ലങ്ക ഭരിക്കാന്‍ ഒരു കുടുംബം

HIGHLIGHTS
  • ഭരണസഖ്യത്തിനു മൂന്നില്‍ രണ്ടു ഭൂരിപക്ഷം
  • യുഎന്‍പി തകര്‍ന്നു, റനില്‍ തോറ്റു
SRI LANKA-POLITICS/GOTABAYA
മഹിന്ദ രാജപക്സെ, ഗോടബയ രാജപക്സെ
SHARE

ശ്രീലങ്കയിലെ ഭരണം രാജപക്സെ സഹോദരന്മാരുടെ പിടിയില്‍ ഒന്നുകൂടി അമര്‍ന്നു. കഴിഞ്ഞ വര്‍ഷാവസാനംമുതല്‍തന്നെ അനുജന്‍ ഗോടബയ പ്രസിഡന്‍റും ജ്യേഷ്ഠന്‍ മഹിന്ദ പ്രധാനമന്ത്രിയുമാണ്.  എങ്കിലും, പാര്‍ലമെന്‍റില്‍ ഭൂരിപക്ഷമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതും സ്വന്തമായി. മാത്രമല്ല, രണ്ടില്‍ മൂന്നു ഭൂരിപക്ഷംവരെ കിട്ടുന്ന സ്ഥിതിയുമായി.  മഹിന്ദ നയിക്കുന്ന ശ്രീലങ്ക പൊതുജന പെരമുന (എസ്എല്‍പിപി) അത്തരമൊരു  തകര്‍പ്പന്‍ വിജയമാണ് നേടിയിരിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച (ഓഗസ്റ്റ് അഞ്ച്) നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ മൊത്തം 225 സീറ്റുകളില്‍ 146 എണ്ണം അവര്‍ തൂത്തുവാരി. സഖ്യകക്ഷികള്‍ നേടിയ സീറ്റികള്‍ കൂടി ചേരുമ്പോള്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമാകുന്നു.  

ഏറ്റവും പഴക്കംചെന്ന കക്ഷികളില്‍ ഒന്നായ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയില്‍നിന്നു തെറ്റിപ്പിരിഞ്ഞ ശേഷം 2015ല്‍ മഹിന്ദ രൂപം നല്‍കിയതാണ് എസ്എല്‍പിപി.  കഴിഞ്ഞ നവംബറില്‍ ഗോടബയ രാജപക്സെ വന്‍ഭൂരിപക്ഷത്തോടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതും അതിന്‍റെ ടിക്കറ്റിലായിരുന്നു.  ഏറ്റവും പഴക്കമുള്ള മറ്റൊരു കക്ഷിയായ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യുഎന്‍പി) നിലംപൊത്തി. കഴിഞ്ഞ സഭയില്‍ 106 സീറ്റുകളുണ്ടായിരുന്ന അവര്‍ക്ക് ഇത്തവണ കിട്ടിയത് കിട്ടിയത് ഒറ്റ സീറ്റ്. നാലു തവണ പ്രധാനമന്ത്രിയായിരുന്ന അവരുടെ നേതാവ് റനില്‍ വിക്രമസിംഗെ 1977നു ശേഷം ആദ്യമായി പാര്‍ലമെന്‍റിനു പുറത്താവുകയും ചെയ്തു.    

യുഎന്‍പി പിളര്‍ന്നു, മുന്‍മന്ത്രി സജിത് പ്രേമദാസയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട സമാഗി ജന ബാലവെഗായയാണ് 55 സീറ്റുകളോടെ രണ്ടാം സ്ഥാനത്ത്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഗോടബയ തോല്‍പ്പിച്ചതു സജിതിനെയാണ്. തമിഴ് പുലികളുടെ ആക്രണത്തില്‍ കൊല്ലപ്പെട്ട പ്രസിഡന്‍റ് രണസിംഗെ പ്രേമദാസയുടെ മകനായ അദ്ദേഹം മുന്‍പ് യുഎന്‍പിയിലെ രണ്ടാമനായിരുന്നു.  മഹിന്ദയുടെ പഴയ കക്ഷിയായ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയും നാമാവശേഷമായി. കഴിഞ്ഞ സഭയില്‍ 95 സീറ്റുകളുണ്ടായിരുന്ന അവര്‍ക്കു കിട്ടിയതും ഒറ്റസീറ്റ്. ലോകത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിരുന്ന സിരിമാവോ ബണ്ടാരനായകെ, മകള്‍ ചന്ദ്രിക കുമാരതുംഗെ തുടങ്ങിയവരുടെ നായകത്വത്തില്‍ ദീര്‍ഘകാലം ശ്രീലങ്ക ഭരിച്ചവരാണ് ഈ പാര്‍ട്ടി.   

SRI LANKA-ELECTION/
ഗോടബയ രാജപക്സെ

ന്യൂനപക്ഷമായ തമിഴര്‍ അധികമുളള വടക്കും കിഴക്കും ശ്രീലങ്കയിലെ പ്രമുഖ കക്ഷിയായ തമിള്‍ നാഷനല്‍ അലയന്‍സാണ് മൂന്നാം സ്ഥാനത്ത്. പക്ഷേ അവരുടെ സീറ്റുകളുടെ എണ്ണം 16ല്‍ നിന്നു പത്തായി. സീറ്റുകള്‍ ആറില്‍നിന്നു മൂന്നായി കുറഞ്ഞ ഇടതുപക്ഷ ജനവിമുക്തി-പെരമുന നാലാം സ്ഥാനത്തു നില്‍ക്കുന്നു. ഒന്‍പതു മാസമായി പ്രസിഡന്‍റ് പദവിയിലിരിക്കുന്ന ഗോടബയ രാജപക്സെ ജ്യേഷ്ഠനെത്തന്നെ പ്രധാനമന്ത്രിയാക്കാനാണ് സാധ്യത. മുന്‍പും പ്രധാനമന്ത്രിയായിരുന്ന മഹിന്ദ രണ്ടു തവണയായി പത്തു വര്‍ഷം പ്രസിഡന്‍റുമായിരുന്നു.  

ഭരണകക്ഷിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞതുമഹിന്ദയുടെ രണ്ടാമത്തെ അനുജന്‍ ബേസിലാണത്രേ. ഇതോടെ അദ്ദേഹവും ജ്യേഷ്ഠന്മാരൊടൊപ്പം ശ്രീലങ്ക രാഷ്ട്രീയത്തിലെ മുന്‍നിരയിലെത്തി. അദ്ദേഹത്തെപ്പോലെ മഹിന്ദയുടെ മകന്‍ നമലും മഹിന്ദ സഹോദരന്മാരിലെ ഏറ്റവും മൂത്തവനായ ചമലും രംഗത്തുണ്ട്. ചമല്‍ മുന്‍പ് മന്ത്രിയും പാര്‍ലമെന്‍റിലെ സ്പീക്കറുമായിരുന്നു. പുതിയ ഗവണ്‍മന്‍റില്‍ ഇവര്‍ക്കും സുപ്രധാന സ്ഥാനങ്ങള്‍ ലഭിക്കാനുളള സാധ്യത ആരും തള്ളിക്കളയുന്നില്ല.    

പാര്‍ലമെന്‍റില്‍ മൂന്നു രണ്ടു ഭൂരിപക്ഷം കിട്ടിയാല്‍ തങ്ങള്‍ ആദ്യം ചെയ്യുന്ന ഒരു കാര്യം ഭരണഘടനയില്‍ മാറ്റം വരുത്തുകയാണെന്നു രാജപക്സെമാര്‍  പ്രഖ്യാപിച്ചിരുന്നു. 1978 മുതല്‍ പ്രസിഡന്‍ഷ്യല്‍ ഭരണ രീതി നടപ്പിലായ ശ്രീലങ്കയില്‍ അതനുസരിച്ച് പ്രസിഡന്‍റിനായിരുന്നു കൂടുതല്‍ അധികാരങ്ങള്‍. 

2015-2019 കാലത്തു മൈത്രിപാല സിരിസേന പ്രസിഡന്‍റായിരുന്നപ്പോള്‍ അതില്‍ മാറ്റം വരുത്തി. പ്രധാനമന്ത്രിയെക്കൂടി അധികാരങ്ങളില്‍ പങ്കാളിയാക്കി. ഒരാള്‍ തുടര്‍ച്ചയായി രണ്ടു തവണ മാത്രമേ പ്രസിഡന്‍റാകാന്‍ പാടുള്ളൂവെന്ന വ്യവസ്ഥയും നിലവില്‍വന്നു. പുതിയ ഭേദഗതിയിലൂടെ ആ മാറ്റങ്ങള്‍ റദ്ദാക്കുകയാണ് ഴരാജപക്സെ സഹോദരന്മാരുടെ ഉദ്ദേശ്യം. എങ്കിലും പ്രസിഡന്‍റും പ്രധാനമന്ത്രിയും ഒരേ പാര്‍ട്ടിക്കാരും സഹോദരന്മാരും ആകുമ്പോള്‍ അതിന്‍റെ ആവശ്യമെന്ത് എന്ന സന്ദേഹവും ഉയര്‍ന്നിട്ടുണ്ട്.

Sri Lanka Blast Crippling Politics
റനില്‍ വിക്രമസിംഗെ

ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിക്കാരനായ മൈത്രിപാല സിരിസേനയും  യുഎന്‍പി നേതാവ് റനില്‍ വിക്രമസിംഗെയും 2015ല്‍ ഒന്നിച്ചതു മഹിന്ദ രാജപക്സെ മൂന്നാമതും പ്രസിഡന്‍റാകുന്നതു തടയാനായിരുന്നു. അങ്ങനെ സിരിസേന പ്രസിഡന്‍റും റനില്‍ അദ്ദേഹത്തിന്‍റെ കീഴില്‍ പ്രധാനമന്ത്രിയുമായി. പക്ഷേ, പിന്നീട് അവര്‍ തെറ്റിപ്പിരിയുകയും പരസ്യമായി വിഴുപ്പലക്കാന്‍ തുടങ്ങുകയും ചെയ്തു. അങ്ങനെ ജനങ്ങളുടെ മുന്നില്‍ അപഹാസ്യരായി. അതിന്‍റെ ഫലംകൂടിയാണ് കഴിഞ്ഞ നവംബറിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെപ്പോലെ ഈ തിരഞ്ഞെടുപ്പിലും അവര്‍ക്കുണ്ടായ ദയനീയമായ പരാജയം. 

സിംഹളഭാഷ സംസാരിക്കുന്നവരും ബുദ്ധമതക്കാരുമായ ഭൂരിപക്ഷ ജനവിഭാഗത്തില്‍ രാജപക്സെമാര്‍ക്കുളള വ്യാപകമായ സ്വാധീനവും ഈ തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുന്നു. തമിഴ് പുലികള്‍ ഉന്മൂലനം ചെയ്യപ്പെടുകയും കാല്‍നൂറ്റാണ്ടിലേറെ നീണ്ടുനിന്ന ആഭ്യന്തര യുദ്ധം അവസാനിക്കുകയും ചെയ്തത് മഹിന്ദ പ്രസിഡന്‍റായിരുന്നപ്പോളാണ്. അന്ന് അദ്ദേഹത്തിന്‍റെ വലംകൈയായിരുന്നു പ്രതിരോധ സെക്രട്ടറിയായിരുന്ന സഹോദരന്‍ ഗോടബയ. കഴിഞ്ഞ വര്‍ഷത്തിലെ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന്‍റെ ഓര്‍മകളും പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെപ്പോലെ ഈ തിരഞ്ഞെടുപ്പിലും  പ്രതിഫലിച്ചതായി കരുതപ്പെടുന്നു. തലസ്ഥാനമായ കൊളംബോയിലെയും മറ്റും ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലുമുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 260ല്‍പ്പരം ആളുകള്‍ കൊല്ലപ്പെടുകയും അതിന്‍റെ ഇരട്ടിയിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘമായിരുന്നു അതിന്‍റെ പിന്നില്‍. പ്രസിഡന്‍റ് സിരിസേനയും പ്രധാനമന്ത്രി വിക്രമസിംഗെയും  തമ്മിലുള്ള അധികാര വടംവലിയുടെ കാലത്തായിരുന്നു ആ സംഭവം. തികച്ചും വ്യത്യസ്തവും ശക്തവുമായ ഭരണ നേതൃത്വം ആവശ്യമാണെന്ന നിഗമനത്തില്‍ എത്താന്‍ അതും ജനങ്ങളെ പ്രേരിപ്പിച്ചിരിക്കാം. 

കോവിഡ് മഹാമാരി നടമാടാന്‍ തുടങ്ങിയ ശേഷം ഒരു   ദക്ഷിണേഷ്യന്‍ രാജ്യത്തു നടക്കുന്ന ആദ്യത്തെ  തിരഞ്ഞെടുപ്പായിരുന്നു ഇത്. ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന ഇതു കോവിഡ് കാരണം രണ്ടു തവണ മാറ്റിവയ്ക്കേണ്ടിവന്നു. രോഗ പ്രതിരോധ നിബന്ധനകള്‍ കര്‍ശനമായി പാലിച്ചു കൊണ്ടായിരുന്നു പോളിങ്. രണ്ടേകാല്‍ കോടി ജനങ്ങളുള്ള ശ്രീലങ്കയില്‍ ഇതിനകം കോവിഡ് ബാധിച്ചവരുടെ എണ്ണം മൂവായിരത്തിനു താഴെയാണ്. മരിച്ചത് 11 പേര്‍. രാജപക്സെമാരുടെ ഭരണകൂടം മഹാമാരിയെ നേരിടുന്നതില്‍ വിജയം നേടിയെന്നും അത് ആഗോള തലത്തില്‍തന്നെ അംഗീകരിക്കപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ഇതും അവര്‍ക്ക് അനുകൂലമായ വോട്ടുകളായി മാറിയിട്ടുണ്ടാവാം. ഇതിനെല്ലാമിടയിലും രാജപക്സെമാരെ ചുറ്റിപ്പറ്റിയുള്ള ചില വിവാദങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ആഭ്യന്തര യുദ്ധത്തിന്‍റെ അവസാന ഘട്ടത്തില്‍ അവര്‍ തമിഴര്‍ക്കെതിരെ വ്യാപകമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ അഴിച്ചുവിട്ടിരുന്നുവെന്നാണ് മുഖ്യമായ ആരോപണം. രാഷ്ട്രീയ പ്രതിയോഗികളെയും സ്വതന്ത്ര മാധ്യമങ്ങളെയും നിശ്ശബ്ദരാക്കാന്‍ ശ്രമിച്ചതായും വിമര്‍ശനങ്ങള്‍ ഉയരുകയുണ്ടായി. 

Sri Lanka Presidential Election
സജിത് പ്രേമദാസ, റനില്‍ വിക്രമസിംഗെ

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉല്‍ക്കണ്ഠയ്ക്കു കാരണമാകുന്ന മറ്റൊരു വസ്തുതയും രാജപക്സെ സഹോദരന്മാരുടെ വിജയത്തില്‍ അടങ്ങിയിട്ടുണ്ട്. കടുത്ത ചൈനാ പക്ഷപാതികളായിട്ടാണ് അവര്‍ അറിയപ്പെടുന്നത്. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Rajapaksa brothers win by landslide in Sri Lanka's election

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA