പൊട്ടിത്തെറിക്കുന്ന ലെബനന്‍

HIGHLIGHTS
  • ബെയ്റൂട്ട് സ്ഫോടനത്തില്‍ വന്‍നാശം
  • രോഷാകുലരായ ജനങ്ങള്‍ പ്രക്ഷോഭത്തില്‍
TOPSHOT-LEBANON-BLAST
ബെയ്റൂട്ട് തുറമുഖത്തെ ഒരു വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റ് തീപ്പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു
SHARE

ലെബനനെ മധ്യപൂര്‍വദേശത്തെ സ്വിറ്റ്സര്‍ലന്‍ഡെന്നും അതിന്‍റെ തലസ്ഥാനായ ബെയ്റൂട്ടിനെ അറബ് ലോകത്തെ പാരിസെന്നും വിളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആഹ്ളാദത്തിന്‍റെയും ആമോദത്തിന്‍റെയും ആ ദിനങ്ങള്‍ ഓര്‍മകള്‍ മാത്രമായിട്ട് ദശകങ്ങളായി. ഇപ്പോള്‍ സ്വന്തം ജനതയുടെ നിലനില്‍പ്പ്തന്നെ അപകടത്തിലാവുന്നതിനു സാക്ഷ്യം വഹിക്കുകയാണ് ലെബനന്‍. അതിന് ഉദാഹരണമായിരുന്നു ഒരാഴ്ച മുന്‍പ് (ഓഗസ്റ്റ് നാല്, ചൊവ്വാഴ്ച) ബെയ്റൂട്ടിലുണ്ടായ അത്യുഗ്ര സ്ഫോടനം. ഇരുനൂറില്‍പ്പരം ആളുകള്‍ മരിക്കുകയും ആറായിരത്തിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. കെട്ടിടങ്ങള്‍ പരക്കെ തകര്‍ന്നതിന്‍റെ ഫലമായി മൂന്നു ലക്ഷംപേര്‍ക്ക് പാര്‍ക്കാന്‍ ഇടമില്ലാതായി. ഗത്യന്തരമില്ലാതെ പലരും ഇപ്പോള്‍ താമസിക്കുന്നതു സാരമായി കേടു പറ്റിയ കെട്ടിടങ്ങളില്‍ തന്നെയാണ്. മൊത്തം 1500 കോടി ഡോളറിന്‍റെ (ഏതാണ്ട് ഒരു ലക്ഷം കോടി രൂപ) നാശനഷ്ടങ്ങള്‍ ഉണ്ടായതായി കണക്കാക്കുന്നു.

ബെയ്റൂട്ട് തുറമുഖത്തെ ഒരു വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റ് തീപ്പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. അത്യന്തം അപകടകാരിയായ ഈ രാസവസ്തു ആറര വര്‍ഷമായി അവിടെ അലക്ഷ്യമായ വിധത്തില്‍ കിടന്ന കാര്യം ജനങ്ങള്‍ അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്ന അധികൃതര്‍ അതു ശ്രദ്ധിച്ചുമില്ല. ജനങ്ങള്‍ ക്ഷുഭിതരാക്കിയിരിക്കുകയാണ്. രാജ്യത്തിന്‍റെ നേതാക്കളെ തൂക്കിലിടണമെന്ന ആവശ്യവുമായി കഴിഞ്ഞ ശനിയാഴ്ച മുതല്‍ തെരുവില്‍ ഇറങ്ങിയിരിക്കുകയാണവര്‍. കുറേസഹിച്ചു. ഇനി പറ്റില്ലെന്ന നിലപാടിലാണവര്‍. സഹിച്ചുവെന്നു പറയുന്നതു ജനങ്ങള്‍ നേരത്തെതന്നെ അനുഭവിച്ചുവരുന്ന ഗുരുതരമായ പ്രശ്നങ്ങളെ ഉദ്ദേശിച്ചാണ്. അവയ്ക്കു പരിഹാരമുണ്ടാക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിനു കഴിയുമെന്ന അവരുടെ പ്രതീക്ഷകള്‍ അടിക്കടി തകരുകയായിരുന്നു. അതിനിടയിലാണ് ബെയ്റൂട്ടിലെ സ്ഫോടനം. അതു സംഭവിച്ച സാഹചര്യം അല്‍ഭുതമുളവാക്കുകയും അധികൃതരുടെ അനാസ്ഥയുടെ ആഴം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. 

LEBANON-BLAST
മൊത്തം 1500 കോടി ഡോളറിന്‍റെ (ഏതാണ്ട് ഒരു ലക്ഷം കോടി രൂപ) നാശനഷ്ടങ്ങള്‍ ഉണ്ടായതായി കണക്കാക്കുന്നു

റഷ്യയ്ക്കു സമീപമുള്ള ജോര്‍ജിയയില്‍നിന്ന് ആഫ്രിക്കയിലെ മൊസാമ്പിക്കിലേക്കുള്ള അമോണിയം നൈട്രേറ്റുമായി റോസസ് എന്ന റഷ്യന്‍ കപ്പല്‍ ബെയ്റൂട്ടില്‍ എത്തിയത് 2013 നവംബറിലായിരുന്നു. ചില തര്‍ക്കങ്ങളെ തുടര്‍ന്നു ലെബനീസ് അധികൃതര്‍ കപ്പല്‍ തടഞ്ഞുവയ്ക്കുകയും ചരക്ക് തുറമുഖത്തെ തന്നെ വെയര്‍ഹൗസിലേക്കു മാറ്റുകയും ചെയ്തു. മുഖ്യമായും രാസവളം നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന ഒന്നാണ് അമോണിയം നൈട്രേറ്റ്. സ്ഫോടക വസ്തുക്കളും റോക്കറ്റുകളും ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. കപ്പലിനെ പിന്നീടു വിട്ടയച്ചെങ്കിലും ചരക്കിന്‍റെ കാര്യത്തില്‍ തീരുമാനമായില്ല. കാലക്രമത്തില്‍ അതു വിസ്മരിക്കപ്പെട്ടു. എങ്കിലും, ഉഗ്ര സ്ഫോടന സ്വഭാവമുള്ള രാസവസ്തു നഗര മധ്യത്തില്‍ സൂക്ഷിക്കുന്നത് അന്നുതന്നെ ചിലരെയെങ്കിലും ആശങ്കപ്പെടുത്തിയിരുന്നു. അവര്‍ ഗവണ്‍മെന്‍റിനോട് പരാതിപ്പെടുകയും കോടതിയില്‍ കേസ് കൊടുക്കുകപോലും ചെയ്തു.

പക്ഷേ, ഫലമുണ്ടായില്ല. അമോണിയം നൈട്രേറ്റ് സൂക്ഷിച്ച സ്ഥലത്തുതന്നെ പിന്നീട് പടക്കങ്ങള്‍ നിറച്ച ചാക്കുകളും സൂക്ഷിച്ചു. ആദ്യം പടക്കങ്ങള്‍ക്കു തീപ്പിടിക്കുകയും തീ അമോണിയം നൈട്രേറ്റിലേക്കു പടരുകയും ചെയ്തുവെന്നാണ് നിഗമനം. പക്ഷേ, പടക്കങ്ങള്‍ക്കു തീപ്പിടിച്ചതെങ്ങനെ ? അപകടം ആരെങ്കിലും മനഃപൂര്‍വം ഉണ്ടാക്കിയതാണോ ? ഈ ചോദ്യങ്ങള്‍ ഒരാഴ്ചയ്ക്കു ശേഷവും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നു. ഭീകരാക്രമണമാണോ എന്ന സംശയവും ഉയര്‍ന്നിരുന്നു. അന്വേഷണത്തിനു പ്രസിഡന്‍റ് മിഷേല്‍ ഔണ്‍ ഉത്തരവിട്ടിട്ടുണ്ട്. നാട്ടുകാര്‍തന്നെ അന്വേഷിച്ചാല്‍ പോരെന്നും രാജ്യാന്തര സംഘം അന്വേഷിക്കണമെന്നുമുള്ള ആവശ്യവും ഉയര്‍ന്നു. മുന്‍പ്രധാനമന്ത്രി റഫീഖ് ഹരീരി 2005ല്‍ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിച്ചത് ഒരു രാജ്യാന്തര സംഘമാണ്. എന്നാല്‍, അത്തരമൊരു അന്വേഷണത്തിനു ഔണ്‍ സമ്മതിച്ചിട്ടില്ല. 

LEBANON-POLITICS-BLAST
ഹസ്സന്‍ ദിയാബ്

ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആണവ ബോംബുകളിട്ടതിന്‍റെ 75ാം വാര്‍ഷികമായിരുന്നു ഓഗസ്റ്റ് ആറും ഒന്‍പതും തീയതികളില്‍. അതിനെ ഓര്‍മിപ്പിക്കുന്ന സംഭവം ബെയ്റൂട്ടിലുണ്ടായത് ഹിരോഷിമ വാര്‍ഷികത്തിന്‍റെ രണ്ടു ദിവസം മുന്‍പാണ്.  ആണവ ബോംബ് മൂലമല്ലാതെയുള്ള ഇത്രയും ഉഗ്രമായ സ്ഫോടനം ഇതിനുമുന്‍പ് ഒരിടത്തും ഉണ്ടായിട്ടില്ലത്രേ. 200 കിലോമീറ്റര്‍ അകലെ മെഡിറ്ററേനിയന്‍ കടലിലെ സൈപ്രസില്‍പോലും അതിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. സ്ഫോടനങ്ങള്‍ ബെയ്റൂട്ടിന് അപരിചിതമല്ല. ആഭ്യന്തരയുദ്ധകാലത്തു 1983ല്‍ നടന്ന കാര്‍ബോംബ് ആക്രമണത്തില്‍ യുഎസ് എംബസ്സി മിക്കവാറും പൂര്‍ണമായി തകരുകയുണ്ടായി. 17 അമേരിക്കക്കാര്‍ ഉള്‍പ്പെടെ 63 പേര്‍ മരിച്ചു. 2005ല്‍ മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ വാഹന വ്യൂഹത്തിനു നേരെയുണ്ടായ ട്രക്ക് ബോംബ് ആക്രമണത്തില്‍ അദ്ദേഹത്തിനു പുറമെ 20 പേരും മരിച്ചു. 

പശ്ചിമേഷ്യയില്‍ മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തു കിടക്കുന്ന, ഒരു ചെറിയ (10,452 ചതുരശ്ര കിലോമീറ്റര്‍) രാജ്യമാണ് ലെബനന്‍. സിറിയയും ഇസ്രയേലുമാണ് അയല്‍ രാജ്യങ്ങള്‍.  ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന ലെബനന്‍  ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഫ്രാന്‍സിന്‍റെ അധീനത്തിലായിരുന്നു. 1943ല്‍ സ്വതന്ത്രമായശേഷം സത്വരമായ സാമ്പത്തിക പുരോഗതിനേടി. പക്ഷേ, 1975 മുതല്‍ 15 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. പിന്നീടു ഉയിര്‍ത്തെഴുന്നേറ്റുവെങ്കിലും അധികനാള്‍ പിടിച്ചുനില്‍ക്കാനായില്ല. ഒന്നര ലക്ഷം പേരുടെ മരണത്തിനിടയാക്കിയ ആ യുദ്ധത്തിന്‍റെ അനന്തര ഫലങ്ങളാണ് രാജ്യം ഇന്നും അനുഭവിക്കുന്നത്.  

ഏതാണ്ടു മൂന്നു പതിറ്റാണ്ടായി സുസ്ഥിരഭരണം ലെബനന് അജ്ഞാതമാണ്. രാഷ്ട്രീയത്തിലെ കോളിളക്കങ്ങള്‍ക്കിടിയില്‍ അഴിമതി തഴച്ചുവളര്‍ന്നു. അടുത്ത കാലത്തായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. എഴുപതു ലക്ഷം വരുന്ന ജനങ്ങളില്‍ മൂന്നിലൊന്നു പേര്‍ക്കു തൊഴിലില്ല. അത്രയും പേര്‍ ദാരിദ്യരേഖയ്ക്കു താഴെയാണെന്നും കണക്കുകള്‍ പറയുന്നു. അവശ്യ സാധനങ്ങളുടെ വില കുതിച്ചുകയറുന്നു. സാധനങ്ങള്‍ വേണ്ടത്ര കിട്ടാനുമില്ല.   ഇതിനെല്ലാമിടയില്‍ സിറിയയില്‍നിന്നുള്ള 15 ലക്ഷം അഭയാര്‍ഥികളുടെ ഭാരവും ഏറ്റെടുക്കേണ്ടിവന്നു. ലെബനനിലെ സ്വന്തം ജനങ്ങളുടെ നാലിലൊന്നിലേറെ വരും ഇവര്‍. ബെയ്റൂട്ടിലെ പൊട്ടിത്തെറിയില്‍ പാര്‍പ്പിടങ്ങള്‍ നഷ്ടപ്പെട്ടതോടെ നാട്ടുകാരില്‍തന്നെ ഒട്ടേറെ പേര്‍ വഴിയാധാരമായി. കോവിഡ് മഹാമാരിയും അതു മൂലമുണ്ടായ ലോക്ക്ഡൗണും ജനങ്ങളെ വലയ്ക്കുകയായിരുന്നു.   

ബെയ്റൂട്ട് തുറമുഖത്തെ മറ്റൊരു വെയര്‍ഹൗസില്‍ ഉണ്ടായിരുന്ന ടണ്‍ കണക്കിനു ഭക്ഷ്യധാന്യങ്ങളും സ്ഫോടനത്തില്‍ നശിച്ചു. തുറമുഖത്തിനു സാരമായ കേടു പറ്റിയതു കാരണം കയറ്റിറക്കുമതി പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു.  പുതുതായി ധാന്യങ്ങള്‍ എത്തിക്കുന്നത് അസാധ്യമായി.  ഇന്ധനങ്ങളുടെ ഇറക്കുമതിയും നിലച്ചു. അതീവ ക്ലേശകരമായനാളുകളെയാണ് ലെബനീസ് ജനത അഭിമുഖീകരിക്കുന്നത്.  നിരാശരായ ജനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ പ്രക്ഷോഭം തുടങ്ങിയിരുന്നു. രാഷ്ട്രീയ നേതാക്കളെ മൊത്തത്തില്‍തന്നെ കള്ളന്മാര്‍ എന്നു വളിച്ചുകൊണ്ടായിരുന്നു പ്രകടനങ്ങള്‍. വധിക്കപ്പെട്ട മുന്‍പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ മകന്‍ സഅദ് ഹരീരിയായിരുന്നു അന്നു പ്രധാനമന്ത്രി. പ്രക്ഷോഭം നേരിടാനാവാതെ അദ്ദേഹം രാജിവച്ചു. ഹസ്സന്‍ ദിയാബ് പുതിയ പ്രധാനമന്ത്രിയായതു മാസങ്ങള്‍ നീണ്ടുനിന്ന രാഷ്ട്രീയ വടംവലികള്‍ക്കു ശേഷമാണ്. 

LEBANON-POLITICS-ANNIVERSARY-HARIRI
സഅദ് ഹരീരി

മഹാമാരി കാരണം നിര്‍ത്തിവച്ചിരുന്ന പ്രക്ഷോഭം ബെയ്റൂട്ട് സ്ഫോടനത്തെ തുടര്‍ന്നു പൂര്‍വാധികം വീറോടെ വീണ്ടും ആരംഭിച്ചുകഴിഞ്ഞു. പ്രധാനമന്ത്രി ദിയാബ് രാജിവച്ചു. പ്രസിഡന്‍റ് ഔണും രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ് ജനങ്ങള്‍. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Vishesharangom : Lebanon's government steps down in wake of Beirut blast

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA