ചുടുപിടിക്കുന്ന വെസ്റ്റ് ബാങ്ക്

HIGHLIGHTS
  • സമാധാന വാതില്‍ കൊട്ടിയടയ്ക്കുന്നു
  • ട്രംപ് അനുകൂലം, ബൈഡന്‍ എതിര്
RUSSIA-ISRAEL-DIPLOMACY
ബെന്യാമിന്‍ നെതന്യാഹു
SHARE

ദുര്‍ദ്ദിനങ്ങള്‍ക്കു പഞ്ഞമില്ലാത്ത പലസ്തീന്‍ ചരിത്രത്തില്‍ മറ്റൊരു ദുര്‍ദ്ദിനമായി പരിണമിക്കാന്‍ പോവുകയായിരുന്നു ഇക്കഴിഞ്ഞ ബുധനാഴ്ച (ജൂലൈ ഒന്ന്). പലസ്തീന്‍ പ്രദേശമായ വെസ്റ്റ് ബാങ്ക് ഭാഗികമായി ഇസ്രയേലില്‍ ലയിപ്പിക്കുന്നതിന് അന്നു തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലായിരുന്നു പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു.

പക്ഷേ, ഒന്നും സംഭവിച്ചില്ല. അതിനര്‍ഥം അതിനെതിരെ രാജ്യാന്തര തലത്തിലുണ്ടായ സമ്മര്‍ദത്തിനു നെതന്യാഹു വഴങ്ങിയെന്നാണെന്ന് ആരും കരുതുന്നുമില്ല. സ്വന്തം ഗവണ്‍മെന്‍റിന് അകത്തു തന്നെയുള്ള അഭിപ്രായ വ്യത്യാസം കാരണം നടപടി 

തല്‍ക്കാലത്തേക്കു മാറ്റിവച്ചതാണെന്നാണ് ഒരു ഭാഷ്യം. അമേരിക്കയുടെ അന്തിമാനുമതി കാട്ടിയില്ലെന്ന മറ്റൊരു ഭാഷ്യവുമുണ്ട്.   

ഗവണ്‍മെന്‍റിനകത്തു തന്നെ ഭിന്നതയുണ്ടായതു ലയിപ്പിക്കല്‍ കാര്യത്തിലല്ലെന്നും ഇപ്പോള്‍, പ്രത്യേകിച്ച് കോവിഡ് മഹാമാരിക്കിടയില്‍ അതു വേണമോയെന്ന കാര്യത്തില്‍ മാത്രമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലയിപ്പിക്കല്‍ ഭീഷണിയും അതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകളും അവശേഷിക്കുന്നുവെന്നു ചുരുക്കം.  

അന്യരാജ്യത്തിന്‍റെ പ്രദേശം യുദ്ധത്തില്‍ പിടിച്ചടക്കിയശേഷം സ്വന്തം രാജ്യവുമായി കൂട്ടിച്ചേര്‍ക്കുന്നതു രാജ്യാന്തര നിയമത്തിന്‍റെയും യുഎന്‍ ചാര്‍ട്ടറിന്‍റെയും ലംഘനമാണ്. മാത്രമല്ല, വെസ്റ്റ് ബാങ്കിന്‍റെ കാര്യത്തിലുളള അത്തരമൊരു നടപടി ഇസ്രയേല്‍-പലസ്തീന്‍ തര്‍ക്കത്തിനു സമാധാനപരമായ പരിഹാരം കാണാനുള്ള വാതിലുകള്‍ എന്നെന്നേക്കുമായി കൊട്ടിയടയ്ക്കുകയും ചെയ്യും. 

അരനൂറ്റാണ്ടിലേറെ മുന്‍പ്, 1967 ലെ യുദ്ധത്തില്‍ ജോര്‍ദാനില്‍നിന്ന് ഇസ്രയേല്‍ പിടിച്ചെടുത്ത പ്രദേശമാണ് വെസ്റ്റ് ബാങ്ക് അഥവാ ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറന്‍ തീരം. വിസ്തീര്‍ണം 5655 ചതുരശ്ര കിലോമീറ്റര്‍. ആ യുദ്ധത്തില്‍ കൈക്കലാക്കിയ മറ്റു 

ചില പ്രദേശങ്ങളിലെപ്പോലെ അവിടെയും ഇസ്രയേല്‍ സ്വന്തം പൗരന്മാരെ കുടിയിരുത്തുകയും അതിനുവേണ്ടി സെറ്റില്‍മെന്‍റുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഇതും രാജ്യാന്തര നിയമത്തിനു വിരുദ്ധമാണ്. അതിന്‍റെ പേരിലും ഇസ്രയേല്‍ കഠിന വിമര്‍ശനത്തിനു പാത്രമാവുകയുണ്ടായി.     

ഇസ്രയേലും പലസ്തീന്‍കാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനായി പലസ്തീന്‍കാര്‍ക്കുവേണ്ടി ഒരു രാഷ്ട്രം സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലംകൂടിയാണ് വെസ്റ്റ് ബാങ്ക്. ഇസ്രയേല്‍ പൗരന്മാരെ കൂട്ടമായി കുടിയിരുത്തിക്കഴിഞ്ഞ ആ പ്രദേശം ഭാഗികമായി ഇസ്രയേലിനോടു കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യുന്നതോടെ പലസ്തീന്‍ രാഷ്ട്ര സ്വപ്നം അട്ടിമറിക്കപ്പെടുന്നു. ചോരച്ചൊരിച്ചലിന്‍റെ പുതിയ അധ്യായത്തിന് അതു തുടര്‍ക്കം കുറിക്കുമെന്നും പരക്കേ ഭയമുണ്ട്. 

അതിനാല്‍, ലയന നീക്കത്തില്‍നിന്നു നെതന്യാഹുവിനെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞ ചില ആഴ്ചകളായി ലോകത്തിന്‍റെ മിക്കവാറും എല്ലാ ഭാഗങ്ങളില്‍നിന്നും ശബ്ദമുയരുകയായിരുന്നു. ആശങ്ക പ്രകടിപ്പിക്കുകയും അഭ്യര്‍ഥന നടത്തുകയും ചെയ്തവരില്‍  യുഎന്‍

സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്, യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ മിഷേല്‍ ബാചലേ എന്നിവര്‍ക്കു പുറമെ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമുണ്ട്. 

വിവാദ നടപടിയുമായി മുന്നോട്ടുപോയാല്‍ സാമ്പത്തിക ഉപരോധം നേരിടേണ്ടിവരുമെന്നുപോലും യൂറോപ്യന്‍ യൂണിയന്‍ (ഇയു) സൂചിപ്പിക്കുകയുണ്ടായി. ഇസ്രയേലിന്‍റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇയു. യുഎസ് ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ചില 

നേതാക്കളും അമേരിക്കയിലെയും യൂറോപ്പിലെയും പ്രമുഖ മാധ്യമങ്ങളും നെതന്യാഹുവിന്‍റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിക്കുകയും അതിലടങ്ങിയ അപകടത്തെപ്പറ്റി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 

  

സഹസ്രാബ്ദങ്ങള്‍ക്കുമുന്‍പ് നിലവിലുണ്ടായിരുന്ന ജൂത രാജ്യത്തിന്‍റെ ഭാഗമായിരുന്നു വെസ്റ്റ് ബാങ്കെന്നും അതു വിട്ടുകൊടുക്കരുതെന്നും വാദിക്കുന്നവര്‍ ഇസ്രയേലിലുണ്ട്. അത് ഇസ്രയേലിന്‍റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നു കരുതുന്നവരുമുണ്ട്. 

എന്നിട്ടും, സമാധാന ശ്രമത്തിന്‍റെ ഭാഗമായി അതു പലസ്തീന്‍ രാഷ്ട്ര നിര്‍മിതിക്കുവേണ്ടി വിട്ടുകൊടുക്കാന്‍ 1993ല്‍ അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി യിത്സാക് റബീന്‍ സമ്മതിക്കുകയുണ്ടായി. 1967ലെ യുദ്ധത്തില്‍തന്നെ പിടിച്ചടക്കിയ കിഴക്കന്‍ ജറൂസലം

ആ രാജ്യത്തിന്‍റെ തലസ്ഥാനമാക്കുന്ന കാര്യവും പരിഗണനയിലുണ്ടായിരുന്നു. 

അതിനെയെല്ലാം കഠിനമായി എതിര്‍ത്തവരില്‍ ഒരാളാണ് പതിനഞ്ചോളം വര്‍ഷമായി പ്രധാനമന്ത്രി പദത്തിലിരിക്കുന്ന നെതന്യാഹു. അദ്ദേഹത്തിന്‍റെ ഭരണത്തില്‍ അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേലി കുടിയേറ്റ കേന്ദ്രങ്ങള്‍ വര്‍ധിക്കുകയാണ് 

ചെയ്തത്. വെസ്റ്റ് ബാങ്കില്‍ നാലു ലക്ഷത്തിലേറെയും കിഴക്കന്‍ ജറൂസലമില്‍ രണ്ടു ലക്ഷത്തിലേറെയും ഇസ്രയേലികള്‍ താമസിക്കുന്നു. 

വെസ്റ്റ് ബാങ്കിലെ സെറ്റില്‍മെന്‍റുകളോ അല്ലെങ്കില്‍ സെറ്റില്‍മെന്‍റുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളോ ഇസ്രയേലിന്‍റെ പരമാധികാരത്തിനു കീഴിലാക്കാന്‍ വര്‍ഷങ്ങളായി ആലോചിക്കുകയായിരുന്നു നെതന്യാഹു. ട്രംപ് യുഎസ് പ്രസിഡന്‍റായതോടെ  

അതിനുള്ള സാഹചര്യം ഒത്തുവന്നു. 

മധ്യപൂര്‍വദേശത്തു സമാധാനം ഉണ്ടാക്കാനെന്ന പേരില്‍ ട്രംപ് ഇക്കഴിഞ്ഞ ജനുവരിയില്‍ അനാവരണം ചെയ്ത പദ്ധതി അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഈ പദ്ധതിയനുസരിച്ച് വെസ്റ്റ് ബാങ്കിലെ സെറ്റില്‍മെന്‍റുകളൊന്നും ഇസ്രയേല്‍ നീക്കം ചെയ്യേണ്ടതില്ല. മാത്രമല്ല, അവയുടെമേല്‍ ഇസ്രയേലിനു പരമാധികാരം ഉണ്ടായിരിക്കുകയും ചെയ്യും.  

അതോടൊപ്പം ജോര്‍ദാനുമായുള്ള അതിര്‍ത്തിയിലെ നദിയുടെ (ജോര്‍ദാന്‍നദി) ഫലഭൂയിഷ്ടമായ തീരപ്രദേശവും ഇസ്രയേലിന്‍റെ പരമാധികാരത്തിനു കീഴിലാക്കാന്‍ നെതന്യാഹു ശ്രമം തുടങ്ങിയത്. ആ പദ്ധതിയുടെ ചുവടുപിടിച്ചാണ്. അതിനും അമേരിക്കയുടെ അംഗീകാരം ഉണ്ടായിരിക്കുമെന്ന് അദ്ദേഹം കരുതുന്നു. 

അങ്ങനെ ഇസ്രയേലുമായി കൂട്ടിച്ചേര്‍ക്കപ്പെടുന്നത് വെസ്റ്റ് ബാങ്കിന്‍റെ ഏതാണ്ട് മൂന്നിലൊന്നു ഭാഗമായിരിക്കും. ബാക്കിയുള്ള പ്രദേശത്തായിരിക്കും പലസ്തീന്‍കാര്‍ക്കു കിട്ടുന്ന പരിമിതമായ അധികാരങ്ങളോടുകൂടിയ രാജ്യം. 

ട്രംപിന്‍റെ ഈ പദ്ധതി അമേരിക്ക ഇതുവരെ പിന്തുടര്‍ന്നുവന്ന നയത്തിനു കടക വിരുദ്ധമാണ്. പലസ്തീന്‍ നേതാക്കളും അറബ് രാജ്യങ്ങളും അതു തള്ളിക്കളഞ്ഞു.  

പക്ഷേ, വെസ്റ്റ് ബാങ്കിന്‍റെ കാര്യത്തില്‍ ഏകപക്ഷീയമായ നടപടിയെടുക്കാനുള്ള ശ്രമത്തില്‍നിന്നു നെതന്യാഹു 

പിന്തിരിഞ്ഞില്ല. അമേരിക്കയില്‍ ട്രംപ് അധികാരത്തിലിരിക്കുമ്പോള്‍തന്നെ അതിനു തുടക്കം കുറിക്കാനുള്ള ധൃതിയിലാണ് അദ്ദേഹം.

നവംബര്‍ മൂന്നിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്‍റെ എതിരാളി ജോ ബൈഡനാണ് വിജയം നേടുന്നതെങ്കില്‍ തന്‍റെ നീക്കങ്ങള്‍ക്ക് അമേരിക്കയില്‍നിന്നു പിന്തുണ കിട്ടില്ലെന്ന ഭയവും നെതന്യാഹുവിനുണ്ടത്രേ. കാരണം, വെസ്റ്റ് ബാങ്ക് 

ഇസ്രയേലുമായി കൂട്ടിച്ചേര്‍ക്കുന്നതിനോടുള്ള എതിര്‍പ്പ് ബൈഡനും പ്രകടിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം.

English Summary: Israel's plan to annex West Bank 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.