ഒരു ത്രിരാഷ്ട്ര മീശക്കഥ

HIGHLIGHTS
  • യുഎസ് അംബാസ്സഡര്‍ വിവാദത്തില്‍
  • ബന്ധങ്ങള്‍ ഉലയുന്നു
harry-harris-us-ambassador-to-south-korea-shaves-controversial-mustache
SHARE

നയതന്ത്രത്തില്‍ താടിമീശകള്‍ക്കു വല്ല കാര്യവുമുണ്ടോ എന്നു ചോദിച്ചാല്‍, ചോദ്യകര്‍ത്താവിനു വട്ടാണെന്ന തോന്നലാണ് പലര്‍ക്കുമുണ്ടാവുക. എന്നാല്‍, ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ ഈയിടെയുണ്ടായ സംഭവം പറയുന്നത് അങ്ങനെ കരുതാന്‍ വരട്ടെയെന്നാണ്. 

സോളിലെ അമേരിക്കന്‍ അംബാസ്സഡര്‍ തന്‍റെ മീശ ഉപേക്ഷിച്ചതാണ് സംഭവം. അതു ട്വിറ്ററിലൂടെ അദ്ദേഹത്തിന്‍റെ എംബസ്സി ആഘോഷപൂര്‍വം  ലോകത്തെ അറിയിക്കുകയും ചെയ്തു. യുഎസ് നയതന്ത്രജ്ഞന്‍റെ മീശ ദക്ഷിണ കൊറിയന്‍ ബാര്‍ബര്‍ വടിക്കുന്നതിന്‍റെ വിഡിയോയും അദ്ദേഹത്തിന്‍റെ മീശരഹിത മുഖത്തിന്‍റെ ചിത്രവും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാനും താമസമുണ്ടായില്ല. 

അംബാസ്സഡര്‍ ഹാരി ബി. ഹാരിസ് (63) രണ്ടു വര്‍ഷം മുന്‍പ് സോളില്‍ എത്തിയതു മുതല്‍ക്കേ അദ്ദേഹത്തിന്‍റെ സാമാന്യം കട്ടിയുള്ള മീശ ദക്ഷിണ കൊറിയക്കാരില്‍ ചൊറിച്ചില്‍ ഉണ്ടാക്കുകയായിരുന്നു. കാരണം, മുന്‍പ് കൊറിയന്‍ അര്‍ധ ദ്വീപ് പിടിച്ചെടുക്കുകയും കൊറിയക്കാരോട് മനുഷ്യതഹീനമായി പെറുമാറുകയും ചെയ്ത ജപ്പാനിലെ ഭരണാധിപന്മാരെയാണ് അത് അവരെ ഓര്‍മിപ്പിച്ചത്. 

ഹാരിസാണെങ്കില്‍ ഒരു ജപ്പാന്‍കാരിയുടെ മകനുമാണ്. ജനിച്ചതും ജപ്പാനില്‍. കാഴ്ചയില്‍ ജപ്പാന്‍കാരനെപ്പോലെ തോന്നുകയും ചെയ്യും. അങ്ങനെയാണ് അദ്ദേഹത്തിന്‍റെ മീശ ഒരു ത്രിരാഷ്ട്ര പ്രശ്നമായതും.  

താടിമീശകള്‍ വളര്‍ത്തുന്നതും പച്ചകുത്തലും ജപ്പാനില്‍ ഇപ്പോള്‍ ഫാഷനല്ലെങ്കിലും പഴയകാലത്തെ  പല ജാപ്പനീസ് നേതാക്കളും മീശക്കാരായിരുന്നു.  രണ്ടാം ലോകമഹാ യുദ്ധകാലത്തു ജപ്പാനിലെ ചക്രവര്‍ത്തിയായിരുന്ന ഹിരോഹിതോയും യുദ്ധം നയിച്ച സൈനിക നേതാക്കളായ ഹിഡെക്കി ടോജോ, സഡാവോ അറാക്കി, ഷുന്‍ റോക്കു ഹാട്ട തുടങ്ങിയവരും അക്കൂട്ടത്തില്‍പ്പെടുന്നു. 

ജാപ്പനീസ് അധിനിവേശ കാലത്തു കൊറിയയില്‍ ഉണ്ടായിരുന്ന അവരുടെ ഗവര്‍ണര്‍ ജനറല്‍മാരും മീശക്കാരായിരുന്നു. ഇവരെയെല്ലാം കൊറിയക്കാര്‍ ഓര്‍മിക്കുന്നത് കഠിനമായ അവജ്ഞയോടെയാണ്. അതിനിടയിലേക്കായിരുന്നു ഹാരിസിന്‍റെ ആഗമനം.

അംബാസ്സഡര്‍മാര്‍ ഉള്‍പ്പെടെയുള്ള നയതന്ത്രജ്ഞരുടെ ദൗത്യം തങ്ങള്‍ നിയോഗിക്കപ്പെടുന്ന രാജ്യങ്ങളുമായുള്ള സ്വന്തം രാജ്യത്തിന്‍റെ ബന്ധം ആവുന്നത്ര 

സൗഹൃദപരമാക്കുകയാണ്.  എന്നാല്‍, ഹാരിസിന്‍റെ മേല്‍നോട്ടത്തില്‍ കാര്യങ്ങള്‍ തലതിരിഞ്ഞു പോയി. യുഎസ്-ദക്ഷിണ കൊറിയ ബന്ധം ഉലഞ്ഞു. 

അദ്ദേഹത്തിന്‍റെ മീശ അതിന്‍റെ നടുവില്‍പ്പെട്ടു. ജപ്പാന്‍ പശ്ചാത്തലം വിവാദത്തിനു കൊഴുപ്പുകൂട്ടുകയും ചെയ്തു. 

ജപ്പാനിലെ യോകോസുകയില്‍ ഒരു ജപ്പാന്‍ വനിതയില്‍ യുഎസ് നാവിക സേനയിലെ ഉന്നത ഉദ്യോഗസ്ഥനു ജനിച്ച ഹാരിസും പിതാവിനെപ്പോലെ നേവിയിലായിരുന്നു. പടിപടിയായി ഉയര്‍ന്ന് അഡ്മിറല്‍വരെയായി. ശാന്തസമുദ്ര മേഖലയിലെ അമേരിക്കന്‍ സൈനിക കമാന്‍ഡിന്‍റെ തലവനായി. 

നാല്‍പ്പതു വര്‍ഷത്തിനുശേഷം റിട്ടയര്‍ ചെയ്തപ്പോഴാണ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അദ്ദേഹത്തെ അംബാസ്സഡറാക്കിയത്. ഓസ്ട്രേലിയിലേക്ക് അയക്കാനായിരുന്നു ആദ്യത്തെ ആലോചന. അതു മാറ്റുകയും ഒന്നര വര്‍ഷമായി അംബാസ്സഡര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്ന സോളിലേക്കു നിയോഗിക്കുകയും ചെയ്തു. 

നേവിയില്‍ ഹാരിസിനു മീശയുണ്ടായിരുന്നില്ല. യുഎസ് നേവി അതനുവദിക്കുന്നില്ല. അംബാസ്സഡറായി നിയമിതനായതോടെ പുതിയൊരു ജീവിതത്തിലേക്കു പ്രവേശിക്കുകയായിരുന്നു. അതിന്‍റെ അടയാളമായി മീശ വളര്‍ത്താന്‍ തുടങ്ങി എന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. 

‘ഞാന്‍ എന്‍റെ ഉയരം കൂട്ടാന്‍ ശ്രമിച്ചു. അതു സാധ്യമായില്ല. ചെറുപ്പക്കാരനാകാന്‍ ശ്രമിച്ചു. അതും സാധ്യമായില്ല. പക്ഷേ, മീശ വയ്ക്കാന്‍ സാധ്യമായിരുന്നു. അതു ഞാന്‍ ചെയ്തു’ ഈ വര്‍ഷം ജനുവരിയില്‍ കൊറിയയിലെ ഒരു പത്രവുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. 

കൊറിയയുടെ സ്വാതന്ത്ര്യസമര നേതാക്കളില്‍ പലര്‍ക്കും മീശയുണ്ടായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. തന്‍റെ ജാപ്പനീസ് പശ്ചാത്തലത്തിന് അമിത പ്രാധാന്യം നല്‍കുന്നതിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ‘ഞാന്‍ കൊറിയയിലെ ജാപ്പനീസ് അമേരിക്കന്‍ അംബാസ്സഡറല്ല, കൊറിയയിലെ അമേരിക്കന്‍ അംബാസ്സഡറാണ്’ എന്നു വിമര്‍ശകരെ ഓര്‍മിപ്പിക്കാനും മറന്നില്ല.   

ഇപ്പോള്‍, പെട്ടെന്ന് ഹാരിസ് മീശ ഉപേക്ഷിച്ചത് കൊറിയക്കാര്‍ക്കു സന്തോഷിക്കാന്‍ അവസരം നല്‍കുന്നുണ്ടാവാം. എന്നാല്‍ അദ്ദേഹം അതിനു പറയുന്ന കാരണം ആ സന്തോഷത്തിനു മങ്ങലേല്‍പ്പിക്കാനും പര്യാപ്തമാണ്. 

വേനല്‍ക്കാലത്തെ ചൂടും കോവിഡ് പ്രതിരോധത്തിനു മാസ്ക്ക് ധരിക്കേണ്ടിവരുന്നതും മീശ നിലനിര്‍ത്താന്‍ തടസ്സമായി എന്നാണ് വിശദീകരണം. ഇപ്പോള്‍ നല്ല കുളിര്‍മ തോന്നുന്നുവത്രേ. അല്ലാതെ കൊറിയക്കാരെ പ്രീതിപ്പെടുത്താനൊന്നും താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നര്‍ഥം. 

ഹാരിസ് പറയുന്നതുപോലുള്ള കുളിര്‍മ ഇനി യുഎസ്-ദക്ഷിണ കൊറിയ ബന്ധത്തിലേക്കും വ്യാപിക്കുമോ ? ജപ്പാനെപ്പോലെ ദക്ഷിണ കൊറിയയും അമേരിക്കയുമായി സൈനിക സഖ്യമുള്ള രാജ്യമാണ്. 1950-1953ലെ കൊറിയന്‍ യുദ്ധത്തോടെ തുടങ്ങിയതാണ് ഈ സഖ്യം. ഉത്തര കൊറിയയുടെ ആക്രമണത്തില്‍നിന്നു ദക്ഷിണ കൊറിയയെ രക്ഷപ്പെടുത്തിയത് യുഎന്‍ ആഭിമുഖ്യത്തില്‍ എത്തിയ യുഎസ് സൈന്യമായിരുന്നു.

അതിന്‍റെ തുടര്‍ച്ചായി 28,500 യുഎസ് ഭടന്മാര്‍ ഇപ്പോഴും ദക്ഷിണ കൊറിയയില്‍ നില്‍ക്കുന്നുണ്ട്. അതിനുള്ള ചെലവിലേക്കു പ്രതിവര്‍ഷം 90 കോടി ഡോളര്‍ ദക്ഷിണ കൊറിയ അമേരിക്കയ്ക്കു നല്‍കുന്നു. 

അതുപോരെന്നു പറയുന്ന ട്രംപ് 500 കോടി ഡോളര്‍ കിട്ടണമെന്ന് ആവശ്യപ്പെടുകയാണ്. സമ്പന്നരാജ്യമായ ദക്ഷിണ കൊറിയ എന്തുകൊണ്ട് അതിനു വിസമ്മതിക്കുന്നുവെന്ന് അദ്ദേഹം അത്ഭുതപ്പെടുന്നു. ബന്ധം ഉലയാനുള്ള ഒരു കാരണം ഇതാണ്. ജപ്പാനില്‍ നില്‍ക്കുന്ന യുഎസ് സൈനികരുടെ ചെലവിലേക്കു ജപ്പാന്‍ നല്‍കുന്ന തുകയും വര്‍ധിപ്പിക്കണമെന്നു ട്രംപ് ആവശ്യപ്പെടുന്നുണ്ട്. 

ഉത്തര കൊറിയയുമായുള്ള ദക്ഷിണ കൊറിയയുടെ നയത്തിന്‍റെമേല്‍ യുഎസ് ഭരണകൂടം സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ അടിച്ചല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നതും അവര്‍ തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമാകുന്നു. ഈ രണ്ടു കാര്യങ്ങളിലും അംബാസ്സഡര്‍ ഹാരിസ് പരസ്യമായി നടത്തുന്ന പരാമര്‍ങ്ങള്‍ പ്രശ്നത്തിനു കൊഴുപ്പുകൂട്ടുന്നതായും ആക്ഷേപമുണ്ട്.   

ജപ്പാന്‍റെ അധിനിവേശ കാലത്തു അവരുടെ ഗവര്‍ണര്‍ ജനറല്‍മാര്‍ പ്രകടപ്പിച്ചിരുന്ന  അതേ അഹന്തയോടെ ഹാരിസ് പെറുമാറുന്നുവെന്ന ആരോപണവും ഉയരുകയുണ്ടായി. കൊറിയക്കാരുടെ മനസ്സില്‍ ഒരു നൂറ്റാണ്ടു കാലമായി നിലനില്‍ക്കുന്ന ജപ്പാന്‍ വിരോധം ഇതിനു പശ്ചാത്തലമാകുന്നു.

1910 മുതല്‍ 1945ല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതുവരെ 35 വര്‍ഷം നീണ്ടുനിന്ന ജപ്പാന്‍ അധിനിവേശത്തില്‍ കൊടിയ പീഡനങ്ങളാണ് അവിഭക്ത കൊറിയയിലെ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്നിരുന്നത്. 

പില്‍ക്കാലത്ത് ജപ്പാനും ദക്ഷിണ കൊറിയയും സാമ്പത്തിക സ്ഥിതിയില്‍ ഏഷ്യയില്‍ മുന്‍നിരയിലെത്തി. ദക്ഷിണ കൊറിയ ജപ്പാന്‍റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി. എങ്കിലും, പഴയ ചരിത്രം ബാക്കി വച്ചുപോയ പ്രശ്നങ്ങള്‍ ഇടയ്ക്കിടെ പൊങ്ങിവരികയും ബന്ധത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. 

ഇപ്പോള്‍ അത്തരമൊരു സമയമാണ്. മുന്‍പ് സമാനമായ സന്ദര്‍ഭങ്ങളിലെല്ലാം ഇടപെടുകയും ചൂട് തണുപ്പിക്കുകയും ചെയ്തത് അമേരിക്കയായിരുന്നു. എന്നാല്‍, പ്രശ്നത്തിന്‍റെ സങ്കീര്‍ണതകളില്‍ ഇപ്പോള്‍ അമേരിക്കതന്നെ അകപ്പെട്ടുപോകുന്നു. അംബാസ്സഡര്‍ ഹാരിസിന്‍റെ മീശയുടെ കഥ ചൂണ്ടിക്കാട്ടുന്നത് അതാണ്.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Harry Harris US Ambassador to South Korea Shaves controversial mustache

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.