ജര്‍മനിക്കൊരു ഇരുട്ടടി

HIGHLIGHTS
  • നാലിലൊന്ന് യുഎസ് സൈനികരെ പിന്‍വലിക്കും
  • അമേരിക്കയിലും എതിര്‍പ്പ്
Trump
ഡോണള്‍ഡ് ട്രംപ്
SHARE

ശത്രുവായാലും മിത്രമോ സഖ്യരാജ്യമോ ആയാലും ഇടയ്ക്കിടെ ഒന്നു ഞെട്ടിക്കുന്നതാണ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ രീതി. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ ലോകം അതു പലതവണ കണ്ടതാണ്. അതിനാല്‍, ജര്‍മനിയിലെ അമേരിക്കന്‍ സൈനികരുടെ എണ്ണം വെട്ടിക്കുറക്കാന്‍ ട്രംപ് തീരുമാനിച്ചുവെന്ന വാര്‍ത്ത പൊതുവില്‍ അല്‍ഭുതമൊന്നും ഉളവാക്കുകയുണ്ടായില്ല. എങ്കിലും, ജര്‍മനിയിലെ നേതാക്കളെ അതു ദുഃഖിതരും അസ്വസ്ഥരുമാക്കി. ജര്‍മനിയില്‍നിന്ന് അമേരിക്ക അകലുന്നതിന്‍റെ സൂചനപോലും അവര്‍ അതില്‍നിന്നു വായിച്ചെടുക്കുന്നു. 

അതേസമയം, ജര്‍മനിയിലെ ഇടതുപക്ഷക്കാര്‍ യുഎസ് നീക്കത്തെ സ്വാഗതം ചെയ്യുകയാണ്. അവിടെ സൂക്ഷിച്ചിട്ടുള്ള യുഎസ്  ആണവ മിസൈലുകളും നീക്കം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. വിവിധ താവളങ്ങളിലായി ഏതാണ്ട് 34,500 യുഎസ് ഭടന്മാരാണ് ഇപ്പോള്‍ ജര്‍മനിയിലുള്ളത്. ഇവരില്‍ നാലിലൊരു ഭാഗത്തെ (9,500 പേരെ) പിന്‍വലിക്കാനും 25,000 പേരെ മാത്രം നിലനിര്‍ത്താനും ട്രംപ് തീരുമാനിച്ചുവെന്നാണ് ജൂണ്‍ അഞ്ചിനു വോള്‍ സ്ട്രീറ്റ് ജേര്‍ണല്‍, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ പ്രമുഖ യുഎസ് പത്രങ്ങളില്‍ വന്ന വര്‍ത്ത. 

ഒരാഴ്ചയായിട്ടും യുഎസ് ഗവണ്‍മെന്‍റ് അതു നിഷേധിച്ചിട്ടില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ച (ജൂണ്‍ എട്ട്) മാധ്യമ പ്രതിനിധികള്‍ തിരക്കിയപ്പോള്‍ ട്രംപിന്‍റെ പുതിയ പ്രസ് സെക്രട്ടറി നല്‍കിയ മറുപടി ഇതു സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പുകളൊന്നും തല്‍ക്കാലം ഇല്ലെന്നായിരുന്നു. പ്രസിഡന്‍റ് തീരുമാനം എടുത്തുവെന്നതു ശരിയാണെന്നും അത് എപ്പോള്‍ നടപ്പാകുമെന്ന ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നുമാണ് ഇതിനര്‍ഥമെന്ന് അനുമാനിക്കപ്പെടുന്നു.  

ജര്‍മനിയില്‍ യുഎസ് പട്ടാളം നില്‍ക്കാന്‍ തുടങ്ങിയത് 75 വര്‍ഷം മുന്‍പ് രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാനത്തോടെയാണ്. അഡോള്‍ഫ് ഹിറ്റ്ലറുടെ സൈന്യത്തെ പരാജയപ്പെടുത്താന്‍ ഒന്നിച്ചു പോരാടിയ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളും സോവിയറ്റ് യൂണിയനും 1945ല്‍ യുദ്ധാവസാനത്തോടെ പിണങ്ങാന്‍ തുടങ്ങിയതായിരുന്നു അതിന്‍റെ പശ്ചാത്തലം.

അവര്‍ തമ്മിലുള്ള ശീതയുദ്ധത്തിന്‍റെ മൂര്‍ധന്യത്തില്‍ ഏതാണ്ടു നാലു ലക്ഷംവരെ യുഎസ് സൈനികര്‍ ജര്‍മനിയില്‍ ഉണ്ടായിരുന്നു. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ അവരില്‍നിന്നുള്ള ഭീഷണി അവസാനിച്ചുവെങ്കിലും റഷ്യ ശക്തിപ്പെടാന്‍ തുടങ്ങിയതോടെ പാശ്ചാത്യര്‍ വീണ്ടും അങ്കലാപ്പിലായി. ജര്‍മനിയുടെയും പടിഞ്ഞാറന്‍ യൂറോപ്പിന്‍റെയും രക്ഷയ്ക്കു യുഎസ് സൈനിക സാന്നിധ്യം അനുപേക്ഷണീയമാണെന്ന നിലവന്നു. 

ആ പശ്ചാത്തലത്തിലാണ്, സാമാന്യം വലിയൊരു യുഎസ് സൈനിക സംഘം (കരസൈനികരും വ്യോമസൈനികരും) പല താവളങ്ങളിലായി ജര്‍മനിയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. യൂറോപ്പില്‍ പൊതുവിലുള്ള യുഎസ് ഭടന്മാരുടെ മൊത്തം എണ്ണത്തിന്‍റെ പകുതിയിലേറെവരും ഇവര്‍.ഇതില്‍ കൂടുതലുള്ളതു ജപ്പാനില്‍ മാത്രമാണ്. ചൈനയില്‍നിന്നും ഉത്തര കൊറിയയില്‍നിന്നുമുള്ള ഭീഷണി ചെറുക്കാന്‍ എന്ന ന്യായത്തിലാണ് അരലക്ഷത്തിലേറെ യുഎസ് സൈനികരെ അവിടെ നിര്‍ത്തിയിരിക്കുന്നത്. ദക്ഷിണ കൊറിയയിലുമുണ്ട് കാല്‍ലക്ഷത്തിലേറെ പേര്‍.   

ജര്‍മനിയിലെ യുഎസ് ഭടന്മാരില്‍ 9,500 പേരെ പിന്‍വലിക്കാനുള്ള തീരുമാനം അവിടെ മാത്രമല്ല, അമേരിക്കയിലും രൂക്ഷമായ വിമര്‍ശനത്തിനു പാത്രമായിട്ടുണ്ട്. സുപ്രധാനമായ ഈ നീക്കത്തെപ്പറ്റി തങ്ങളുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നു മാത്രമല്ല, തീരുമാനം ഇതുവരെ അമേരിക്ക തങ്ങളെ അറിയിക്കുകപോലും ചെയ്തിട്ടില്ലെന്നും ജര്‍മന്‍ നേതാക്കള്‍ സങ്കടപ്പെടുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അവസാനം മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സുദൃഡമായ ബന്ധവുമായി ഇതു പൊരുത്തപ്പെടുന്നില്ല. 

ജര്‍മന്‍ ചാന്‍സലര്‍ (പ്രധാനമന്ത്രി) അംഗല മെര്‍ക്കലും ട്രംപും തമ്മിലുള്ള വ്യക്തിപരമായ രസക്കേടും ഇതിന്‍റെ പിന്നില്‍ കാണുന്നവരുണ്ട്. പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോ, സുപ്രധാന വ്യാവസായിക രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 എന്നിവയുടെ ഉച്ചകോടികളില്‍ ഇത് ഒന്നിലേറെ തവണ മറനീക്കി പുറത്തുവരികയുണ്ടായി. 

ഈ മാസം വാഷിങ്ടണില്‍ ജി-7 ഉച്ചകോടി നടത്തുന്നതിനുവേണ്ടി കഴിഞ്ഞമാസം മെര്‍ക്കലിനെ ട്രംപ് ഫോണില്‍ വിളിച്ചപ്പോഴും അവര്‍ തമ്മില്‍ ഉരസിയത്രേ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തരമൊരു സമ്മേളനം വിളിച്ചുകൂട്ടുന്നതു ബുദ്ധിപൂര്‍വകമല്ലെന്നും താന്‍ അതില്‍ പങ്കെടുക്കില്ലെന്നും മെര്‍ക്കല്‍ അറിയിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഉച്ചകോടി തല്‍ക്കാലം വേണ്ടെന്നു ട്രംപ് തീരുമാനിച്ചു.

പ്രതിരോധച്ചെലവിന്‍റെ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, വിശേഷിച്ച് ജര്‍മനി അമാന്തം കാട്ടുകയാണെന്നും ഇതു കാരണം അമേരിക്കയ്ക്ക് അമിതഭാരം ചുമക്കേണ്ടിവരുമെന്നുള്ളത് ട്രംപ് നേരത്തെതന്നെ ഉന്നയിച്ചുവരുന്ന ഒരു പരാതിയാണ്. നാറ്റോയിലെ 30 അംഗ രാജ്യങ്ങളില്‍ ഓരോന്നും മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ (ജിഡിപി) രണ്ടു ശതമാനമെങ്കിലും പ്രതിരോധത്തിനുവേണ്ടി നീക്കിവയ്ക്കണമെന്നാണ് തീരുമാനിച്ചിരുന്നത്. 

സവിശേഷമായ സാമ്പത്തിക ശക്തിയുള്ള ജര്‍മനി ഇതു പാലിക്കുന്നില്ലെന്ന പേരിലും മെര്‍ക്കലുമായി ട്രംപ് ഇടയുകയുണ്ടായി. അമേരിക്കയുമായുള്ള തങ്ങളുടെ ബന്ധം സങ്കീര്‍ണമായിരിക്കുന്നുവെന്നു ജര്‍മന്‍ വിദേശമന്ത്രി ഹൈക്കോ മാസ് ഈയിടെ തുറന്നു പറഞ്ഞതുമായി ഇതെല്ലാം കൂട്ടിവായിക്കുന്നവരുണ്ട്.     

റഷ്യയില്‍നിന്നുള്ള ഭീഷണി ഒട്ടും കുറഞ്ഞിട്ടില്ലെന്നും കൂടുകയേ ചെയ്തിട്ടുള്ളൂവെന്നുമുള്ള നിലപാടിലാണ് പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍ പൊതുവില്‍. അതിനിടയിലാണ് ജര്‍മനിയില്‍നിന്നുള്ള യുഎസ് സൈനിക പിന്മാറ്റനീക്കം. ഇതിന്‍റെ ഗുണം റഷ്യക്കു മാത്രമായിരിക്കുമെന്നും ജര്‍മനിയും യൂറോപ്പും അപകടത്തിലാവുകയാണ് ചെയ്യുകയെന്നും പശ്ചിമ യൂറോപ്യന്‍ നേതാക്കള്‍ ആശങ്കപ്പെടുന്നു. 

യുക്രെയിനില്‍ 2014ല്‍ റഷ്യ സൈനികമായി ഇടപെടുകയും ആ രാജ്യത്തിന്‍റെ ഭാഗമായ ക്രൈമിയ സ്വന്തമാക്കുകയും ചെയ്തതു മുതല്‍ക്കേ റഷ്യയെ അവര്‍ നോക്കിക്കാണുന്നതു സംശയത്തോടെയാണ്. യൂറോപ്പിന്‍റെ സുരക്ഷ അപകടത്തിലാവുന്നത് അമേരിക്കയുടെ സുരക്ഷയെ ബാധിക്കുമെന്ന ഭീതിയും അമേരിക്കയില്‍തന്നെ പലര്‍ക്കുമുണ്ട്. 

ട്രംപിന്‍റെ തീരുമാനത്തെ എതിര്‍ത്ത് അദ്ദേഹത്തിന്‍റെ സ്വന്തം പാര്‍ട്ടിയിലെ തന്നെ 22 കോണ്‍ഗ്രസ് അംഗങ്ങള്‍ അദ്ദേഹത്തിന് കത്തയക്കുകയുണ്ടായി. അമേരിക്കയ്ക്കു നേരിടേണ്ടിവന്നേക്കാവുന്ന സുരക്ഷാ പ്രശ്നം അവര്‍ അതില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

ജര്‍മനിയിലെ യുഎസ് സൈനികരും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന അവരുടെ താവളങ്ങളും ഇപ്പോള്‍ നിര്‍വഹിച്ചുവരുന്ന ദൗത്യം റഷ്യന്‍ ഭീഷണിക്കെതിരായ ചെറുത്തുനില്‍പ്പു മാത്രമല്ല എന്നതാണ് വാസ്തവം. പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും പൊതുവില്‍ യൂറോപ്പിലെയും യുഎസ് സൈനിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ഈ താവളങ്ങള്‍ കേന്ദ്രീകരിച്ചാണ്. 

ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുഎസ് സൈനിക നടപടികളില്‍ ഇവ നിര്‍ണായക പങ്ക് വഹിക്കുകയുമുണ്ടായി. അതിനാല്‍, ജര്‍മനിയില്‍നിന്നു നാലിലൊരു ഭാഗം സൈനികരെ പിന്‍വലിക്കുന്നത് അമേരിക്കയുടെ ഈ പ്രവര്‍ത്തനങ്ങളെയുംബാധിക്കാനിടയുണ്ടെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. 

ഇതെല്ലാം കണക്കിലെടുത്തു ട്രംപ് തന്‍റെ തീരുമാനം പുനഃപരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് ജര്‍മനിയിലെയും അമേരിക്കയിലെയും പലരും.   

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം 

English Summary: Trump plans to withdraw US troops from Germany

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA