അപകട പാതയില്‍ യുഎസ്, ചൈന ബന്ധം

HIGHLIGHTS
  • ബൗദ്ധിക സ്വത്ത് മോഷണത്തില്‍ രോഷം
  • ചൈനയ്ക്കെതിരെ ഒന്നിക്കാന്‍ ആഹ്വാനം
TRUMP-ASIA/CHINA
SHARE

അമേരിക്കയും ചൈനയും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിതമായിട്ട് 41 വര്‍ഷവും ആറു മാസവുമായി. മുന്‍പൊരിക്കലും കടന്നു പോയിട്ടില്ലാത്ത അത്യന്തം അപകടകരമായ വഴിയിലാണ് ഇപ്പോള്‍ ഈ ബന്ധം  എത്തിച്ചേര്‍ന്നിരിക്കുന്നത്. അന്യോന്യം നയതന്ത്ര കാര്യാലയങ്ങള്‍ അടച്ചുപൂട്ടുന്നു. ഒരു വര്‍ഷത്തിലേറെയായി പല കാരണങ്ങളാല്‍ ബന്ധം അടിക്കടി ഉലയുകയായിരുന്നു. എങ്കിലും ഇതുപോലൊരു സ്ഥിതി ഒരുപക്ഷേ അധികമാരും മുന്‍പ് സങ്കല്‍പ്പിച്ചിട്ടുണ്ടാവില്ല. 

അമേരിക്കയില്‍ ടെക്സസ് സംസ്ഥാനത്തെ ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് മൂന്നു ദിവസത്തിനകം പൂട്ടണമെന്നായിരുന്നു ഇക്കഴിഞ്ഞ ബുധനാഴ്ച (ജൂലൈ 22) യുഎസ് ഉത്തരവ്. ചൈനയില്‍ ചെങ്ഡുവിലെ യുഎസ് കോണ്‍സുലേറ്റ് പൂട്ടാന്‍ തിരിച്ചടിയെന്ന നിലയില്‍ മൂന്നാം ദിവസം ചൈനയും ഉത്തരവിട്ടു.  ചൈനയുടെ തെക്കു പടിഞ്ഞാറു ഭാഗത്ത്  ടിബറ്റിനു സമീപമാണ് ചെങ്ഡു. അതിനാല്‍ തന്ത്രപരമായ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. അത്തരമൊരു പ്രാധാന്യം പക്ഷേ, ഹൂസറ്റണിന് ഇല്ലത്രേ. 

ഇത്തരം സന്ദര്‍ഭങ്ങളില്‍  തിരിച്ചടി സാധാരണമാണ്. തിരിച്ചടിക്കുമെന്നു ചൈന മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് പൂട്ടാനുള്ള യുഎസ് ഉത്തരവ് അനുസരിക്കില്ലെന്നു ചൈന പറഞ്ഞുവെന്ന വാര്‍ത്തയും അതിനിടയില്‍ പുറത്തുവരികയുണ്ടായി.   

USA-TRUMP/
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്

മാത്രമല്ല, ചൈനാ വിരുദ്ധ കുപ്രചാരണം കാരണം അമേരിക്കയില്‍ ചൈനാ വിരോധം വളരുകയാണെന്നു ചൈന കുറ്റപ്പെടുത്തുകയും ചെയ്തു. അതിന്‍റെ ഫലമായി തങ്ങളുടെ എംബസ്സിയിലും  കോണ്‍സുലേറ്റുകളിലും വധ ഭീഷണികള്‍ ലഭിച്ചതായും അവര്‍ ആരോപിക്കുന്നു.

കൂടുതല്‍ ചൈനീസ് കോണ്‍സുലേറ്റുകള്‍ പൂട്ടാന്‍ എപ്പോഴും സാധ്യമാണെന്നു പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വെളിപ്പെടുത്തിയതും ഇതിനിടയിലാണ്. ഏതു യുഎസ് കോണ്‍സുലേറ്റാണ് പൂട്ടേണ്ടത്  എന്നറിയിക്കാന്‍ ഗ്ളോബല്‍ ടൈംസ് എന്ന ചൈനീസ് ഔദ്യോഗിക പത്രം വായനക്കാരോട് ആവശ്യപ്പെട്ടതും ഇതുമായി ചേര്‍ത്തുവായിക്കപ്പെടുന്നു.   

CHINA-CONGRESS/
ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ്

അമേരിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് ഹൂസ്റ്റണ്‍. യുഎസ്-ചൈന നയതന്ത്രബന്ധം 1979ല്‍ ആരംഭിച്ച ശേഷം അതേ വര്‍ഷംതന്നെ  ആദ്യത്തെ ചൈനീസ് കോണ്‍സുലേറ്റ് സ്ഥാപിതമായത് അവിടെയാണ്. മറ്റു ചില രാജ്യങ്ങളുടെ കോണ്‍സുലേറ്റുകളും അവിടെ പ്രവര്‍ത്തിച്ചുവരുന്നു.   

വാഷിങ്ടണിലെ എംബസ്സിക്കു പുറമെ ന്യൂയോര്‍ക്ക്, ഷിക്കാഗോ, സാന്‍ഫ്രാന്‍സിസ്കോ, ലോസാഞ്ചലസ് എന്നീ നഗരങ്ങളിലും ചൈനയ്ക്കു കോണ്‍സുലേറ്റുകളുണ്ട്. അതുപോലെ ബെയ്ജിങ്ങിലെ എംബസ്സികൂടാതെ ഷാങ്ഹായ്, ഗ്വാങ്സൂ, ഷെന്‍യാങ്, ചെങ്ഡൂ, വൂഹാന്‍, എന്നീ നഗരങ്ങളില്‍ യുഎസ് കോണ്‍സുലേറ്റുകളും. 

പക്ഷേ, കോവിഡ് രോഗത്തിന്‍റെ പ്രഭവകേന്ദ്രമായിരുന്ന വൂഹാനിലെ യുഎസ് കോണ്‍സുലേറ്റ്  അക്കാരണത്താല്‍തന്നെ മാസങ്ങളായി പൂട്ടിക്കിടക്കുകയാണ്. അതേസമയം, ബ്രിട്ടീഷ് ഭരണകാലത്തു ഹോങ്കോങ്ങില്‍ ഉണ്ടായിരുന്ന യുഎസ് കോണ്‍സുലേറ്റ് തുടരുന്നുമുണ്ട്.   

അമേരിക്കയുടെ ബൗദ്ധിക സ്വത്തും സ്വകാര്യ വിവരങ്ങളും ചൈന മോഷ്ടിക്കുന്നുവെന്ന ആരോപണത്തോടെയാണ് ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് പൂട്ടിക്കാന്‍ അമേരിക്ക തയാറായത്. ബൗദ്ധിക സ്വത്തു തട്ടിയെടുക്കാനായി ചൈന സര്‍വതന്ത്രങ്ങളും പയറ്റുകയാണെന്നു നേരത്തെതന്നെഅമേരിക്ക കുറ്റപ്പെടുത്തി വരികയായിരുന്നു. 

സ്വന്തം ബുദ്ധിശക്തിയും സര്‍ഗാത്മകതയും ഉപയോഗിച്ചും അദ്ധ്വാനത്തിലൂടെയും നടത്തുന്ന കണ്ടുപിടിത്തങ്ങള്‍, സ്വായത്തമാക്കുന്ന സാങ്കേതിക വിദ്യകള്‍, മറ്റു വിജ്ഞാനങ്ങള്‍ എന്നിവയെയാണ് ബൗദ്ധികസ്വത്ത് എന്നു വിളിക്കുന്നത്. അതു ചോര്‍ന്നു പോകുന്നതിലുള്ള അമേരിക്കയുടെ അമര്‍ഷം സ്വാഭാവികമാണ്.

എന്നാല്‍, ഇതില്‍ ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് വഹിച്ച പങ്ക് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം, ചൈനയുടെ സാന്‍ഫ്രാന്‍സിസ്ക്കോ കോണ്‍സുലേറ്റ് ഒരു മാസമായി യുഎസ്-ചൈന വടംവലിയുടെ നടുവില്‍ അകപ്പെട്ടിരിക്കുകയായിരുന്നു. 

CHINA-USA/NORTHKOREA
ഷി ചിൻപിങ്, ഡോണള്‍ഡ ്ട്രംപ്

അമേരിക്കയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ഒരു ചൈനീസ് ശാസ്ത്ര ഗവേഷകയ്ക്കെതിരെ ഉയര്‍ന്നുവന്ന വീസ തട്ടിപ്പുകേസാണ് അതിന്‍റെ പശ്ചാത്തലം. ജുവാന്‍ ടാങ് എന്നുപേരായ ഈ സ്ത്രീ കലിഫോര്‍ണിയ സര്‍വകലാശാലയില്‍ ബയോളജി ഗവേഷണത്തിനു പ്രവേശനം നേടിയതു ചൈനീസ് സൈന്യവുമായി തനിക്കുളള ബന്ധം മറച്ചുപിടിച്ചായിരുന്നു. 

കാര്യം തുറന്നു പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്കു വീസ കിട്ടുമായിരുന്നില്ല. യുഎസ് കേന്ദ്ര കുറ്റാന്വേഷണ വിഭാഗം (എഫ്ബിഐ) അതു കണ്ടുപിടിച്ചു. പക്ഷേ, സാന്‍ഫ്രാന്‍സിസ്ക്കോയിലെ ചൈനീസ് കോണ്‍സുലേറ്റില്‍ ടാങ് അഭയം പ്രാപിച്ചതിനാല്‍ ഒരു മാസത്തിലേറെയായി അവരെ അറസ്റ്റ് 

ചെയ്യാനായിരുന്നില്ല. ഒടുവില്‍, ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് (ജൂലൈ 24) അറസ്റ്റുണ്ടായത്. എങ്ങനെയെന്ന വിവരം പുറത്തു വന്നിട്ടില്ല.  സമാനമായ കേസുകളിലെ പ്രതികളില്‍ ഉള്‍പ്പെടുന്ന മറ്റു മൂന്നു ചൈനീസ് ശാസ്ത്രജ്ഞര്‍ നേരത്തെതന്നെ പിടിയിലായിരുന്നു. യുഎസ് ബൗദ്ധിക സ്വത്തു മോഷ്ടിക്കാനും രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാനുമായി ചൈനീസ് ചാരന്മാര്‍ നുഴഞ്ഞുകയറുകയാണെന്ന തങ്ങളുടെ ആരോപണത്തിന് ഉദാഹരണമായി അമേരിക്ക ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പോലും ബൗദ്ധിക സ്വത്തുമോഷണ ശ്രമം നടന്നുവത്രേ. കോവിഡിനെതിരായ വാക്സിന്‍ കണ്ടുപിടിക്കാനുള്ള ഗവേഷണം നടക്കുന്ന യുഎസ് ലാബുകളിലെ കംപ്യൂട്ടറുകളില്‍നിന്നു രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈനയുടെ ഹാക്കര്‍മാര്‍ ശ്രമിച്ചുവെന്നാണ് ആരോപണം. 

ചൈനയോടുള്ള യുഎസ് നിലപാട് അടിക്കടി കടുത്തുവരുന്നതിന് അടിവരയിടുകയാണ് ഈ സംഭവങ്ങള്‍. വ്യാപാര ഇടപാടുകളില്‍ ചൈന അന്യായമായ വിധത്തിലുള്ള മുതലെടുപ്പ് നടത്തുകയാണെന്ന് അധികാരത്തില്‍ എത്തുന്നതിനു മുന്‍പ് തന്നെ പ്രസിഡന്‍റ് ഡോണള്‍ഡ ്ട്രംപ് കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.  പിന്നീടു 2018 മുതല്‍ക്കുണ്ടായ വ്യാപാരയുദ്ധത്തില്‍ ഈ വര്‍ഷം ആദ്യത്തോടെ വെടിനിര്‍ത്തല്‍ ഉണ്ടായപ്പോഴേക്കും ചൈനയില്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടു. ലോകമൊട്ടുക്കും അതു ജനജീവിതം അട്ടിമറിച്ചതിനു പുറമെ അമേരിക്കയില്‍ ട്രംപ് വീണ്ടും പ്രസിഡന്‍റാകാനുള്ള സാധ്യതയ്ക്കു മങ്ങലേല്‍പ്പിക്കുകയും ചെയ്തു. 

കോവിഡിന്‍റെ പേരിലും ചൈനയുമായി അമേരിക്ക ഇടഞ്ഞു. അതിന്‍റെ ഫലമായി, ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, വോള്‍ സ്ട്രീറ്റ് ജേര്‍ണല്‍ എന്നീ മൂന്നു പ്രമുഖ യുഎസ് പത്രങ്ങളുടെ  റിപ്പോര്‍ട്ടര്‍മാര്‍ക്ക്  ചൈനയില്‍ പ്രവര്‍ത്തനാനുമതി നിഷേധിക്കപ്പെട്ടു. 

ഹോങ്കോങ്ങ്, സിന്‍ജിയാങ് എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനത്തിന്‍റെ പേരില്‍ അമേരിക്ക സ്വീകരിച്ച ശിക്ഷാനടപടികളും ചൈനയെ ചൊടിപ്പിക്കുകയുണ്ടായി. സിന്‍ജിയാങ് പ്രശ്നത്തില്‍് യുഎസ് ഉപരോധത്തിനു വിധേയരായ മൂന്നു പേരില്‍ ഒരാള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമാണ്. ട്രംപിന്‍റെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ രണ്ടു പ്രമുഖര്‍ ഉള്‍പ്പെടെയുള്ള നാലു പേര്‍ക്കെതിരെ ചൈനയും ഉപരോധം പ്രഖ്യാപിച്ചു. 

us-china-relations-mike-pompeo-image
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപയോ

ചൈനയുടെ നേരെയുള്ള അമേരിക്കയുടെ നിലപാട് എത്രമാത്രം കടുത്തുകഴിഞ്ഞുവെന്നു കുറേക്കൂടി വ്യക്തമാക്കുന്നതാണ്  ഇക്കഴിഞ്ഞ വ്യാഴാഴ്ച (ജൂലൈ 23) യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക്  പോംപയോ ചെയ്ത പ്രസംഗം.  ശക്തിയും സമ്പത്തും നേടിയെടുക്കാനായി ചൈന നുണ പറയുകയും ചതിക്കുകയും മോഷണം നടത്തുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം തുറന്നടിച്ചത്.  "കമ്യൂണിസ്റ്റ് ചൈനയെ സ്വതന്ത്രലോകം നിയന്ത്രിച്ചില്ലെങ്കില്‍ കമ്യൂണിസ്റ്റ് ചൈന നമ്മെ നിയന്ത്രിക്കും" എന്നുമദ്ദേഹം പറഞ്ഞു. ഓരോ രാജ്യത്തെയും ഓരോ നേതാവും ചൈനയ്ക്കെതിരെ ഉറച്ചുനില്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ചൈനയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ നാലു പതിറ്റാണ്ടുമുന്‍പ് മുന്‍കൈയെടുത്തത് അന്നത്തെ യുഎസ് പ്രസിഡന്‍റ് റിച്ചഡ് നിക്സനായിരുന്നു. അതു ഭാവിയില്‍ അപകടത്തിനു കാരണമാകുമെന്ന് അദ്ദേഹത്തിനുതന്നെ സംശയമുണ്ടായിരുന്നുവെന്നും പോപയോ വെളിപ്പെടുത്തിയിട്ടുണ്ട്. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Why US- China relations are at their lowest point in decades

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.