ആണവ ബോംബിന്‍റെ ആദ്യത്തെ ഇരകള്‍

HIGHLIGHTS
  • ഹിരോഷിമ, നാഗസാക്കി 75
  • മരണം ദശകങ്ങള്‍ക്കു ശേഷവും
HIROSHIMA ANNIVERSARY
അമേരിക്കയുടെ ഒരു ബി29 ബോംബര്‍ വിമാനം ഹിരോഷിമയുടെ മുകളില്‍ ബോംബിട്ടത് 1945 ഓഗസ്റ്റ് ആറിനു രാവിലെ 8.15നായിരുന്നു.
SHARE

നാലു ദിവസങ്ങള്‍ക്കിടയില്‍ രണ്ടു വന്‍നഗരങ്ങള്‍ ഓരോന്നും നിമിഷങ്ങള്‍ക്കകം ചുട്ടുകരിക്കപ്പെടുകയും പതിനായിരക്കണക്കിനാളുകള്‍ പൊള്ളലേറ്റും ശ്വാസംമുട്ടിയും കൂട്ടത്തോടെ മരിക്കുകയും ചെയ്തു. ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയും അങ്ങനെ ആണവായുധത്തിന്‍റെ അതിഭയാനകമായ സംഹാരശക്തിയുടെ ആദ്യത്തെ ഇരകളായി. മുക്കാല്‍ നൂറ്റാണ്ടിനുശേഷവും ആ ദിനങ്ങള്‍ (1945 ഓഗസ്റ്റ് ആറും ഒന്‍പതും) ഞെട്ടലോടെ ഓര്‍മിക്കപ്പെടുന്നു. 

രണ്ടാം ലോകമഹായുദ്ധം അവസാനത്തോട് അടുത്തുകൊണ്ടിരിക്കേയായിരുന്നു മാനവ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഈ കൂട്ടക്കൊലകള്‍. എന്തുകൊണ്ട് അതു സംഭവിച്ചു ? അതൊഴിവാക്കാന്‍ കഴിയുമായിരുന്നില്ലേ ? ഹിരോഷിമയും നാഗസാക്കിയും പിന്നീട് ആവര്‍ത്തിക്കപ്പെട്ടില്ലെങ്കിലും അതിന് ഇനിയും ഇടവരാതിരിക്കാന്‍ വഴിയെന്ത് ? ഇങ്ങനെയുള്ള ചോദ്യങ്ങളും ഈ സന്ദര്‍ഭത്തില്‍ ഉയരുന്നുണ്ട്. 

അമേരിക്കയുടെ ഒരു ബി29 ബോംബര്‍ വിമാനം ഹിരോഷിമയുടെ മുകളില്‍ ബോംബിട്ടത് 1945 ഓഗസ്റ്റ് ആറിനു രാവിലെ 8.15നായിരുന്നു. ലിറ്റില്‍ ബോയ് എന്നു പേരിട്ടിരുന്ന ആ യുറേനിയം ബോംബിന്‍റെ സ്ഫോടനത്തില്‍ നഗരം ഏതാണ്ടു പൂര്‍ണമായും നിലംപൊത്തി. സ്ഫോടനം ഉണ്ടാക്കിയ 6000 ഡിഗ്രി സെല്‍ഷ്യസില്‍ കവിഞ്ഞ ചൂടിലും തീജ്വാലയിലും എഴുപതിനായിരം പേര്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ വെന്തുമരിച്ചു. 

Japan Hiroshima Anniversary
ഹിരോഷിമ സമാധാന സ്മരണിക ഉദ്യാനം

ജീവനോടെ ബാക്കിയായവര്‍ അനുഭവിച്ച വേദനയും യാതനയും അവര്‍ണനീയമായിരുന്നു. മൂന്നര ലക്ഷം പേര്‍ പാര്‍ത്തിരുന്ന നഗരത്തില്‍ മരിച്ചവരുടെ എണ്ണം ആ വര്‍ഷം അവസാനമായപ്പോഴേക്കും 140,000 ആയി. ആണവ പ്രസരം മൂലമുണ്ടായ കാന്‍സര്‍ പോലുള്ള രോഗങ്ങളാല്‍ പിന്നെയും ദശകങ്ങളോളം ആളുകള്‍ മരിച്ചുകൊണ്ടിരുന്നു. 

ഓഗസ്റ്റ് ഒന്‍പതിനു രാവിലെ 11 മണി കഴിഞ്ഞു രണ്ടു മിനിറ്റായപ്പോഴായിരുന്നു നാഗസാക്കിയിലെ പ്ളൂട്ടോണിയം ബോംബാക്രമണം. ഫാറ്റ്മാന്‍ എന്നു പേരിട്ടിരുന്ന ആ ബോംബ് ഉടന്‍ കൊന്നൊടുക്കിയത് 40,000 പേരെ. അവിടെയും ജീവനോടെ ബാക്കിയായവര്‍ക്കു ഗുരുതരമായ പരുക്കുകളും ആണവപ്രസരം മൂലമുള്ള മാരക രോഗങ്ങളുമായി ദശകങ്ങളോളം മല്ലിടേണ്ടിവന്നു. രണ്ടു നഗരങ്ങളിലുമായി മരിച്ചവര്‍ മൂന്നര ലക്ഷത്തിലേറെ. 

Japan Hiroshima
ഹാരി ട്രൂമാന്‍

യുദ്ധം അവസാനിപ്പിച്ചുകൊണ്ടു കീഴടങ്ങാന്‍ ജപ്പാനെ പ്രേരിപ്പിക്കുകയായിരുന്നു അമേരിക്കയുടെ ഉദ്ദേശ്യം. രണ്ടു മാസം മുന്‍പ് അഡോള്‍ഫ് ഹിറ്റ്ലറുടെ ജര്‍മനി നിരുപാധികം കീഴടങ്ങിയതോടെതന്നെ യൂറോപ്പില്‍ യുദ്ധത്തിനു തിരശ്ശീല വീണിരുന്നു. എന്നാല്‍ ജര്‍മനിയുടെയും ഇറ്റലിയുടെയും പക്ഷം ചേര്‍ന്നിരുന്ന ജപ്പാന്‍ ഏഷ്യയിലെയും ശാന്ത സമുദ്ര മേഖലയിലെയും അവരുടെ യുദ്ധം അവസാനിപ്പിച്ചില്ല. 

രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിനു മുന്‍പ്തന്നെ അയല്‍രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുകയായിരുന്നു ജപ്പാന്‍. ചൈന, ബര്‍മ (ഇന്നത്തെ മ്യാന്‍മര്‍), മലായ, സിംഗപ്പൂര്‍, കൊറിയ, ഡച്ച് ഈസ്റ്റിന്‍ഡീസ് (ഇന്നത്തെ ഇന്തൊനീഷ്യ), ഫിലിപ്പീന്‍സ് എന്നിവ അവരുടെ ആക്രമണത്തിന് ഇരയായ രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

ഹിരോഷിമയിലെ ആണവാക്രമണത്തിനു ശേഷവും കീഴടങ്ങാന്‍ ജപ്പാന്‍ വിസമ്മതിക്കുകയായിരുന്നു. ഒടുവില്‍, ഹിരോഹിതോ ചക്രവര്‍ത്തി റേഡിയോയിലൂടെ കീഴടങ്ങല്‍ പ്രഖ്യാപിച്ചത് ഓഗസ്റ്റ് 15നാണ്. അതായത് നാഗസാക്കിയിലെ കൂട്ടക്കുരുതിയും കഴിഞ്ഞ് ആറു ദിവസമായപ്പോള്‍.  അതിനിടയില്‍, മഞ്ചൂറിയ ആക്രമിച്ചുകൊണ്ട് ഓഗസ്റ്റ് എട്ടിനു സോവിയറ്റ് യൂണിയനും ജപ്പാനെതിരെ യുദ്ധത്തിലിറങ്ങുകയുണ്ടായി. കീഴടങ്ങാന്‍ ജപ്പാനെ പ്രേരിപ്പിക്കുന്നതില്‍ ഇതുമൊരു പങ്കുവഹിച്ചു.  

ജപ്പാന്‍റെ തലസ്ഥാനമായ ടോക്യോയും ക്യോട്ടോ, യോക്കോഹാമ, നിഗാട്ട തുടങ്ങിയ മറ്റു വന്‍നഗരങ്ങളും നേരത്തെതെന്നെ സാധാരണ ബോംബുകള്‍ ഉപയോഗിച്ചുള്ള യുഎസ് ആക്രമണത്തിന് ഇരയായിക്കഴിഞ്ഞിരുന്നു. ടോക്യോയില്‍ മുഖ്യമായി അവശേഷിച്ചിരുന്നതു ചക്രവര്‍ത്തിയുടെ കൊട്ടാരംമാത്രം. വലിയൊരു സൈനിക കേന്ദ്രം കൂടിയായിരുന്ന ഹിരോഷിമയ്ക്കു നാശത്തിന്‍റെ നറുക്കു വീണത് അങ്ങനെയാണ്.  

രണ്ടാമത്തെ ആക്രമണം കോക്കുറയില്‍ നടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും തീരുമാനം മാറ്റേണ്ടിവന്നു. വ്യവസായ നഗരമായ അവിടത്തെ ഫാക്ടറികളില്‍നിന്നുള്ള പുകയില്‍ ആകാശം മൂടിക്കെട്ടിയതായിരുന്നു കാരണം. അതിന്‍റെ ഫലം നാഗസാക്കിയിലെ ജനങ്ങളുടെ മേല്‍ ഇടിത്തീയായി.

അമേരിക്കയുടെ പക്കല്‍മാത്രമേ അപ്പോള്‍ ആണവ ബോംബ് ഉണ്ടായിരുന്നുള്ളൂ. ഹിരോഷിമ ആക്രണത്തിന് മൂന്നാഴ്ച മുന്‍പ് മാത്രമാണ് ന്യൂമെക്സിക്കോ സംസ്ഥാനത്തെ മരുഭൂമിയില്‍ അതിന്‍റെ വിജയകരമായ പരീക്ഷണം നടന്നിരുന്നതും. അത് ആദ്യമായി ജപ്പാന്‍റെ മേല്‍ പ്രയോഗിക്കാന്‍ അമേരിക്കയ്ക്കു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ നേരിട്ട്  ഇടപെടാതിരുന്ന അമേരിക്കയെ യുദ്ധത്തിലേക്കു വലിച്ചിഴച്ചത് ജപ്പാനാണ്. ആ വിധത്തിലുള്ളതായിരുന്നു അമേരിക്കയുടെ പേള്‍ ഹാര്‍ബറില്‍ ജപ്പാന്‍ 1941 ഡിസംബര്‍ ഏഴിന് ഓര്‍ക്കാപ്പുറത്തു നടത്തിയ വ്യോമാക്രമണം. 

ശാന്ത സമുദ്രത്തിലെ യുഎസ് സംസ്ഥാനമായ ഹവായ് ദ്വീപിലെ പേള്‍ ഹാര്‍ബര്‍ അമേരിക്കന്‍ നാവിക സേനയുടെ ഒരു സുപ്രധാന കേന്ദ്രമായിരുന്നു. ജപ്പാന്‍റെ ആക്രമണത്തില്‍ 2300 യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും 1200 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഒട്ടേറെ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും തകരന്നു.  പിറ്റേന്നുതന്നെ ജപ്പാനെതിരെ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചു. മൂന്നു ദിവസത്തിനുശേഷം അമേരിക്കയ്ക്ക് എതിരെ ജര്‍മനിയുടെ യുദ്ധപ്രഖ്യാപനവുമുണ്ടായി. ഫ്രാങ്ക്ളിന്‍ റൂസ്വെല്‍ട്ടായിരുന്നു അന്നു യുഎസ് പ്രസിഡന്‍റ്. അദ്ദേഹത്തിന്‍റെ നിര്യാണത്തെ തുടര്‍ന്നു വൈസ് പ്രസിഡന്‍റ് ഹാരി ട്രൂമാന്‍ 1945 ഏപ്രിലില്‍ പ്രസിഡന്‍റായി. ഹിരോഷിമയിലും  നാഗസാക്കിയിലും ആണവ ബോംബിടാന്‍ ഉത്തരവിട്ടത് ട്രൂമാനാണ്. 

ഇത്രയും വലിയ കടുംകൈ ആവശ്യമുണ്ടായിരുന്നുവോ, സാധാരണപോലുള്ള യുദ്ധത്തിലൂടെതന്നെ ജപ്പാനെ കീഴടക്കാന്‍ കഴിയുമായിരുന്നില്ലേ എന്നീ ചോദ്യങ്ങളെ ട്രൂമാന് അഭിമുഖീകരിക്കേണ്ടിവന്നു. ആണവ ബോംബ് ഉപയോഗിക്കാന്‍ നിര്‍ബന്ധിതനായി എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം. അല്ലെങ്കില്‍ യുദ്ധം നീണ്ടുപോവുകയും ഇരുപക്ഷത്തുമായി ഇതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ മരിക്കുകയും ചെയ്യുമായിരുന്നുവെന്നും അദ്ദേഹം വാദിക്കുകയുണ്ടായി. അവസാന ഘട്ടത്തില്‍ അത്രയും വീറോടെയായിരുന്നു ജപ്പാന്‍റെ പോരാട്ടം. ചാവേര്‍ ബോംബാക്രമണം പോലും നടന്നു. 

ഹിരോഷിമയുടെയും നാഗസാക്കിയുടെയും പേരില്‍ ട്രൂമാന്‍ പശ്ചാത്തപിക്കുകയുണ്ടായില്ല. എന്നാല്‍, ആണവ ബോംബ് നിര്‍മാണത്തിനു നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞന്‍ ഡോ. റോബര്‍ട്ട് ഓപ്പന്‍ഹീമറുടെ സ്ഥിതി അതായിരുന്നില്ല. ആണവ ബോംബിന്‍റെ പിതാവായി അറിയപ്പെടുന്ന അദ്ദേഹം സംഭവത്തിനുശേഷം വൈറ്റ് ഹൗസില്‍ വച്ച് ട്രൂമാനെ കണ്ടപ്പോള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: "മിസ്റ്റര്‍ പ്രസിഡന്‍റ്, എന്‍റെ കൈകളില്‍ ചോര പറ്റിപ്പിടിച്ചിരിക്കുന്നു."  ട്രൂമാന്‍റെ കാലത്തുതന്നെ തുടങ്ങിയ ഹൈഡ്രജന്‍ ബോംബ് നിര്‍മാണ പദ്ധതിയെ ഓപ്പന്‍ഹീമര്‍ എതിര്‍ത്തു. പിന്നീട്, സോവിയറ്റ് വിരുദ്ധ മനോഭാവം അമേരിക്കയില്‍ അലയടിക്കാന്‍ തുടങ്ങിയപ്പോള്‍ കമ്യൂണിസ്റ്റായും സോവിയറ്റ് ചാരനായും അദ്ദേഹം മുദ്രകുത്തപ്പെടുകയും ചെയ്തു. 

ട്രൂമാനെ തുടര്‍ന്നു യുഎസ് പ്രസിഡന്‍റായ ഡ്വൈറ്റ് ഐസനോവറും പില്‍ക്കാലത്തു ട്രൂമാനെ വിമര്‍ശിച്ചവരില്‍ ഉള്‍പ്പെടുന്നു.  1960ല്‍ അദ്ദേഹം ജപ്പാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും അവിടത്തെ ജനങ്ങളുടെ രോഷം ഭയന്നു പിന്തിരിഞ്ഞു. യുദ്ധത്തില്‍ പരക്കേ തകര്‍ന്നുപോയ ജപ്പാനെ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ സഹായിച്ചതും അമേരിക്കയാണ്. ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക സഖ്യത്തിലുമായി. എന്നിട്ടും, ഏതാണ്ട് 30 വര്‍ഷം അമേരിക്കയിലെ ഒരു സിറ്റിങ് പ്രസിഡന്‍റും ജപ്പാനില്‍ കാലുകുത്താന്‍ ധൈര്യപ്പെട്ടില്ല. 

TOPSHOT-JAPAN-US-DIPLOMACY-WWII-HIROSHIMA
ഹിരോഷിമ ആണവ ബോംബാക്രമണത്തിന്‍റെ 71ാം വര്‍ഷത്തില്‍ ബറാക് ഒബാമ ഹിരോഷിമ സന്ദർശിച്ചപ്പോൾ

പിന്നീട്, 1974ല്‍ ജപ്പാനിലേക്കു പോയ പ്രസിഡന്‍റ് ജെറള്‍ഡ് ഫോഡ് ടോക്യോയും ക്യോട്ടോയും മാത്രം കണ്ടുമടങ്ങുകയായിരുന്നു. തുടര്‍ന്നു മിക്കവാറും എല്ലാ യുഎസ് പ്രസിഡന്‍റുമാരും  ജപ്പാന്‍ സന്ദര്‍ശിച്ചുവെങ്കിലും ഹിരോഷിമയില്‍ എത്തിയത് 2016 മേയില്‍ പ്രസിഡന്‍റ് ബറാക് ഒബാമ മാത്രം- ആണവ ബോംബാക്രമണത്തിന്‍റെ 71ാം വര്‍ഷത്തില്‍.

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Japan set to mark 75 years since Hiroshima, Nagasaki atomic bombing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.