ചതിയുമായി വീണ്ടും ചൈന

HIGHLIGHTS
  • ആസൂത്രിതമായ ആക്രമണം
  • ഗല്‍വാനില്‍ പുതിയ അവകാശവാദവും
Indian-Army
SHARE

ഓര്‍ക്കാപ്പുറത്തു പിന്നില്‍നിന്നു കുത്തുകയാണ് ചൈനയില്‍നിന്നു ഇന്ത്യക്കു പലപ്പോഴും നേരിടേണ്ടിവരുന്ന അനുഭവം. 1962ല്‍ തുടങ്ങിയ ആ ചൈനീസ് ചതിക്കഥയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച (ജൂണ്‍ 15) കിഴക്കന്‍ ലഡാക്കില്‍ അരങ്ങേറിയത്. 

അവിടെ ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള യഥാര്‍ഥ നിയന്ത്രണ രേഖയോടു ചേര്‍ന്നു കിടക്കുന്ന ഗല്‍വാന്‍ താഴ്​വര അങ്ങനെ ഇന്ത്യന്‍ ജനതയെ ഒന്നടങ്കം നടുക്കിയ ആസൂത്രിതവും പ്രാകൃതവുമായ ആക്രമണത്തിനു വേദിയായി. ഒരു കേണല്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കുകയും മറ്റു ഇരുപതോളം പേര്‍ക്കു സാരമായ പരുക്കേല്‍ക്കുകയും ചെയ്തു. 

വാസ്തവത്തില്‍ ആ മേഖലയില്‍ ഒന്നര മാസമായി തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരികയാണെന്നും ഏറ്റുമുട്ടാനുള്ള സാധ്യതഒഴിവായെന്നുമാണ് കരുതപ്പെട്ടിരുന്നത്. ഗല്‍വാനിലെ പട്രോള്‍ പോയിന്‍റ് 14ല്‍നിന്നു ഇരുസേനകളും ഘട്ടംഘട്ടമായി പിന്മാറണമെന്നായിരുന്നു ജൂണ്‍ ആറിനു രണ്ടു രാജ്യങ്ങളുടെയും കോര്‍ കമാന്‍ഡര്‍മാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഉണ്ടായ ധാരണ. 

അതനുസരിച്ച് ഇരു സേനകളും പിന്മാറാന്‍ തുടങ്ങിയെങ്കിലും ജൂണ്‍ 15നു വൈകിട്ട് ചൈനീസ് സൈന്യം പെട്ടെന്നു മുന്നോട്ടുകയറി. പിന്തിരിയണമെന്ന ഇന്ത്യന്‍ സൈന്യത്തിന്‍റെ ആവശ്യം അവര്‍ തള്ളി. തുടര്‍ന്നുണ്ടായ കശപിശയാണ് മണിക്കൂറുകള്‍ നീണ്ടുനിന്ന സംഘട്ടനത്തില്‍ കലാശിച്ചത്. ഉന്തും തള്ളും കല്ലേറും അടിയും നടന്നു. കമ്പി ചുറ്റിയ ഇരുമ്പുദണ്ഡുകളും ആണിയടിച്ച ബേസ്ബോള്‍ ബാറ്റുകളും ചൈനക്കാരുടെ ആയുധങ്ങളായി. 

ഇരു പക്ഷങ്ങളിലെയും സൈനികരുടെ കൈവശം തോക്കുകള്‍ ഉണ്ടായിരുന്നുവെങ്കിലും വെടിവയ്പ് നടന്നില്ല. 1996ലെ ഒത്തുതീര്‍പ്പ് അനുസരിച്ച് ഇരു സൈന്യങ്ങളും യഥാര്‍ഥ നിയന്ത്രണരേഖയുടെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ തോക്ക് ഉപയോഗിക്കാനോ സ്ഫോടനം നടത്താനോ പാടില്ല.

എങ്കിലും, ചൈനക്കാരുടെ പ്രാകൃത രീതിയിലുളള ആക്രമണം മാരകമായി. ഗുരുതരമായ പരുക്കു മൂലം മരിച്ചവര്‍ക്കു പുറമെ  ആഴമുള്ള ഗര്‍ത്തങ്ങളിലും കൊടും തണുപ്പില്‍ വെളളം ഉറഞ്ഞുകിടക്കുന്ന നദിയിലും വീണു മരിച്ചവരുമുണ്ട്. നാല്‍പ്പതിലേറെ ചൈനീസ് സൈനികരും മരിച്ചതായി വാര്‍ത്തയുണ്ടെങ്കിലും ചൈന അതു സ്ഥിരീകരിച്ചിട്ടില്ല. 

കിഴക്കൻ മേഖലയില്‍ അരുണാചല്‍ പ്രദേശിലെ തുലുങ് ലായില്‍ 1975 ഒക്ടോബറില്‍ നടന്ന ചൈനീസ് ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കുകയുണ്ടായി. അതിനുശേഷം അതിര്‍ത്തിയില്‍ ചോരവീഴുന്നത് ഇതാദ്യമാണ്. ഇന്ത്യന്‍ പ്രദേശത്തു കടന്നുകയറിയ ചൈനീസ് സൈനിക സംഘം പട്രോളിങ് നടത്തുകയായിരുന്ന നമ്മുടെ ഭടന്മാരുടെ നേരെ വെടിവയ്ക്കുകയായിരുന്നു അന്ന്.

അതിനു മുന്‍പ് 1967 മേയില്‍ സിക്കിം അതിര്‍ത്തിയിലെ നാഥുലായില്‍ ചൈന നടത്തിയ ആക്രമണമായിരുന്നു1962ലെ യുദ്ധത്തിനുശേഷമുള്ള ഏറ്റവും ഗുരുതരമായ സംഭവം. 88 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. നാനുറോളം ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആ രണ്ടു സംഭവങ്ങളും ഇപ്പോള്‍ ഓര്‍മിക്കപ്പെടുന്നു. 

1962ലെ യുദ്ധത്തില്‍ ചൈന പിടിച്ചെടുത്ത ആദ്യത്തെ ഇന്ത്യന്‍ സൈനിക പോസ്റ്റാണ് സമുദ്രനിരപ്പില്‍നിന്നു14,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഗല്‍വാന്‍ താഴ്​വര. അതിനുശേഷം ആ പ്രദേശം താരതമ്യേന ശാന്തമായിരുന്നു. അതിര്‍ത്തിയിലെ മറ്റു സ്ഥലങ്ങളിലെപ്പോലെ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ മുഖാമുഖം കാണുന്നതു പതിവായിരുന്നില്ല. 

അവിടെ പൂര്‍ണമായും ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ ഇന്ത്യ ഒരു റോഡ് നിര്‍മിച്ചതിനെ ചൈന എതിര്‍ത്തതോടെയാണ് പുതിയ കുഴപ്പത്തിന്‍റെ തുടക്കം. ഗല്‍വാന്‍ താഴ്​വര പൂര്‍ണമായും തങ്ങളുടേതാണെന്നും ചൈന അവകാശപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.  

അടിസ്ഥാനരഹിതമായ ഇത്തരം അവകാശവാദങ്ങളില്‍ തൂങ്ങിപ്പിടിച്ചാണ് 1962ല്‍ ചൈന ആദ്യമായിഇന്ത്യയെ ആക്രമിച്ചതും. ഹിന്ദി-ചീനി ഭായ് ഭായ് മുദ്രാവാക്യവുമായി ചൈനയുമായുള്ള സൗഹൃദം ഇന്ത്യ ഉയര്‍ത്തിപ്പിടിച്ചിരിക്കേയായിരുന്നു ഓര്‍ക്കാപ്പുറത്തുള്ള ആ സംഭവം.

പടിഞ്ഞാറു ഭാഗത്തു ലഡാക്കിലെ അക്സായ്ചിനിലും  കിഴക്കു ഭാഗത്തു നേഫയിലും (ഇന്നത്തെ അരുണാചല്‍പ്രദേശ്) ആ വര്‍ഷം ഒക്ടോബര്‍ 20ന് ഒരേസമയത്ത് ചൈന അതിക്രമിച്ചുകയറി. ഒരുമാസവും ഒരു ദിവസവും കഴിഞ്ഞു വെടിനിര്‍ത്തിയെങ്കിലും അക്സായ്ചിനിലെ  38,000ചതുരശ്ര കിലോമീറ്റര്‍ ഇന്നും ചൈനയുടെ അധീനത്തിലാണ്. 

അരുണാചല്‍ പ്രദേശില്‍നിന്നു പിന്‍വാങ്ങിയതിനു ശേഷവും അതിന്മേലുള്ള അവകാശവാദം ചൈനഉപേക്ഷിച്ചതുമില്ല. ഏതാണ്ട് 84,000 ചതുരശ്ര കിലോമീറ്ററുള്ള ആ പ്രദേശം ദക്ഷിണ ടിബറ്റിന്‍റെ ഭാഗമാണെന്ന് അവര്‍ വാദിക്കുന്നു.  

പാക്കിസ്ഥാനുമായുള്ള പ്രശ്നം പോലെ തന്നെ ഇന്ത്യയെ അലട്ടുന്നതാണ് ചൈനയുമായുള്ള പ്രശ്നവും. എന്നാല്‍, ചൈനയുമായുളള തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുമ്പോഴും ആ രാജ്യവുമായി താരതമ്യേന രമ്യതയില്‍ കഴിയാന്‍ ഇന്ത്യക്കു കഴിഞ്ഞു. 1988ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി നടത്തിയ ചൈനാ യാത്രയോടെ തുടങ്ങിയ ഈ രീതി അദ്ദേഹത്തിന്‍റെ പിന്‍ഗാമികളും പിന്തുടരുകയായിരുന്നു.  

പ്രധാനമന്ത്രി നരേന്ദ്ര മോദി കുറേക്കൂടി മുന്നോട്ടു പോവുകയും ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഊര്‍ജിത ശ്രമം നടത്തുകയും ചെയ്തു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ 18 തവണ അദ്ദേഹം പല വേദികളിലും വച്ച് ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ്ങുമായി  കൂടിക്കാഴ്ച നടത്തി. അഞ്ചു തവണ ചൈന സന്ദര്‍ശിക്കുകയുംചെയ്തു. 

2018ല്‍ മധ്യചൈനയിലെ വൂഹാനിലും 2019ല്‍ തമിഴ്നാട്ടിലെ മഹാബലിപുരത്തും നടന്ന അനൗപചാരിക ഉച്ചകോടികള്‍ പ്രത്യേകിച്ചും ഓര്‍മിക്കപ്പെടുന്നു. വൂഹാന്‍ ഉച്ചകോടി മറ്റൊരു കാരണത്താലും സവിശഷ ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. 

ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തിയിലുളള മുക്കവലയിലെ ഡോക്ലാമില്‍ 2017ല്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമായിരുന്നു അതിനു കാരണം. ഭൂട്ടാന്‍റെ 100 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തു ചൈന റോഡ് പണിയാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യ എതിര്‍ത്തു. സംഘര്‍ഷാവസ്ഥ രണ്ടര മാസത്തോളം നീണ്ടുനിന്നു.

അതിന്‍റെ പശ്ചാത്തലത്തിലായിരുന്നു വൂഹാന്‍ ഉച്ചകോടി. അത്തരമൊരു സംഘര്‍ഷാവസ്ഥ ഇനിയുണ്ടാവില്ലെന്നും ഉണ്ടായാല്‍ തന്നെ രമ്യമായി പരിഹരിക്കപ്പെടുമെന്നും ഇന്ത്യ വിശ്വസിക്കാന്‍ അതുവഴിയൊരുക്കി. ആ വിശ്വാസത്തിന് ഏറ്റ മാരകമായ തിരിച്ചടികൂടിയാണ് ഗല്‍വാന്‍ താഴ്​വരയിലെ ചൈനീസ് ആക്രമണം. 

ഗല്‍വാന്‍ താഴ്​വര പൂര്‍ണമായും തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദം ഇതുവരെ ഇല്ലാതിരുന്നഒരു പുതിയ തര്‍ക്കത്തിനു കൂടി തുടക്കമിടുകയും ചെയ്യുന്നു. സംഘട്ടനം നടന്ന പട്രോള്‍ പോയിന്‍റ് 14ല്‍ ഇന്ത്യയുടെ 60 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തു ചൈന കടന്നു കയറിയതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. 

എന്നാല്‍, ഇന്ത്യയുടെ സൈനിക പോസ്റ്റുകള്‍ ആരും പിടിച്ചടക്കിയിട്ടില്ലെന്നും രാജ്യത്തിന്‍റെ ഒരിഞ്ച് ഭൂമിപോലും നഷ്ടപ്പെട്ടില്ലെന്നുമാണ് പ്രധാനമന്ത്രി മോദി ഇക്കഴിഞ്ഞ വെള്ളിയാഴ്ച (ജൂണ്‍ 19) സര്‍വകക്ഷി യോഗത്തില്‍ അസന്നിഗ്ധമായി വ്യക്തമാക്കിയത്. വീരമൃത്യു വരിച്ച നമ്മുടെ സൈനികര്‍ മാതൃരാജ്യത്തെ വെല്ലുവിളിച്ചവരെ പാഠം പഠിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.   

ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൈനിക തന്ത്രപരമായി വളരെ പ്രധാനമാണ് ഗല്‍വാന്‍ താഴ്​വര. ലോകത്തുവച്ചേറ്റവും ഉയരത്തിലുള്ള എയര്‍ സ്ട്രിപ് സ്ഥിതി ചെയ്യുന്ന ദൗലത്ത് ബേഗ് ഓല്‍ഡിയിലേക്കുള്ള റോഡുകള്‍ പോകുന്നത് ഈ ഭാഗത്തൂടെയാണ്. യുദ്ധമുണ്ടായാല്‍ മണിക്കൂറുകള്‍ക്കം ഭടന്മാരെ വിന്യസിപ്പിക്കാന്‍ ഇവ ഇന്ത്യക്ക് ഉപകരിക്കും.

അതേസമയം, ഗല്‍വാന്‍ കൈകയടക്കിയാല്‍ ഇന്ത്യയുടെ എയര്‍ സ്ട്രിപ്പും റോഡുകളും നിരീക്ഷിക്കാനും ദ്രുതഗതിയിലുള്ള നീക്കത്തിലൂടെ അവ പിടിച്ചെടുക്കാനും തങ്ങള്‍ക്കു കഴിയുമെന്നു ചൈനയും കണക്കുകൂട്ടുന്നു. അതിനാല്‍ ഗല്‍വാന്‍ താഴ്​വര നഷ്ടപ്പെടുകയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അചിന്ത്യമാണ്. നമ്മുടെ സൈന്യത്തിന് അതു സുരക്ഷിതമായി നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നത് അതീവ ദുഃഖത്തിനിടയിലും രാജ്യത്തിന് ആശ്വാസം പകരുന്നു. 

ഇന്ത്യയുമായി ഇപ്പോള്‍ ഇടയാനും ഏറ്റുമുട്ടാനും ചൈനയെ പ്രേരിപ്പിച്ചതെന്ത് എന്ന ചോദ്യവും സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ചൈനയ്ക്കെതിരെ ഇന്ത്യ അമേരിക്കയുമായി കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന സംശയവും തല്‍ഫലമായി തങ്ങള്‍ക്കുണ്ടാകാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള ചൈനയുടെ ആശങ്കയും ഒരു പ്രധാന കാരണമായി പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.  

ഇന്ത്യയോടുളള ചൈനയുടെ സമീപനത്തെ ഇതു കാര്യമായി  ബാധിച്ചുവത്രേ. അതേസമയം, അമേരിക്കയുമായി ഇന്ത്യ അടുക്കുന്നുണ്ടെങ്കില്‍ അതിനു മുഖ്യ കാരണം സമീപ മേഖലയില്‍ ഇന്ത്യയ്ക്കെതിരെ ചൈന നടത്തിവരുന്ന നീക്കങ്ങളാണെന്നു കരുതുന്നവരുമുണ്ട്. ഗല്‍വാന്‍ ആക്രമണത്തിന് ഇതു പുതിയൊരു മാനം നല്‍കുന്നു. വിശദമായ വിലയിരുത്തല്‍ ആവശ്യപ്പെടുന്ന മറ്റൊരു വിഷയമാണത്. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary: India-China Border Dispute

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.