സിന്‍ജിയാങ്ങില്‍ സംഭവിക്കുന്നത്

HIGHLIGHTS
  • അമേരിക്കയും ചൈനയും ഉപരോധ യുദ്ധത്തില്‍
  • ഐസിസിയില്‍ ചൈനയ്ക്കെതിരെ കേസ്
US-and-china
ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്, യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്
SHARE

അമേരിക്കയും ചൈനയും തമ്മിലുളള ബന്ധം ഉലയാന്‍ ഇപ്പോള്‍ മറ്റൊരു കാരണംകൂടിയായി-ചൈനയിലെ ഉയിഗര്‍ പ്രശ്നം. ചൈനയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങ്ങിലെ അസാധാരണമായ സ്ഥിതിഗതികളിലേക്കും അവിടത്തെ നിവാസികളായ ഉയിഗര്‍ വംശജരുടെ ദുരനുഭവങ്ങളിലേക്കും ഇതോടെ വീണ്ടും ലോകശ്രദ്ധ ആകര്‍ഷിക്കപ്പെടുന്നു.  

സിന്‍ജിയാങ്ങിലെ ജനങ്ങളില്‍ വലിയൊരു വിഭാഗം (പത്തു ലക്ഷത്തിലേറെ പേര്‍) തടവുപുള്ളികളെപ്പോലെ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ ബഹുഭൂരിപക്ഷവും ഇസ്ലാം മതവിശ്വാസികളായ ഉയിഗര്‍ വംശജരാണ്. ഭരണകൂടത്തിനു ഭീഷണിയാകുമെന്നു സംശയത്താല്‍ ഇവര്‍ കര്‍ശനമായി നിരീക്ഷിക്കപ്പെടുന്നു. 

അതിന്‍റെ ഭാഗമായി പല വിധത്തിലുമുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ തുടങ്ങിയ രാജ്യാന്തര മനുഷ്യാവകാശ സംഘടനകള്‍ പല തവണ ചൂണ്ടിക്കാട്ടിയിട്ടുളളതാണ് ഈ സ്ഥിതിഗതികള്‍. 

ആരോപണ പ്രത്യാരോപണങ്ങള്‍ മൂത്ത് അമേരിക്കയും ചൈനയും പരസ്പരം ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതാണ് ഇതു സംബന്ധിച്ച ഏറ്റവും പുതിയ സംഭവവികാസം. ചൈനയിലെ മൂന്നും അമേരിക്കയിലെ നാലും പ്രമുഖ വ്യക്തികള്‍ ഉപരോധത്തിന് ഇരയായി. 

ഉയിഗറുകള്‍ക്കെതിരായ പീഡനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നുവെന്ന പേരില്‍ ചൈനയിലെ മൂന്നു പേര്‍ക്കെതിരെ യുഎസ് ഭരണകൂടം ഉപരോധം പ്രഖ്യാപിച്ചതു കഴിഞ്ഞ ആഴ്ചയായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 13) ചൈന അതേ വിധത്തില്‍ തിരിച്ചടിച്ചു. 

ചൈനയിലെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗവും സിന്‍ജിയാങ് മേഖലാ സെക്രട്ടറിയുമായ ചെന്‍ ക്വാന്‍ഗുവോ ആണ് യുഎസ് ഉപരോധത്തിനു വിധേയരായവരില്‍ ഒരാള്‍. ഇത്രയും ഉന്നതനായ ഒരു ചൈനീസ് നേതാവിനെതിരേ ഇത്തരമൊരു നടപടിയുണ്ടാകുന്നത് ഇതാദ്യമാണ്. പോളിറ്റ്ബ്യൂറോയ്ക്ക് അകത്തുതന്നെയുള്ള ഉന്നതാധികാര സമിതിയായ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കു സ്ഥാനക്കയറ്റം കിട്ടാന്‍കൂടി സാധ്യതയുള്ള ആളാണത്രേ ചെന്‍. 

സിന്‍ജിയാങ്ങിനെപ്പോലെതന്നെ ഒരു പ്രശ്നമേഖലയായി ചൈന കരുതുന്ന ടിബറ്റിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി തലവനായിരുന്നു മുന്‍പ് ഇദ്ദേഹം. എതിര്‍പ്പുകള്‍ അടിച്ചമര്‍ത്തുന്നതില്‍ അവിടെ പയറ്റിയ അടവുകളുടെ പിന്‍ബലവുമായിട്ടായിരുന്നു നാലു വര്‍ഷംമുന്‍പ് സിന്‍ജിയാങ്ങിലെ അദ്ദേഹത്തിന്‍റെ രംഗ പ്രവേശം.

യുഎസ് ഉപരോധം നിലനില്‍ക്കുന്നിടത്തോളം കാലം അമേരിക്കയിലേക്കു പോകാന്‍ അദ്ദേഹത്തിനോ മറ്റു രണ്ടു പേര്‍ക്കോ അവരുടെയെല്ലാം കുടുംബാഗങ്ങള്‍ക്കോ പറ്റില്ല. അമേരിക്കയില്‍ അവര്‍ക്ക് ആസ്തികള്‍ വല്ലതുമുണ്ടെങ്കില്‍ അവ മരവിപ്പിക്കപ്പെടും. അമേരിക്കയിലെ ആരുമായും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതും അസാധ്യമാവും. 

ഇതുമൂലം ഇവര്‍ക്കുണ്ടണ്ടാകാനിടയുള്ള കഷ്ടനഷ്ടങ്ങള്‍ എന്തെല്ലാമാണെന്നു വ്യക്തമല്ല. എങ്കിലും, ചൈന ക്ഷോഭിച്ചു. ഇതു ചൈനയുടെ ആഭ്യന്തര കാര്യത്തിലുളള ഗുരുതരമായ ഇടപെടലാണ്, അഹങ്കാരം മുറ്റിനില്‍ക്കുന്ന ഈ തീരുമാനം തിരുത്തണം, ഇല്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകും-ഇങ്ങനെയായിരുന്നു ബെയ്ജിങ്ങില് ചൈനീസ് വിദേശകാര്യ വക്താവിന്‍റെ പ്രതികരണം. 

ചൈന ഉപരോധം പ്രഖ്യാപിച്ചുവെങ്കിലും അതിന്‍റെ വിശദാംശങ്ങള്‍ ഇനിയും അറിവായിട്ടില്ല. ചൈനയുടെ ഉപരോധത്തിന് ഇരയായിട്ടുള്ള നാലില്‍ മൂന്നു പേരും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ മുന്‍നിരക്കാരും യുഎസ് കോണ്‍ഗ്രസ്സിലെ അംഗങ്ങളുമാണ്. ഇവരില്‍ രണ്ടു പേര്‍-സെനറ്റര്‍ ടെഡ് ക്രൂസും സെനറ്റര്‍ മാര്‍ക്കോ റുബിയോയും-ഉയിഗര്‍ പ്രശ്നത്തിന്‍റെ പേരില്‍ ചൈനയ്ക്കെതിരെ നടപടിയെടുക്കണമെന്നു ശക്തമായി ആവശ്യപ്പെട്ടുവരികയുമായിരുന്നു. 

വാസ്തവത്തില്‍, ഈ പ്രശ്നത്തില്‍ യുഎസ് ഭരണകൂടം ഇടപെടണമെന്ന ആവശ്യം നേരത്തെതന്നെ അമേരിക്കയില്‍ ഉയരുകയുണ്ടായി. ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആഹ്വാനവുമായി സെനറ്റിലെയും പ്രതിനിധിസഭയിലെയും 78 അംഗങ്ങള്‍ (റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരും ഡമോക്രാറ്റിക് പാര്‍ട്ടിക്കാരും) ട്രംപിനു കത്തയക്കുകയും ചെയ്തിരുന്നു.  

വ്യാപാര കാര്യത്തില്‍തന്നെ ചൈനയുമായി അമേരിക്ക ഇടഞ്ഞിരിക്കേയായിരുന്നു കോവിഡ് മഹാമാരിയുടെ ആഗമനം. അതോടെ ബന്ധം കുറേക്കൂടി ഉലഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ ഹോങ്കോങ്ങിലെ ചൈനയുടെ വിവാദപരമായ നടപടികളുടെ പേരിലും അവര്‍ ഏറ്റുമുട്ടി. അതിന്‍റെ തൊട്ടു പിന്നാലെയാണ് ഉയിഗര്‍ പ്രശ്നവും ലോകത്തെ ഏറ്റവും വലിയ രണ്ടു സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള ബന്ധം പൂര്‍വാധികം കലുഷമാകാന്‍ കാരണമായിരിക്കുന്നത്. 

സിന്‍ജിയാങ്ങില്‍ പത്തു ലക്ഷം പേരെ തടങ്കല്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന വാര്‍ത്തകള്‍ ചൈന ആദ്യം നിഷേധിക്കുകയായിരുന്നു. എങ്കിലും, പുനര്‍ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കാനുള്ള ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നതായി പിന്നീടു സമ്മതിച്ചു. ഉയിഗറുകളുടെ സ്വത്വം നിശ്ശേഷം തുടച്ചുനീക്കാനുള്ള ശ്രമമാണ് ഈ ക്യാമ്പുകളില്‍ നടക്കുന്നതെന്ന് ആരോപിക്കപ്പെടുന്നു. 

പടിഞ്ഞാറന്‍ മേഖലയില്‍തന്നെ തെക്കു ഭാഗത്തു കിടക്കുന്ന ടിബറ്റിലെ ബുദ്ധമതക്കാരെപ്പോലെ സിന്‍ജിയാങ്ങിലെ ഉയിഗര്‍ മുസ്ലിംകളും ചൈനയിലെ ന്യൂനപക്ഷ വിഭാഗങ്ങളാണ്. 92 ശതമാനം വരുന്ന ഹാന്‍ വിഭാഗക്കാരില്‍നിന്നു പലവിധത്തിലും വ്യത്യസ്തരാണിവര്‍. തുര്‍ക്കി രക്തമാണ് തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഉയിഗറുടെ ഭാഷയ്ക്കു തുര്‍ക്കിഭാഷയോടാണ് സാമ്യം.ഇസ്ലാം മതവിശ്വാസം, ഹലാല്‍ ഭക്ഷണം സംബന്ധിച്ച നിഷ്ക്കര്‍ഷ എന്നിവയും അവരെ ഹാന്‍ വിഭാഗത്തില്‍നിന്നു വേര്‍തിരിക്കുന്നു. 

അയല്‍രാജ്യങ്ങളായ കസഖ്സ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മംഗോളിയ എന്നിവയിലെ ജനങ്ങളുമായാണ് അവര്‍ക്കു സാംസ്ക്കാരികമായ അടുപ്പമെന്ന പ്രത്യേകതയുമുണ്ട്. റഷ്യ, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവയുമായും സിന്‍ജിയാങ് അതിര്‍ത്തി പങ്കിടുന്നു. 

ചൈനയുടെ ഏറ്റവും വലിയ മേഖലയാണ് 16 ലക്ഷം ചതുരശ്ര കിലാമീറ്ററില്‍  പരന്നുകിടക്കുന്ന സിന്‍ജിയാങ്. ചൈനയുടെ കല്‍ക്കരി, എണ്ണ, പ്രകൃതി വാതകം എന്നിവയുടെ നിക്ഷേപത്തിന്‍റെ വലിയൊരു ഭാഗവും അവിടെയാണ്. മധ്യേഷ്യയിലേക്കുള്ള ചൈനയുടെ കവാടം എന്ന പ്രാധാന്യവുമുണ്ട്. 

ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയിലും  സിന്‍ജിയാങ് നിര്‍ണായക പങ്കുവഹിക്കുന്നു. അറബിക്കടല്‍ തീരത്തെ പാക്ക് തുറമുഖമായ ഗ്വാദറില്‍നിന്നു തുടങ്ങുന്ന ഇടനാഴി അവസാനിക്കുന്നതു സിന്‍ജിയാങ്ങിലെ കാഷ്ഗറിലാണ്. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ അറബിക്കടലിലേക്കുള്ള വഴിയും ചൈനയ്ക്കു തുറന്നുകിട്ടും.  

കമ്യൂണിസ്റ്റുകള്‍ 1949ല്‍ ചൈനയില്‍ ഭരണം പിടിച്ചടയ്ക്കുന്നതിനുമുന്‍പുള്ള കാലഘട്ടത്തില്‍ രണ്ടു തവണ സിന്‍ജിയാങ്ങ് വേറിട്ടുപോകാന്‍ ശ്രമിക്കുകയുണ്ടായി. കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ റിപ്പബ്ളിക്ക് എന്ന പേരില്‍ സ്വതന്ത്ര്യ രാജ്യം പ്രഖ്യാപിക്കപ്പെട്ടു. പക്ഷേ, അത് അധികമൊന്നും നീണ്ടുനിന്നില്ല. 

വിഘടനവാദം ഇപ്പോഴും സിന്‍ജിയാങ്ങില്‍ ഉണ്ടെന്നാണ്‌ ബെയ്ജിങ്ങിലെ ഗവണ്‍മെന്‍റ് കരുതുന്നത്. അതിന്‍റെ ഭാഗമായി ഉയിഗറുകള്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും സംശയിക്കുന്നു. തലസ്ഥാനമായ ഉറുംഖി ഉള്‍പ്പെടെ പല സ്ഥലങ്ങളിലും കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ഉണ്ടായ അക്രമങ്ങളും ചോരച്ചൊരിച്ചിലും ഇതിനുദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

ഉയിഗറുകള്‍ മൊത്തത്തില്‍തന്നെ ഭരണകൂടത്തിന്‍റെ നോട്ടപ്പുള്ളികളായത് ആ പശ്ചാത്തലത്തിലാണ്. തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കപ്പെടുകയും കര്‍ശനമായ നിരീക്ഷണത്തിനും നിയന്ത്രണങ്ങള്‍ക്കും അവര്‍ വിധേയരാകാന്‍ തുടങ്ങുകയും ചെയ്തു. മനുഷ്യാവകാശ ധ്വംസനങ്ങള്‍ പതിവായി.   

സ്വന്തം പാരമ്പര്യവും സംസ്ക്കാരവും മതവിശ്വാസവും തള്ളിപ്പറയുക, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപദാനങ്ങള്‍ വര്‍ണിക്കുക, പാര്‍ട്ടിയുടെ തലവനും രാജ്യത്തിന്‍റെ പ്രസിഡന്‍റുമായ ഷി ചിന്‍പിങ്ങിന്‍റെ മഹത്വം പാടിപ്പുകഴ്ത്തുക എന്നിവയാണത്രേ പുനര്‍വിദ്യാഭാസം എന്ന പേരില്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ നടക്കുന്നത്. നിശ്ചിത സമയത്തിനകം വേണ്ടത്ര പുരോഗതി കൈവരിക്കാത്തവര്‍ക്കു കഠിന ശിക്ഷ അനുഭവിക്കേണ്ടിവരുന്നുവെന്നും വിവിധ സ്രോതസ്സുകളിലൂടെ പുറത്തുവരുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. 

വിദേശത്തു പ്രവര്‍ത്തിക്കുന്ന രണ്ട് ഉയിഗര്‍ സംഘടനകള്‍ ചൈനയ്ക്കെതിരായ പരാതിയുമായി രാജ്യാന്തര ക്രിമിനല്‍ കോടതിയെ (ഐസിസി) സമീപിച്ചതാണ് ഇതോടനുബന്ധിച്ചുണ്ടായ മറ്റൊരു സംഭവവികാസം. സിന്‍ജിയാങ്ങില്‍ നടന്നുവരുന്നത് വംശഹത്യയും യുദ്ധക്കുറ്റങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പാതകങ്ങളുമാണെന്ന് അവര്‍ ആരോപിക്കുന്നു. 

പക്ഷേ, ഐസിസിയില്‍ ചൈന അംഗമല്ല. അതിനാല്‍ ഐസിസിയുടെ തീരുമാനം ചൈനയുടെ മേല്‍ നടപ്പാക്കാനാവില്ല. എങ്കിലും, സിന്‍ജിയാങ്ങിലെ ഉയിഗര്‍ പ്രശ്നം വീണ്ടും ലോകശ്രദ്ധ ആകര്‍ഷിക്കാന്‍ ഈ പരാതിയും കാരണമാകുന്നു.

                    

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം.

English Summary: US and China hit each other with fresh sanctions

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA