നേപ്പാള്‍ : മാറ്റിവരയ്ക്കപ്പെടുന്ന ഭൂപടം

HIGHLIGHTS
  • പുതിയ മാനസ സരോവര്‍ റോഡില്‍ എതിര്‍പ്പ്
  • പിന്നില്‍ ചൈനയെന്നു സംശയം
kp-sharma-oli-nepal-prime-minister
നേപ്പാള്‍ പ്രധാനമന്ത്രി ഖഡ്ഗ പ്രസാദ് ശര്‍മ്മ (കെ. പി.) ഓലി
SHARE

ഏതാനും വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഇന്ത്യ-നേപ്പാള്‍ ബന്ധം വീണ്ടും വെല്ലുവിളി നേരിടുകയാണ്. അതിര്‍ത്തിയിലുളള ഇന്ത്യയുടെ ഭാഗമായ ഒരു പ്രദേശത്തിന്‍റെ മേല്‍ നേപ്പാള്‍ അവകാശം ഉന്നയിച്ചിരിക്കുന്നതാണ് കാരണം. ആ പ്രദേശം രാജ്യത്തിന്‍റെ ഭൂപടത്തില്‍ ഉള്‍പ്പെടുത്താനായി ഭരണഘടന ഭേദഗതി ചെയ്യാനുള്ള നീക്കവും അവര്‍ തുടങ്ങിക്കഴിഞ്ഞു.

ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, ബിഹാര്‍, ബംഗാള്‍, സിക്കിം എന്നിവയാണ് നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങള്‍. ഇവയില്‍ ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയുടെ കിഴക്കെ അറ്റത്തെ മുലയില്‍ കിടക്കുന്ന കാലാപാനി എന്ന 335 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് നേപ്പാള്‍ അവകാശപ്പെടുന്നത്. 

ഹിമാലയ പര്‍വതനിരകളില്‍ സ്ഥിതിചെയ്യുന്ന ലിംപിയാധുര, കൈലാസ് മാനസസറോവറിലേക്കുള്ള തീര്‍ഥയാത്രാപാതയില്‍ ചൈനീസ് അതിര്‍ത്തിയില്‍ കിടക്കുന്ന ലിപുലേഖ് ചുരം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സമുദ്രനിരപ്പില്‍നിന്നു 5200 മീറ്റര്‍ ഉയരത്തിലാണ് ഈ ചുരം.  

തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ഇടുങ്ങിയ മലമ്പാതയ്ക്കുപകരം സൗകര്യപ്രദവും യാത്രാ ദിനങ്ങള്‍ ഏറെ കുറക്കാന്‍ സഹായകവുമായ ഒരു പുതിയ റോഡ് ഇന്ത്യ നിര്‍മിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇക്കഴിഞ്ഞ മേയ് എട്ടിനു വിഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ അതു ഗതാഗതത്തിനു തുറന്നു തുറന്നുകൊടുക്കുകയും ചെയ്തു.  

നേപ്പാളിന് അതു രസിച്ചില്ല. ആ റോഡ് പണിതിരിക്കുന്നതു തങ്ങളുടെ പ്രദേശത്താണെന്ന്അവര്‍ കുറ്റപ്പെടുത്തുന്നു.  ഇന്ത്യന്‍ അംബാസ്സഡര്‍ വിനയ് മോഹന്‍ ക്വാത്രയെ അവര്‍ വിളിച്ചുവരുത്തിപ്രതിഷേധിക്കുകയും ചെയ്തു.  

വാസ്തവത്തില്‍ ആറു മാസം മുന്‍പ്തന്നെ കാലാപാനി  പ്രശ്നം തലപൊക്കുകയുണ്ടായി. ജമ്മു-കശ്മീര്‍ സംസ്ഥാനത്തെ വിഭജിച്ച് ജമ്മു-കശ്മീര്‍, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ ഗവണ്‍മെന്‍റ് ആ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഭൂപടം കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രസിദ്ധീകരിച്ചിരുന്നു.  അതില്‍ കാലാപാനിയെ  ഉത്തരാഖണ്ഡിലെ പിതോറഗഡ് ജില്ലയുടെ ഭാഗമായിട്ടാണ് കാണിച്ചിരുന്നത്. അന്നും നേപ്പാള്‍ പ്രതിഷേധിച്ചു. 

എങ്കിലും, റോഡ് നിര്‍മാണം കഴിഞ്ഞതോടെയാണ് നേപ്പാളിന്‍റെ എതിര്‍പ്പ് കൂടുതല്‍ പ്രകടമായത്. 2008ല്‍ തുടങ്ങിയ റോഡ്പണി എതിര്‍പ്പൊന്നും ഇല്ലാതെതന്നെ നടന്നുവരികയായിരുന്നു. 

കാലാപാനിയെ നേപ്പാളിന്‍റെ ഭാഗമായി കാണിക്കുന്ന പുതിയ ഭൂപടം ഉണ്ടാക്കാനായി ഭരണഘടന ഭേദഗതി ചെയ്യാനാണ് തിരക്കുപിടിച്ച നീക്കം. അതിനുള്ള ബില്‍ നിയമ മന്ത്രി ശിവമായ തുംബഹങ്ഫെ പാര്‍ലമെന്‍റിന്‍റെ അധോ സഭയായ പ്രതിനിധി സഭയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച (മേയ് 31) അവതരിപ്പിച്ചു.  

ബില്‍ പാസ്സാകാന്‍ പാര്‍ലമെന്‍റിന്‍റെ രണ്ടു സഭകളിലെയും മൊത്തം അംഗങ്ങളില്‍ മൂന്നില്‍ രണ്ടിന്‍റെ ഭൂരിപക്ഷം വേണം. ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു ദേശീയ അസംബ്ളിയില്‍ അത്രയും ഭൂരിപക്ഷം ഉണ്ടെങ്കിലും പ്രതിനിധിസഭയില്‍ പത്തു വോട്ടിന്‍റെ കുറവുണ്ട്.  

എന്നാലും പ്രശ്നമില്ല. കാരണം, മുഖ്യ പ്രതിപക്ഷ കക്ഷികളായ നേപ്പാളി കോണ്‍ഗ്രസും ജനത സമാജ്ബാദി പാര്‍ട്ടിയും ദേശീയ പ്രാധാന്യമുള്ള കാര്യമെന്ന പേരില്‍ ഭരണഘടനാ ഭേദഗതിക്കുപിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. 

പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര മാര്‍ഗത്തിലൂടെ നേരിട്ടു ചര്‍ച്ചചെയ്തു പരിഹരിക്കുകയായിരുന്നു ഇതുവരെയുള്ള പതിവ്. അതിനു പകരം നേപ്പാള്‍ തിരക്കിട്ട് ഇത്തരമൊരു നീക്കത്തിനു തയാറായതു സ്വാഭാവികമായും ഇന്ത്യയെ അസ്വസ്ഥമാക്കിയിട്ടുണ്ട്. നയതന്ത്രത്തിന്‍റെ വാതിലുകള്‍ അടച്ചുപൂട്ടുന്ന നടപടിയായിട്ടാണ് പലരും ഇതിനെ കാണുന്നത്.  

ഇതിന്‍റെ പിന്നില്‍ ചൈനയാണെന്ന അഭിപ്രായവും ഇന്ത്യയില്‍ പലര്‍ക്കുമുണ്ട്.  ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ ചൈനതന്നെ സംഘര്‍ഷം സൃഷ്ടിച്ചുകൊണ്ടിരിക്കേയാണ് ഈ സംഭവവികാസം. 

കാഠ്മണ്ടുവിലെ ഗവണ്‍മെന്‍റിന്‍റെ സമ്മതത്തോടെതന്നെ നേപ്പാളിലെ പല കാര്യങ്ങളിലും ചൈന ഇടപെടുന്നുണ്ടെന്നത് രഹസ്യമല്ല. ഭരണ കക്ഷിയുടെ നേതാവും പ്രധാനമന്ത്രിയുമായ ഖഡ്ഗ പ്രസാദ് ശര്‍മ്മ (കെ. പി.) ഓലിയുടെ ഇന്ത്യാ വിരോധവും ചൈനയോടുള്ള വിധേയത്വവും പലപ്പോഴും മറനീക്കി പുറത്തുവരാറുമുണ്ട്. 

അടുത്ത കാലത്തു ഭരണകക്ഷിയില്‍തന്നെ ഓലിക്കേതിരെ വെല്ലുവിളി ഉയര്‍ന്ന പല സന്ദര്‍ഭങ്ങളിലും ഇടപെട്ട് ഒത്തുതീര്‍പ്പുണ്ടാക്കിയത് കാഠ്മണ്ടുവിലെ ചൈനീസ് അംബാസ്സഡറാണ്. ഓലിയുടെ പഴയ കക്ഷിയായ യൂനിഫൈഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും പുഷ്പ കമല്‍ ദഹല്‍ എന്ന പ്രചണ്ഡയുടെ മാവോയിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള 2018ലെ തിരഞ്ഞെടുപ്പ് ധാരണയ്ക്കുവേണ്ടി മുഖ്യമായി പ്രവര്‍ത്തിച്ചതും മറ്റാരുമായിരുന്നില്ല. തുടര്‍ന്ന് അവര്‍ തമ്മില്‍ ലയിച്ച് പുതിയ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടതും ചൈനീസ് അംബാസ്സഡറുടെ കാര്‍മികത്വത്തിലാണത്രേ. 

ഇതിനുമുന്‍പ് ഇന്ത്യ-നേപ്പാള്‍ ബന്ധം കടുത്ത വെല്ലുവിളിയെ നേരിടേണ്ടിവന്നത് അഞ്ചു വര്‍ഷം മുന്‍പായിരുന്നു. തന്നെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കാന്‍റ നേപ്പാളി കോണ്‍ഗ്രസ് നടത്തിയ നീക്കത്തിനു പിന്നില്‍ ഇന്ത്യയുടെ കൈകളുണ്ടെന്ന ഓലിയുടെ ആരോപണമായിരുന്നു അതിന്‍റെ പശ്ചാത്തലം. 

NEPAL-POLITICS/
നേപ്പാള്‍ പ്രസിഡന്‍റ് ബിദ്യാദേവി ഭണ്ഡാരി

പ്രസിഡന്‍റ് ബിദ്യാദേവി ഭണ്ഡാരിയുടെ ഇന്ത്യാ സന്ദര്‍ശനം അദ്ദേഹം റദ്ദാക്കി. ന്യൂഡല്‍ഹിയിലെ നേപ്പാള്‍ അംബാസ്സഡറെ മടക്കിവിളിക്കുകയും കാഠ്മണ്ടുവിലെ ഇന്ത്യന്‍ അംബാസ്സഡറെ പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

അതിനു ചില മാസംമുന്‍പ് ഉണ്ടായത് അതിനേക്കാള്‍ ഗുരുതരമായ സംഭവവികാസമായിരുന്നു. പുതിയ ഭരണഘടനയ്ക്കെതിരെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭമായിരുന്നു അതിന്‍റെ പശ്ചാത്തലം. 

രണ്ടര നൂറ്റാണ്ടു പഴക്കമുള്ള രാജാധിപത്യം 2008ല്‍ അവസാനിക്കുകയും നേപ്പാള്‍ റിപ്പബ്ളിക്കാവുകയും ചെയ്തതിനെ തുടര്‍ന്നാണ് പുതിയ ഭരണഘടന ആവശ്യമായിവന്നത്. വര്‍ഷങ്ങള്‍ക്കുശേഷം  രൂപംകൊണ്ട അത് പക്ഷേ, രാജ്യത്തിന്‍റെ തെക്കന്‍ മേഖലയിലെ ജനങ്ങളെ തീര്‍ത്തും നിരാശപ്പെടുത്തി. 

ഇന്ത്യയുമായി ചേര്‍ന്നുകിടക്കുന്നതും  തെറായ് എന്നറിയപ്പെടുന്നതുമായ ഈ പ്രദേശത്തെ ജനങ്ങളില്‍ ബഹുഭൂരിക്ഷവും ഇന്ത്യന്‍ വംശജരാണ്. അവര്‍ പൊതുവില്‍ മധേഷികള്‍ എന്നറിയപ്പെടുന്നു.  അതിര്‍ത്തിക്കിപ്പുറമുള്ള  ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുമായി സാംസ്ക്കാരിക-സമൂഹിക-കുടുംബ ബന്ധങ്ങളുള്ളവരാണവര്‍. 

നേപ്പാളിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന തങ്ങള്‍ ഭരണഘടനയുടെ പരിഗണനയില്‍ പിന്‍തള്ളപ്പെട്ടതിലുള്ള  രോഷം അവരെ പ്രക്ഷോഭത്തിലേക്കു നയിച്ചു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഓലിയുടെ ഗവണ്‍മെന്‍റ് നടത്തിയ ശ്രമം അക്രമത്തില്‍ കലാശിക്കുകയും അറുപതിലേറെ പേര്‍ മരിക്കുകയും ചെയ്തു. ഇന്ത്യയില്‍നിന്നുള്ള ചരക്കു ലോറികള്‍ സമരക്കാര്‍ തടഞ്ഞു. 

മൂന്നു ഭാഗത്തും ഇന്ത്യയാല്‍ ചുറ്റപ്പെട്ട നേപ്പാളില്‍  ഭക്ഷണ സാധനങ്ങളും പെട്രോളും ഡീസലും ഗ്യാസുമെല്ലാം എത്തുന്നത് ഇന്ത്യയിലൂടെ റോഡ് വഴിക്കാണ്. അതു തടസ്സപ്പെട്ടതോടെ ജനജീവിതം അവതാളത്തിലായി. ഇതിന്‍റെ പിന്നില്‍ ഇന്ത്യയാണെന്ന് ഓലി കുറ്റപ്പെടുത്തുകയും ചെയ്തു. അഞ്ചു മാസത്തിനു ശേഷമാണ് ഉപരോധം അവസാനിച്ചത്. 

ബദല്‍ ഏര്‍പ്പാടുകള്‍ക്കുവേണ്ടി ഓലി ചൈനയുടെ നേരെ തിരിയുകയുണ്ടായി. സഹായിക്കാന്‍ ചൈന സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇന്ത്യയില്‍ നിന്നെന്നപോലെ സാധനങ്ങള്‍ ചൈനയില്‍നിന്ന് എത്തിക്കുന്നതു ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ പ്രായോഗികമല്ലെന്നു പിന്നീട് ഇരുകൂട്ടര്‍ക്കും ബോധ്യമായി. 

ഇന്ത്യയുടെയും നേപ്പാളിന്‍റെയും ഭാഗധേയങ്ങള്‍ അന്യോന്യം ബന്ധിതമാണെന്ന കാര്യം സാക്ഷ്യപ്പെടുത്തുന്ന വേറെയും വസ്തുതകളുണ്ട്. ഏതാണ്ട് 1800 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി തുറന്നുകിടക്കുകയാണ്. ആയിരക്കണക്കിനു നേപ്പാളികള്‍ ഇന്ത്യയില്‍ താമസിച്ചു ജോലി ചെയ്യുന്നു. നേപ്പാളി ഗൂര്‍ഖകള്‍ ഇന്ത്യന്‍ സൈന്യത്തില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തുവരന്നു.  

ഇത്തരമൊരു ബന്ധം നേപ്പാളും ചൈനയും തമ്മിലില്ല. അതിനാല്‍, ഇന്ത്യ-നേപ്പാള്‍ ബന്ധം ഉലയുമ്പോഴും അതു ബലപ്പെടുത്താനുള്ള വഴികള്‍ തുറന്നുകിടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Kalapani dispute between India and Nepal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.