ഈ ദ്വീപുകളിലും ചൈനയുടെ കണ്ണ്

HIGHLIGHTS
  • കമ്യൂണിസ്റ്റ് രാജ്യങ്ങളെയും ആക്രമിച്ചു
  • അമേരിക്കയുമായി ഏറ്റുമുട്ടേണ്ടിവരും
usa-china-army
SHARE

കരയിലും കടലിലുമായി ഇരുപതിലേറെ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുകയാണ് ചൈന. അവയില്‍ പലതുമായും ഏറ്റുമുട്ടിയ ചരിത്രവും ചൈനയ്ക്കുണ്ട്. ഇപ്പോള്‍, ഇന്ത്യയുമായുള്ള അതിര്‍ത്തിത്തര്‍ക്കം തുടര്‍ന്നുകൊണ്ടിരിക്കെ ചില ദ്വീപുകളുടെ പേരില്‍ മറ്റു പല രാജ്യങ്ങളുമായും ഉടക്കിലാണ്. സാമ്പത്തിക- സൈനിക ശക്തിയില്‍ തങ്ങളുടെ പല മടങ്ങു വലുപ്പമുളള ചൈനയെ ഈ രാജ്യങ്ങള്‍ ഭീതിയോടെ നോക്കിക്കാണാന്‍ ഇതു കാരണമാകുന്നു. 

ഇന്ത്യൻ അതിര്‍ത്തിയില്‍ ചൈന നടത്തിയ ആക്രമണത്തില്‍ ഇരുപത് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവടഞ്ഞ സംഭവം ഈ സ്ഥിതിവിശേഷത്തെ വീണ്ടും ലോകശ്രദ്ധയിലേക്കു കൊണ്ടുവരികയാണ്. ഇന്ത്യയെ വിഷമിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ഇന്ത്യക്കു ചുറ്റുമുള്ള രാജ്യങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള തീവ്രശ്രമത്തിലുമാണ് ചൈന.

അര നൂറ്റാണ്ടുമുന്‍പ് അതിര്‍ത്തിയുടെ പേരില്‍തന്നെ സോവിയറ്റ് യൂണിയനെപ്പോലും ആക്രമിക്കാന്‍ ചൈന മടിച്ചിരുന്നില്ല. ലോകത്തെ ഏറ്റവും വലിയ രണ്ടു കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ക്ക് അതിര്‍ത്തിത്തര്‍ക്കത്തിന്‍റെ പേരില്‍ യുദ്ധം ചെയ്യേണ്ടിവന്നതു തികച്ചും അസാധാരണമായ സംഭവവികാസമായിരുന്നു. 

മഞ്ചൂറിയയ്ക്കു സമീപമുള്ള ഉസ്സൂറി നദിയിലെ സെന്‍ബാവോ ദ്വീപിലേക്കു കടന്നു കയറിക്കൊണ്ടായിരുന്നു 1969 മാര്‍ച്ചില്‍ റഷ്യയ്ക്കെതിരായ ചൈനീസ് ആക്രമണത്തിന്‍റെ തുടക്കം. രണ്ടു രാജ്യങ്ങളുടെയും പക്കല്‍ ആണവായുധങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അവ ഉപയോഗിക്കപ്പെടുമോ എന്നുപോലും ഭീതി പരന്നു.

ഏഴു മാസത്തിനു ശേഷമാണ് ഒത്തുതീര്‍പ്പുണ്ടായത്.

അതിനെ തുടര്‍ന്നായിരുന്നു മറ്റൊരു സംഭവവികാസം. സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധം തീവ്രമായിക്കൊണ്ടിരിക്കെ അമേരിക്ക ചൈനയുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമം തുടങ്ങി. 

പത്തു വര്‍ഷത്തിനുശേഷം, മറ്റൊരു കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാമിനെയും ചൈന ആക്രമിച്ചുവെങ്കിലും അതിനു കാരണം അതിര്‍ത്തിത്തര്‍ക്കം മാത്രമായിരുന്നില്ല. അയല്‍ രാജ്യമായ കംബോഡിയയിലേക്കു കടന്നു കയറിയ വിയറ്റ്നാം സൈന്യം അവിടത്തെ ഖമര്‍ റൂഷ് ഗവണ്‍മെന്‍റിനെ പുറത്താക്കിയതു ചൈനയ്ക്കു സഹിക്കാനായിരുന്നില്ല. കാരണം, സ്വന്തം ജനങ്ങളെ കൂട്ടക്കൊല ചെയ്തു കുപ്രസിദ്ധി നേടിയ ആ ഗവണ്‍മെന്‍റിനെ മുഖ്യമായി പിന്തുണച്ചിരുന്നതു ചൈനയായിരുന്നു. വിയറ്റ്നാമിന്‍റെ പിന്നിലുണ്ടായിരുന്നതു സോവിയറ്റ് യൂണിയനും. വാസ്തവത്തില്‍ രണ്ടു കമ്യൂണിസ്റ്റ് വന്‍ശക്തികള്‍ തമ്മില്‍ പരോക്ഷമായി ഏറ്റുമുട്ടുകയായിരുന്നു ആ യുദ്ധത്തില്‍.  

വിയറ്റ്നാമില്‍നിന്നു ചൈനീസ് സൈന്യവും കംബോഡിയയില്‍നിന്നു വിയറ്റ്നാം സൈന്യവും പിന്‍വാങ്ങിയെങ്കിലും ആ യുദ്ധം ഉണ്ടാക്കിയ മുറിവുകള്‍ നാലു പതിറ്റാണ്ടുകള്‍ക്കുശേഷവും പൂര്‍ണമായി ഉണങ്ങിയിട്ടില്ല. സമുദ്രാതിര്‍ത്തി സംബന്ധിച്ച തര്‍ക്കം ഇരു കമ്യൂണിസ്റ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇടയ്ക്കിടെ പിടിച്ചുലയ്ക്കുകയും ചെയ്യുന്നു.  

ചൈനയുടെ തെക്കു ഭാഗത്തുകിടക്കുന്ന തെക്കന്‍ ചൈനാ കടലില്‍ വിയറ്റ്നാമുമായി മാത്രമല്ല, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണയ് എന്നീ രാജ്യങ്ങളുമായും വടംവലിയിലാണ് ചൈന. ശാന്തസമുദ്രത്തിന്‍റെ ഭാഗമായ ഈ കടലിന്‍റെ 80 ശതമാനവും അതിലെ മിക്കവാറും എല്ലാ ദ്വീപുകളും പാറക്കെട്ടുകളും പവിഴപ്പുറ്റുകളും മണല്‍തിട്ടുകളും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ചൈനയുടെ വാദം.

മിക്ക ദ്വീപുകളും ആള്‍പ്പാര്‍പ്പില്ലാത്ത തരിശുഭൂമികളാണെങ്കിലും ധാതു പദാര്‍ഥങ്ങളും എണ്ണ-പ്രകൃതി വാതക നിക്ഷേപവും കാരണം സമ്പന്നമാണ്. ധാരാളം മല്‍സ്യവും കിട്ടും. ലോകത്തു കടല്‍വഴി നടക്കുന്ന ചരക്കു ഗതാഗതത്തിന്‍റെ മൂന്നിലൊന്നും തെക്കന്‍ ചൈനാ കടലിലൂടെയാണെന്നതും ആ പ്രദേശത്തിന്‍റെ തന്ത്രപരമായ പ്രാധാന്യത്തിന് അടിവരയിടുന്നു.  

കടലിന്‍റെ ഒരു ഭാഗത്തു പാരസല്‍ എന്ന പേരുള്ള ദ്വീപുകളും മറുഭാഗത്തു സ്പാര്‍ട്ലി എന്നറിയപ്പെടുന്ന ദ്വീപുകളുമാണ്. ഫിലിപ്പീന്‍സിനു സമീപം കിടക്കുന്ന സ്പാര്‍ട്ലി ദ്വീപുകളുടെ മേല്‍ ചൈനയ്ക്കു പുറമെ ഫിലിപ്പീന്‍സ്, തയ്‌വാന്‍, വിയറ്റ്നാം, മലേഷ്യ, ബ്രൂണയ് എന്നീ രാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്നു. 

ചൈനയുടെയും വിയറ്റ്നാമിന്‍റെയും തീരങ്ങള്‍ക്കു സമീപം കിടക്കുന്ന പാരസല്‍ ദ്വീപുകള്‍ മുഴുവനായും ചൈന അവകാശപ്പെടുകയാണ്. അതു തങ്ങളുടേതാണെന്ന വാദവുമായി വിയറ്റ്നാമിനു പുറമെ തയ്‌വാനും രംഗത്തുണ്ട്.  

ചൈനയുടെ അവകാശവാദം വാക്കുകളില്‍ ഒതുങ്ങിനില്‍ക്കുന്നില്ല. സ്പാര്‍ട്ലി ദ്വീപുസമൂഹത്തിലെ ചില പാറക്കെട്ടുകള്‍ ചൈന സൈനികാവശ്യങ്ങള്‍ക്കുവേണ്ടി കൃത്രിമ ദ്വീപുകളാക്കി മാറ്റി. പാരസല്‍ ദ്വീപസമൂഹത്തിലെ ഏറ്റവും വലുതായ വുഡി ദ്വീപില്‍ സൈനികാവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന എയര്‍ സ്ട്രിപ്പും നിര്‍മിച്ചു. ഏകപക്ഷീയമായ ഇത്തരം നടപടികള്‍ അയല്‍ രാജ്യങ്ങളെ പരിഭ്രാന്തരാക്കുന്നു.

സ്പാര്‍ട്ലി ദ്വീപുകളില്‍ ഉള്‍പ്പെടന്ന സ്കാര്‍ബറോ ഷോള്‍ എന്നറിയപ്പെടുന്ന പാറക്കെട്ടിലും മണല്‍തിട്ടിലുമായി 2012ല്‍ ചൈന നടത്തിയ സമാനമായ നിര്‍മാണ പ്രവര്‍ത്തനം രാജ്യാന്തര ട്രൈബ്യൂണലില്‍ കേസിനു കാരണമായി. ഫിലിപ്പീന്‍സ് നല്‍കിയ ഹര്‍ജിയില്‍ 2016ല്‍ ട്രൈബ്യൂണല്‍ ചൈനയ്ക്ക് എതിരെയാണ് വിധി പ്രഖ്യാപിച്ചത്. പക്ഷേ, വിചാരണ ബഹിഷ്ക്കരിച്ച ചൈന ആ വിധി തള്ളിക്കളഞ്ഞു. വിധി നടപ്പാക്കാനുള്ള സംവിധാനം ട്രൈബ്യൂണലിന്‍റെ കീഴിലില്ല. 

എങ്കിലും, ചൈനയ്ക്കെതിരെ സമാനമായ ഹര്‍ജിയുമായി ട്രൈബ്യൂണലിനെ സമീപിക്കാന്‍ ഇപ്പോള്‍ വിയറ്റ്നാമും ഉദ്ദേശിക്കുകയാണ്. തെക്കന്‍ ചൈനാ കടലില്‍ സ്വന്തം സമുദ്രാതിര്‍ത്തിയില്‍ നടത്തുന്ന എണ്ണ-വാതക പര്യവേക്ഷണം ചൈന തടസ്സപ്പെടുത്തുകയാണെന്നും തങ്ങളുടെ മീന്‍പിടിത്ത ബോട്ടുകളെ ചൈനീസ് നാവിക സേന ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്യുകയാണെന്നുമാണ് വിയറ്റ്നാമിന്‍റെ പരാതി.

ഈ മേഖലയുടെ മറ്റൊരു ഭാഗത്തു കിടക്കുന്ന കിഴക്കന്‍ ചൈനാ കടലില്‍ ജപ്പാനുമായിട്ടാണ് ചൈനയുടെ തര്‍ക്കം. അവിടെയുള്ള ഏഴു കൊച്ചു ദ്വീപുകള്‍ ജപ്പാന്‍റെ നിയന്ത്രണത്തിലാണ്. എന്നാല്‍, അവ നൂറ്റാണ്ടുകളായി ചൈനയുടെ ഭാഗമായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ചൈന വാദിക്കുന്നു. രണ്ടു കൂട്ടരും അവയെ വ്യത്യസ്ത പേരുകളിലാണ് വിളിക്കുന്നത്. ജപ്പാന്‍കാര്‍ക്ക് ഈ ദ്വീപുകള്‍ സെന്‍കാകുവാണെങ്കില്‍ ചൈനക്കാര്‍ക്കു ഡിയോയൂസാണ്. ആള്‍പ്പാര്‍പ്പില്ല. എങ്കിലും, തെക്കന്‍ ചൈനാ കടൽ പോലെ പ്രകൃതിവിഭവ സമ്പന്നമാണ്.

രാജ്യാന്തര ചരക്കുകപ്പല്‍ മാര്‍ഗത്തില്‍ കിടക്കുന്നുവെന്ന പ്രാധാന്യം ഈ കടലിനുമുണ്ട്. ചൈനീസ് നാവിക സേനയുടെ കപ്പലുകള്‍ ഈ ഭാഗത്തു റോന്തു ചുറ്റുന്നത് അടുത്ത കാലത്തു വര്‍ധിക്കുകയും ചെയ്തു. തെക്കന്‍ ചൈനാ കടലിലെന്നപോലെ ഇവിടെയും ഇടയ്ക്കിടെ യുഎസ് യുദ്ധക്കപ്പലുകള്‍ പ്രത്യക്ഷപ്പെടുന്നതും പതിവാണ്.

ചൈനയില്‍നിന്ന് ആക്രമണമുണ്ടായാല്‍ അമേരിക്ക ഇടപെടുമെന്നാണ് ഈ മേഖലയിലെ മിക്ക രാജ്യങ്ങളും പ്രതീക്ഷിക്കുന്നത്. ഫിലിപ്പീന്‍സുമായും ജപ്പാനുമായും അമേരിക്കയ്ക്കു പ്രതിരോധ ഉടമ്പടിയുമുണ്ട്. അതിനാല്‍ അവര്‍ ആവശ്യപ്പെട്ടാല്‍ അമേരിക്കയ്ക്ക്  ഇടപെടാതിരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.   

ഏകപക്ഷീയമായ നടപടികളിലൂടെ ദ്വീപുകള്‍ കൈയടക്കാന്‍ ചൈന ശ്രമിച്ചാല്‍ അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടാവുകയെന്നര്‍ഥം. അമേരിക്കയുമായി ചൈനയ്ക്കു നേരിട്ട് ഏറ്റുമുട്ടേണ്ടിവരും. അത്തരമൊരു തീക്കളിക്കു ചൈന ധൈര്യപ്പെടുമോ?

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം.

English Summary: China plans to capture islands near the border

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.