നേപ്പാളില്‍ പാളയത്തില്‍ പട

HIGHLIGHTS
  • ഓലി ഭരണം തികഞ്ഞ പരാജയം
  • രാജി ആവശ്യവുമായി ഭരണകക്ഷി നേതാക്കള്‍
nepal-crisis-and-prime-minister-kp-oli
SHARE

ഖഡ്ഗപ്രസാദ് ശര്‍മ ഓലി എന്ന കെ. പി. ശര്‍മ ഓലി പ്രധാനമന്ത്രി പദം ഒഴിയണമെന്ന് അദ്ദേഹത്തിന്‍റെ പാര്‍ട്ടിയില്‍നിന്നു തന്നെയുളള മുറവിളി ഒരു ഭാഗത്ത്. എന്തുവന്നാലും ഒഴിയാതിരിക്കാന്‍ ഓലി പയറ്റുന്ന അടവുകള്‍ മറുഭാഗത്തും. ഇവര്‍ തമ്മിലുള്ള വടംവലിയാണ് കഴിഞ്ഞ ചില ആഴ്ചകളായി നേപ്പാളിലെ രാഷ്ട്രീയം. 

രണ്ടു വര്‍ഷം മുന്‍പ് ഓലി രണ്ടാം തവണയും പ്രധാനമന്ത്രിയായത് പാര്‍ലമെന്‍റിലെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്‍റെ പിന്തുണയോടെയായിരുന്നു. നേപ്പാള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനും രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാനുമുള്ള സുവര്‍ണാവസരമാണ് അങ്ങനെ അദ്ദേഹത്തിനു ലഭിച്ചത്. 

പക്ഷേ, അതിവേഗം അദ്ദേഹം അതു കളഞ്ഞുകുളിച്ചു. നേപ്പാളിന്‍റെ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ടവനും ഏറ്റവും അഴിമതിക്കാരനുമായ പ്രധാനമന്ത്രിയെന്ന കുപ്രസിദ്ധി നേടി. 9000 പേരുടെ മരണത്തിനു കാരണമായ 2015ലെ ഭൂകമ്പം സൃഷ്ടിച്ച പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിടുന്നതിലും ആ പിടിപ്പുകേട് ആവര്‍ത്തിച്ചു.   

അതിനിടയില്‍, ഇന്ത്യയുമായി അനാവശ്യമായി ഇടഞ്ഞു. ചൈനയോടുള്ള വിധേയത്വവും കൂടുതല്‍ പ്രകടമായി. ഓലിയുടെ ഏകപക്ഷീയമായ നടപടികള്‍ ഭരണകക്ഷിയിലെ പ്രമുഖ നേതാക്കളില്‍ പലരെയും വെറുപ്പിക്കുകയുംചെയ്തു. അവരെല്ലാം ഓലിയുടെ രാജി ആവശ്യപ്പെടാന്‍ തുടങ്ങിയത് അങ്ങനെയാണ്.  

മുന്‍ പ്രധാനമന്ത്രിമാരായ പുഷ്പകമല്‍ ദഹല്‍ എന്ന പ്രഛണ്ഡ, മാധവ് കുമാര്‍ നേപ്പാള്‍, ജല്‍നാഥ് ഖനല്‍ എന്നിവര്‍ ഇവരില്‍ ഉള്‍പ്പെടുന്നു. ഓലിയുടെ നേതൃത്വത്തിലായിരുന്ന യൂനിഫൈഡ് മാര്‍ക്സിറ്റ്-ലെനിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രചണ്ഡയുടെ മാവോയിസ്റ്റ് സെന്‍റര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും 2018ല്‍ തമ്മില്‍ ലയിച്ചതിനെ തുടര്‍ന്നുണ്ടായനേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഭരണത്തില്‍. തെക്കു കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയായി ഇതെണ്ണപ്പെടുന്നു. 

പ്രധാനമന്ത്രിക്കു പുറമെ, പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍ എന്നിവരും ഈ പാര്‍ട്ടിക്കാരാണ്. നേപ്പാളിലെ ഏഴു പ്രവിശ്യകളില്‍ ആറും ഭരിക്കുന്നതും കമ്യൂണിസ്റ്റ് പാര്‍ട്ടിതന്നെ. പക്ഷേ, ഓലി കാരണം പാര്‍ട്ടി പിളര്‍പ്പിന്‍റെ വക്കില്‍ എത്തിനില്‍ക്കുന്നു. ഭരണം തുടരാനായി പാര്‍ട്ടിയെ പിളര്‍ത്താന്‍പോലും അദ്ദേഹം കരുക്കള്‍ നീക്കുകയാണെന്നും ആരോപണമുണ്ട്.        

നേപ്പാളിലെ മറ്റു പല നേതാക്കളെയും അപേക്ഷിച്ച് പില്‍ക്കാലത്തുമാത്രം അധികാര രാഷ്ട്രീയത്തിന്‍റെ മുന്‍നിരയില്‍ എത്തിയ ആളാണ് അറുപത്തെട്ടുകാരനായ ഓലി. ആദ്യമായി പ്രധാനമന്ത്രിയായത് 2015ലായിരുന്നു. 

ഇന്ത്യയിലെ നക്സലൈറ്റ് മാതൃകയില്‍ രൂപം കൊണ്ട ജാപ എന്ന സായുധ വിപ്ളവ പ്രസ്ഥാനത്തിലായിരുന്നു ചെറുപ്പത്തില്‍. അങ്ങനെ 21ാം വയസ്സില്‍, ഒരു കര്‍ഷകനെ വധിച്ച കേസില്‍ 14 വര്‍ഷം ജയിലില്‍ കിടന്നു. രാജാവ് മാപ്പു നല്‍കിയതിനെ തുടര്‍ന്നായിരുന്നു മോചനം.  

ജാപ പ്രസ്ഥാനം പിന്നീട് യൂനിഫൈഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ (യുഎംഎല്‍)ലയിച്ചതോടെയാണ് ഓലി മുഖ്യധാരാ രാഷ്ട്രീയത്തില്‍ എത്തിയത്. 1994ല്‍ യുഎംഎല്‍ നേതാവ് മന്‍മോഹന്‍ അധികാരിയുടെ ഗവണ്‍മെന്‍റില്‍ ആഭ്യന്തര മന്ത്രിയും പിന്നീടു നേപ്പാളി കോണ്‍ഗ്രസ് നേതാവ് ഗിരിജ പ്രസാദ് കൊയ്രാളയുടെ മന്ത്രിസഭയില്‍ വിദേശ മന്ത്രിയുമായി. 

രാജഭരണം അവസാനിക്കുകയും നേപ്പാള്‍ റിപ്പബ്ളിക്കാവുകയും ചെയ്തശേഷം യുഎംഎല്‍ ചെയര്‍മാനായതിനെ തുടര്‍ന്നാണ് ഓലി പ്രധാനമന്ത്രി പദത്തിലും എത്തിയത്. പക്ഷേ, പത്തുമാസം കഴിഞ്ഞതോടെ അതവസാനിച്ചു. കൂട്ടുമന്ത്രിസഭയിലെ ഘടകകക്ഷിയായിരുന്ന മാവോയിസ്റ്റ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതായിരുന്നു കാരണം. 

ഓലിയുടെ ഇന്ത്യാ വിരോധം പ്രകടമാകാന്‍ തുടങ്ങിയതും അതിനിടയിലാണ്. ഇന്ത്യയുടെ അതിര്‍ത്തിക്കു സമീപമുള്ള പ്രദേശത്തു താമസിക്കുന്ന മധേഷികള്‍ പുതിയ ഭരണഘടനയിലെ വിവേചനത്തിനെതിരെ നടത്തിയ പ്രക്ഷോഭം അദ്ദേഹം  അടിച്ചമര്‍ത്തി. 

ഇന്ത്യയില്‍നിന്നുള്ള ചരക്കു ലോറികള്‍ സമരക്കാര്‍ അഞ്ചുമാസത്തോളം തടഞ്ഞപ്പോള്‍ ഭക്ഷണ സാധനങ്ങളും പെട്രോളും ഡീസലും ഗ്യാസും മറ്റും ഇന്ത്യയിലൂടെ റോഡ് വഴി നേപ്പാളില്‍ എത്തിയിരുന്നതു നിലച്ചു. ജനജീവിതം സ്തംഭിച്ചു. ഇന്ത്യയെയാണ് ഓലി അതിനു കുറ്റപ്പെടുത്തിയത്. പിന്നീട്, തന്‍റെ പ്രധാനമന്ത്രി സ്ഥാനത്തിനു നേരെ വെല്ലുവിളി ഉയര്‍ന്നപ്പോള്‍ അതിന്‍റെ പിന്നിലും ഇന്ത്യയാണെന്നു പറയാന്‍ അദ്ദേഹം മടിച്ചില്ല. 

2017ല്‍ രണ്ടാം തവണയും ഓലി പ്രധാനമന്ത്രിയായത് മുന്‍പൊരു തവണ തന്‍റെ പാലം വലിച്ച മാവോയിസ്റ്റ് നേതാവ് പ്രഛണ്ഡയുമായി സഖ്യമുണ്ടാക്കിയാണ്.രണ്ടു കമ്യൂണിസ്റ്റ് പാര്‍ട്ടികളും കൂടി പാര്‍ലമെന്‍റിലും ഏഴില്‍ ആറു പ്രവിശ്യകളിലും നേടിയ തകര്‍പ്പന്‍ വിജയം പിന്നീട് അവര്‍ തമ്മിലുള്ള ലയനത്തിനും വഴിയൊരുക്കി.  

ഓലി പ്രധാനമന്ത്രിയായതിനു പുറമെ അദ്ദേഹവും പ്രചണ്ഡയും പാര്‍ട്ടിയുടെ സഹാധ്യക്ഷരാവുകയും ചെയ്തു. രണ്ടര വര്‍ഷം കഴിഞ്ഞാല്‍  പ്രധാനമന്ത്രിസ്ഥാനം അടുത്ത രണ്ടര വര്‍ഷത്തേക്ക് ഓലി പ്രചണ്ഡയ്ക്കു വിട്ടുകൊടുക്കണമെന്നായിരുന്നു  കരാര്‍. 

ഇതില്‍ മാറ്റം വരുത്താനും അഞ്ചു വര്‍ഷം മുഴുവനായി ഓലിക്കു വിട്ടുകൊടുക്കാനും 2019ല്‍ പ്രചണ്ഡ തയാറായി. അതിനു പകരമായി സുപ്രധാന കാര്യങ്ങളില്‍ പ്രചണ്ഡയുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ തേടാന്‍ ഓലി ബാധ്യസ്ഥനായിരുന്നു. അതദ്ദേഹം പാലിച്ചില്ല. 

അവര്‍ തമ്മില്‍ വീണ്ടും ഇടയാന്‍ തുടങ്ങിയത് അങ്ങനെയാണ്. ഓലിയുടെ ഏകപക്ഷീയമായ തീരുമാനങ്ങളും വിവാദപരമായ പ്രസ്താവനകളും  അദ്ദേഹത്തിന്‍റെ പഴയ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ മാധവ് കുമാര്‍ നേപ്പാള്‍, ജല്‍നാഥ് ഖനല്‍ തുടങ്ങിയവരെയും അകറ്റി. 

ഓലിയുടെ ഇന്ത്യാവിരോധം കൂടുതല്‍ പ്രകടമാകാന്‍ തുടങ്ങിയതും രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷമാണ്. അതിര്‍ത്തിയിലുളള ഇന്ത്യയുടെ പ്രദേശം നേപ്പാളിന്‍റെ ഭൂപടത്തില്‍ ഉള്‍പ്പെടുത്താനായി ഭരണഘടന ഭേദഗതി ചെയ്യാന്‍ അദ്ദേഹം മുന്‍കൈയെടുക്കുകയും തിടുക്കം കൂട്ടുകയും ചെയ്തു.  

ഇന്ത്യയെപ്പറ്റി പല തവണ നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തി. കോവിഡ് മഹാമാരിയെപ്പറ്റി സംസാരിക്കുമ്പോള്‍  ഇന്ത്യന്‍ വൈറസ് ചൈനയില്‍ നിന്നുള്ള വൈറസിനേക്കാള്‍ മാരകമാണ് എന്നു പറഞ്ഞു. 

ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭത്തിലെ സത്യമേവ ജയതേ എന്ന വാക്കുകള്‍ മാറ്റിപ്പറഞ്ഞു കളിയാക്കി. ഒടുവില്‍, തന്നെ പുറത്താക്കാന്‍ ന്യൂഡല്‍ഹിയിലും കാഠ്മണ്ടുവിലെ ഇന്ത്യന്‍ എംബസ്സിയിലും ഗൂഡാലോചന നടക്കുകയാണെന്നു പരസ്യമായി കുറ്റപ്പെടുത്താനും മടിച്ചില്ല. 

ഇന്ത്യയും നേപ്പാളും തമ്മില്‍ പരമ്പരാഗതമായി നിലനിന്നുവന്ന സൗഹൃദത്തിനു കടക വിരുദ്ധമാണ് ഇതെല്ലാം. നേപ്പാളിലെ മറ്റൊരു പ്രധാനമന്ത്രിയില്‍നിന്നും ഇത്രയും മോശമായ പെരുമാറ്റം ഇന്ത്യക്കു നേരിടേണ്ടിവന്നിരുന്നില്ല. 

തന്‍റെ രാജിക്കുവേണ്ടിയുള്ള മുറവിളി ശക്തമായപ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലേക്കു പ്രസിഡന്‍റ് ബിദ്യ ദേവി ഭണ്ഡാരിയെ വലിച്ചിഴയ്ക്കാനും ഓലി തയാറാവുകയുണ്ടായി. തന്‍റെ എതിരാളികള്‍ പ്രസിഡന്‍റിനെ കുറ്റവിചാരണ ചെയ്തു പുറത്താക്കാനും ഗൂഡാലോചന നടത്തുകയാണെന്ന അദ്ദേഹത്തിന്‍റെ ആരോപണം അതിനുദാഹരണമായിരുന്നു. 

ഇതിനു മറ്റൊരു വശവുമുണ്ട്. ഓലിയെ പ്രസിഡന്‍റ് വഴിവിട്ടു സഹായിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരിക്കുകയാണ്. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം നടന്നുകൊണ്ടിരിക്കേ ഓലിക്കെതിരെ അവിശ്വാസ പ്രമേയം വരാനിടയുണ്ടെന്നു സൂചനകളുണ്ടായിരുന്നു. പക്ഷേ, സമ്മേളനം പ്രസിഡന്‍റ് പ്രൊറോഗ് ചെയ്തതിനാല്‍ അതു നടന്നില്ല. 

ഓലിയെ പ്രസിഡന്‍റ് സഹായിക്കുന്നുവെന്ന ആരോപണം അങ്ങനെയുണ്ടായതാണ്. ഓലിയുടെ യൂനിഫൈഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉപാധ്യക്ഷയായിരുന്നു ബിദ്യ ദേവി ഭണ്ഡാരി.

ഓലി നേരിടുന്ന പ്രതിസന്ധിയില്‍ ഏറ്റവുമധികം വിമ്മിഷ്ടം അനുഭവിക്കുന്നതു ചൈനയായിരിക്കും. കാരണം, ചൈനയോടുള്ള വിധേയത്വം അദ്ദേഹം ഒരിക്കലും മറച്ചുപിടിച്ചിരുന്നില്ല. 

പൊതുതിരഞ്ഞെടുപ്പില്‍ രണ്ടു കമ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മില്‍ സഖ്യമുണ്ടാക്കുകയും പിന്നീട് അവര്‍ തമ്മിലുള്ള ലയനം സാധ്യമാക്കുകയും ചെയ്യന്നതില്‍ നിര്‍ണായക പങ്കു വഹിച്ചതു വനിതയായ ചൈനീസ് അംബാസ്സഡര്‍ ഹൂ യാന്‍ഖിയായിരുന്നു. ഓലിയെ രക്ഷപ്പെടുത്താനുള്ള കുറേക്കൂടി ക്ലേശകരമായദൗത്യവുമായി അവര്‍ വീണ്ടും രംഗത്തിറങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Nepal Prime Minister K P Oli faces calls to step down

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.