ചൈനയുടെ തയ്‌വാൻ തലവേദന

HIGHLIGHTS
  • ബലം പ്രയോഗിക്കുമെന്നു മുന്നറിയിപ്പ്
  • യുദ്ധക്കപ്പലുകള്‍ ചുറ്റിക്കറങ്ങുന്നു
APTOPIX Taiwan Presidential Election
തയ്‌വാൻ പ്രസിഡന്‍റ് സായ് ഇങ് വെന്‍
SHARE

എഴുപതു വര്‍ഷമായി തയ്‌വാൻ ചൈനയുടെ ഒരു വലിയ തലവേദനയാണെങ്കിലും അടുത്ത കാലത്തൊന്നും അത് ഇന്നത്തെ അത്രയും സങ്കീര്‍ണമായിത്തീര്‍ന്നിരുന്നില്ല. വേറിട്ടുപോയ തയ്‌വാനെ സമാധാനപരമായ വിധത്തില്‍ ചൈനയിലേക്കു തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന ചൈനീസ് നേതാക്കളുടെ സ്വപ്നത്തിനു മങ്ങലേറ്റുകൊണ്ടിരിക്കുന്നു. പ്രധാനമായും രണ്ടു സംഭവവികാസങ്ങളാണ് ഇതിനു കാരണം. തയ്‌വാൻ ചൈനയില്‍ ലയിക്കണമെന്ന ആവശ്യം പൂര്‍ണമായും തള്ളിക്കളയുന്ന പ്രസിഡന്‍റ് സായ് ഇങ് വെന്‍ വന്‍ഭൂരിപക്ഷത്തോടെ രണ്ടാം തവണയും അധികാരത്തില്‍ എത്തിയതാണ് അവയിലൊന്ന്. ജനുവരിയില്‍ തിരഞ്ഞെടുക്കപ്പെട്ട അവരുടെ സ്ഥാനാരോഹണമായിരുന്നു ഇക്കഴിഞ്ഞ മേയ് 20ന്. ചൈനയില്‍ തിരിച്ചെത്തിയശേഷം ഹോങ്കോങ്ങിലെ ജനങ്ങള്‍ അസംതൃപ്തരാവുകയും പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നതാണ് മറ്റൊരു സംഭവവികാസം. (വിശദ വിവരങ്ങള്‍ക്ക് മേയ് 27ലെ  'ഹോങ്കോങ്: മുറുകന്ന ചൈനീസ് ചങ്ങലകള്‍' എന്ന ലേഖനം കാണുക). ഹോങ്കോങ്ങിലെ സ്ഥിതിഗതികള്‍ തയ്‌വാൻകാരെ ചൈനയില്‍ ലയിക്കാന്‍ ഒട്ടും മോഹിപ്പിക്കുന്നില്ല. 

ചൈനയുടെ കണ്ണില്‍ അതിന്‍റെ വേറിട്ടുപോയ ഒരു പ്രവിശ്യമാത്രമാണ് തയ്‌വാൻ. അതിനു സ്വതന്ത്ര രാഷ്ട്ര പദവി നേടിക്കൊടുക്കുകയാണ് പ്രസിഡന്‍റ്  സായുടെയും അവരുടെ ഡമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടിയുടെയും ലക്ഷ്യം. ജനുവരിയില്‍തന്നെ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയതും ആ പാര്‍ട്ടിയാണ്.  അഭൂതപൂര്‍വമായ വിധത്തില്‍ ലോകശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടായിരുന്നു പ്രസിഡന്‍റ് സായിയുടെ സ്ഥാനാരോഹണം. ചൈനാ വിരുദ്ധ നിലപാട് ആവര്‍ത്തിച്ച അവര്‍ ഹോങ്കോങ്ങിലെ പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കോവിഡ് കാരണം വിഡിയോ കോണ്‍ഫ്രന്‍സിലൂടെ നടന്ന  ആ പരിപാടിയില്‍ 41 രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം വിശിഷ്ടാതിഥികള്‍ പങ്കെടുത്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപയോ ആയിരുന്നു ഇവരില്‍ ഒരാള്‍. അമേരിക്കയിലെ ഇത്രയും ഉന്നതനായ ഉദ്യോഗസ്ഥന്‍ തയ്‌വാനിലെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കുന്നത് ഇതാദ്യമാണ്. ചൈന അതില്‍ രോഷം പ്രകടിപ്പിച്ചു. ഇന്ത്യയില്‍നിന്നു മീനാക്ഷി ലേഖി, രാഹുല്‍ കസ്വാന്‍ എന്നീ രണ്ടു ബിജെപി എം.പിമാര്‍ അഭിനന്ദന സന്ദേശം അയച്ചതും ചടങ്ങില്‍ അതു വായിക്കപ്പെട്ടതും ചൈനയ്ക്ക് ഇഷ്ടമായില്ല. 'ഒറ്റ ചൈന' എന്ന തത്വത്തിന്‍റെ ലംഘനമെന്ന പേരില്‍ അതും വിമര്‍ശിക്കപ്പെട്ടു.

ചൈനയുമായുളള തയ്‌വാന്റെ പുനരേകീകരണം ചൈനയിലേക്കുളള ഹോങ്കോങ്ങിന്‍റെ 1997ലെ തിരിച്ചുവരവിന്‍റെ പശ്ചത്തലത്തിലാണ് വിലയിരുത്തപ്പെടുന്നത്.  'ഒരു ചൈന, രണ്ടു വ്യവസ്ഥകള്‍'  എന്ന പേരില്‍ ഹോങ്കോങ്ങിനു പല ഉറപ്പുകളും ചൈന നല്‍കിയിരുന്നു. പക്ഷേ, അവ പാലിക്കപ്പെടുന്നില്ല. അതിനെതിരായ ജനരോഷമാണ് ഇടയ്ക്കിടെ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍, 'ഒരു ചൈന, രണ്ടു വ്യവസ്ഥകള്‍' എന്ന വാഗ്ദാനം ചൈന ആദ്യം മുന്നോട്ടുവച്ചതുതന്നെ തയ്‌വാന്റെ മുന്നിലായിരുന്നു. പക്ഷേ, ചൈനയില്‍ ലയിച്ചാല്‍ തങ്ങള്‍ക്കും ഹോങ്കോങ്ങിന്‍റെ വിധിയുണ്ടാകുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ തയ്‌വാനിലെ രണ്ടരക്കോടിയോളം വരുന്ന ജനങ്ങള്‍. ബഹുകക്ഷി ജനാധിപത്യം, പൗരസ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിവയ്ക്കു പുറമെ, ഉയര്‍ന്ന തോതിലുളള ജീവിത നിലവാരവും അനുഭവിച്ചുവരികയാണവര്‍. ചരിത്രത്തിലെ ഒരു തെറ്റു തിരുത്താനെന്ന പേരില്‍ ചൈനയില്‍ ലയിച്ചുകൊണ്ട് ഈ സൗഭാഗ്യങ്ങളെല്ലാം ത്യജിക്കേണ്ട  ഒരാവശ്യവും അവര്‍ കാണുന്നില്ല. 

മാവോ സെ ദുങ്ങിന്‍റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് വിപ്ളവകാരികള്‍ 1949ല്‍ ബെയ്ജിങ്ങില്‍ ഭരണം പിടിച്ചടക്കിയതോടെ തുടങ്ങിയതാണ് തയ്‌വാൻ പ്രശ്നം. ദീര്‍ഘകാലമായി അധികാരത്തിലുണ്ടായിരുന്ന പ്രസിഡന്‍റ് ച്യാങ് കെയ്ഷെക്ക് ചൈനീസ് വന്‍കരയില്‍ നിന്നു 180 കിലോമീറ്റര്‍ മാത്രം അകലെ കിടക്കുന്ന തയ്‌വാനിലേക്ക് അനുയായികളോടൊപ്പം പലായനം ചെയ്തു. ഒരു ദ്വീപും ഏതാനും കൊച്ചു ദ്വീപുകളും അടങ്ങുന്ന ആ 36,197 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് അദ്ദേഹം സ്വന്തം ഭരണകൂടം സ്ഥാപിക്കുകയും യഥാര്‍ഥ ചൈനീസ് ഗവണ്‍മെന്‍റ് തന്‍റേതാണെന്ന് അവകാശപ്പെടാന്‍ തുടങ്ങുകയും ചെയ്തു. 

അന്നു മുതല്‍ തയ്‌വാൻ പ്രവര്‍ത്തിച്ചുവരുന്നത് ഫലത്തില്‍ ഒരു സ്വതന്ത്ര രാജ്യമായിട്ടാണ്. സ്വയം 'റിപ്പബ്ളിക്ക് ഓഫ് ചൈന'  എന്നു വിളിക്കുന്നു. രണ്ടു പതിറ്റാണ്ടുകാലം അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികളും മറ്റ് ഒട്ടേറെ രാജ്യങ്ങളും ചൈനയായി അംഗീകരിച്ചിരുന്നത് അവരെയാണ്.  ഐക്യരാഷ്ട്ര സംഘടനയില്‍ പഞ്ചമഹാ ശക്തികള്‍ക്കു നീക്കിവച്ചിരുന്ന സ്ഥിരം സീറ്റുകളിലൊന്നും അവര്‍ക്കുളളതായി. പീന്നീട് അമേരിക്ക ഉള്‍പ്പെടെയുളള മിക്ക രാജ്യങ്ങളും നിലപാടു മാറ്റി. ചൈനയുമായി നയതന്ത്ര ബന്ധം 

സ്ഥാപിക്കാനായി പല രാജ്യങ്ങളും തയ്‌വാനുമായുള്ള ബന്ധം ഉപേക്ഷിച്ചു. ചൈനയുടെ പേരിലുള്ള യുഎന്‍ സീറ്റും തയ്‌വാനു നഷ്ടമായി. ചൈനയുടെ സമ്മര്‍ദ്ദം കാരണം ഒളിംപിക്സ് ഉള്‍പ്പെടെയുളള രാജ്യാന്തര വേദികളില്‍ തയ്‌വാൻ ഇപ്പോള്‍ അറിയപ്പെടുന്നതു ചൈനയെന്നല്ല, 'ചൈനീസ് തായ്പെ' എന്നാണ്. തയ്‌വാന്റെ തലസ്ഥാനമായ തായ്പെയില്‍ ഇപ്പോള്‍ എംബസ്സികളുളളത് ഒരു ഡസനിലേറെ കൊച്ചുരാജ്യങ്ങള്‍ക്കുമാത്രം. 

Taiwan-Aboriginal Apology
തയ്‌വാൻ പ്രസിഡന്‍റ് സായ് ഇങ് വെന്‍

ചൈനയുടെ സമ്മര്‍ദ്ദത്തിനും പ്രലോഭനങ്ങള്‍ക്കും വഴങ്ങി തയ്വാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചവയാണ് പല രാജ്യങ്ങളും. അവയില്‍ ശാന്ത സമുദ്രത്തിലെ സോളമന്‍ ഐലന്‍ഡും കിരിബാത്തിയും ഈയിടെ ബന്ധം പുനഃസ്ഥാപിച്ചതും കൗതുകരമായിരുന്നു. ഇതിനിടയിലാണ് കോവിഡ് മഹാമാരിയുടെ കാര്യത്തിലും തയ്‌വാൻ ലോകശ്രദ്ധയാകര്‍ഷിച്ചത്. കോവിഡിനെ നേരിടുന്നതില്‍ അവര്‍ നേടിയ വിജയം മാതൃകാപരമെന്നു വിശേഷിപ്പിക്കപ്പെടുന്നു. പക്ഷേ, ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിലുള്ള ലോകാരോഗ്യ അസംബ്ളി ഈയിടെ ജനീവയില്‍ സമ്മേളിച്ചപ്പോള്‍ അവര്‍ക്കു നിരീക്ഷകരായിപ്പോലും പ്രവേശനം കിട്ടിയില്ല. കാരണം, ചൈനയുടെ എതിര്‍പ്പ്. 

പക്ഷേ, ഇത്തരം സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ചൈനയില്‍ ലയിക്കുന്നതിനോടുള്ള തയ്‌വാൻകാരുടെ വിസമ്മതത്തില്‍ മാറ്റം വരുത്താന്‍ ഒട്ടും ഉപകരിക്കുന്നില്ല. പ്രസിഡന്‍റ് സായിയുടെ നേതൃത്വത്തില്‍ തയ്‌വാൻ ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്നു. അതനുവദിക്കില്ലെന്നും സൈനിക ബലംപ്രയോഗിക്കാന്‍ മടിക്കില്ലെന്നും ചൈന പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  ചൈനയ്ക്കും തയ്‌വാനും ഇടയിലുള്ള കടലിടുക്കില്‍ ചൈനീസ് പോര്‍ വിമാനങ്ങളും യുദ്ധക്കപ്പലുകളും ഇടയ്ക്കിടെ നടത്തിവരുന്ന അഭ്യാസങ്ങള്‍ അതിന് അടിവരയിടുന്നു. 

തയ്‌വാൻ പിടിച്ചടക്കുന്നതിനുളള സൈനിക തന്ത്രങ്ങള്‍ പരീക്ഷിക്കുന്ന ഒരഭ്യാസം ഓഗസ്റ്റില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുമുണ്ടത്രേ. യുഎസ് യുദ്ധക്കപ്പലുകളും  അസാധാരണമായ വിധത്തില്‍ ആ ഭാഗത്തു ചുറ്റിക്കറങ്ങുന്നുണ്ട്.   

ഈ പംക്തിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കു വയ്ക്കാം

English Sumamry: Fears of total war as China repeats threat to invade neighbouring Taiwan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.