കൊറിയ: സമാധാനമില്ലാതെ 70 വർഷങ്ങൾ

HIGHLIGHTS
  • ഉച്ചകോടികൾ നിഷ്ഫലമായി
  • കിം ജോങ് ഉൻ രോഷത്തിൽ
NORTHKOREA-SOUTHKOREA
SHARE

രണ്ടാം ലോകമഹായുദ്ധം 1945ൽ അവസാനിച്ചപ്പോൾ എല്ലാവരും കരുതിയത് ഇനിയുമൊരു ഭയങ്കര യുദ്ധത്തിന് ആരും ഇറങ്ങിപ്പുറപ്പെടില്ലെന്നായിരുന്നു. പക്ഷേ, അഞ്ചു വർഷത്തിനകം, കൊറിയയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ആ സങ്കൽപ്പം തകർന്നു. 

ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയ ആ യുദ്ധത്തിന്റെ തുടക്കം എഴുപതു വർഷം മുമ്പ് ഇൗ നാളുകളിലായിരുന്നു. യുദ്ധാവസ്ഥ ഇപ്പോഴും നിലനിൽക്കുകയാണെന്ന വസ്തു ഒരിക്കൽകൂടി ഒാർമിക്കാനും ഇൗ ദിനങ്ങൾ ലോകത്തിന് അവസരം നൽകുന്നു. 

മൂന്നു വർഷത്തിനുശേഷം വെടിനിർത്തലുണ്ടായെങ്കിലും യുദ്ധം ഒൗപചാരികമായി അവസാനിച്ചില്ല എന്നതാണ് വാസ്തവം. കാരണം, ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ സമാധാന ഉടമ്പടി ഉണ്ടായില്ല. 

കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ, ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേയ് ഇന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നടത്തിയ ഉച്ചകോടികളിൽ ഇത്തരമൊരു ഉടമ്പടിയും ചർച്ചാവിഷയമായിരുന്നു.

പക്ഷേ, ആഘോഷപൂർവം നടത്തിയ ആ ഉച്ചകോടികൾ കാര്യമായ ഒരു മാറ്റവും ഉണ്ടാക്കിയില്ല. 

സംഘർഷാവസ്ഥ ഇപ്പോഴും തുടരുന്നുവെന്നതിന് ഉദാഹരണമായിരുന്നു രണ്ടാഴ്ചമുൻപ് നടന്ന ഒരു സംഭവം. ഏറ്റുമുട്ടൽ ഒഴിവാക്കുന്നതിനുവേണ്ടി ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയ വിനിമയം സുഗമമാക്കാനായി അതിർത്തിക്കു സമീപം 2018ൽ ഒരു ലിയസോൺ ഒാഫീസ് സ്ഥാപിച്ചിരുന്നു. ജൂൺ 16ന് ഉത്തര കൊറിയ അതു പൊളിച്ചു. നയതന്ത്രബന്ധമില്ലാത്തതിനാൽ രണ്ടു രാജ്യങ്ങളുടെയും എംബസ്സി പോലെ പ്രവർത്തിക്കുകയായിരുന്നു ഇത്.

തെക്കുനിന്നുള്ള പ്രകോപനം തുടർന്നാൽ സൈനിക നടപടി നേരിടേണ്ട ിവരുമെന്ന് ഉത്തര കൊറിയ ഭീഷണിപ്പെടുത്തുകയുമുണ്ടായി. കാര്യമായ തോതിലുള്ള സൈനിക നീക്കങ്ങളും നടന്നു. തങ്ങളെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള ലഘുലേഖകൾ ദക്ഷിണ കൊറിയയിൽനിന്നു ബലൂണുകളും ഡ്രോണുകളും വഴി അയച്ചുകൊണ്ടിരിക്കുന്നതിനെയാണ് പ്രകോപനമെന്ന് ഉത്തര കൊറിയ വിശേഷിപ്പിക്കുന്നത്. 

ദക്ഷിണ കൊറിയയിൽ അഭയം പ്രാപിച്ച ഉത്തര കൊറിയൻ വിമതരാണ്രേത ഇതിന്റെ പിന്നിൽ. പക്ഷേ, ഉത്തര കൊറിയ കുറ്റപ്പെടുത്തുന്നത് ദക്ഷിണ കൊറിയൻ ഗവൺമെന്റിനെത്തന്നെയാണ്.    

ആണവ-മിസൈൽ പരീക്ഷണങ്ങളുടെ പേരിൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളിൽ അയവു വരുത്താൻ അമേരിക്ക വിസമ്മതിക്കുന്നതും ഉത്തര കൊറിയയെ രോഷം കൊള്ളിക്കുന്നു. ആണവ ബോംബുകളും അവ വഹിച്ചുകൊണ്ട് അമേരിക്കയിലോളം എത്താൻ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും തങ്ങളുടെ പക്കലുണ്ടെന്ന് ഉത്തര കൊറിയ അവകാശപ്പെടുന്നുമുണ്ട്.     

ഇതിന്റെയെല്ലാം മൂലകാരണമായ പ്രശ്നത്തിന്റെ പശ്ചാത്തലത്തിലായിരുന്നു 70 വർഷംമുൻപ് കൊറിയൻ യുദ്ധത്തിന്റെ തുടക്കം. ജപ്പാന്റെ അധീനത്തിലായിരുന്നകൊറിയൻ അർദ്ധദ്വീപ് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ സ്വതന്ത്രമായത് രണ്ടായി വിഭജിക്കപ്പെട്ട നിലയിലാണ്.   

38ാം സമാന്തര രേഖയ്ക്കു വടക്കു ഭാഗത്തെ പ്രദേശം സോവിയറ്റ് യൂണിയന്റെയും തെക്കു ഭാഗത്തെ പ്രദേശം അമേരിക്കയുടെയും നിയന്ത്രണത്തിലായി. വടക്ക് കമ്യൂണിസ്റ്റ് ഗവൺമെന്റും തെക്ക് കമ്യൂണിസ്റ്റ് വിരുദ്ധ യുഎസ് അനുകൂല ഗവൺമെന്റും നിലവിൽവന്നു. 

അഡോൾഫ് ഹിറ്റ്ലറുടെ ജർമനിക്കെതിരെ ഒന്നിച്ചു പോരാടിയ രണ്ടു വൻ ശക്തികളും തമ്മിൽ ലോക മഹായുയുദ്ധാവസാനത്തോടെ തുടങ്ങിയ ശീതയുദ്ധം കൊറിയയിൽ അതിന്റെ എല്ലാ തീവ്രതയോടെയും പ്രതിഫലിക്കുകയായിരുന്നു.  

രണ്ടു കൊറിയകളെയും കമ്യൂണിസ്റ്റ് ഭരണത്തിനു കീഴിൽ ഒന്നിപ്പിക്കണമെന്നതായിരുന്നു ഉത്തര കൊറിയൻ നേതാവ് കിം ഇൽ സുങ്ങിന്റെ സ്വപ്നം. ഇപ്പോഴത്തെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ പിതാമഹനാണ് അദ്ദേഹം. 

സോവിയറ്റ്് നേതാവ് ജോസഫ് സ്റ്റാലിന്റെ അനുഗ്രഹാശിസ്സുകളോടെ കിം ഇൽ സുങ്ങിന്റെ സൈന്യം 1950 ജൂൺ 26ന് 38ാം സമാന്തര രേഖമുറിച്ചുകടന്നു തെക്കൻ മേഖലയിലേക്ക് ഇരച്ചുകയറി. ആഴ്ചകൾക്കകം, ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോൾവരെ അവർ എത്തുകയും ചെയ്തു. 

യുഎൻ രക്ഷാസമിതിയെ സമീപിച്ചുകൊണ്ടാണ് അമേരിക്ക യുദ്ധത്തിൽ ഇടപെട്ടത്. ഉത്തര കൊറിയയെ പിന്തിരിപ്പിക്കുന്നതിനുവേണ്ടി ഒരു യുഎൻ സൈന്യത്തെ അയക്കാൻ രക്ഷാസമിതി തീരുമാനിക്കുകയും യുഎസ് നേതൃത്വത്തിലുള്ള  അതിൽ മറ്റ് ഇരുപതോളം രാജ്യങ്ങൾകൂടി പങ്കാളികളാവുകയും ചെയ്തു.  

രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ള സോവിയറ്റ് യൂണിയൻ വിചാരിച്ചിരുന്നുവെങ്കിൽ അതു തടയാൻ കഴിയുമായിരുന്നു. പക്ഷേ, രക്ഷാസമിതിയുടെ ആ യോഗത്തിൽ സോവിയറ്റ് പ്രതിനിധി സന്നിഹിതനായിരുന്നില്ല. കമ്യൂണിസ്റ്റ് ചൈനയ്ക്കു യുഎന്നിൽ അംഗത്വംനൽകാത്തതിൽ പ്രതിഷേധിച്ച് അവർ യുഎൻ സമ്മേളനങ്ങൾ ബഹിഷ്ക്കരിച്ചിരുന്ന കാലമായിരുന്നു അത്.    

ജനറൽ ഡഗ്ളസ് മക്കാർതറുടെ നേതൃത്വത്തിലുളള യുഎസ് സൈന്യം ഝടുതിയിൽ മുന്നേറുകയും ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോംഗ്യാങ്വരെ പിടിച്ചടയ്ക്കുകയും ചെയ്തു. ക്രിസ്മസിനകം യുദ്ധം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങാമെന്നു മക്കാർതർ ആശിക്കുകയും ചെയ്തിരുന്നു.

പക്ഷേ, ചൈനീസ് സൈന്യം ഇടപെട്ടതോടെ സ്ഥിതിഗതികൾ മാറാൻ തുടങ്ങി. ചൈനീസ് സൈന്യത്തെ പിന്തിരിപ്പിക്കാനായി ചൈനയിൽ തന്നെ ബോംബിടാനും മക്കാർതർക്കു പരിപാടിയുണ്ടായിരുന്നു. പക്ഷേ, മൂന്നാം ലോക മഹായുദ്ധത്തിനു കാരണമാകുമെന്ന ഭയത്താൽ യുഎസ് പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ അതു തടഞ്ഞു. അതിന്റെ പേരിൽ ഇരുവരും ഇടയുകയും  മക്കാർതറെ ട്രൂമാൻ ഒഴിവാക്കുകയും ചെയ്തു. വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിവച്ച ശേഷം 1953 ജൂലൈ 27നാണ് കൊറിയയിൽ വെടിനിർത്തലുണ്ടായത്.

അതിന്റെ അടിസ്ഥാനത്തിൽ സ്ഥാപിതമായതാണ് ഇരു കൊറിയകൾക്കും ഇടയിലുളള അതിർത്തിയിൽ 250 കിലോമീറ്റർ നീളത്തിലും നാലു കിലോമീറ്റർ വീതിയിലും സ്ഥാപിതമായ നിസൈ്സനീകൃത മേഖല. കഴിഞ്ഞ വർഷം ജൂൺ 30നു പ്രസിഡന്റ് ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള മൂന്നാമത്തെ ഉച്ചകോടി നടന്നത് അവിടെവച്ചായിരുന്നു.     

കൊറിയൻ യുദ്ധത്തിൽ 30-40 ലക്ഷം പേർ മരിച്ചുവെന്ന കണക്ക് ആ യുദ്ധത്തിന്റെ ഭയാനകതയെ വീണ്ടും ഒാർമിപ്പിക്കുന്നു. അവരിൽ അധികവും സാധാരണ ജനങ്ങളായിരുന്നു. സൈനികർക്കിടയിൽ ഏറ്റവുമധികം മരണം സംഭവിച്ചത് ചൈനക്കാർക്കും ഉത്തര കൊറിയക്കാർക്കുമാണ്. 40,000 അമേരിക്കക്കാരും മരിച്ചു.   

യുദ്ധാനന്തരം ഉണ്ടായ കരാർ അനുസരിച്ച് 28,500 യുഎസ് ഭടന്മാർ ഇപ്പോഴും ദക്ഷിണ കൊറിയയിലുണ്ട്. വടക്കുനിന്നുള്ള ആക്രമണം ഇനിയും ഉണ്ടായാൽ ചെറുക്കാൻ ദക്ഷിണ കൊറിയയെ സഹായിക്കുകയാണ് ഇവരുടെ ദൗത്യം. 

ആവശ്യമായി വരുമ്പോൾ തങ്ങളെ ആക്രമിക്കാനാണ് അവരെ അവിടെ നിർത്തിയിരിക്കുന്നതെന്ന് ഉത്തര കൊറിയ ആരോപിക്കുന്നു. ദക്ഷിണ കൊറിയയും അമേരിക്കയും ഇടയ്ക്കിടെ നടത്തുന്ന സംയുക്ത സൈനികാഭ്യാസങ്ങളിലും ആ ഉദ്ദേശ്യമാണ് അവർ കാണുന്നത്. 

ആ പശ്ചാത്തലത്തിൽ തങ്ങളുടെ ആണവ-മിസൈൽ പരിപാടികളെ അവർ ന്യായീകരിക്കുന്നു. 70 വർഷങ്ങൾക്കു ശേഷവും കൊറിയൻ അർധദ്വീപ് യുദ്ധാവസ്ഥയിൽ തുടരുന്നു. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം
 

English Summary: 70 tumultuous years of Korea

                

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA