തകരുന്ന പ്രതിമകള്‍, പ്രതീകങ്ങള്‍

HIGHLIGHTS
  • പൈതൃക സ്മാരകങ്ങള്‍ക്കു ഭീഷണി
  • മ്യൂസിയങ്ങളിലേക്ക് മാറ്റാന്‍ ആലോചന
statue
വെർജീനിയയിലെ റിച്ച്മണ്ടിൽ ജെഫേഴ്സൻ ഡേവിസിന്റെ പ്രതിമ തകർത്ത നിലയിൽ...
SHARE

ബഗ്ദാദ് നഗരമധ്യത്തില്‍ സദ്ദാം ഹുസൈന്‍ സ്ഥാപിച്ചിരുന്ന സ്വന്തം പടുകൂറ്റന്‍ പ്രതിമ യുഎസ് സൈനികരുടെ സഹായത്തോടെ ഇറാഖികള്‍ മറിച്ചിട്ടത് 17 വര്‍ഷം മുന്‍പാണ്. എങ്കിലും, അതിന്‍റെ ടിവി ദൃശ്യങ്ങള്‍ ഇന്നും പലരുടെയും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നുണ്ടാവും. സമാനമായ സംഭവങ്ങളാണ് ഇപ്പോള്‍ ലോകത്തിന്‍റെ മറ്റു ചില ഭാഗങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിലും ബ്രിട്ടനിലും പൈതൃക സ്മാരകങ്ങളായി നില നിര്‍ത്തിവന്ന പ്രതിമകള്‍ ഒന്നൊന്നായി തകര്‍ക്കപ്പെടുന്നു. 

ചില പ്രതിമകള്‍ പ്രകടനക്കാര്‍ മറിച്ചുതാഴെയിടുകയും മറ്റു ചിലതു തലവെട്ടിയും മറ്റും അലങ്കോലപ്പെടുത്തുകയും ചെയ്തു. ചിലതിന്മേല്‍ ചായമടിക്കുകയും ശകാര വാക്കുകള്‍ എഴുതിവയ്ക്കുകയും ചെയ്തു. നൂറ്റാണ്ടുകള്‍ക്കുമുന്‍പ് കറുത്ത വര്‍ഗക്കാരുടെ മേല്‍ അടിമത്തം അടിച്ചേല്‍പ്പിച്ചവര്‍ മുതല്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വരെയുളളവരുടെ പ്രതിമകളുണ്ട് ഇക്കൂട്ടത്തില്‍.

അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ പൊലീസിന്‍റെ പിടിയില്‍ ശ്വാസം മുട്ടിമരിച്ചതിനെ തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട രോഷപ്രകടനങ്ങളുടെ തുടര്‍ച്ചയാണ് ഈ സംഭവവികാസം.  മേയ് 25നു മിന്നസോട്ട സംസ്ഥാനത്തെ മിനിയാപ്പൊളിസ് നഗരത്തില്‍ നടന്ന ആ ദാരുണ മരണം തലമുറകളായി കറുത്ത വര്‍ഗക്കാര്‍ അനുഭവിച്ചുവരുന്ന വിവേചനത്തിനും മുന്‍വിധിക്കും എതിരായ ഒരു പുതിയ ചെറുത്തുനില്‍പ്പിനു തുടക്കം കുറിക്കുകയായിരുന്നു.

അനുഭാവ സൂചകമായി ലോകത്തിന്‍റെ മറ്റു പല ഭാഗങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങി. ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന വംശീയതയുടെയും സാമ്രാജ്യത്വത്തിന്‍റെയും പ്രതീകങ്ങളായി എണ്ണപ്പെടുകയാണ് പല പ്രതിമകളും. കൊടിയ പീഡനങ്ങളുടെ ഓര്‍മകള്‍ ഉണര്‍ത്തുന്ന ഇത്തരം സ്മാരകങ്ങളിലൂടെ സാമ്രാജ്യത്വവും അടിമക്കച്ചവടവും മഹത്വവല്‍ക്കരിക്കപ്പെടുകയാണെന്നും ആരോപിക്കപ്പെടുന്നു.   

വെള്ളക്കാരായ അടിമക്കച്ചവടക്കാര്‍ ആഫ്രിക്കയില്‍നിന്ന് ആളുകളെ പിടികൂടി കപ്പലില്‍ കയറ്റിക്കൊണ്ടുവന്നു കന്നുകാലികളെപ്പോലെ ലേലം ചെയ്തു വിറ്റതിന്‍റെ കഥകള്‍ അമേരിക്കന്‍ സാഹിത്യത്തില്‍ വേണ്ടുവോളമുണ്ട്. അടിമത്തം അവസാനിപ്പിക്കാന്‍ ശ്രമമുണ്ടായപ്പോള്‍ അതിനെതിരെ യുദ്ധം ചെയ്തവരുടെ കഥകള്‍ യുഎസ് ചരിത്രത്തിന്‍റെ ഭാഗവുമാണ്. കറുത്ത വര്‍ഗക്കാര്‍ അടിമകളാകാന്‍ വിധിക്കപ്പെട്ടവരാണെന്നു വിശ്വസിച്ചിരുന്ന അത്തരം ചിലരുടേതാണ് ആക്രമണത്തിന് ഇരയായ പ്രതിമകള്‍. അവരില്‍ രണ്ടു പ്രമുഖരായിരുന്നു ജെഫേഴ്സന്‍ ഡേവിസും റോബര്‍ട്ട് ഇ. ലീയും.

ഒന്നര നൂറ്റാണ്ടുമുന്‍പ് പ്രസിഡന്‍റ് ഏബ്രഹാം ലിങ്കണ്‍ അടിമത്തം അവസാനിപ്പിക്കാന്‍ മുന്നോട്ടുവന്നപ്പോള്‍ 11 ദക്ഷിണ സംസ്ഥാനങ്ങള്‍ വേറിട്ടുപോയി ഒരു കോണ്‍ഫെഡറേഷന്‍ രൂപീകരിച്ചതു ഡേവിസിന്‍റെ നേതൃത്വത്തിലായിരുന്നു. ലീ അവരുടെ പടത്തലവനായി. തുടര്‍ന്നുണ്ടായ ആഭ്യന്തരയുദ്ധം നാലുവര്‍ഷം (1861-1865) നീണ്ടുനില്‍ക്കുകയും ആറു ലക്ഷത്തിലേറെ  പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തു. 

ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന വംശീയതയുടെയും സാമ്രാജ്യത്വത്തിന്‍റെയും പ്രതീകങ്ങളാണ് പല പ്രതിമകളും

കോണ്‍ഫെഡറേഷന്‍ ഇല്ലാതാവുകയും അടിമത്തം നിരോധിക്കപ്പെടുകയും ചെയ്തിട്ടും, പല ദക്ഷിണ സംസ്ഥാനങ്ങളിലും ഡേവിസിനും ലീക്കും സ്മാരകങ്ങള്‍ ഉയര്‍ന്നു. ഇവ നീക്കം ചെയ്യണമെന്നതു കഴിഞ്ഞ കുറേ വര്‍ഷങ്ങളായുള്ള മുറവിളിയാണ്.  

കോണ്‍ഫെഡറേഷന്‍റെ തലസ്ഥാനമായിരുന്ന റിച്ച്മണ്ടില്‍ (വെര്‍ജീനിയ) മാര്‍ബിള്‍കൊണ്ടു നിര്‍മിച്ചിരുന്ന, നാലു മീറ്റര്‍ ഉയരമുള്ള  ജെഫേഴ്സണ്‍ ഡേവിസ് പ്രതിമ കഴിഞ്ഞ ആഴ്ച പ്രകടനക്കാര്‍ കയര്‍കെട്ടിവലിച്ചു താഴെയിട്ടു. അലബാമയിലെ മോണ്‍ഗോമറിയില്‍ ലീയുടെ പേരുള്ള ഒരു സ്കൂളിന്‍റെ മുറ്റത്തുണ്ടായിരുന്ന അയാളുടെ പ്രതിമയ്ക്കും അതേ ഗതിയുണ്ടായി.

വെര്‍ജീനിയയിലെ തന്നെ ഷാര്‍ലറ്റ്സ്വില്ലില്‍, ലീയുടെ മറ്റൊരു പ്രതിമ മൂന്നു വര്‍ഷംമുന്‍പ് ഗുരുതരമായ ഏറ്റുമുട്ടലിനും വിവാദത്തിനും കാരണമായിരുന്നു. സൈനിക വേഷത്തില്‍ കുതിരപ്പുറത്തിരിക്കുന്ന വിധത്തിലുളള അതു നീക്കം ചെയ്യണമെന്നായിരുന്നു ആവശ്യം. അതിനു വേണ്ടി പ്രകടനം നടത്തിയവരെ ലീയുടെയും ഡേവിസിന്‍റെയും മറ്റും ഓര്‍മയില്‍ ഊറ്റംകൊള്ളുന്ന തീവ്രവലതുപക്ഷക്കാര്‍ എതിരിട്ടു. അവരുടെ കൈകളില്‍ പഴയ കാലത്തെ കോണ്‍ഫെഡറേഷന്‍ പതാകകള്‍ പാറിക്കളിക്കുകയായിരുന്നു. 

തുടര്‍ന്നുണ്ടായ സംഘട്ടനത്തിനിടയില്‍ അവരില്‍ ഒരാള്‍ മറുഭാഗക്കാര്‍ക്കിടയിലേക്കു കാറിടിച്ചുകയറ്റി. ഒരാള്‍ മരിക്കുകയും ഒരു ഡസനിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി തീവ്രവലതുപക്ഷക്കാരുടെ നഗ്നമായ അഴിഞ്ഞാട്ടത്തിന് സാക്ഷിയാവുകയായിരുന്നു അമേരിക്ക. 

കറുത്ത വര്‍ഗക്കാരുടെ പ്രശ്നവുമായി ബന്ധമുള്ള ആളല്ല 15ാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ നാവികന്‍ ക്രിസ്റ്റഫര്‍ കൊളംബസ്. പക്ഷേ, ജോര്‍ജ് ഫ്ളോയിഡിന്‍റെ മരണത്തോടെ അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട ജനരോഷത്തിന് ഇരയായ പ്രതിമകളില്‍ കൊളംബസിന്‍റേതും ഉള്‍പ്പെടുന്നു. അമേരിക്കയിലേക്കുള്ള യൂറോപ്യന്‍ കുടിയേറ്റത്തിനു വഴിയൊരുക്കിയത് സ്പെയിനിലെ രാജാവിനുവേണ്ടി കോളണികള്‍ കണ്ടെത്താന്‍ യാത്ര പുറപ്പെട്ട കൊളംബസാണ്. ചുകന്ന ഇന്ത്യക്കാര്‍ എന്നറിയപ്പെടുന്ന അമേരിക്കന്‍ ആദിവാസികളുടെ ജീവിതം കുടിയേറ്റക്കാരുടെ ആഗമനത്തോടെ ദുരിത പൂര്‍ണമായി. അവരുടെ ഭൂമിയും സംസ്ക്കാരവും ജീവിതരീതിയുമെല്ലാം കൈയേറ്റത്തിന് ഇരയായി. 

അതിന് ഉത്തരവാദിയായി ആരോപിക്കപ്പെടുന്ന കൊളംബസിനുമുണ്ട് അമേരിക്കയില്‍ സ്മാരകങ്ങള്‍. കഴിഞ്ഞ ആഴ്ച റിച്ച്മണ്ടിലെ കൊളംബസ് പ്രതിമ പ്രകടനക്കാര്‍ വലിച്ചുവീഴ്ത്തി അടുത്തുള്ള തടാകത്തിലേക്കു മറിച്ചിട്ടു. മാസ്സച്യുസെറ്റ്സിലെ ബോസ്റ്റണില്‍ കൊളംബസ് പതിമയുടെ തലവെട്ടി. ഫ്ളോറിഡയിലെ മയാമി, മിന്നസോട്ടയിലെ സെയിന്‍റ്  പോള്‍ എന്നിവിടങ്ങളിലും കൊളംബസിന്‍റെ പ്രതിമകള്‍ കൈയേറ്റത്തിന് ഇരയായി. 

ലണ്ടനിലും ചെക്ക് റിപ്പബ്ളിക്കിന്‍റെ തലസ്ഥാനമായ പ്രാഗിലുമാണ് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ചര്‍ച്ചിലിന്‍റെ പ്രതിമകള്‍ ആക്രമിക്കപ്പെട്ടത്. പ്രകടനക്കാര്‍ അവയുടെ മേല്‍ ചായം പുരട്ടുകയും വംശീയവാദി എന്നെഴുതിവയ്ക്കുകയും ചെയ്തു. 1991ല്‍ അന്നത്തെ ബ്രിട്ടീഷ് പധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ അനാഛാദനം ചെയ്തതാണ്‌ പ്രാഗിലെ ചര്‍ച്ചില്‍ പ്രതിമ. 

ഇന്ത്യക്കു സ്വാതന്ത്ര്യം നല്‍കുന്നതു തടയാന്‍ ശ്രമിച്ച ചര്‍ച്ചില്‍ സാമ്രാജ്യത്വവാദിയായും മുദ്രകുത്തപ്പെട്ടിരുന്നു. 30 ലക്ഷം പേര്‍ മരിച്ച 1943ലെ ബംഗാള്‍ ക്ഷാമത്തിനു കാരണം ചര്‍ച്ചിലിന്‍റെ നയങ്ങളായിരുന്നുവെന്നും ആരോപിക്കപ്പെടുകയുണ്ടായി. 

'ധര്‍മിഷ്ടനായ' കോടീശ്വരന്‍ എഡ്വേഡ് കോള്‍സറ്റന്‍റെ സ്മരണയ്ക്കായി ബ്രിട്ടനിലെ ബ്രിസ്റ്റളില്‍ സ്ഥാപിച്ചിരിക്കുകയായിരുന്നു ഒന്‍പതു മീറ്റര്‍ ഉയരമുള്ള പ്രതിമ. ധര്‍മിഷ്ടനായി അറിയപ്പെടുന്നതിനുമുന്‍പ് അടിമക്കച്ചവടക്കാരനായിരുന്നു കോള്‍സ്റ്റണ്‍. 125 വര്‍ഷം പഴക്കമുള്ള ആ പ്രതിമ പ്രകടനക്കാര്‍ വലിച്ചു താഴെയിടുകയും അടുത്തുള്ള പുഴയിലേക്കു തള്ളുകയും ചെയ്തു. 

കോള്‍സ്റ്റനേക്കാള്‍ പ്രശസ്തനായിരുന്നു സിസില്‍ റോഡ്സ്. ഓക്സ്ഫഡ് സര്‍വകലാശാലയില്‍ പഠിക്കാനുള്ള പ്രശസ്തമായ റോഡ്സ് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതു മറ്റാരുമല്ല. മുന്‍ യുഎസ് പ്രസിഡന്‍റ് ബില്‍ ക്ളിന്‍റന്‍ ഉള്‍പ്പെടെ ലോകത്തിന്‍റെ പല ഭാഗങ്ങളിലെയും നൂറുകണക്കിനാളുകള്‍ അതിന്‍റെ ഗുണഭോക്താക്കളുടെ കൂട്ടത്തിലുണ്ട്. 

എങ്കിലും, ആഫ്രിക്കയുടെ ദക്ഷിണ മേഖലയില്‍ ബ്രിട്ടന്‍റെ ആധിപത്യം അരക്കിട്ടുറപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതും ബിസിനസുകാരനായ റോഡ്സായിരുന്നു. അങ്ങനെ ആ നാട്ടുകാരുടെ ജീവിതം താറുമാറാക്കിയ സാമ്രാജ്യവാദിയെന്നു മുദ്രകുത്തപ്പെട്ടു. ഓക്സ്ഫഡിലെ ഒരു കോളജിനു മുന്നിലുള്ള റോഡ്സ് പ്രതിമ നീക്കം ചെയ്യണമെന്ന മുറവിളിയും ഉയര്‍ന്നിരിക്കുകയാണ്. 

ആക്രമിക്കപ്പെടുന്ന ഭയത്താല്‍ ഇതുപോലുള്ള പല പ്രതിമകളും അധികൃതര്‍ മൂടിവയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. അവ മ്യൂസിയങ്ങളിലേക്കു മാറ്റാനുള്ള ആലോചനകളും നടന്നുവരുന്നു.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം.

English Summary: Protests in UK and US target statues

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.