രോഷത്തിന്‍റെ തീച്ചൂളയില്‍ യുഎസ്

HIGHLIGHTS
  • 140 നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍
  • ഭീതിയില്‍ വൈറ്റ്ഹൗസും
George Floyd
അമേരിക്കയിലെ പല നഗരങ്ങളിലും കര്‍ഫ്യൂയും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. ഒട്ടേറെ സംസ്ഥാന ങ്ങളില്‍ പൊലീസിനെ സഹായിക്കാന്‍ നാഷനല്‍ ഗാര്‍ഡിനെ വിളിച്ചു. വേണ്ടിവന്നാല്‍ പട്ടാളത്തെ വിന്യസിപ്പിക്കുമെന്നും ട്രംപ്
SHARE

‘‘എനിക്കു ശ്വാസംമുട്ടുന്നു’’ എന്ന നിലവിളി ഒരാഴ്ചയിലേറെയായി അമേരിക്കയുടെ ഉറക്കം കെടുത്തുകയാണ്. അതിലടങ്ങിയ ദൈന്യതയും നിസ്സഹായതയും അതിനു കാരണമായ പൊലീസ് അതിക്രമവും ജനങ്ങളെ അസ്വസ്ഥരാക്കുകയും അവരുടെ രോഷം ഏതാണ്ട് 140 നഗരങ്ങളെ പിടിച്ചുകുലുക്കുകയും ചെയ്തു. ഇത്രയും വ്യാപകമായ തോതിലുള്ള പ്രതിഷേധ പ്രകടനം കുറേ വര്‍ഷങ്ങളായി അമേരിക്ക കണ്ടിരുന്നില്ല.  

പൊലീസിന്‍റെ പിടിയിലായ ജോര്‍ജ് ഫ്ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ മരിക്കുന്നതിനു തൊട്ടുമുന്‍പ്  അയാളില്‍നിന്നു പല തവണ പുറത്തുവന്നതായിരുന്നു ‘‘എനിക്കു ശ്വാസംമുട്ടുന്നു’’ എന്ന നിലവിളി. വെള്ളക്കാരായ പൊലീസുകാര്‍ കറുത്ത വര്‍ഗക്കാരോടു കാണിക്കുന്ന ക്രൂരതയുടെ ഏറ്റവും ഒടുവിലത്തെ ഇരയാവുകയായിരുന്നു ആ നാല്‍പത്താറുകാരന്‍.  

രാജ്യതലസ്ഥാനമായ വാഷിങ്ടണ്‍, അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്ക്,  സംഭവം നടന്ന മിന്നിയാപ്പൊളിസ്, അനുബന്ധ നഗരമായ സെയിന്‍റ് പോള്‍, ലൊസാഞ്ചലസ്, ഫിലഡല്‍ഫിയ, ബോസ്റ്റണ്‍, സാന്‍ഫ്രാന്‍സിസ്ക്കോ, കാന്‍സസ്, കൊളംബിയ, അറ്റ്ലാന്‍റ, ഡെന്‍വര്‍, മെംഫിസ്, ഷിക്കാഗൊ, മയാമി,  ഡെട്രോയിറ്റ്, ലാസ്വെഗാസ്, സിയാറ്റില്‍, ഹൂസ്റ്റണ്‍, ക്ളീവ്ലന്‍ഡ്, നാഷ്വില്‍, സാന്‍ അന്‍റോണിയോ, ഡാല്ലസ്, പോര്‍ട്ലന്‍ഡ്, സോള്‍ട്ട് ലേക്ക് സിറ്റി എന്നിവ പ്രതിഷേധവുമായി ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയ വലുതും ചെറുതുമായ  നഗരങ്ങളില്‍ ചിലതുമാത്രം. 

George Floyd  Murder

കോവിഡ് മഹാമാരി കാരണം മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തുവന്നിരുന്ന ജനങ്ങളില്‍ പലരും അതെല്ലാം അവഗണിക്കാനും  മടിച്ചില്ല. കോവിഡ്മൂലം ഒരു ലക്ഷത്തിലേറെ ആളുകള്‍ മരിച്ച നാട്ടില്‍ ഇതുണ്ടാക്കുന്ന അപകടത്തെക്കുറിച്ചുള്ള ഭീതിയും നിലനില്‍ക്കുന്നു. 

വാഷിങ്ടണില്‍ വൈറ്റ്ഹൗസ് പരിസരത്തെ റോഡുകളില്‍ തടിച്ചുകൂടിയവര്‍ പൊലീസുമായും  രഹസ്യ സര്‍വീസ് ഉദ്യോഗസ്ഥരുമായും ഏറ്റുമുട്ടി. അതിനിടയില്‍ തീവയ്പും നടന്നു. ആശങ്കാകുലരായ രഹസ്യ സര്‍വീസ് ഉദ്യോഗസ്ഥര്‍  പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ കുറച്ചുനേരത്തേക്കു വൈറ്റ് ഹൗസിലെ ബങ്കര്‍ അഥവാ ഭൂഗര്‍ഭ രക്ഷാ കേന്ദ്രത്തിലേക്കു മാറ്റി. ഭീകരാക്രമണം പോലുള്ള സന്ദര്‍ഭങ്ങളില്‍ പ്രസിഡന്‍റിന് ഉപയോഗിക്കാനായി നിര്‍മിച്ചതാണ് ബോംബുകള്‍ക്കു തുളച്ചുകയറാന്‍ കഴിയാത്ത ഈ നിലയറ.   

ആദ്യ ദിവസങ്ങളില്‍ സമാധാനപരമായിരുന്ന പ്രതിഷേധ പ്രകടനങ്ങള്‍ ശനിയാഴ്ചയോടെ (മേയ് 30) പല സ്ഥലങ്ങളിലും  അക്രമത്തിലേക്കു വഴുതിപ്പോവുകയായിരുന്നു. കൊള്ളയും കൊള്ളിവയ്പും നടക്കുകയും  ഒട്ടേറെ പൊലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാവുകയും ചെയ്തു. നാലായിരത്തിലേറെ പേര്‍ അറസ്റ്റിലായി. സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നു കര്‍ഫ്യൂ നടപ്പാക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത നഗരങ്ങളുണ്ട്. ഇരുപതു സംസ്ഥാനങ്ങളില്‍ പൊലീസിനെ സഹായിക്കാന്‍ റിസര്‍വ് മിലിട്ടറി വിഭാഗമായ നാഷനല്‍ ഗാര്‍ഡിനെ വിളിക്കേണ്ടിവന്നു. വേണ്ടിവന്നാല്‍ പട്ടാളത്തെ വിന്യസിപ്പിക്കുമെന്നു പോലും പ്രസിഡന്‍റ് ട്രംപ്  വ്യക്തമാക്കി യിട്ടുണ്ട്. 

മിന്നസോട്ട സംസ്ഥാനത്തെ മിനിയാപ്പൊളിസില്‍ മേയ് 25 ഞായറാഴ്ച രാത്രിയായിരുന്നു സംഭവങ്ങളുടെ  തുടക്കം. ഒരു കടയില്‍നിന്നു സിഗരറ്റ് വാങ്ങി 20 ഡോളറിന്‍റെ കള്ളനോട്ടു കൊടുത്തുവെന്നതിനാണ് ഫ്ളോയിഡിനെ പൊലീസ് പിടികൂടിയത്. കൈകള്‍ പിന്നിലാക്കി കൈയാമംവച്ച്  അയാളെ അവര്‍ നിലത്തു കമിഴ്ത്തിക്കിടത്തി.

US Police

ഡെറക് ഷോവിന്‍ (46) എന്ന പൊലീസുകാരന്‍ കാല്‍മുട്ടുകൊണ്ട് അയാളുടെ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ചു. മറ്റു മൂന്നു പൊലീസുകാര്‍ സംഭവം നോക്കിനില്‍ക്കുകയായിരുന്നു. എട്ടു മിനിറ്റിലേറെ അങ്ങനെ കിടക്കുമ്പോ ഴാണ് തനിക്കു ശ്വാസം മുട്ടുന്നുവെന്നും തന്നെ കൊല്ലരുതേയെന്നും ഫ്ളോയിഡ് നിലവിളിച്ചത്. ബോധരഹിതനായ അയാളെ പൊലീസുകാര്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ, അയാള്‍ മരിച്ചുകഴിഞ്ഞിരുന്നു.

സംഭവം മുഴുവന്‍ ചില വഴിപോക്കര്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തിയത് ഉടന്‍ വൈറലായി. ജനരോഷം  അണപൊട്ടി ഒഴുകാന്‍ തുടങ്ങിയതും അതോടെയാണ്. കുറ്റക്കാരനായ പൊലീസുകാരനെ അറസ്റ്റ് ചെയ്യുകയും അയാള്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കുകയും ചെയ്തു. പ്രതിഷേധം അമേരിക്കയ്ക്കു പുറത്തേക്കും വ്യാപിച്ചു.

ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി,കാനഡ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, ഡെന്മാര്‍ക്ക്, അയര്‍ലന്‍ഡ്, മെക്സിക്കോ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും  പ്രകടനങ്ങളുണ്ടായി. ഹോങ്കോങ്ങിലെ ജനങ്ങളുടെ പ്രക്ഷോഭത്തിനു പിന്തുണ  പ്രഖ്യാപിച്ചിരുന്ന അമേരിക്കയുടെ കാപട്യം പുറത്തുവരികയാണെന്നു ചൈനീസ് മാധ്യമങ്ങള്‍ പരിഹസിച്ചു. ദലായ് ലാമ, യുഎന്‍ മനുഷ്യാവകാശ കമ്മിഷണര്‍ മിഷേല്‍ ബാചിലേ, ആഫ്രിക്കന്‍ യൂണിയന്‍ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ മൂസ്സ ഫാക്കി മുഹമ്മദ് എന്നിവര്‍ ഫ്ളോയിഡിന്‍റെ മരണത്തിനിട യാക്കിയ സംഭവത്തെ  അപലപിച്ചു. 

ആഫ്രിക്കന്‍ അമേരിക്കക്കാര്‍ എന്നറിയപ്പെടുന്ന കറുത്ത വര്‍ഗക്കാരുടെ നേരെ പൊലീസ് ക്രൂരമായി പെരുമാറുന്നതും അതിനെതിരെ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതും ഇതാദ്യമല്ല. മുന്‍സംഭവങ്ങളുടെയെല്ലാം ഓര്‍മകളും ഇത്തവണ ജനരോഷം ആളിക്കത്താന്‍  കാരണമാവുകയായിരുന്നു. 

Protest

ന്യൂയോര്‍ക്ക് നഗരത്തില്‍ 2014 ജൂലൈയില്‍ എറിക് ഗാര്‍ണര്‍ (43) എന്ന കറുത്ത വര്‍ഗക്കാകാരനെ  പൊലീസ് ഉദ്യോഗസഥന്‍ കൈകള്‍ കൊണ്ടു കഴുത്തില്‍ കുരുക്കിട്ട് പിടിക്കുകയുണ്ടായി. ആസ്മ രോഗിയാണെന്നു പറഞ്ഞ ഗാര്‍ണര്‍ ‘‘എനിക്കു ശ്വാസംമുട്ടുന്നു’’ എന്നു പല തവണ നിലവിളിച്ചിട്ടും അയാള്‍ പിടിവിട്ടില്ല. ഗാര്‍ണര്‍ ഹൃദയാഘാതം മൂലം മരിച്ചു. അതിനേക്കാള്‍ ജനങ്ങളെ രോഷം കൊള്ളിച്ചത് അറസ്റ്റിലായ പൊലീസുകാരന്‍ പിന്നീട്  കുറ്റവിമുക്തനായതായിരുന്നു. ‘‘എനിക്കു ശ്വാസംമുട്ടുന്നു’’ എന്ന നിലവിളിയോടെ ജനങ്ങള്‍ ദിവസങ്ങളോളം തെരുവുകളില്‍ പ്രതിഷേധിച്ചു. 

അതേ വര്‍ഷം ഓഗസ്റ്റില്‍ മിസ്സൂറി സംസ്ഥാനത്തെ ഫെര്‍ഗൂസണില്‍ മൈക്കല്‍ ബ്രൗണ്‍ (18) എന്ന കറുത്ത  വര്‍ഗക്കാരനെ ഒരു പൊലീസുകാരന്‍ വാക്കേറ്റത്തെ തുടര്‍ന്നു വെടിവച്ചുകൊന്നു. അയാളും കുറ്റവിമുക്തനായി. ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമാവുക യും കൊള്ളയും കൊള്ളിവയ്പും നടക്കുകയും ചെയ്തു. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത വര്‍ഗക്കാരന്‍ (ബറാക് ഒബാമ)  പ്രസിഡന്‍റായിരിക്കുമ്പോഴായിരുന്നു ഈ രണ്ടു സംഭവങ്ങളും. 

US Police

ആഫ്രിക്കയില്‍ നിന്നു പിടികൂടി കപ്പലില്‍ കയറ്റിക്കൊണ്ടുവന്ന് അടിമകളാക്കിപ്പെട്ടവരുടെ സന്താന പരമ്പരയില്‍ പെട്ടവരാണ് കറുത്ത വർഗക്കാരിൽ  മിക്കവരും. പത്തൊന്‍പതാം നൂറ്റാണ്ടില്‍ അടിമ സമ്പ്രദായം അവസാനിച്ചശേഷവും കറുത്തവരോടുള്ള വിവേചനം അവസാനിച്ചില്ല. 

അരനൂറ്റാണ്ടു മുന്‍പുവരെ ചില സംസ്ഥാനങ്ങളില്‍ ബസ്സുകളില്‍ വെള്ളക്കാരോടൊപ്പം യാത്രചെയ്യാന്‍  കറുത്തവരെ അനുവദിച്ചിരുന്നില്ല. വെള്ളക്കാരുടെയും കറുത്തവരുടെയും കുട്ടികള്‍ക്കു വെവ്വേറെ  സ്കൂളുകളായിരുന്നു. കറുത്ത വര്‍ഗക്കാരുടെ നേതാവും പുരോഹിതനുമായ ഡോ. മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്‍റെ നേതൃത്വത്തില്‍ നടന്ന സമാധാനപരമായ സമരത്തിന്‍റെ ഫലമായിട്ടാണ് അതെല്ലാം അവസാനിച്ചത്.

ഒടുവില്‍, ഒരു കറുത്ത വര്‍ഗക്കാരന്‍ രാഷ്ട്രത്തലവന്‍ ആകുന്നതുവരെ സ്ഥിതിഗതികള്‍ എത്തിച്ചേര്‍ന്നു. അമേരിക്കയിലെ ബഹുഭൂരിപക്ഷ മായ വെള്ളക്കാര്‍ക്കിടയിലെ മാനുഷികതയുടെയും ധാര്‍മികതയുടെയും വിജയം കൂടിയായിരുന്നു അത്. അതേസമയം, സാമൂഹിക-സാമ്പത്തിക സൂചികകള്‍ അനുസരിച്ച് കറുത്ത വര്‍ഗക്കാരുടെ നില ഇന്നും  പരിതാപകരമാണ്. വെള്ളക്കാരില്‍ ഗണ്യമായ ഒരു വിഭാഗം, വിശേഷിച്ചും നിയമപാലകര്‍ അവരുടെ നേരെ മുന്‍വിധിയും അവജ്ഞയും വച്ചുപുലര്‍ത്തുന്നു. കറുത്തവരെ അവര്‍ കുഴപ്പക്കാരായി കാണുന്നു.  ക്രൂരമായ ആ സമീപനത്തിന് ഇരയാവുകയായിരുന്നു ജോര്‍ജ് ഫ്ളോയിഡ്.

English Summary : I Cant Breathe Protests Heat Up As Curfews Imposed In Several Us Cities

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം.

Donald Trump
ഡൊണാൾഡ് ട്രംപ്
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.