടിസ്ഥാനത്തില്‍ ഹോങ്കോങ്ങിന് അമേരിക്ക വ്യാപാര കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കിവരികയായിരുന്നു. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അതു പിന്‍വലിച്ചേക്കാമെന്നു സൂചനകളുണ്ട്. 

കൊറോണ വൈറസ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നേരത്തെതന്നെ ചൈനയുമായി ഇടഞ്ഞു നില്‍ക്കുകയാണ് ട്രംപ്. ഹോങ്കോങ്ങിന്‍റെ പേരില്‍ അദ്ദേഹം പുതിയ നടപടികള്‍ പ്രഖ്യാപിക്കുന്ന പക്ഷം  യുഎസ്-ചൈന ബന്ധം കൂടുതല്‍ ഉലയാനുള്ള സാധ്യതയുമുണ്ട്.

ഹോങ്കോങ് പ്രശ്നത്തിന്‍റെ പിന്നില്‍ അമേരിക്കയുടെയും ബ്രിട്ടന്‍റെയും കൈകളുണ്ടെന്നാണ് ചൈന  കുറ്റപ്പെടുത്തുന്നത്. അവരുടെ ലക്ഷ്യം ചൈനയെ ക്ഷീണിപ്പിക്കുകയാണെന്നും ആരോപിക്കപ്പെടുന്നു. 

ആരെല്ലാം എങ്ങനെ എതിര്‍ത്താലും ഹോങ്കോങ്ങിലെ തങ്ങളുടെ നയത്തില്‍ മാറ്റം വരുത്തേണ്ടെന്നു ചൈന ദൃഢനിശ്ചയം ചെയ്തു കഴിഞ്ഞതായും പല നിരീക്ഷകരും കരുതുന്നു. ആ പശ്ചാത്തലത്തില്‍ ഒന്നുകില്‍ സമരം കൂടുതല്‍ ശക്തിപ്പെട്ടേക്കാം. സമരക്കാരില്‍ പലരും നിരാശരായി പിന്മാറാന്‍ തുടങ്ങുമോ എന്ന സംശയവും ചിലര്‍ക്കെങ്കിലുമുണ്ട്. 

English Summary : Chinese Government Pushes New Law To Bring Hong Kong

ഈ പംക്തിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കു വയ്ക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.